Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈടെക്കായി ചിലവു കുറയ്ക്കാൻ കെ.എസ്.ഇ.ബി; ഇനി മീറ്റർ റീഡർമാരെ നിയമിക്കേണ്ടതില്ലെന്ന് തീരുമാനം; ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യില്ല; പകരം സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്തും; സേവനങ്ങൾക്കായി കെ.എസ്.ഇ.ബി ഓഫിസുകളിൽ പോകേണ്ടെന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ സുഗമമാക്കും

ഹൈടെക്കായി ചിലവു കുറയ്ക്കാൻ കെ.എസ്.ഇ.ബി; ഇനി മീറ്റർ റീഡർമാരെ നിയമിക്കേണ്ടതില്ലെന്ന് തീരുമാനം; ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടു ചെയ്യില്ല; പകരം സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്തും; സേവനങ്ങൾക്കായി കെ.എസ്.ഇ.ബി ഓഫിസുകളിൽ പോകേണ്ടെന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ സുഗമമാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ഇബി പരിഷ്‌ക്കരണത്തിന്റെ പാതയിലാണ്. ഇപ്പോഴത്തെ നിലയിൽ മുന്നോട്ടു പോയാൽ വൈദ്യുതി ബോർഡ് പാപ്പരാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുമെന്ന നില വന്നതോടെയാണ് പുതുവഴിയിൽ ബോർഡ് സഞ്ചരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈടെക്ക് ആകാനാണ് ബോർഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇനി മീറ്റർ റീഡർമാരെ നിയമിക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോർഡ് എത്തിയിരിക്കുന്നത്.

സ്മാർട്ട് മീറ്റർ ഏർപ്പെടുത്താൻ തീരുമാനിച്ചതിനാൽ മീറ്റർ റീഡർമാരുടെ ഒഴിവുകൾ പി.എസ്.സി.യെ അറിയിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. കഴിഞ്ഞദിവസം നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇത് നിയമന നിരോധനമാണെന്നും സർക്കാർ ഈ തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.

2014-ലാണ് മീറ്റർ റീഡർമാരെ നിയമിക്കാൻ പി.എസ്.എസി. വിജ്ഞാപനം വന്നത്. 2016-ൽ പരീക്ഷ നടത്തി. 2021 മാർച്ചിൽ 600 പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സർക്കാർ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി 436 മീറ്റർ റീഡർമാരെ നിയമിക്കാൻ തീരുമാനിച്ചു. ഇതിൽ 218 പേരുടെ ഒഴിവുകൾ റിപ്പോർട്ടുചെയ്തു.

വൻതുക ചെലവിട്ട് ഒറ്റയടിക്ക് സ്മാർട്ട് മീറ്റർ ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നായിരുന്നു അന്ന് വൈദ്യുതിബോർഡിന്റെ സമീപനം. എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്നതോടെ ബോർഡ് നിലപാട് മാറ്റി. സ്മാർട്ട് മീറ്റർ ഏർപ്പെടുത്താൻ ബോർഡ് തീരുമാനിച്ചു. ഭാവിയിൽ മീറ്റർ റീഡർമാരെ ആവശ്യമില്ലാത്തതിനാൽ ശേഷിക്കുന്ന 218 ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചു.

ഈ ജോലിക്കായി കാത്തിരുന്ന് മറ്റു പരീക്ഷകൾ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ് റാങ്ക് ലിസ്റ്റിൽ ഏറെപ്പേരും. അതിനാൽ ശേഷിക്കുന്ന ഒഴിവുകൾകൂടി നികത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

അതേസമയം ഓഗസ്റ്റ് ഒന്നുമുതൽ ഉപയോക്താക്കൾ സേവനങ്ങൾക്കായി കെ.എസ്.ഇ.ബി ഓഫിസുകൾ സന്ദർശിക്കുകയോ രേഖകളുടെ ഹാർഡ് കോപ്പി സമർപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നേരത്തെ സഭയിൽ വ്യക്തമാക്കിയിരുന്നു. കെഎസ്ഇബിയിലെ എല്ലാ സെക്ഷൻ ഓഫിസിലും 'സേവനം വാതിൽപടിയിൽ' പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതോടെയാണിത്. മൂന്നു മാസത്തിനകം ഭൂരിഭാഗം ഉപയോക്താക്കളെയും ഓൺലൈനായും മൊബൈൽ ആപ് വഴിയും ബിൽ അടയ്ക്കുന്ന രീതിയിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്ന നടപടികളാണ് ബോർഡ് മുന്നോട്ടു പോകുന്നത്.

കാർഷിക കണക്ഷനുകൾ, സബ്‌സിഡി സേവനമുള്ള ദാരിദ്ര്യരേഖക്ക് താഴെയുള്ള ഉപയോക്താക്കൾ എന്നിവർക്ക് മാത്രം ഇക്കാര്യത്തിൽ ഇളവുണ്ടാകും. കാഷായി മാത്രം പണമടയ്ക്കാൻ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ നിർബന്ധിതരാകുന്നവർക്ക് കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകൾക്കു പുറമെ, വാണിജ്യ-സഹകരണ ബാങ്കുകളിൽ കൺസ്യൂമർ നമ്പർ വെർച്വൽ അക്കൗണ്ട് നമ്പറായി പരിഗണിച്ച് പണമടയ്ക്കാൻ ക്രമീകരണമേർപ്പെടുത്തും. വയർമാൻ ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കാനും ലൈസൻസ് വിതരണം ചെയ്യാനുമുള്ള ഓൺലൈൻ സൗകര്യം ഈ വർഷമൊരുക്കും.

സർവിസ് കണക്ഷൻ, ലൈനും പോസ്റ്റും മാറ്റൽ, മറ്റുള്ളവരുടെ സ്ഥലത്തുകൂടി ലൈൻ വലിക്കാനുള്ള എതിർപ്പ്, ലൈൻ വലിക്കുന്നതിന് മരം മുറിച്ചതിന്റെ നഷ്ടപരിഹാരം, വനം വകുപ്പിന്റെ എതിർപ്പ് കാരണം ലൈൻ വലിക്കാനുള്ള തടസ്സം, ലൈൻ അഴിച്ചുമാറ്റൽ, വൈദ്യുതി ബില്ലിലെയും താരിഫിലെയും പരാതികൾ, കേടായ മീറ്ററുകൾ, കോടതിയിലുള്ള കേസുകൾ, വോൾട്ടേജ് ക്ഷാമം, വൈദ്യുതി ദുരുപയോഗം, കേബിൾ ടി.വി തർക്കങ്ങൾ, സുരക്ഷ അനുമതി പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാൻ ജില്ല അടിസ്ഥാനത്തിൽ പരാതി പരിഹാര അദാലത് നടത്തും. ലൈഫ് മിഷൻ ബി.പി.എൽ ഉപയോക്താക്കൾക്ക് അവരുടെ പുരയിടത്തിൽനിന്ന് ലൈനുകൾ മാറ്റിസ്ഥാപിക്കാൻ ഇളവ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP