Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖജനാവ് കാലിയാണെങ്കിലും മുഖ്യമന്ത്രി ചൂടാവരുത്! മുഖ്യനെ കൂളാക്കാൻ സി. എം ഓഫിസിൽ പുതിയ എ.സി സ്ഥാപിക്കാൻ 4.30 ലക്ഷം കൂടി അനുവദിച്ച് ഉത്തരവ്; ആന്റണി രാജുവിന് കർട്ടൻ വാങ്ങാൻ മാത്രം രണ്ട് ലക്ഷവും വൈദ്യുതി മന്ത്രിക്ക് കർട്ടനായി മുക്കാൽ ലക്ഷവും അനുവദിച്ചു; കിയ കാർണിവലിനും ക്ലിഫ്ഹൗസിലെ തൊഴുത്തു നിർമ്മാണത്തിനും ശേഷം വീണ്ടും ധൂർത്ത്

ഖജനാവ് കാലിയാണെങ്കിലും മുഖ്യമന്ത്രി ചൂടാവരുത്! മുഖ്യനെ കൂളാക്കാൻ സി. എം ഓഫിസിൽ പുതിയ എ.സി സ്ഥാപിക്കാൻ 4.30 ലക്ഷം കൂടി അനുവദിച്ച് ഉത്തരവ്; ആന്റണി രാജുവിന് കർട്ടൻ വാങ്ങാൻ മാത്രം രണ്ട് ലക്ഷവും വൈദ്യുതി മന്ത്രിക്ക് കർട്ടനായി മുക്കാൽ ലക്ഷവും അനുവദിച്ചു; കിയ കാർണിവലിനും ക്ലിഫ്ഹൗസിലെ തൊഴുത്തു നിർമ്മാണത്തിനും ശേഷം വീണ്ടും ധൂർത്ത്

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: സംസ്ഥാനം കടത്തിന്റെയും സാമ്പത്തിക ബാധ്യതകളുടെയും നടുക്കയത്തിലായിട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചെലവ് ചുരുക്കലൊന്നും ബാധകമല്ലെന്ന് കണക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ സൗകര്യം മെച്ചപ്പെടുത്താൻ മാത്രം ചെലവായത് ലക്ഷക്കണക്കിന് രൂപയാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ പുതിയ എ.സി സ്ഥാപിക്കാൻ 4.30 ലക്ഷം രൂപയാണ് കഴിഞ്ഞദിവസം അനുവദിച്ചത്. സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. നിലവിലുള്ള എ.സി പ്രവർത്തന രഹിതമാണെന്നും അതു കൊണ്ടാണ് പുതിയ എ.സി. വാങ്ങുന്നതെന്നും ആണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ജൂൺ 30നായിരുന്നു പുതിയ എ.സി വാങ്ങിക്കാൻ തുക അനുവദിച്ച് പൊതുഭരണ ഹൗസ് കീപ്പിങ് സെൽ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസമാണ് 33 ലക്ഷം രൂപയ്ക്ക് പുതിയ കിയ കാർണിവൽ വാഹനം മുഖ്യമന്ത്രിക്കായി വാങ്ങാൻ തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 42 ലക്ഷം രൂപയ്ക്ക് പുതിയ കാലി തൊഴുത്ത് നിർമ്മിക്കാനും കഴിഞ്ഞ ദിവസം തുക അനുവദിച്ചിരുന്നു.

കെ.എസ്.ആർ.ടി.സി ജീവനക്കാർ ഓരോ മാസവും ശമ്പളം കിട്ടാൻ സമരം ചെയ്യുകയാണെങ്കിലും അതൊന്നും കാര്യമാക്കാത്ത ഗതാഗത മന്ത്രിക്കെതിരെ വിമർശനം ശക്തമാണ്. അതേസമയം, സ്വന്തം സുഖ സൗകര്യങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിക്കാൻ മന്ത്രി ആന്റണി രാജുവിന് മടിയില്ല. ഗതാഗത മന്ത്രിയുടെ ഓഫിസിൽ കർട്ടനുകളും വെർട്ടിക്കിൾ ബ്ലൈൻഡ്സും സ്ഥാപിക്കാൻ ചെലവായത് 2,02,987 (രണ്ടുലക്ഷത്തി രണ്ടായിരത്തി തൊള്ളായിരത്തി എൺപത്തേഴ്) രൂപയാണ്.

കരാറുകാരനായ കെ. പ്രദിപിന് തുക അനുവദിച്ച് ജൂൺ 30ന് പൊതുഭരണ (ഹൗസ് കീപ്പിങ് സെൽ ) വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി. സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മന്ത്രി ആന്റണി രാജുവിന്റെ ഓഫിസ്. വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ഓഫിസിൽ കർട്ടൻ സ്ഥാപിച്ചതിന് ചെലവായത് 83,932 രൂപയായിരുന്നു. കർട്ടൻ സ്ഥാപിച്ചതിന് കരാറുകാരനായ കെ. പ്രദിപിന് തുക അനുവദിച്ച് ജൂൺ 27 ന് ഉത്തരവിറങ്ങി. പൊതു ഭരണ ഹൗസ് കീപ്പിങ് സെൽ അഡീഷണൽ സെക്രട്ടറി പി. ഹണിയാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.

സെക്രട്ടേറിയേറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലാണ് വൈദ്യുതി മന്ത്രിയുടെ ഓഫിസ്. മന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പെരിയാർ റസിഡൻസിയാണ്. സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഉൾപ്പെടെ പ്രഖ്യാപിച്ചിരിക്കുമ്പോൾ കർട്ടൻ സ്ഥാപിക്കാൻ മുക്കാൽ ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവഴിക്കുന്നത്. ഓഫിസിൽ കർട്ടൻ സ്ഥാപിച്ചതിന് ഇത്രയും തുക ആയെങ്കിൽ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കർട്ടൻ സ്ഥാപിച്ചതിന് എത്ര തുക ചെലവാക്കി എന്ന ചോദ്യമാണ് ഉയരുന്നത്. വൈദ്യുത ചാർജ് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. വൈദ്യുതചാർജ് കൂട്ടാനല്ലാതെ വൈദ്യുതി മന്ത്രിയെ കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ല എന്ന ആക്ഷേപം ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP