Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതം മാറിയതുകൊണ്ടല്ല മറിച്ച് രാജദ്രോഹക്കുറ്റത്തിനാണ് ദേവസഹായംപിള്ള ശിക്ഷിക്കപ്പെട്ടത്; ആർ എസ് എസ് മാസികയ്ക്ക് പിന്നാലെ കന്യാകുമാരിയിലെ വിശുദ്ധനെതിരെ ആക്ഷേപവുമായി കവടിയാർ കൊട്ടാരവും; മാർപ്പാപ്പയ്ക്ക് കത്തെഴുതി തിരുവിതാംകൂർ രാജകുടുംബം; ദേവസഹായംപിള്ള വിവാദം തുടരും

മതം മാറിയതുകൊണ്ടല്ല മറിച്ച് രാജദ്രോഹക്കുറ്റത്തിനാണ് ദേവസഹായംപിള്ള ശിക്ഷിക്കപ്പെട്ടത്; ആർ എസ് എസ് മാസികയ്ക്ക് പിന്നാലെ കന്യാകുമാരിയിലെ വിശുദ്ധനെതിരെ ആക്ഷേപവുമായി കവടിയാർ കൊട്ടാരവും; മാർപ്പാപ്പയ്ക്ക് കത്തെഴുതി തിരുവിതാംകൂർ രാജകുടുംബം; ദേവസഹായംപിള്ള വിവാദം തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേവസഹായംപിള്ള ഇന്ന് വിശുദ്ധനാണ്. പക്ഷേ തിരുവിതാംകൂർ രാജകുടുംബം വേറിട്ട വഴിയിലാണ് ചിന്തിക്കുന്നത്. പൂർവ്വിക രാജാവിനെ അപമാനിക്കുന്നത് സഹിക്കുന്നില്ല. അതിനെതിരെ പ്രതികരിക്കുകയാണ് കവടിയാർ കൊട്ടാരം. മതം മാറിയതുകൊണ്ടല്ല മറിച്ച് രാജദ്രോഹക്കുറ്റത്തിനാണ് ദേവസഹായംപിള്ള ശിക്ഷിക്കപ്പെട്ടതെന്ന് കവടിയാർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരിപാർവതി ഭായിയും അശ്വതിതിരുനാൾ ഗൗരിലക്ഷ്മിഭായിയും ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തയച്ചു.

ദേവസഹായം പിള്ളയുടെ ജീവിതത്തിനു വിശുദ്ധനാക്കപ്പെടാനുള്ള മഹത്ത്വമില്ലെന്ന് ആർ.എസ്.എസ്. പ്രസിദ്ധീകരണത്തിൽ ലേഖനം വന്നിരുന്നു. ഇതിനെതിരേ കെ.സി.ബി.സി.യുടെ (കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ) ജാഗ്രതാ കമ്മിഷനും രംഗത്തെത്തിയിരുന്നു. കത്തോലിക്കാസഭയെ അവഹേളിക്കാൻ ശ്രമിച്ച ചിലരുടെ സ്ഥാപിത താത്പര്യങ്ങളാണ് വീണ്ടും വെളിപ്പെടുന്നതെന്നു കമ്മിഷൻ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് രാജകുടുംബവും ദേവസഹായം പിള്ളയ്‌ക്കെതിരെ രംഗത്ത് വരുന്നത്.

ദേവസഹായംപിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ പൂർവികനായ അനിഴംതിരുനാൾ മാർത്താണ്ഡവർമ മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കുന്നതിൽ വേദനയുള്ളതായും അറിയിച്ചു. മതം മാറിയതുകൊണ്ട് ദേവസഹായം വധിക്കപ്പെട്ടു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കുളച്ചൽ യുദ്ധത്തിൽ കീഴടങ്ങിയശേഷം തിരുവിതാംകൂർ രാജാവിന്റെ വിശ്വസ്തനും സൈന്യാധിപനുമായി മാറിയ ഡച്ച് ക്യാപ്റ്റൻ ഡിലനോയിയുടെ പ്രേരണയാലാണ് ദേവസഹായംപിള്ള മതംമാറിയത്. മഹാരാജാവിനുമേൽ വലിയ സ്വാധീനം ഉണ്ടായിരുന്ന ഡിലനോയി ഇക്കാരണത്താൽ തന്നെ ദേവസഹായംപിള്ളയെ കൈവിടില്ലായിരുന്നുവെന്ന് ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ നാഗംഅയ്യ പറയുന്നു.

രാജാവുമായി യുദ്ധംതുടർന്ന ഡച്ചുകാർ ഉൾപ്പെടെയുള്ള തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഹകരിച്ചതുകൊണ്ടാണ് ദേവസഹായം ശിക്ഷിക്കപ്പെട്ടത്. വേറെയും അക്ഷന്തവ്യമായ കുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ സൂചിപ്പിക്കുന്നില്ലെന്നുമാത്രം -കത്തിൽ പറയുന്നു. ഗുരുതര ആരോപണങ്ങളാണ് കത്തിൽ കവടിയാർ കൊട്ടാരം ഉയർത്തുന്നതെന്ന് സാരം. സഭയുടെ ആഗ്രഹങ്ങൾക്കും തീരുമാനങ്ങൾക്കും തങ്ങൾ തടസ്സം സൃഷ്ടിക്കുകയല്ലെന്നും മഹാരാജാക്കന്മാരെ തെറ്റായി ചിത്രീകരിക്കുന്നതിനെതിരേ നടപടിയെടുക്കണമെന്നും കവടിയാർ കൊട്ടാരം മാർപാപ്പയോട് ആവശ്യപ്പെട്ടു. ജൂണിൽ അയച്ച കത്തിന്റെ പകർപ്പ് വിദേശകാര്യ മന്ത്രാലയത്തിനും നൽകിയിട്ടുണ്ട്.

തിരുവിതാംകൂർ മഹാരാജാക്കന്മാർ മറ്റു മതങ്ങളിൽപ്പെട്ട പ്രജകളോട് വിവേചനം കാണിച്ചിരുന്നില്ല. വരാപ്പുഴയിലെ ക്രൈസ്തവദേവാലയത്തിന് മാർത്താണ്ഡവർമ കരമൊഴിവായി സ്ഥലംനൽകിയതും ഉദയഗിരിയിൽ പള്ളി പണിയുന്നതിനുള്ള പണം ഡിലനോയിയുടെ ആവശ്യപ്രകാരം കാർത്തികതിരുനാൾ രാമവർമ മഹാരാജാവ് നൽകിയതും പള്ളിവികാരിക്ക് 100 പണം വേതനമായി നൽകിയതും ചരിത്രരേഖകളെ ഉദ്ധരിച്ച് കത്തിൽ വിവരിക്കുന്നു.

കത്തോലിക്കരോട് തിരുവിതാംകൂർ മഹാരാജാക്കന്മാർ കാണിച്ചിരുന്ന ഉദാരമനസ്‌കതയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് 1774-ൽ കാർത്തികതിരുനാൾ മഹാരാജാവിന് ക്ലെമന്റ് പതിന്നാലാമൻ മാർപാപ്പയും ഷഷ്ട്യബ്ദപൂർത്തി ആഘോഷിക്കുന്ന വേളയിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പയും എഴുതിയ കത്തുകളും പരാമർശിക്കുന്നു.

ആർ എസ് എസ് മുഖമാസികയായ കേസരിയിൽ ദേവസഹായംപിള്ളയെ കുറിച്ചു വന്ന പരാമർശം ചുവടെ

കന്യാകുമാരിയിലെ നാട്ടാലം സ്വദേശിയായ നീലകണ്ഠപ്പിള്ള, ഏലങ്കം വീട് എന്ന നായർ കുടുംബത്തിലെ അംഗമായിരുന്നുവെന്നു 'കേസരി'യിൽ വ്യക്തമാക്കുന്നു. തിരുവിതാംകൂർ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്ന അദ്ദേഹം ഖജനാവിലെ പണം ധൂർത്തടിച്ചു ജയിലിലായി. മതംമാറിയാൽ മോചിതനാക്കാമെന്ന പാതിരിമാരുടെ പ്രലോഭനത്താലാണ് അദ്ദേഹം ദേവസഹായം പിള്ളയായത്. തുടർന്ന്, തിരുവിതാംകൂറിലെ വനങ്ങളുടെ ചുമതലക്കാരനായി.

പള്ളിപ്പണിക്കായി വൻതോതിൽ തേക്കുകൾ മുറിച്ചുമാറ്റിയെന്നും വൈകാതെ ജോലിപോയെന്നും ലേഖനത്തിൽ പറയുന്നു. കുളച്ചൽ യുദ്ധത്തിൽ, ഡച്ചുകാരുമായി ചേർന്ന് തിരുവിതാംകൂറിനെതിരേ പോരാടിയ ക്യാപ്റ്റൻ ഡിലനോയി പിന്നീട് രാജാവിന്റെ വിശ്വസ്തനായി. ക്രിസ്തുമത പ്രചാരകനായി ദേവസഹായംപിള്ള തന്നെ കാണാനെത്തിയപ്പോൾ സംശയംതോന്നിയ ഡിലനോയി തടവിലാക്കി. വിചാരണയ്ക്കുശേഷം രാജാവ് വെടിവെച്ചുകൊല്ലാൻ വിധിച്ചു. മതംമാറിയതിനുള്ള ആത്മബലിയായിരുന്നില്ല ദേവസഹായം പിള്ളയുടേത്. സത്പ്രവൃത്തികളൊന്നും ചെയ്യാതിരുന്ന ഒരാളെ, മതംമാറിയെന്ന ഒറ്റക്കാരണത്തിൽ വിശ്വാസത്തിന്റെ രക്തസാക്ഷിയായി അവതരിപ്പിക്കുകയായിരുന്നു.

ഈ കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ് അദ്ദേഹത്തെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാൻ നടപടി. മത താത്പര്യം മുൻനിർത്തി വ്യാജചരിത്രം തീർക്കുന്നതിൽ ക്രൈസ്തവസഭകൾ പ്രകടിപ്പിച്ചിട്ടുള്ള താത്പര്യം കുപ്രസിദ്ധമാണ്. തോമാശ്ലീഹ കേരളത്തിൽ വന്നുവെന്ന കഥ കത്തോലിക്കാ സഭയുടെ വ്യാജചരിത്ര നിർമ്മാണത്തിനു മികച്ച ഉദാഹരണമാണ്- ലേഖനം കുറ്റപ്പെടുത്തുന്നു.

ശത്രുസ്ഥാനത്തു നിർത്തി, കത്തോലിക്കാ വിശ്വാസികളോടു വിരോധമുണ്ടാക്കാനുള്ള ഗൂഢശ്രമമാണ് ഈ ലേഖനത്തിലും തുടരുന്നതെന്ന് കെ.സി.ബി.സി. ജാഗ്രതാ കമ്മിഷൻ പ്രതികരിച്ചിരുന്നു. ക്രൈസ്തവ സന്ന്യസ്തർക്ക് സന്ന്യാസവസ്ത്രം ധരിച്ച് പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടാൻകഴിയാത്ത സാഹചര്യമുണ്ടാകാൻ കാരണം ഇത്തരം വിദ്വേഷ പ്രചാരണങ്ങളാണ്. അക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും പിന്നിൽ ആർ.എസ്.എസ്. അനുബന്ധ സംഘടനകളാണെന്നു വ്യക്തമാണെന്നും ജാഗ്രതാ കമ്മീഷൻ ആരോപിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP