Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗസ്റ്റ് ഹൗസിൽ വച്ച് കസ്റ്റഡിയിൽ എടുത്തു; എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തി; ഇതോടെ അറസ്റ്റും ചെയ്തു; ഇനി റിമാൻഡ് വേണം; പിസി ജോർജിനെ ജയിലിൽ അടയ്ക്കാനുള്ള അപേക്ഷയിൽ ചർച്ചയാകുന്നത് 'ശങ്കരാടിയുടെ ആ പഴയ രേഖ'! അറസ്റ്റിന്റെ ഗ്രൗണ്ടായി കുറ്റസമ്മതം മാറി; പൂഞ്ഞാറിലേക്ക് ജോർജ് മടങ്ങുമ്പോൾ നിരാശ സർക്കാരിനോ?

ഗസ്റ്റ് ഹൗസിൽ വച്ച് കസ്റ്റഡിയിൽ എടുത്തു; എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തി; ഇതോടെ അറസ്റ്റും ചെയ്തു; ഇനി റിമാൻഡ് വേണം; പിസി ജോർജിനെ ജയിലിൽ അടയ്ക്കാനുള്ള അപേക്ഷയിൽ ചർച്ചയാകുന്നത് 'ശങ്കരാടിയുടെ ആ പഴയ രേഖ'! അറസ്റ്റിന്റെ ഗ്രൗണ്ടായി കുറ്റസമ്മതം മാറി; പൂഞ്ഞാറിലേക്ക് ജോർജ് മടങ്ങുമ്പോൾ നിരാശ സർക്കാരിനോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിസി ജോർജിനെ റിമാൻഡ് ചെയ്യാനായി പൊലീസ് തയ്യറാക്കിയ റിപ്പോർട്ടിൽ വമ്പൻ കോമഡി. തിരുവനന്തപുരം തൈയ്ക്കാട് ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന പ്രതിയെ തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിൽ കൊണ്ടു വന്നെന്നും അവിടെ വച്ച് വിശദമായി ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചുവെന്നും ഇതിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തുവെന്നാണ് വിശദീകരിച്ചിരിക്കുന്നത്. ഈ പൊലീസ് വാദമാണ് പിസി ജോർജിന് തുണയായത്. ഈ കേസിൽ തെളിവൊന്നും കൈയിലില്ലെന്ന് സമ്മതിക്കൽ കൂടിയായി ഇതിനെ നിയമ വൃത്തങ്ങൾ വ്യാഖ്യാനിക്കുന്നു. ഒരിക്കലും പിസി ജോർജ് കുറ്റസമ്മതം നടത്തില്ലെന്ന പൊതുബോധം കോടതിയും കണക്കിലെടുത്താകണം ജാമ്യം നൽകിയത്.

മാധ്യമ പ്രവർത്തകനായ ശ്രീജൻ ബാലകൃഷ്ണനാണ് ഫെയ്സ് ബുക്കിൽ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പങ്കുവച്ചത്. അതിന്റെ ചെറിയൊരു ഭാഗവും ഫെയ്സ് ബുക്കിലിട്ടു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനാലാണ് വൈകിട്ട് 3.50ന് പി സി ജോർജിനെ അറസ്റ്റ് ചെയ്തതെന്ന് മ്യൂസിയം എസ് ഐ ഇപ്പോൾ കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ട്. അതായത് പൊലീസിന്റെ കൈയിൽ ഇപ്പോഴും ശങ്കരാടിയുടെ രേഖയെ ഉള്ളൂ; കുറ്റസമ്മതം ആണ് അറസ്റ്റിന്റെ ഗ്രൗണ്ട്-ഇതാണ് ശ്രീജൻ  തന്റെ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. അതിശക്തമായ വാദമാണ് കോടതിയിൽ പ്രോസിക്യൂഷൻ നടത്തിയത്. എ്ന്നിട്ടും പിസി ജോർജിന് ജാമ്യം കിട്ടാൻ കാരണം തെളിവുകളുടെ അഭാവമാണെന്നാണ് ഉയരുന്ന വിലയിരുത്തൽ.

തട്ടിപ്പുകേസിലെ പ്രതിയാണ് പരാതിക്കാരി. അവർ പലർക്കെതിരേയും പരാതി കൊടുത്തിട്ടുണ്ട്. ബലാത്സംഗ പരാതിയും ഇതിലുണ്ട്. ഇതിലൊന്നും ആരേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നില്ല. കേസ് അന്വേഷിക്കുന്നത് ഇപ്പോൾ സിബിഐയാണ്. ഈ സാഹചര്യത്തിലാണ് തന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന പിസി ജോർജിന്റെ ആരോപണത്തിന് ശക്തികൂടുന്നതും. ഏതായാലും പീഡനക്കേസിൽ ഒരു ദിവസം പോലും പിസി ജോർജിനെ ജയിലിൽ അടയ്ക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഉച്ചയ്ക്ക് കിട്ടിയ പരാതിയിൽ അതിവേഗം എഫ് ഐ ആർ ഇട്ടു. സ്വർണ്ണ കടത്തിലെ ഗൂഢാലോചന കേസിൽ പിസി ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയ ശേഷമായിരുന്നു ഈ സംഭവമെല്ലാം നടന്നത് എന്നതാണ് വസ്തുത.

തട്ടിപ്പ് കേസ് പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിന് ജാമ്യം ലഭിച്ചത് പൊലീസ് നീക്കങ്ങൾക്കും തിരിച്ചടിയായി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 3 ആണ് ജാമ്യം അനുവദിച്ചത്. മ്യൂസിയം പൊലീസാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുൻപാകെ ഹാജരാക്കിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. മൂന്ന് മാസത്തേക് ഈ നടപടി തുടരണം. 25000 രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം. ഏതെങ്കിലും തരത്തിൽ ജാമ്യ ഉപാധി ലംഘിച്ചാൽ റിമാൻഡിലേക്ക് പോകേണ്ടി വരും എന്ന് കോടതി വ്യക്തമാക്കി.

പി.സി ജോർജിന്റെ ജാമ്യത്തെ എതിർത്തു കൊണ്ട് പ്രോസിക്യൂഷൻ ശക്തമായ വാദങ്ങളാണ് മുന്നോട്ട് വെച്ചത്. പ്രതി മതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. പുറത്തിറങ്ങിയാൽ പ്രകോപന പ്രസംഗങ്ങൾ നടത്തി ക്രമസമാധാനപ്രശ്നം ഉണ്ടാക്കും. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷിയെ ഭീഷണിപ്പെടുത്തും. കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച വ്യക്തി കൂടിയാണ് പ്രതി തുടങ്ങിയ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. എന്നാൽ കേസിന് രാഷ്ട്രീയ ലക്ഷ്യമെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകി വിശ്വാസം നഷ്ടപ്പെട്ടയാളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ്. പ്രതിക്ക് ഹൃദ്രോഗവും രക്തസമ്മർദ്ദവുമുണ്ട്. ജയിലിൽ അടച്ചാൽ മരണം വരെ സംഭവിക്കാമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.

ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി തന്നെ പീഡിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ.പി.സി 354, ലൈംഗിക താൽപര്യത്തോടെയുള്ള സ്പർശനത്തിന് സെക്ഷൻ 354 എ തുടങ്ങിയവ പ്രകാരമാണ് ചുമത്തിയിട്ടുള്ളത്. ലൈംഗിക താൽപര്യത്തോടെ തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കടന്നു പിടിച്ചുവെന്നാണ് ഇരയുടെ മൊഴി. അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഇരയുടെ രഹസ്യ മൊഴിയിൽ പറയുന്നു.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അഭിനിമോൾ രാജേന്ദ്രന്റേതാണ് ഉത്തരവ്. ജാമ്യം ലഭിച്ചതിൽ ദൈവത്തിന് നന്ദിയെന്ന് പി.സി.ജോർജ് പ്രതികരിച്ചു. കേസന്വേഷണത്തോട് നൂറു ശതമാനം സഹകരിക്കും. മാധ്യമപ്രവർത്തകയോട് വികാരാധീനനായി സംസാരിച്ചതിൽ ക്ഷമ ചോദിക്കുന്നെന്നും ജോർജ് പറഞ്ഞു. പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ വരെ വ്യാജപരാതി നൽകിയിട്ടുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷന് മറുപടിയായി പി.സി.ജോർജിന്റെ അഭിഭാഷകൻ ശാസ്തമംഗലം എസ്.അജിത്കുമാർ വാദിച്ചു. പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നൽകുകയായിരുന്നു. പി.സി.ജോർജ് ഹൃദ്രോഗിയാണ്, രക്തസമ്മർദമുണ്ട്. അദ്ദേഹത്തെ ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

പ്രതിക്ക് പരാതി ഉണ്ടോയെന്ന് മജിസ്‌ട്രേറ്റ് ആരാഞ്ഞു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനാണ് തന്നെ സർക്കാർ ഗെസ്റ്റ് ഹൗസിൽ വിളിപ്പിച്ചത്. ഇത്തരം ഒരു പരാതി ഉള്ള കാര്യം അറിഞ്ഞില്ല. മ്യൂസിയം പൊലീസ് അറിയിക്കുമ്പോഴാണ് പരാതിയെക്കുറിച്ച് അറിഞ്ഞത്. 70 വയസ്സുള്ള തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. പീഡന പരാതി എന്താണെന്നോ, ഇതിന്റെ നിയമ വശങ്ങൾ അറിയാനോ കഴിഞ്ഞിട്ടില്ലെന്ന് പി.സി.ജോർജ് കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ ശേഷമാണ് പ്രതി സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വാദം പരിഗണിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP