Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൂൺ 17 വരെ സംസ്ഥാനത്തിനും കേന്ദ്രത്തിനും മുന്നിൽ അൺഫിറ്റ്; അഞ്ചു ദിവസത്തിന് ശേഷം കഥ മാറി; കേരളത്തിൽ നിന്നുള്ള ഐപിഎസ് കൺഫർ ലിസ്റ്റിൽ കടന്നു കൂടി; ഉണ്ണിത്താൻ വധശ്രമക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അബ്ദുൾ റഷീദിനും ഐപിഎസ്; സഹായിച്ചത് കേരള ബിജെപിയിലെ നേതാവോ?

ജൂൺ 17 വരെ സംസ്ഥാനത്തിനും കേന്ദ്രത്തിനും മുന്നിൽ അൺഫിറ്റ്; അഞ്ചു ദിവസത്തിന് ശേഷം കഥ മാറി; കേരളത്തിൽ നിന്നുള്ള ഐപിഎസ് കൺഫർ ലിസ്റ്റിൽ കടന്നു കൂടി; ഉണ്ണിത്താൻ വധശ്രമക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അബ്ദുൾ റഷീദിനും ഐപിഎസ്; സഹായിച്ചത് കേരള ബിജെപിയിലെ നേതാവോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാതൃഭൂമി സീനിയർ റിപ്പോർട്ടർ ആയിരുന്ന വി.ബി. ഉണ്ണിത്താനെ ക്വട്ടേഷൻ കൊടുത്ത് വധിക്കാൻ ശ്രമിച്ചത് കേരളത്തെ ഞെട്ടിച്ച കേസായിരുന്നു. ഉണ്ണിത്താനെ വധിക്കാൻ നേതൃത്വം കൊടുത്ത ഹാപ്പി രാജേഷ് കൊല്ലപ്പെടുക കൂടി ചെയ്തതോടെ ഇതിന് പിന്നിലുള്ളത് ചില്ലറക്കാരല്ലെന്ന് ബോധ്യമായി. പിന്നീടാണ് സർവീസിലുള്ള രണ്ടു ഡിവൈ.എസ്‌പിമാരാണ് ഉണ്ണിത്താനെ വധിക്കാൻ ക്വട്ടേഷൻ കൊടുത്തത് എന്ന വിവരം കണ്ടെയ്നർ സന്തോഷ് എന്ന ഇവരുടെ സുഹൃത്തായിരുന്നയാൾ വെളിപ്പെടുത്തുന്നത്. സന്തോഷ് നായർ, എൻ. അബ്ദുൾ റഷീദ് എന്നിവരായിരുന്നു ആ ഡിവൈ.എസ്‌പിമാർ.

ഇനി, കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് ഐപിഎസ് കൺഫർ ചെയ്തു കിട്ടിയ എസ്‌പിമാരുടെ പട്ടിക നോക്കാം. അതിലൊരു പേര് എൻ. അബ്ദുൾ റഷീദിന്റെയായിരുന്നു. ഉണ്ണിത്താൻ വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ, ദേശസുരക്ഷയ്ക്ക് പോലും ഭീഷണിയായ കേസുകളിൽ സംശയനിഴലിലുള്ള അബ്ദുൾ റഷീദ് എങ്ങനെ ഐപിഎസ് നേടി എന്നതായിരുന്നു സംശയം. ഐപിഎസ് കൺഫർ ചെയ്തവരുടെ ലിസ്റ്റ് പുറത്തു വരുന്നതിന് അഞ്ചു ദിവസം മുൻപ് വരെ കേന്ദ്ര-കേരള സർക്കാരുകൾ അൺഫിറ്റ് എന്ന് റിപ്പോർട്ട് ചെയ്ത അബ്ദുൾ റഷീദ് എങ്ങനെയാണ് അവസാന നിമിഷം പട്ടികയിൽ വന്നത്. സംസ്ഥാനത്തെ ഒരു പ്രമുഖ ബിജെപി നേതാവാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന ആരോപണവും ഉയരുന്നു. അതിനിടെ ഈ തീരുമാനത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതിയും പോയിട്ടുണ്ട്.

വധശ്രമം അടക്കം ക്രിമിനൽ കേസുകളിൽ പ്രതിയായ അബ്ദുൾ റഷീദ് കേരളാ പൊലീസിൽ എസ്‌പിയായി സ്ഥാനക്കയറ്റം നേടിയതും ഇങ്ങനെയായിരുന്നു. ഡിവൈഎസ്‌പിമാരുടെ പ്രമോഷൻ ലിസ്റ്റ് വന്നപ്പോൾ ആദ്യം റഷീദിന്റെ പേരില്ലായിരുന്നു. വേറെ എട്ടു പേർക്കായിരുന്നു പ്രമോഷൻ. എന്നാൽ അവസാന നിമിഷം 8 (എ) എന്ന ഉപനമ്പർ സൃഷ്ടിച്ചു ഇയാളെ തിരുകി കയറ്റുകയായിരുന്നു. സിപിഎം നേതൃത്വത്തിലുള്ള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരിക്കുന്ന സമയത്താണ് ഇയാൾ ഉണ്ണിത്താൻ വധശ്രമക്കേസിൽ അകപ്പെട്ടത്. അതിന് ശേഷം ജയിൽവാസവും സസ്പെൻഷനുമൊക്കെയായി കഴിഞ്ഞിരുന്ന ഇയാൾക്ക് തുണയായതും സിപിഎം ബന്ധമായിരുന്നുവെന്ന് പറയുന്നു.

2020 മെയ്‌ 30 നാണ് ഇയാൾ തിരുവനന്തപുരം യൂണിറ്റിൽ നിന്ന് ക്രൈംബ്രാഞ്ച് എസ്‌പിയായി വിരമിച്ചത്. ഉണ്ണിത്താൻ വധശ്രമക്കേസിൽ അഞ്ചാം പ്രതിയായിരുന്നു. 2018 ൽ ഉണ്ണിത്താൻ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി. കേസിൽ മാപ്പുസാക്ഷിയായ കണ്ടെയ്നർ സന്തോഷ് എന്ന സന്തോഷ്‌കുമാറിന്റെ മൊഴി നിലനിൽക്കുമ്പോഴാണ് റഷീദിനെ വിചാരണ കൂടാതെ വിട്ടയച്ചത്. ഇതിനെതിരേ ഹൈക്കോടതിയിൽ സിബിഐ, വി.ബി. ഉണ്ണിത്താൻ, ജി.വിപിനൻ, എസ്. സന്തോഷ് എന്നിവർ നൽകിയ ഹർജികൾ നിലനിൽക്കുമ്പോഴാണ് റഷീദിനെ കുറ്റമുക്തനാക്കിയത്.

ക്രിമിനൽ പശ്ചാത്തലവും നിരോധിത സംഘടനകളുമായി ബന്ധമുള്ളയാളുമായ അബ്ദുൾ റഷീദിന് ഐപിഎസ് കൊടുക്കരുതെന്നാവശ്യപ്പെട്ട് കേസിലെ മാപ്പുസാക്ഷി സന്തോഷ്‌കുമാർ കഴിഞ്ഞ വർഷം മെയ്‌ 25 ന് യുപിഎസ് സി ചെയർമാന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുപിഎസ് സി സംസ്ഥാനത്തോട് റിപ്പോർട്ട് തേടി. എറണാകുളം ടൗൺ സൗത്ത് സ്റ്റേഷൻ അസി. കമ്മിഷണറോ അന്വേഷിച്ചു റിപ്പോർട്ട് കൊടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

എന്നാൽ പരാതിക്കാരനായ സന്തോഷിനെയും ഭാര്യ ഷൈനിയെയും ജൂലൈ രണ്ടിന് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ശശിധരൻ പിള്ള ചെയ്തത്. ഇതിനെതിരേ ജൂലൈ മൂന്നിന് ഷൈനി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ജൂലൈ ഏഴിന് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും ചെയ്തു. ശശിധരൻ പിള്ളയ്ക്കെതിരേ വകുപ്പു തല നടപടിയെടുത്തെങ്കിലും റഷീദിനെതിരേ കൊടുത്ത പരാതി കളവാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് നൽകി.

യുപിഎസ് സി രണ്ടു പ്രാവശ്യം റഷീദിനെ അൺഫിറ്റ് ആണെന്ന് കണ്ട് ഐപിഎസ് ലിസ്റ്റിൽ നിന്നൊഴിവാക്കിയിരുന്നു. സംസ്ഥാനത്ത് നിന്ന് വെരി ഗുഡ് എന്ന യുപിഎസ് സി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് കൊടുത്തതുമില്ല. ഇതിനിടെ റഷീദ് സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തന്നെയും ഐപിഎസിന് പരിഗണിക്കണം എന്നതായിരുന്നു ആവശ്യം. ഇക്കഴിഞ്ഞ ജൂൺ 17 ന് വന്ന ട്രിബ്യൂണലിന്റെ ഉത്തരവിൽ ഈ പരാതിയിൽ നടപടി എടുക്കുന്നതിന് പരിമിതിയുണ്ടെന്നും സംസ്ഥാന സർക്കാർ തീരുമാനിക്കട്ടെ എന്നും പറഞ്ഞ് പരാത തീർപ്പാക്കി.

ജൂൺ 17 വരെ സംസ്ഥാന സർക്കാരും യുപിഎസ് സിയും അൺഫിറ്റ് ആണെന്ന് റിപ്പോർട്ട് ചെയ്ത, സംസ്ഥാന സർക്കാർ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത ഇയാൾക്ക് ട്രിബ്യൂണൽ വിധി വന്നതിന് ശേഷം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും അതിവേഗം അനുകൂല തീരുമാനമുണ്ടായി. സർക്കാർ ഇയാൾക്ക് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകി. ജൂൺ 25 ന് ഇതുമായി ഇയാൾ നേരിട്ട് ഡൽഹിയിലേക്ക് പോയി. 27 വരെ ഡൽഹിയിലുണ്ടായിരുന്നു. ജൂൺ 27 ന് നടന്ന യുപിഎസ് സി ബോർഡ് മീറ്റിങിൽ കഴിവുള്ള മറ്റ് ഓഫീസർമാരെ കടത്തി വെട്ടി ഇയാൾ ഐപിഎസ് സ്വന്തമാക്കുകയും ചെയ്തു. ഇവിടെയാണ് ബിജെപി നേതാവിന്റെ പങ്ക് ആരോപിക്കപ്പെടുന്നത്.

ഉണ്ണിത്താൻ വധശ്രമക്കേസിൽ 2017 ൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ രണ്ടു വർഷത്തോളം സസ്പെൻഷനിലായിരുന്നു. തുടർന്ന് എൽഡിഎഫ് സർക്കാരാണ് എസ്‌പിയാക്കി സ്ഥാനക്കയറ്റം നൽകിയതും സർവീസിൽ തിരിച്ചെടുത്തതും. ഇതിനിടെ കൊല്ലത്ത് യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ടു യുവസൈനികരെ ഇയാൾ രക്ഷപ്പെടുത്തി ഇയാൾ ഭീകരർക്ക് കൈമാറിയെന്നൊരു വാർത്തയും വന്നിരുന്നു. ഈ കേസിൽ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ഇയാളെ ചോദ്യം ചെയ്തിരുന്നു.

കൊല്ലം അയലമണ്ണിൽ നടന്ന കൂട്ടക്കൊലയിൽ പ്രതികളായ ബി. ദിവിൽ കുമാർ(27), പി. രാജേഷ് (34) എന്നിവരെ വിദേശജോലിക്കെന്ന മട്ടിൽ നാടുകടത്തി ഭീകരസംഘടനയ്ക്ക് കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇയാൾക്ക് മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കേരളാ പൊലീസിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന റഷീദ് ആ സ്വാധീനം വച്ച് റിപ്പോർട്ട് മരവിപ്പിച്ചു രക്ഷപ്പെട്ടു. അയലമൺ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ടീമിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടറായിരുന്നു റഷീദ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP