Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദൂര പഠനം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വഴി മതിയെന്നത് ഇടതു സർക്കാർ നയം; തീരുമാനം അട്ടിമറിക്കാൻ ഓൺലൈൻ കോഴ്‌സെന്ന പേരിൽ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാനുള്ള പുതിയ തന്ത്രവുമായി കാലിക്കറ്റ്; ഈ തീരുമാനത്തിന് പിന്നിലും യൂണിവേഴ്‌സിറ്റിയുടെ വിദൂര വിഭാഗം ഉപസമിതി; ഡിസ്റ്റൻസിനെ വെട്ടാൻ ഓൺലൈൻ ക്ലാസ് എത്തുമ്പോൾ

വിദൂര പഠനം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വഴി മതിയെന്നത് ഇടതു സർക്കാർ നയം; തീരുമാനം അട്ടിമറിക്കാൻ ഓൺലൈൻ കോഴ്‌സെന്ന പേരിൽ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാനുള്ള പുതിയ തന്ത്രവുമായി കാലിക്കറ്റ്; ഈ തീരുമാനത്തിന് പിന്നിലും യൂണിവേഴ്‌സിറ്റിയുടെ വിദൂര വിഭാഗം ഉപസമിതി; ഡിസ്റ്റൻസിനെ വെട്ടാൻ ഓൺലൈൻ ക്ലാസ് എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ തുടങ്ങാൻ വെള്ളിയാഴ്ച ചേർന്ന വിദൂര വിഭാഗം ഉപസമിതി യോഗം തീരുമാനിക്കുമ്പോൾ ഉയരുന്നത് സംശയം മാത്രം. വിദൂര വിദ്യാഭ്യാസത്തിന് ബദലായി ഓൺലൈൻ കോഴ്‌സുകൾ എന്ന തന്ത്രം കാലിക്കറ്റ് മുന്നോട്ട് വയ്ക്കുന്നതായാണ് സൂചന. ഇത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് വേണ്ടി നടത്തുന്ന സർക്കാർ ശ്രമങ്ങൾക്ക് തിരിച്ചടിയാകും.

കേരളത്തിലെ നാല് സർവകലാശാലകളിലെയും വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷൻ എന്നിവയ്ക്ക് ഈ അധ്യയനവർഷം പ്രവേശനം തടഞ്ഞുകൊണ്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും ശ്രീനാരായണഗുരു ഓപ്പൺസർവകലാശാലയ്ക്ക് കൈമാറാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ സർവകലാശാലയ്ക്ക് യുജിസി. അംഗീകാരം ലഭിക്കാൻ ഇനിയും സമയം എടുക്കും. ശ്രീനാരായണഗുരു സർവ്വകലാശാലയ്ക്ക് വേണ്ടിയായിരുന്നു സർക്കാർ വിദൂര വിദ്യാഭ്യാസത്തിന് തൽകാലം തടസ്സം നിന്നത്.

ഈ സാഹചര്യത്തിലാണ് ഓൺലൈൻ കോഴ്‌സുകളുമായി കാലിക്കറ്റ് എത്തുന്നത്. ഫലത്തിൽ ഇതും വിദൂര വിദ്യാഭ്യാസ മോഡലാണ്. പേര് വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാണെന്ന് മാത്രം. ബി.എ. മൾട്ടിമീഡിയ, ബി.കോം, ബി.എ. ട്രാവൽ ആൻഡ് ഹോട്ടൽ മാനേജ്മെന്റ് എന്നീ ബിരുദ കോഴ്സുകളും പത്ത് പി.ജി. കോഴ്സുകളും തുടങ്ങാനാണ് തീരുമാനം. തുടങ്ങേണ്ട പി.ജി. കോഴ്സുകളെക്കുറിച്ച് പഠിക്കാൻ സിൻഡിക്കേറ്റ് അംഗം ഡോ. എം. മനോഹരനെ യോഗം ചുമതലപ്പെടുത്തി. കോഴ്സുകളുടെ അംഗീകാരത്തിനായി അടുത്തയാഴ്ച യുജിസി.ക്ക് അപേക്ഷ നൽകും.

കോഴ്സുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ഇതിന്റെ ഭാഗമായി വിദൂര വിഭാഗത്തിന് കീഴിൽ അസി. ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നീ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. വിദേശത്ത് സെന്ററുകൾ ആരംഭിക്കും. ഇതുസംബന്ധിച്ച സമിതിയുടെ യോഗം ഉടനെ ചേരും. കൺവീനർ യൂജിൻ മൊറേലി, കെ.കെ. ഹനീഫ, ഡോ. ജി. റിജുലാൽ, ഡോ. എം. മനോഹരൻ, വിദൂര വിഭാഗം ഡയറക്ടർ ഡോ. ആർ. സേതുനാഥ്, രമേശ്ബാബു, ശംഷാദ് ഹുസൈൻ എന്നിവർ പങ്കെടുത്തു. ഈ തീരുമാനത്തോട് സംസ്ഥാന സർക്കാർ എടുക്കുന്ന നിലപാടും നിർണ്ണായകമാകും.

വിദൂര പഠനം നിറുത്തലാക്കിക്കൊണ്ടുള്ള സർക്കാരുത്തരവ് കാരണം പ്രതിസന്ധിയിലായ മലബാറിലെ കുട്ടികളുടെ ആശങ്കയകറ്റാൻ സർക്കാർ അലംഭാവം വെടിഞ്ഞ് വിഷയം ഗൗരവത്തിലെടുക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് പോലുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. മലബാറിലെ പ്രത്യേകിച്ചും ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ തിരിച്ചടിയാണ് വിദൂരവിദ്യാഭ്യാസത്തിനുള്ള കലിക്കറ്റ് , കണ്ണൂർ സർവ്വകലാശാലകളിലെ സൗകര്യങ്ങൾ നിർത്തലാക്കുന്ന തോടെ സംജാതമാകുന്നതെന്ന് കമ്മിറ്റി വിലയിരുത്തിയിരുന്നു.

മലബാറിന്റെ സാമൂഹിക പരിസരങ്ങളോ, സാഹചര്യങ്ങളോ നല്ലതുപോലെയറിയാത്ത ചില ഉദ്യോഗസ്ഥരുടെ അനവസരത്തിലുള്ള ഇടപെടലുകളിൽ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാനാണിത് കാരണമാവുന്നത്. കാലങ്ങളായി പിന്നോക്കമുള്ള ഒരു പ്രദേശത്തെയും ജനങ്ങളയും കൂടുതൽ പാർശ്വവൽ ക്കാനുള്ള ഈ ഗൂഢതന്ത്രം സർക്കാർ തിരിച്ചറിയണം. ഇത്തരം തെറ്റായ തിരുമാനങ്ങൾ തിരുത്തുന്നതിനും മലബാറിലെ കുട്ടികളുടെ ഉന്നത പഠനം തടസ്സങ്ങളില്ലാതെ സാധ്യമാക്കുന്നതിനും മുഴുവൻ സന്നദ്ധ സംഘടനകളും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചിരുന്നു.

വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്‌ട്രേഷനും ശ്രീനാരായണഗുരു ഓപ്പൺസർവകലാശാലയ്ക്ക് കൈമാറാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ സർവകലാശാലയ്ക്ക് യുജിസി. അംഗീകാരം ലഭിക്കാൻ ഇനിയും സമയം എടുക്കും. ഈ സാഹചര്യത്തിൽ, ഒട്ടേറെ വിദ്യാർത്ഥികൾക്ക് ഉപരിപഠനം മുടങ്ങുമെന്ന ആശങ്ക സജീവമാണ്.

കേരളത്തിലെ പാരലൽ കോളേജുകളിൽ ഓരോവർഷവും ഒന്നേകാൽലക്ഷം കുട്ടികളാണ് ഡിഗ്രി, പി.ജി. പഠനത്തിന് ചേരുന്നത്. ഇതുവരെ കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ റെഗുലർ കോഴ്‌സുകൾക്കൊപ്പം സമാന്തര വിദ്യാഭ്യാസവും നടന്നിരുന്നു. കേരള, എം.ജി., കണ്ണൂർ സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്‌ട്രേഷനും നടന്നിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളും ഉണ്ടായിരുന്നു.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഡിഗ്രിക്ക് 12 കോഴ്‌സുകളും പി.ജി.ക്ക് അഞ്ച് കോഴ്‌സുകളും തുടങ്ങാനാണ് അപേക്ഷ നൽകിയിരിക്കുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ നാല് റീജണൽ സെന്ററുകളും ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. 15 സർക്കാർ കോളേജുകളിലായിട്ടാണ് ഈ പഠനകേന്ദ്രങ്ങൾ ക്രമീകരിക്കുന്നത്. ജൂലായ് പകുതിയോടെയെ യുജിസി. പ്രതിനിധികൾ പരിശോധനയ്ക്കായി ഇവിടെ എത്തൂ. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സെന്ററുകൾക്കും കോഴ്‌സുകൾക്കും അനുമതി ലഭിക്കൂ.

കഴിഞ്ഞവർഷവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് യുജിസി. അംഗീകാരം ലഭിച്ചിരുന്നില്ല. ഇതുകാരണം, അവസാനനിമിഷം പ്രൈവറ്റ് രജിസ്‌ട്രേഷന് സർക്കാർ അനുമതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP