Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏകദിന ശൈലിയിൽ ബാറ്റ് വീശീ തകർപ്പൻ സെഞ്ച്വറിയുമായി ഋഷഭ് പന്ത്; അർധശതകത്തോടെ മികച്ച പിന്തുണ നൽകി രവീന്ദ്ര ജഡേജയും; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്; പന്തും ജഡേജയും രക്ഷകരായത് മുൻനിര തകർന്ന ശേഷം; ഒന്നാം ദിനം ഇന്ത്യ സുരക്ഷിതമായ നിലയിൽ

ഏകദിന ശൈലിയിൽ ബാറ്റ് വീശീ തകർപ്പൻ സെഞ്ച്വറിയുമായി ഋഷഭ് പന്ത്; അർധശതകത്തോടെ മികച്ച പിന്തുണ നൽകി രവീന്ദ്ര ജഡേജയും; എഡ്ജ്ബാസ്റ്റണിൽ  ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്; പന്തും ജഡേജയും രക്ഷകരായത് മുൻനിര തകർന്ന ശേഷം; ഒന്നാം ദിനം ഇന്ത്യ സുരക്ഷിതമായ നിലയിൽ

സ്പോർട്സ് ഡെസ്ക്

എഡ്ജ്ബാസ്റ്റൺ: ജെയിംസ് ആൻഡേഴ്‌സണും മാത്യു പോട്ടും ചേർന്ന് എറിഞ്ഞൊതുക്കിയ ഇന്ത്യയെ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് കൈപിടിച്ചുയർത്തി. എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ 98- 5ലേക്ക് കൂപ്പുകുത്തിയ ശേഷം റിഷഭ് പന്തിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അർധസെഞ്ചുറിയുടെയും മികവിലായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 338 റൺസെന്ന നിലയിലാണ്.83 റൺസോടെ രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയും ക്രീസിൽ.

അഞ്ചിന് 98 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് ആറാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്ത് - രവീന്ദ്ര ജഡേജ സഖ്യമാണ് രക്ഷകരായത്. 222 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യമാണ് ഇന്ത്യൻ സ്‌കോർ 300 കടത്തിയത്.89 പന്തിൽ സെഞ്ചുറി തികച്ച പന്ത് കരിയറിലെ അഞ്ചാം സെഞ്ചുറിയും ബർമിങ്ങാമിൽ കുറിച്ചു. 111 പന്തിൽ നിന്ന് നാല് സിക്‌സും 20 ഫോറുമടക്കം 146 റൺസെടുത്ത പന്തിനെ ഒടുവിൽ ജോ റൂട്ടാണ് പുറത്താക്കിയത്. ടെസ്റ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും പന്ത് സ്വന്തമാക്കി.

2005-06 പരമ്പരയിൽ പാക്കിസ്ഥാനെതിരേ 93 പന്തിൽ നിന്ന് സെഞ്ചുറിയിലെത്തിയ മുൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെ റെക്കോഡാണ് പന്ത് മറികടന്നത്.നിലവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 328 റൺസെന്ന നിലയിലാണ് ഇന്ത്യ. പന്തിന് ഉറച്ച പിന്തുണ നൽകിയ രവീന്ദ്ര ജഡേജ 73 റൺസുമായി ക്രീസിലുണ്ട്. മുഹമ്മദ് ഷമിയാണ് ജഡേജയ്ക്കൊപ്പം ക്രീസിൽ.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യയെ ജെയിംസ് ആൻഡേഴ്‌സണും മാത്യു പോട്ടും ചേർന്നാണ് എറിഞ്ഞൊതുക്കിയത്. സ്‌കോർ ബോർഡിൽ 27 റൺസെത്തിയപ്പോഴേക്കും 17 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ ആൻഡേഴ്‌സൺ സ്ലിപ്പിൽ സാക്ക് ക്രോളിയുടെ കൈകളിലെത്തിച്ചു. പിന്നെ പൂജാരയുടെ ഊഴമായിരുന്നു. കൗണ്ടിയിൽ തിളങ്ങിയ പൂജാരയെ ആൻഡേഴ്‌സന്റെ സ്വിങ് ചതിച്ചു. 13 റൺസെടുത്ത പൂജാരയും ആൻഡേഴ്‌സന്റെ പന്തിൽ സാക്ക് ക്രോളിയുടെ കൈകളിലൊതുങ്ങി. മഴയെത്തിയതിനാൽ നേരത്തെ ല്ചിന് പിരിയുമ്പോൾ ഇന്ത്യ 53-2 എന്ന സ്‌കോറിലായിരുന്നു.

ലഞ്ചിനുശേഷം ഇന്ത്യക്ക് അധികം വൈകാതെ ഹനുമാ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 53 പന്ത് നേരിട്ട് 20 റൺസെടുത്ത വിഹാരിയെ മാത്യു പോട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി. വിരാട് കോലിയുടെ ഊഴമായിരുന്നു പിന്നീട്. പൂജാരയുടെ വിക്കറ്റ് നഷ്ടമായശേഷം നാലാമനായി ക്രീസിലെത്തിയ കോലി തുടക്കത്തിൽ പിടിച്ചു നിന്നെങ്കിലും 19 പന്തിൽ 11 റൺസെടുത്ത് മടങ്ങി. മാത്യു പോട്ടിന്റെ പന്തിൽ പ്ലേയ്ഡ് ഓണായി ബൗൾഡായാണ് കോലി പുറത്തായത്. തുടക്കത്തിൽ ആക്രമിച്ചു കളിച്ച ശ്രേയസ് അയ്യർ പ്രതീക്ഷ നൽകി. 11 പന്തിൽ മൂന്ന് ബൗണ്ടറിയടിച്ച് 15 റൺസെടുത്ത ശ്രേയസിനെ പക്ഷെ ആൻഡേഴ്‌സൺ ബൗൺസറിൽ വിക്കറ്റ് കീപ്പർ സാം ബില്ലിങ്‌സിന്റെ കൈകളിലെത്തിച്ചു.

തുടർന്നായിരുന്നു ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയ പന്ത് - ജഡേജ കൂട്ടുകെട്ട്.മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ തകർത്തെറിഞ്ഞ ഇംഗ്ലീഷ് പേസർമാരെ കടന്നാക്രമിച്ചായിരുന്നു പന്തും ജഡേജയും തുടങ്ങിയത്. മഴക്കാർ മാറി വെയിൽ പരന്നതോടെ ബാറ്റിങ് അനായാസമായി. അവസരം മുതലെടുത്ത ഇരുവരും ഇംഗ്ലീഷ് പേസർമാർക്കെതിരെ ഏകദിനശൈലിയിൽ ബാറ്റുവീശി. 51 പന്തിൽ അർധസെഞ്ചുറി തികച്ച പന്ത് കടന്നാക്രമണവുമായി മുന്നോട്ടുപോയപ്പോൽ നങ്കൂരമിട്ട് ജഡേജ മികച്ച പിന്തുണ നൽകി. 89 പന്തിൽ പന്ത് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി.

സെഞ്ചുറിക്ക് ശേഷം കൂടുതൽ അപകടകാരിയായ പന്ത് ഇംഗ്ലീഷ് സ്പിന്നർ ജാക്ക് ലീച്ചിനെ നിലംതൊടാതെ പറത്തി. 9 ഓവർ എറിഞ്ഞ ലീച്ച് വഴങ്ങിയത് 71 റൺസാണ്. ജെയിംസ് ആൻഡേഴ്‌സണെതിരെ റിവേഴ്‌സ് സ്വീപ്പ് നടത്താനും പന്ത് തയാറായി. ഇതിനിടെ 109 പന്തിൽ ജഡേജ അർധസെഞ്ചുറിയിലെത്തി.ജോ റൂട്ടിനെ സിക്‌സിന് പറത്തി 146 റൺസിലെത്തിയ പന്ത് തൊട്ടടുത്ത പന്തിലും സിക്‌സിന് ശ്രമിച്ചെങ്കിലും എഡ്ജ് ചെയ്ത് സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങി.പന്തിനെ റൂട്ട് പുറത്താക്കിയതിനു പിന്നാലെ ശാർദുൽ താക്കൂറിനെ (1) ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് മടക്കി.

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജെയിംസ് ആൻഡേഴ്സണും രണ്ട് വിക്കറ്റെടുത്ത മാത്യു പോട്ട്സുമാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്.നേരത്തെ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തന്നെ ജസ്പ്രീത് ബുംറയ്ക്ക് ടോസ് നഷ്ടമായിരുന്നു. ടോസ് നേടിയ ആതിഥേയർ ഫീൽഡിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ് ബാധിച്ചതോടെയാണ് ബുംറ ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്. രോഹിത്തിന്റെ അഭാവത്തിൽ ചേതേശ്വർ പൂജാരയാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്.

കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിലെ അഞ്ചാം മത്സരം കോവിഡിനെത്തുടർന്ന് അവസാനനിമിഷം മാറ്റുകയായിരുന്നു. അടുത്ത സൗകര്യപ്രദമായ സമയത്ത് അത് കളിക്കാനെത്താമെന്ന് ഇന്ത്യ ഉറപ്പുനൽകി. അതാണിപ്പോൾ നടക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1-ന് മുന്നിട്ടുനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP