Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കെപിപി നമ്പ്യാരോട് 75കോടി ആവശ്യപ്പെട്ടതായി ആരോപണം; സന്തോഷ് മാധവനിൽനിന്ന് 70 ലക്ഷം; സാന്റിയാഗോ മാർട്ടിൻ ബന്ധം'; മക്കാവുവിലേക്ക് അടക്കം അടിക്കടി യാത്രകൾ; ഗോൾഫ് ക്ലബിൽ അംഗത്വം; പുത്രവാത്സല്യം കൊണ്ട് വി എസ് അന്ധനായപ്പോൾ ഉയർന്നത് ആരോപണ മഴ; അന്ന് അരുൺകുമാർ... ഇന്ന് വീണ വിജയൻ; സിപിഎം അധികാര വഴിയിലെ 'പുത്രാവതാരങ്ങളുടെ' കഥ!

'കെപിപി നമ്പ്യാരോട് 75കോടി ആവശ്യപ്പെട്ടതായി ആരോപണം; സന്തോഷ് മാധവനിൽനിന്ന് 70 ലക്ഷം; സാന്റിയാഗോ മാർട്ടിൻ ബന്ധം'; മക്കാവുവിലേക്ക് അടക്കം അടിക്കടി യാത്രകൾ; ഗോൾഫ് ക്ലബിൽ അംഗത്വം; പുത്രവാത്സല്യം കൊണ്ട് വി എസ് അന്ധനായപ്പോൾ ഉയർന്നത് ആരോപണ മഴ; അന്ന് അരുൺകുമാർ... ഇന്ന് വീണ വിജയൻ; സിപിഎം അധികാര വഴിയിലെ 'പുത്രാവതാരങ്ങളുടെ' കഥ!

എം റിജു

സിപിഎം അധികാരത്തിൽ ഇരിക്കുമ്പോൾ, ആ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ വാർക്കപ്പണിക്ക് പോയി ജീവിക്കുന്നത് ഇന്ന് ആലോചിക്കാൻ കഴിയുമോ! അതാണ് സഖാവ് ചടയൻ ഗോവിന്ദന്റെ മേന്മ. നായനാർ ഭരിക്കുമ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ, മക്കൾക്കായി ഒരു ശിപാർശയും എവിടെയും നടത്തിയില്ല. പഴയ കമ്യൂണിസ്റ്റ് നേതാക്കളിൽ ഭൂരിഭാഗവും അങ്ങനെ ആയിരുന്നു. തന്റെ മകൾക്ക് ഒരു സാരി വേണമെന്നും അടുത്ത ശമ്പളം കിട്ടുമ്പോൾ തരാമെന്നും പറഞ്ഞ് ജൗളിക്കടയിലേക്ക് കത്തുകൊടുത്തുവിടുന്ന ഇഎംഎസിനെപോലെ ഒരു മുഖ്യമന്ത്രിയെ നമുക്ക് ഇനി സങ്കൽപ്പിക്കാൻ കഴിയില്ല. ദീർഘകാലം തദ്ദേശവകുപ്പ് മന്ത്രിയായിരുന്നിട്ടും സ്വന്തം വീട് വിറ്റുപോയ പാലോളി മുഹമ്മദ് കുട്ടിയും, എക്സൈസ് വകുപ്പ് ഭരിച്ചിട്ടും ഒടുവിൽ പാർട്ടി വീട് ഉണ്ടാക്കിക്കൊടുക്കേണ്ടി വന്ന പി കെ ഗുരുദാസനുമെല്ലാം ആധുനിക സഖാക്കളുടെ ഭാഷയിൽ ജീവിക്കാൻ അറിയാത്തവർ മാത്രം.

കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അധികാരം കിട്ടുമ്പോഴൊക്കെ നേതാക്കൾ അനുവർത്തിച്ചുവന്ന ഒരു വലിയ കാര്യമായിരുന്നു, പുത്രന്മാരെയും പുത്രികളെയും ഒന്നും അധികാരത്തിന്റെ ഇടനാഴികളിലേക്ക് അടുപ്പിക്കാതിരിക്കുക എന്നത്. ജ്യോതിബാസുവും, മണിക്ക് സർക്കാറുമൊക്ക ഈ നിലയിൽ മാതൃക കാട്ടിയവർ ആണ്. കേരളത്തിലും അങ്ങനെ ആയിരുന്നു. പക്ഷേ അതിന് അൽപ്പം മാറ്റം വന്നത് നായനാർ ഭരണത്തിൽ കയറിയതോടെയാണ്. നായനാരുടെ മകൻ കൃഷ്ണകുമാറിന്റെ യുഗം തുടങ്ങിയതോടെയാണ് നേതാക്കളുടെ മക്കൾ ഭരണത്തിൽ ഇടപെട്ടുത്ത് തുടങ്ങിയത് എന്നാണ് സിപിഎം വിമതർ ആരോപിക്കുന്നത്.

പക്ഷേ വിഎസിന്റെ കാലത്ത് ഇത് പരസ്യമായിരുന്നു. അധികാര ഇടനാഴിയിലെ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെ മകൻ വി എ അരുൺകുമാർ. പുത്രവാത്സല്യം കൊണ്ട് വി എസ് അന്ധനായിപ്പോയതോടെ, സുകുമാർ അഴീക്കോടിന്റെ ഭാഷയിൽ പറഞ്ഞാൽ 'പുത്രാവതാരങ്ങൾ' ഭരണത്തിൽ നിറഞ്ഞു. അന്ന് സിപിഎം വിഭാഗീയതയുടെ ഭാഗമായി ആ അവതാരകഥകൾ പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങളെ അറിയിക്കാൻ പിണറായി പക്ഷവും ഉണ്ടായിരുന്നു.

പക്ഷേ ഇവിടെയാണ് വീണ്ടും ചരിത്രത്തിന്റെ കാവ്യനീതി എത്തുന്നുത്. ഇന്ന് പുത്രാവതാരം പുത്രീ അവതാരം ആയി മാറിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ
വിജയനെക്കുറിച്ചാണ് എവിടെയും ചർച്ചകൾ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെ അത് പരസ്യമാവുന്നു. മാത്യു കുഴൽനാടൻ നിയമസഭയിൽ ഉന്നയിച്ച കാര്യങ്ങൾ നോക്കിയാൽ എല്ലാം വ്യക്തമാണ്.

കോൺഗ്രസിന്റെ മക്കൾ രാഷ്ട്രീയത്തെ എക്കാലവും പരിഹസിക്കുന്നവരാണ് സിപിഎമ്മുകാർ. പക്ഷേ ആ പാർട്ടിയിലെ പുത്രാവതാരങ്ങളുടെ കഥ ഈ രീതിയിൽ വഷളായത് വിഎസിന്റെ മകൻ അരുൺകുമാറിലൂടെയാണ്. വി എസ് കത്തിനിൽക്കുന്ന സമയത്ത് അഗ്നിപർവതം കണെക്കെയായിരുന്നു മകനും. ഇടക്കിടെ സ്ഫോടനം ഉണ്ടാക്കി, പുകയും ചാരവും ലാവയും കളയും. വി എസ് സ്‌കോർ ചെയ്യുന്ന അവസസരത്തിലൊക്കെ മിക്കവാറും മകനെ ഉപയോഗിച്ചാണ് പ്രതിഛായ തകർക്കാൻ എതിരാളികൾ ശ്രമിക്കുക. വി എസ് ആവെട്ടെ മകനെ അധികാര രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാതിരിക്കാൻ ജാഗ്രത കാട്ടിയതുമില്ല.

'കെപിപി നമ്പ്യാരോട് 75കോടി ആവശ്യപ്പെട്ടു'

അരുൺകുമാർ എന്ന വ്യക്തിയുടെ പേര് ആദ്യമായി ഒരു അഴിമതിയുമായി ബന്ധപ്പെട്ട് കേൾക്കുന്നത്, കേരളത്തിൽ എറ്റവും ബഹുമാനിക്കപ്പെടുന്ന വ്യവസായിയും കെൽട്രോണിന്റെ പിതാവ് എന്നപേരിൽ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധനുമായ കെപിപി നമ്പ്യാരുമായി ബന്ധപ്പെട്ടയാണ്. നമ്പ്യാരുടെ ആത്മകഥയിൽ അരുണിന് എതിരെ വന്ന പരാമർശങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്റ്റീജ് പദ്ധതിയായിരുന്നു കണ്ണൂർ പവർ പ്രോജകറ്റ്. ഇതിന്റെ മാത്തം ചെലവായ 1500 കോടിരൂപയുടെ അഞ്ചുശതമാനമായ 75 കോടിരൂപ അരുൺ കൈക്കൂലിയായി അവശ്യപ്പെട്ടൂവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ 'സഫലം കലാപഭരിതത്തിൽ' എഴുതിയത്. ആരോപണം വലിയ കോളിളക്കം ഉണ്ടാക്കി.

ഇത് പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട്, അരുൺകുമാർ അദ്ദേഹത്തിന് വക്കീൽ നോട്ടീസ് അയച്ചെങ്കിലും കെപിപി നമ്പ്യാർ അത് പിൻവലിച്ചില്ല. മാപ്പു പറഞ്ഞില്ല. തുടർന്ന് നമ്പ്യാർക്കെതിരെ അരുൺ മാനനഷ്ടക്കേസിനുപോയി. ആ കേസ് നടക്കുന്ന സമയത്ത്, നമ്പ്യാർ കോടതിയെ അഭിമുഖീകരിക്കാൻ തയ്യാല്ലെന്ന് ഭാര്യ, വക്കീലായ കേളുനമ്പ്യാരെ അറിയിച്ചതിനെ തുടർന്ന് കേസ് രാജിയായി. തുടർന്ന് വരുന്ന പുസ്തകത്തിന്റെ കോപ്പികളിൽ ആ ആരോപണം ഉണ്ടാവില്ലെന്ന് കേളു നമ്പ്യാർ അരുൺകുമാറിന് വാക്കു നൽകകയും, പിന്നീട് പുസ്തകത്തിൽനിന്ന് അത് നീക്കം ചെയ്യുകയും ചെയ്തു.

പക്ഷേ അപ്പോഴും ഒരു സംശയം ബാക്കിയാണ്. കെപിപി നമ്പ്യാരെപ്പോലെ ആദരണീയനായ ഒരു വ്യക്തി ഇങ്ങനെ കെട്ടുകഥകൾ എഴുതുമോ. അങ്ങനെ എഴുതിയതു കൊണ്ട് എന്താണ് അദ്ദേഹത്തിന് കിട്ടാനുള്ള ഗുണം. മാത്രമല്ല ഒരു ഇടതുപക്ഷ സഹയാത്രികൻ ആയാണ് ആദ്യകാലത്ത് നമ്പ്യാർ അറിയപ്പെട്ടതും. ഒന്നുമില്ലാതെ ഇത്രയും ഗുരുതരമായ ആരോപണം അദ്ദേഹം ഉന്നയിക്കുമോ. സംഭവം തെളിയിക്കാൻ രേഖകളോ ഓഡിയോയോ ഒന്നും ഇല്ലാത്തതിനാലാണ് പുസ്തകത്തിൽനിന്ന് ഈ പരാമർശനം പിൻവലിച്ചത് എന്നാണ് ഇന്നും നമ്പ്യാരെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ സിപിഎം വിഭാഗീയതയുടെ ഭാഗമായി ഉണ്ടായ കെട്ടുകഥയാണ് ഇതെന്നാണ് വിഎസിനെ അനുകൂലിക്കുന്നവർ പറയുന്നത്.

ഭാര്യക്ക് സാന്റിയാഗോ മാർട്ടിൻ ബന്ധം?

അച്യുതാനന്ദന്റെ മകനെതിരായ ആക്രമണങ്ങൾ ശക്തിപ്പെട്ടത് 2011ലെ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു. വി എസ് മുഖ്യമന്ത്രിയായിരിക്കുന്ന ഈ സമയതാണ്, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പഴയ കൂട്ടാളി കെ എ റൗഫ് ഐസ്‌ക്രീം കേസ് അട്ടിമറിച്ചതിന്റെ അതിഗുരുതമായ ആരോപണങ്ങളുമായി രംഗത്ത് വരുന്നത്. ഇയോടെ വിഎസും സടകുടഞ്ഞെഴുനേറ്റ് ആക്രമണം തുടങ്ങി. അതുവരെ വിഭാഗീയതമൂലം ആകെ കലങ്ങിനിന്നിരുന്ന ഇടതുപക്ഷത്തിന് തുടർ ഭരണം കിട്ടുമെന്ന് പ്രതീക്ഷ ഉയർന്ന സമയം. അപ്പോൾ ഏത് വിധേനയും വിഎസിനെ ടാർജറ്റ് ചെയ്യാനുള്ള എളുപ്പമാർഗമായിരുന്നു മകൻ അരുണുകുമാറിനെതിരെ ആരോപണം ഉന്നയിക്കുക എന്നത്. അത്തരം സാഹചര്യങ്ങളിൽനിന്ന് മാറി നടക്കാതെ സംശയാസ്പദമായ സാഹചര്യത്തിൽ ആയിരുന്നു അരുണിന്റെ യാത്രകളും.

2011 മാർച്ച് ഒന്നിന്ന് അരുൺകുമാറിനെതിരെ 11 ആരോപണങ്ങൾ ഉന്നയിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രി അച്യുതാനന്ദന് കത്ത് നൽകതിയത്. ഓൺലൈൻ ലോട്ടറിവിഷയത്തിൽ സബിഐ അന്വേഷണം ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രി കാട്ടിയ അനാസ്ഥയുടെ പിന്നിൽ, അരുൺകുമാറിന്റെ താൽപ്പര്യവും സ്വാധീനവുമാണെന്നായിരുന്നു ആദ്യ ആരോപണം. അതിൽ എട്ടാമതായി തന്നെ അരുൺകുമാറിന്റെ ഭാര്യ ഡോക്ടർ രജനി ബാലചന്ദ്രനുമായി ബന്ധപ്പെട്ട് മറ്റൊരു ആരോപണവും ഉന്നയിക്കുന്നുണ്ട്. അരുൺകുമാറിന്റെ ഭാര്യ ഡയറട്കറായ ചെറി എൻടർപ്രൈസസ് എന്ന സ്ഥാപനം, ഓൺലൈൻ ലോട്ടറി ബിസിനസ് നടത്തിയിരുന്നെന്നായിരുന്നു ആ ആരോപണം.

അന്ന് സാന്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കുടി കാലമാണ്. അതുകൊണ്ടുതന്നെ അരുൺകുമാറിറെ ഭാര്യക്ക് സാന്റിയാഗോ മാർട്ടിനുമായി ബന്ധം എന്ന രീതിയലായി മാധ്യമ വാർത്തകൾ. ഈ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ മറ്റുള്ളവരുമായി, അരുൺകുമാറിനുള്ള ബിസിനസ് ബന്ധങ്ങൾ അന്വേഷിക്കണം എന്നും ഉമ്മൻ ചാണ്ടിയുടെ പരാതിയിൽ പറയുന്നുണ്ട്. ഏതായാലും ആരോപണങ്ങളെ തുടർന്ന് രജനി ബാലചന്ദ്രൻ ആ സ്ഥാനം ഒഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

ഉമ്മചാണ്ടി ഉന്നയിച്ചത് 11 ആരോപണങ്ങൾ

അരുൺകുമാർ ഐച്ച്ആർഡിയിൽ അഡീഷണൽ ഡയറ്കടറായി തൊഴിൽ എടുക്കുമ്പോൾ, കേരള സർവകലാശാലയിൽ ബയോഇൻഫർമാറ്റിക്സിൽ പിഎച്ച്ഡിക്ക് അപേക്ഷിച്ചത് എഴുവർഷത്തെ അദ്ധ്യാപന പരിചയം ഉണ്ടെന്് വ്യാജ രേഖ ചമച്ചിട്ടായിരുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. ഇതിൽ ആദ്യം രജിസ്ട്രേഷൻ നൽകിയ സർവകലാശാല പിന്നീട് പരാതി ഉയർന്നപ്പോൾ അത് റദ്ദാക്കുക ആയിരുന്നു. ഇതും കയർഫെഡ് അഴിമതി, ഐഎച്ച്ആർഡി നിയമനം, അനധികൃത വിദേശയാത്രകൾ തുടങ്ങിയ വിവിധ വിഷയങ്ങൾ അക്കമിട്ട് നിരത്തിയാണ് ഉമ്മൻ ചാണ്ടി പരാതി കൊടുത്ത്.

ഇതേ തുടർന്ന് 2011 മാർച്ച് 9ാം തീയതി മുഖ്യമന്ത്രി വി എസ് ഈ പരാതി 'അരുൺകുമാറിനെ എതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ, ഉചിതമായ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം' എന്ന് പറഞ്ഞുകൊണ്ട് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരിക്ക് കൈമാറി. അരുൺകുമാർ ഐഎച്ച്ആർഡിയിലെ ഉദ്യോഗസ്ഥൻ ആയതിനാൽ, ഈ ആരോപണങ്ങൾ ലോകായുക്തക്ക് കൈമറിയതായി കോടിയേരി അറിയിച്ചു. ലോകായുക്തക്ക് കൈമാറിയ ഈ അന്വേഷണം, 2011 മേയിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണ് വിജിലൻസിന് കൈമാറുന്നത്.

ഇതിനെതിരെ അരുൺ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, വാദങ്ങൾ ഹൈക്കോടതി തള്ളി. വിജിലൻസ് അന്വേഷണം ആവാമെന്ന് 2011 സെപ്റ്റമ്പറിൽ കോടതി വിധിച്ചു. പക്ഷേ ഭരണം മാറിയതോടെ വിവിധ കേസുകളിൽനിന്ന് അരുൺകുമാർ ഒന്നൊന്നായി കുറ്റവിമുക്തൻ ആവുകയാണ് ഉണ്ടായത്.

'യാത്രകളുടെ ചെലവ് വഹിച്ചത് സുഹൃത്തുക്കൾ'

അരുൺകുമാറിന് എതിരെ ഏറ്റവു വലിയ ആരോപണമായി വന്നത്് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നതായിരുന്നു. എന്നാൽ ഈ ആരോപണത്തിൽ കഴമ്പില്ലെന്നു വിലയിരുത്തിയാണ് വിജിലൻസ് കേസ് അവസാനിപ്പത്. വി എസ് മുഖ്യമന്ത്രിയായിരിക്കെ അരുൺ അടിക്കടി നടത്തിയ വിദേശയാത്രകളായിരുന്നു അന്വേഷണത്തിന്റെ കാതൽ. അതെല്ലാം സുഹൃത്തുക്കൾ സ്പോൺസർ ചെയ്തതതാണെന്നും തനിക്കു കാര്യമായ ചെലവുണ്ടായില്ലെന്നുമുള്ള അരുണിന്റെ വിശദീകരണം അംഗീകരിച്ചാണു കേസ് അവസാനിപ്പിച്ചത്. വരവുണ്ടെങ്കിലല്ലേ ചെലവുണ്ടാകൂ എന്ന അരുണിന്റെ വാദവും വിജിലൻസ് അംഗീകരിച്ചു. നോക്കുക, എല്ലായിടത്തും സ്പോൺസർമാർ സുഹൃത്തുക്കൾ. മുഖ്യമന്ത്രിയുടെ മകൻ അല്ലായിരുന്നെങ്കിൽ അരുണിന് ഈ സുഹൃത്തുക്കൾ ഉണ്ടാവുമായിരുന്നോ. ഇത് ഒരു നിയമപരം എന്നതിനേക്കാൾ ഉപരി ഒരു ധാർമ്മിക ചോദ്യമാണ്.

ഐഎച്ച്ആർഡി നിയമന വിവാദത്തിലും നീണ്ട അന്വേഷണത്തിന് ഒടുവിൽ വി എ അരുൺ കുമാറിന് ക്ലീൻചിറ്റ് ലഭിക്കയാണ് ഉണ്ടായത്. അരുൺ കുമാർ നിരപരാധിയാണെന്ന് കാട്ടി വിജിലൻസ് നൽകിയ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി അംഗീകരിക്കയായിരുന്നു.യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അരുൺ കുമാറിനെ ഐ.എച്ച്.ആർ.ഡിയിൽ നിയമിച്ചതെന്ന പരാതിയിൽ വിജിലൻസ് രണ്ട് സംഘമായാണ് അന്വേഷണം നടത്തിയത്.അദ്ധ്യാപനത്തിൽ ആവശ്യമായത്ര പ്രവർത്തന പരിചയമില്ലെന്നായിരുന്നു അരുണിനെതിരെ ഉയർന്നിരുന്ന ആരോപണം. എന്നാൽ, നിയമനത്തിൽ മാനദണ്ഡങ്ങൾ മറികടന്നിട്ടില്ലെന്ന് കണ്ടെത്തിയതായാണ് അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അദ്ധ്യാപന പരിചയക്കുറവുള്ള അരുൺകുമാറിനെ സ്വാധീനം ചെലുത്തി നിയമിച്ചെന്ന ആരോപണം നിയമസഭയിൽ ഉയർന്നതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സമിതി നിയമനത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

നായനാർ സർക്കാരിന്റെ കാലത്താണ് ഐ.എച്ച്.ആർ.ഡിയിൽ അസിസ്റ്റന്റ് ഡയറക്ടറായി അരുൺകുമാറിനെ നിയമിക്കുന്നത്. 18 അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും ഒന്നാംറാങ്ക് ലഭിച്ചതിനെ തുടർന്നായിരുന്നു ജോലി ലഭിച്ചത്. വി എസ് മുഖ്യമന്ത്രിയായിരിക്കെയാണ് വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡിയുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്പ്‌മെന്റ്) അഡിഷണൽ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഇളവ് വരുത്തിയെന്ന ആരോപണമുയരുന്നത് . നേരത്തെയിറക്കിയ സർക്കുലർ പിൻവലിച്ച്, യോഗ്യതാ മാനദണ്ഡത്തിലെ ഇളവുകളോടെ പുതിയത് ഇറക്കിയതിന്റെ പിന്നിൽ അരുൺകുമാറിനെ അഡീഷണൽ ഡയറക്ടറായി നിയമിക്കുന്നതിനുള്ള ഗൂഡലക്ഷ്യമായിരുന്നുവെന്നാണ് ആരോപണം. എഞ്ചിനീയറിങ് വിഭാഗത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, 8 വർഷത്തെ അദ്ധ്യാപന പരിചയം, 4 വർഷത്തെ ഭരണ പരിചയം എന്നിവയായിരുന്നു മുമ്പുണ്ടായിരുന്ന സർക്കുലറിൽ അഡീഷണൽ ഡയറക്ടർ തസ്തികയിലേക്കുള്ള യോഗ്യതകളായി സർക്കുലറിൽ നിശ്ചയിച്ചിരുന്നത്. ഇതിൽ അദ്ധ്യാപന പരിചയം അടക്കമുള്ള യോഗ്യതകൾ അരുൺകുമാറിനില്ല.

എന്നാൽ പുതിയതായി ഇറക്കിയ സർക്കുലറിൽ ചില മാറ്റങ്ങൾ വരുത്തി. ഐഎച്ച്ആർഡിയുടെ ജോയിന്റ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിക്ക് തസ്തികയിലേക്ക് അപേക്ഷിക്കാമെന്നു പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ ഐഎച്ച്ആർഡിക്കു കീഴിലുള്ള എഞ്ചിനീയറിങ് കോളെജിൽ പ്രിൻസിപ്പലായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അരുൺകുമാർ ഐഎച്ച്ആർഡിയിൽ ജോയിന്റ് ഡയറക്ടറാണെന്നിരിക്കെ ആരെ മുന്നിൽ കണ്ടാണ് ഈ 'നീക്കുപോക്കുകൾ' സൃഷ്ടിച്ചതെന്ന് വ്യക്തം. എട്ട് വർഷത്തെ അദ്ധ്യാപന പരിചയം വേണമെന്ന പഴയ മാനദണ്ഡം പുതിയ സർക്കുലറിൽ ഇല്ല.

എന്നിട്ടും വിജിലൻസ് കേസിൽ അദ്ദേഹം കുറ്റവിമുക്തനായി. പക്ഷേ ഇത് എല്ലാം നിയമപരമായി ശരിയാക്കാനുള്ള ലൂപ്പ് ഹോളുകളും അരുൺകുമാറിന് അറിയാമായിരുന്നുവെന്ന് ചുരുക്കം. ഇവിടെയാണ് വിഎസിന്റെ പേര് സംശയിക്കപ്പെടുന്നത്. ഒരു സാധാരണക്കാരന്റെ പേരിലാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടാവുകയാണെങ്കിൽ സ്ഥിതി എന്താവുമായിരുന്നു.

മക്കാവുവും ഗോൾഫ്ക്ലബ് അംഗത്വവും

അരുൺകുമാറിനെതിരെ ഉമ്മൻ ചാണ്ടി ഉന്നയിച്ച 11 ഇന അഴിമതികളിൽ എറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കയർഫെഡ് അഴിമതി. അതും പതിവുപോലെ ആവിയാവുയാണ് ചെയ്തത്.

1999- 2001 കാലഘട്ടത്തിൽ അരുൺകുമാർ കയർഫെഡ് എം.ഡിയായിരിക്കെ ഗോഡൗൺ നിർമ്മാണത്തിൽ 41 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി. 4.5 കോടി രൂപയുടെ ഗോഡൗൺ നിർമ്മിക്കാൻ പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗത്തോട് എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിരുന്നില്ല. പകരം അരുൺകുമാറിന്റെ ബന്ധുവായ ആർ.കെ. രമേശിന്റെ സ്ഥാപനത്തെക്കൊണ്ട് എസ്റ്റിമേറ്റ് തയാറാക്കിച്ച് നിർമ്മാണം നടത്തുകയായിരുന്നെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് നടന്ന ആദ്യ അന്വേഷണത്തിൽ അരുൺകുമാർ, ആർ.കെ.രമേഷ്, കരാറുകാരൻ മുഹമ്മദ് അലി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് വിജിലൻസ് എസ്‌പിയുടെ റിപ്പോർട്ടിൽ ശുപാർശയുണ്ടായിരുന്നു. അപ്പോൾ ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയിരുന്നു.

പക്ഷേ വിഎസിന്റെ അരുൺകുമാറിന്റെ ഇമേജ് വല്ലാതെ ബാധിച്ചത്,സെക്സ് ടൂറിസത്തിനും ചൂതാട്ടത്തിനും കുപ്രസിദ്ധിയാർജ്ജിച്ച മക്കാവു ദ്വീപിലേക്ക് അരുൺകുമാർ പോയത് വാർത്തയായതോടെയാണ്. പക്ഷേ ഈ വിവാദം കത്തിൽക്കെയാണ് വി എസ് അരുണിനെ ന്യായീകരിച്ച് രംഗത്ത് എത്തിയിരുന്നു. അന്ന് മാധ്യമ പ്രവർത്തകരും വിഎസും തമ്മിൽ നടന്ന ചോദ്യവും മറുപടിയും ഇങ്ങനെയാണ്.

'താങ്കളുടെ മകൻ മക്കാവു ദ്വീപിൽ പോയിട്ടുണ്ടോ?''

''ഉണ്ട്. മക്കാവുവിലേക്ക് പോകുന്നുവെന്ന് അരുൺ എന്നോട് പറഞ്ഞിരുന്നു. അവൻ എന്തിനാണ് പോയതെന്നും എനിക്ക് നന്നായി അറിയാം. പോകേണ്ട ആവശ്യം വന്നാൽ പോകരുതെന്ന് പറയാൻ ഒക്കുമോ?''

''മക്കാവുവിൽ സെക്‌സ് ടൂറിസവും ചൂതാട്ടവുമാണ് നടക്കുന്നതെന്ന് അറിയാമോ?''

''അതൊക്കെ നിങ്ങൾ പറയുന്നതല്ലേ? ഈ ആരോപണമെല്ലാം വാസ്തവ വിരുദ്ധമാണ്. വിദേശത്ത് പോകേണ്ടവർ വിദേശത്ത് പോകും. അരുൺ എന്തിനായിട്ടാണ് അവിടെ പോയതെന്ന് എനിക്കറിയാം. എല്ലാ വിദേശയാത്രകളെക്കുറിച്ചും മകൻ എന്നോട് പറയാറുണ്ട്'''

''ആഡംബര ക്ലബായ ഗോൾഫ് ക്ലബിൽ ലക്ഷങ്ങൾ മുടക്കി മകൻ അംഗത്വമെടുത്തിട്ടുണ്ടല്ലോ''

''ഗോൾഫ് ക്ലബിലെ അംഗത്വത്തിന് അത്രവലിയ പണമൊന്നും വേണ്ട.''

''അപ്പോൾ വളരെ കുറഞ്ഞ തുകയ്ക്ക് ഗോൾഫ് ക്ലബ് അംഗത്വം കിട്ടുമെന്നാണോ പറയുന്നത്?''

''നല്ല കളിക്കാരായിട്ടുള്ളവർ എവിടെയൊക്കെ കളികേന്ദ്രങ്ങളുണ്ടോ അവിടെയെല്ലാം പോകും. കളിക്കും. കളിക്കാൻ അറിയാത്തവർ കുറഞ്ഞപക്ഷം കളി കണ്ടെങ്കിലും നിൽക്കും. അതാണ് കളിപ്രേമികൾ. മികച്ച കളിക്കാർക്ക് അവാർഡ് നൽകുന്ന സർക്കാരിന്റെ ഭരണത്തലവനാണ് ഞാൻ''

''ഇപ്പറഞ്ഞ ഗോൾഫ്ക്ലബിൽ മദ്യപാനവും ചൂതാട്ടവുമാണ് നടക്കുന്നതെന്ന് അങ്ങ് നേരത്തെ ആക്ഷേപിച്ചിട്ടുണ്ട്. അതോർമയുണ്ടോ?''

''മദ്യപാനവും മറ്റുപരിപാടികളും അവിടെ നടക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഒപ്പം കളിയും അവിടെ നടക്കുന്നുണ്ട്.'' - ഇങ്ങനെയാണ് ആ വാർത്താ സമ്മേളനം അവസാനിച്ചത്.

പക്ഷേ തന്നെ പഞ്ഞിക്കിട്ട വിഎസിന് എതിരെ അടിക്കാനുള്ള ഒരു വടിയായി പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഇതിനെ ഉപയോഗിച്ചു. ''റിസോർട്ടും മസാജും മറ്റു ചിലതുമാണു ഈ ദ്വീപിൽ നടക്കുന്നത്. കയർഫെഡ് എം.ഡി. എന്തിനാണ് അവിടെ പോയതെന്നു വ്യക്തമാക്കണം.അരുൺകുമാർ അനുവാദമില്ലാതെ നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണം. സർക്കാർ അനുവാദമില്ലാതെ വിദേശയാത്ര നടത്തുന്നതു കുറ്റകരമാണ്.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വരെ നടപടികളുണ്ടാവുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലും നിഷ്പക്ഷമായ നിലപാട് സർക്കാർ സ്വീകരിക്കണം.

യാത്രയിൽ അരുൺകുമാറിനോപ്പം മൂന്നുനാലു ആളുകൾ വേറെയുമുണ്ടായിരുന്നു. ഓൺലൈൻ ലോട്ടറിക്കെതിരേ മുഖ്യമന്ത്രി പ്രചാരണം നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പ്ലേവിൻ ലോട്ടറിയുടെ പാർട്ണർ ആയിരുന്നു. ഈ ലോട്ടറിയിൽ ആദ്യ സംരംഭകയും ഇവരാണ്. മുഖ്യമന്ത്രിയുടെ മകൻ ഇടപെടാത്ത എന്താണു കേരളത്തിലുണ്ടായതെന്ന് മാധ്യമങ്ങൾ അന്വേഷിച്ചു നോക്കണം''- കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

സന്തോഷ് മാധവനിൽനിന്ന് 70 ലക്ഷം വാങ്ങിയെന്ന്

വി എസ് അച്യുതാനന്ദൻ ഗതാഗതവകുപ്പിന്റെ ചുമതല വഹിച്ച കാലയളവിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ ഉയർന്ന ഫീസ് നൽകി, അരുൺകുമാർ ഡയറക്ടറായ മോഡൽ ഫിനിഷിങ് സ്‌കൂളിൽ പരിശീലനത്തിനയച്ചു എന്നും പരാതി ഉയർന്നിരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഐഎംജിയിൽ സൗജന്യമായും ഭക്ഷണം, യാത്രാബത്ത എന്നിവ നൽകിയും ഉയർന്ന നിലവാരത്തിൽ പരിശീലനം ൽകുന്നുണ്ടെന്നിരിക്കെയാണിത്. എം വിഐ മാർക്ക് രണ്ടു ദിവസത്തെയും എ.എം വിഐ. മാർക്ക് മൂന്നു ദിവസത്തെയും പരിശീലനത്തിന് ഒരാൾക്ക് 2500 രൂപ വിതം ഫീസ് നൽകി. ഇത് മകന്റെ സ്ഥാപനത്തെ ലാഭത്തിലാക്കാനും അതുവഴി അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുകയുമാണ് അച്യുതാനന്ദൻ ലക്ഷ്യമിട്ടതെന്ന് പരാതിയിൽ പറഞ്ഞു. അന്നത്തെ ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ.ജി. പ്രേംശങ്കർ ഇതിനായി ചരടുവലിച്ചതായും പരാതിയിലുണ്ട്. 80 പേരുടെ പരിശീലനം പൂർത്തിയായപ്പോഴേക്കും വകുപ്പിലെ കീഴുദ്യോഗസ്ഥർ പ്രതിഷേധിച്ചതിനെത്തുടർന്ന് ഇടയ്ക്കുവച്ച് നിർത്തി. അതിനിടെ 1,60,000 രൂപ ഖജനാവിന് നഷ്ടം വന്നതായി പരാതിയിൽ പറയുന്നു. പക്ഷേ അന്വേഷിച്ചപ്പോൾ പതിവുപോലെ ഈ പരാതിയും ആവിയായി.

അതുപോലെ ഒരു ഷേഡി ക്യാരക്ടർ ആയി അരുൺകുമാർ നിന്നതിന്റെ ഒരു കുഴപ്പം ആർക്കും എന്തും അദ്ദേഹത്തിനെതിരെ ആരോപിക്കാമെന്നായി. വി എസ് ചന്ദനമാഫിയയുമായി ശക്തമായി പോരടിക്കുന്ന സമയം. അപ്പോഴാണ് ചന്ദനഫാക്ടറി ഉടമ ഖാദർ പാലോത്തിൽനിന്ന് 7ലക്ഷം രൂപ അരുൺകുമാർ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയരുന്നത്. ഖാദറിനെതിരെ മാനനഷ്്ടക്കേസ് കൊടുക്കുമെന്ന് അരുൺകുമാർ പറഞ്ഞിട്ടുവെങ്കിലും കൊടുത്തിട്ടില്ല എന്നാണ് അറിയുന്നത്. പക്ഷേ ഈ ആരോപണം അർഹിക്കുന്ന അവഞ്ജയോടെ കേരളം തള്ളിക്കളഞ്ഞു. അതേസമയം സ്മാർട്ട്സിറ്റിയുടെ കാര്യത്തിൽ അരുൺകുമാർ ബന്ധപ്പെട്ട സർക്കാറിന് ലഭിക്കേണ്ട മെച്ചം ലഭിക്കാതെപോയി, എന്ന് എം എം ഹസൻ ആരോപണം ഉന്നയിച്ചപ്പോൾ അത് കേസായി. ഹസ്സൻ മാപ്പുപറഞ്ഞാണ് തടിയൂരിയത്.

അതുപോലെ, വിവാദനായകനായി നിറഞ്ഞുനിന്ന, നമ്മുടെ പീഡനവീരൻ ആൾദൈവം സന്തോഷ് മാധവനും അരുൺകുമാറിന് എതിരെ പരാതി നൽകിയിട്ടുണ്ട്. സന്തോഷ് മാധവൻ ഉമ്മൻ ചാണ്ടിക്ക് 2011 ജൂൂലെ അഞ്ചിന് നൽകിയ പരാതിയിൽ കോട്ടയത്ത് വട്ടയാറിൽ, 120 ഏക്കർ ഭൂമി നിലത്തുന്നതിന് അനുമതി ഭിക്കുന്നതിനായി അരുൺകുമാറിന് 70 ലക്ഷം രൂപയും, അദ്ദേഹത്തോട് ഒപ്പം എത്തിയ ഗവൺമെന്റ് പ്ലീഡർ ദീപ്തി പ്രസേനന്, 10ലക്ഷം രൂപയം 2006ൽ നൽകയിയെന്നായിരുന്നു. എന്നാൽ സന്തോഷ് മാധവൻ എന്ന വ്യക്തിയെ ഇതുവരെ താൻ നേരിൽ കണ്ടിട്ടില്ലെന്നാണ് അരുൺ പറയുന്നത്. ആരോപണം അസംബന്ധമാണെന്ന് സർക്കാർ തന്നെ പിന്നെ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

ഇപ്പോൾ വിഎസിനായി ജാമ്യത്തുക കെട്ടുന്നു

സിപിഎമ്മിൽ വി എസ് യുഗം അവസാനിക്കുകയും പാർട്ടിയിലും കേരളത്തിലും പിണറായിസം പിടിമുറക്കുകയും ചെയ്തതോടെ അരുൺകുമാറും വിവാദങ്ങളിൽനിന്ന് പുറത്തായി. പക്ഷേ അരുൺകുമാർ ഇപ്പോഴും പിതാവിനൊപ്പം സജീവമാണ്. സുഖമില്ലാത്ത വിഎസിനെ നോക്കുന്നതും, അദ്ദേഹത്തിന് വേണ്ട ഇടപെടൽ നടത്തുന്നതുമെല്ലാം അരുൺകുമാർ തന്നെ.

കഴിഞ്ഞ പാർട്ടികോൺഗ്രസിന്റെയും സംസ്ഥാന സമ്മേളനത്തിന്റെയും സമയത്ത്, തന്റെ വി എസ് ഇല്ലാത്ത അദ്യത്തെ സമ്മേളനം എന്ന അരുൺകുമാറിന്റെ പോസ്റ്റ് കേരളീയ പൊതുസമൂഹം ഏറ്റെടുത്തതാണ്. ''സമ്മേളനങ്ങൾ! സന്തോഷവും ആവേശവുമായിരുന്നു. അച്ഛന് പങ്കെടുക്കാൻ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിൽ കോവിഡിന്റെ കഠിനമായ വിഷമതകൾ കൂടിയായപ്പോൾ യാത്ര സാധ്യമല്ലാതെയായി. വിവരങ്ങൾ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു.''- ഇങ്ങനെയാണ് അരുൺ പോസ്റ്റിട്ടത്.

അതുപോലെ ഏറ്റവും ഒടുവിലായി ഉമ്മൻ ചാണ്ടി കൊടുത്ത മാനനഷ്ടക്കേസിൽ വിഎസിനായി തുക കെട്ടിവെച്ചതും അരുൺകുമാർ ആയിരുന്നു. സോളാർ അഴിമതി ആരോപണത്തിൽ ഉമ്മൻ ചാണ്ടി നൽകിയ കേസിലാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയുടെ പിഴക്ക് ഉത്തരവിട്ടത്. ഇതിനായി അരുൺകുമാർ 14,89,750 രൂപയുടെ ജാമ്യബോണ്ടാണ് സബ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ഉമ്മൻ ചാണ്ടിക്ക് വി എസ്10.10 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധിച്ചിരുന്നു. ഇതു സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ വി എസ് 14.89 ലക്ഷം രൂപ കെട്ടിവയ്ക്കുകയോ തത്തുല്യമായ ജാമ്യം നൽകുകയോ വേണമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധി വച്ചു. ഇതേത്തുടർന്നാണ് അരുൺ കുമാർ ജാമ്യ ബോണ്ട് ഹാജരാക്കിയത്.

ഐ.എച്ച്.ആർ.ഡി അഡിഷണൽ ഡയറക്ടർ എന്ന നിലയിലുള്ള ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കിയ അരുൺ, കോടതി എത്ര രൂപ നിശ്ചയിച്ചാലും അടയ്ക്കാമെന്നും വേണമെങ്കിൽ ശമ്പളത്തിൽ നിന്നു പിടിക്കാമെന്നും സത്യവാങ്മൂലവും നൽകി. മകൻ അരുൺകുമാറിന്റെ ജാമ്യബോണ്ട് ഹാജരാക്കുന്നതായി വി.എസും കോടതിയെ അറിയിച്ചിട്ടുണ്ട്. വി എസ് നൽകിയ അപ്പീൽ ഹർജിയിലാണു നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധി ജില്ലാ കോടതി സ്റ്റേ ചെയ്തത്. 2013ൽ ചാനൽ അഭിമുഖത്തിൽ വി എസ് നടത്തിയ ആരോപണത്തിനെതിരായാണ് നഷ്ടപരിഹാരം നൽകാൻ സബ് കോടതി വിധിച്ചത്. 6 ശതമാനം പലിശയും വി എസ് നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി സരിത നായരുമായി ചേർന്നു സോളർ തട്ടിപ്പ് നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം.

എന്നാൽ സോളാർ കേസ് മുൻ നിർത്തി അധികാരത്തിൽവന്ന സിപിഎം ഈ തുക നൽകണമെന്ന് പാർട്ടിക്ക് അകത്തുനിന്ന് അഭിപ്രായം ഉയർത്തിരുന്നു. പാർട്ടി വി എസിനെ തഴഞ്ഞുവെന്നും ആരോപണം ഉയർന്നു. എന്നാൽ ഈ ആരോപണത്തിൽ കഴമ്പില്ലെന്നാണ് മകൻ അരുൺകുമാർ പറയുന്നത്. ''വ്യക്തിപരമായി നടത്തുന്ന എല്ലാ കേസുകളുടെയും ചെലവ് വഹിക്കുന്നത് വി എസ് തന്നെയാണ്. നൽകണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. അതിനാൽ ആരോപണത്തിൽ കഴമ്പില്ല.''- അദ്ദേഹം പറയുന്നു.

പക്ഷേ ഇപ്പോൾ കാലചക്രം തിരിച്ച് ഉരുളുകയാണ്. അന്ന് വിഎസിന്റെ മകനാണ് വാർത്തകളിൽ നിറഞ്ഞു നിന്നതെങ്കിൽ ഇന്ന് പിണറായിയുടെ മകൾ വീണ വിജയനെക്കുറിച്ചുള്ള വാർത്തകളാണ് നിറയുന്നത്. പുത്രസ്നേഹം കൊണ്ട് അന്ധനാവാതെ വി എസ് അധികാരത്തിന്റെ ഇടനാഴികൽനിന്ന് മകനെ പൂർണ്ണമായും മാറ്റി നിർത്തണമെന്ന് അദ്ദേഹത്തെ സ്നേഹിക്കുന്നവർ മുമ്പും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ വിഎസിന് അതിന് കഴിഞ്ഞില്ല. പുത്രവാത്സല്യത്താൽ അന്ധനായ ധൃതരാഷ്ട്രർ ആയിപ്പോവുകയാണ് വി എസ് ചെയ്തയെങ്കിൽ പിണറായി പുത്രി വാത്സല്യത്തിൽ അന്ധനായിപ്പോയോ! ചരിത്രം അങ്ങനെ ഒരു പ്രഹസനമായി ആവർത്തിച്ചുകൊണ്ടിരിക്കയാണ്.

വാൽക്കഷ്ണം: അരുൺകുമാറിനെ വി എസ് നേരത്തെ നിയന്ത്രിക്കേണ്ടിയിരുന്നുവെന്ന് സുകുമാർ അഴീക്കോട് പ്രസ്താവിച്ചിരുന്നു. അത് ചോദിച്ചപ്പോൾ വിഎസിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ''പല പ്രമാണിമാരും പലതും പറയുന്നുണ്ട്. അതൊന്നും ഞാൻ കാര്യമായി എടുക്കുന്നില്ല.' ഇന്ന് മകളുടെ കാര്യം ചോദിക്കുമ്പോൾ പിണറായിയും ഇതുതന്നെ തിരിച്ചു പറയുന്നു. എന്തൊരു സാമ്യത!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP