Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയർലണ്ടിൽ അടിച്ചു തകർത്തു ജയം നൽകിയിട്ടും സഞ്ജുവിന് വീണ്ടും അവസാന ചാൻസ്; ഇംഗ്ലണ്ടിനെതിരായ അടുത്ത ട്വന്റി 20യിൽ സെഞ്ച്വറി അടിച്ചാലും മലയാളി ബാറ്റ്സ്മാന് അടുത്ത കളിയിൽ പുറത്തിരിക്കേണ്ടി വരും; ഇത് കാട്ടുനീതി; ഐപിഎല്ലിലെ സ്ഥിരതയ്യാർന്ന താരത്തിന് ക്രിക്കറ്റ് ദൈവങ്ങൾ നൽകുന്നത് സമ്മർദ്ദം മാത്രം; സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ആരാധകർ

അയർലണ്ടിൽ അടിച്ചു തകർത്തു ജയം നൽകിയിട്ടും സഞ്ജുവിന് വീണ്ടും അവസാന ചാൻസ്; ഇംഗ്ലണ്ടിനെതിരായ അടുത്ത ട്വന്റി 20യിൽ സെഞ്ച്വറി അടിച്ചാലും മലയാളി ബാറ്റ്സ്മാന് അടുത്ത കളിയിൽ പുറത്തിരിക്കേണ്ടി വരും; ഇത് കാട്ടുനീതി; ഐപിഎല്ലിലെ സ്ഥിരതയ്യാർന്ന താരത്തിന് ക്രിക്കറ്റ് ദൈവങ്ങൾ നൽകുന്നത് സമ്മർദ്ദം മാത്രം; സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ആരാധകർ

സ്പോർട്സ് ഡെസ്ക്

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിയത് ക്രിക്കറ്റ് ആരാധകരാണ്. അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ അവസരം ലഭിച്ച സഞ്ജു സാംസൺ തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി മികവ് തെളിയിച്ചിട്ടും ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ടീമിൽ മാത്രമാണ് ഇടം ലഭിച്ചത്. രണ്ടും മൂന്നും ട്വന്റി 20 മത്സരങ്ങളിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. സഞ്ജുവിനെ തഴഞ്ഞതിൽ രൂക്ഷ വിമർശനമാണ് ആരാധകർ ഉയർത്തുന്നത്.

അയർലൻഡിനെതിരെ അവസരം ലഭിച്ചപ്പോൾ ഓപ്പണറായിറങ്ങി 42 പന്തിൽ 9 ഫോറും നാല് സിക്‌സറും സഹിതം സഞ്ജു 77 റണ്ണടിച്ചു. സെഞ്ചുറി(104 റൺസ്) നേടിയ ദീപക് ഹൂഡയ്‌ക്കൊപ്പം സഞ്ജു രണ്ടാം വിക്കറ്റിൽ 176 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. രാജ്യാന്തര ട്വന്റി 20യിൽ ഏതൊരു വിക്കറ്റിലേയും ഇന്ത്യൻ താരങ്ങളുടെ ഉയർന്ന കൂട്ടുകെട്ടാണിത്.

എന്നിട്ടും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡിൽ മാത്രമാണ് സഞ്ജുവിനെ സെലക്ടർമാർ ഉൾപ്പെടുത്തിയത്. ദീപക് ഹൂഡയ്ക്ക് അവസരം നൽകിയപ്പോൾ അയർലൻഡിനെതിരായ ട്വന്റി 20 ടീമിലിടം ലഭിച്ചിരുന്ന രാഹുൽ ത്രിപാഠി, റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യർ, അർഷ്ദീപ് സിങ് എന്നിവരെയും സഞ്ജുവിനൊപ്പം അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ നിന്നൊഴിവാക്കുകയായിരുന്നു.

വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയവർ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുശേഷം തിരിച്ചെത്തുന്നതോടെ രണ്ടും മൂന്നും ട്വന്റി20യിൽനിന്നും ഏകദിനത്തിൽനിന്നും സഞ്ജുവിനെ ഒഴിവാക്കി. ഇതിനെതിരെയാണ് ആരാധകർ പൊട്ടിത്തെറിച്ചത്.

'സഞ്ജു സാംസണ് ഇത്രയധികം ആരാധകരുള്ളതിൽ അതിശയിക്കാനില്ല, ബിസിസിഐ അവരുടെ അനീതികൊണ്ട് രാജ്യത്തെ മുഴുവൻ അദ്ദേഹത്തിന്റെ ആരാധകരാക്കി.' ട്വിറ്ററിൽ ഒരു ആരാധകന്റെ പ്രതികരണം ഇങ്ങനെ. 48 മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിന് വീണ്ടും അവസരം ലഭിക്കുമ്പോൾ കളിച്ച ഒരേയൊരു ഏകദിനത്തിൽ 46 റൺസ് നേടിയ സഞ്ജുവിനെ ഏകദിനത്തിലേക്കു പരിഗണിക്കാത്തതിലും ആരാധകന് പരിഭവമുണ്ട്.

സഞ്ജു സാംസൺ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കണമെന്നും അല്ലെങ്കിൽ ഓസ്‌ട്രേലിയയ്ക്കു വേണ്ടിയോ ഇംഗ്ലണ്ടിനു വേണ്ടിയോ കളിക്കണമെന്നാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം. ട്വന്റി20 ലോകകപ്പ് ടീമിൽ സഞ്ജു ഉണ്ടാകില്ലെന്നതിന്റെ കൃത്യമായ സൂചനയാണ് ഇതെന്നാണ് ഒരു ആരാധകന്റെ നിരീക്ഷണം. ഇങ്ങനെപോയാൽ ഇന്ത്യയ്ക്ക് ലോകകപ്പിൽ പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഞ്ജുവിനെ രണ്ടും മൂന്നും ട്വന്റി 20 മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിലൂടെ ബിസിസിഐ സെലക്ടർമാർ ആരാധകരെ അപമാനിച്ചു എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. സഞ്ജു രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഇംഗ്ലണ്ടിനോ ഓസ്ട്രേലിയക്കോ വേണ്ടി കളിക്കുന്നതാണ് നല്ലതെന്ന് മറ്റൊരു ആരാധകൻ കടുത്ത ഭാഷയിൽ വിമർശിച്ചു. സഞ്ജുവിനെ പോലുള്ള താരങ്ങളെ തഴയുകയാണേൽ ഇന്ത്യക്ക് ട്വന്റി 20 ലോകകപ്പ് നേടാനാവില്ലെന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്. ബിസിസിഐക്കെതിരെ ചോദ്യങ്ങളും രൂക്ഷ വിമർശനങ്ങളുമായി നിരവധി ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തി.

2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയശേഷം, ഏഴു വർഷത്തിനിടെ 14 ട്വന്റി20 മത്സരങ്ങളും ഒരു ഏകദിനവും മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. പലപ്പോഴായി ടീമിനകത്തും പുറത്തുമാണ് സഞ്ജു. കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചില്ല. ശ്രീലങ്കയ്ക്കും വിൻഡീസിനുമെതിരായ ഹോം പരമ്പരയിൽ സഞ്ജു തിരിച്ചെത്തി. എന്നാൽ ഐപിഎലിനുശേഷം നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം പരമ്പരയിൽനിന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജുവിനെ ഒഴിവാക്കി. പിന്നീട് അയർലൻഡിനെതിരായ ട്വന്റ്20 പരമ്പരയിൽ തിരിച്ചുവിളിച്ചു. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 ടീമിൽ മാത്രം ഉൾപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്കുള്ള ടീം: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉംറാൻ മാലിക്.

ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടി20യ്ക്കുള്ള ടീം: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്(വിക്കറ്റ് കീപ്പർ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP