Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവൻ രക്ഷപ്പെടണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു; ആ സംഭവത്തിന് ശേഷം നേരിട്ട് കാണാതെ കുട്ടികളെ ചികിത്സിക്കില്ലെന്ന് തീരുമാനിച്ചു: ഡോക്ടേഴ്‌സ് ദിനത്തിൽ കുറിപ്പു പങ്കുവെച്ച് ഡോക്ടർ സൗമ്യാ സരിൻ

അവൻ രക്ഷപ്പെടണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു; ആ സംഭവത്തിന് ശേഷം നേരിട്ട് കാണാതെ കുട്ടികളെ ചികിത്സിക്കില്ലെന്ന് തീരുമാനിച്ചു: ഡോക്ടേഴ്‌സ് ദിനത്തിൽ കുറിപ്പു പങ്കുവെച്ച് ഡോക്ടർ സൗമ്യാ സരിൻ

സ്വന്തം ലേഖകൻ

ഡോക്ടേഴ്‌സ ദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പു പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഡോ. സൗമ്യാ സരിൻ. തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം വായനക്കാർക്കായി പങ്കുവെച്ചിരിക്കുകയാണ് ഡോക്ടർ സൗമ്യ. കുറപ്പ് വായിക്കാം.

ഇന്ന് 'ഡോക്ടർസ് ഡേ' ആണ്. ഈ ദിവസം ഡോക്ടർമാർ എഴുതുന്ന ധാരാളം ലേഖനങ്ങൾ നിങ്ങൾ എല്ലാവരും വായിക്കാറുണ്ടായിരിക്കും. അല്ലെങ്കിൽ ഡോക്ടർമാരെ കുറിച്ചുള്ള ലേഖനങ്ങൾ. ഡോക്ടർമാർ എഴുതുമ്പോൾ അത് ഒന്നുകിൽ ജീവിതത്തിൽ അവരെ സ്വാധീനിച്ച രോഗികളെ കുറിച്ചോ അവരുടെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല അനുഭവങ്ങളെ കുറിച്ചോ ഒക്കെ ആവും. മറിച്ചു പൊതുജനങ്ങൾ എഴുതുമ്പോൾ അത് തങ്ങൾ ദൈവത്തെ പോലെ കാണുന്ന ഡോക്ടർമാരെ കുറിച്ചും അവർക്കുണ്ടായ അനുഭവത്തെ കുറിച്ചും ഒക്കെ ആകും. ചുരുക്കി പറഞ്ഞാൽ നല്ല അനുഭവങ്ങൾ ആയിരിക്കും രണ്ട് വശത്തു നിന്നും നമ്മൾ എപ്പോഴും കേൾക്കാറുള്ളത്. അല്ലെ? എന്നാൽ ഇന്ന് ഈ ഡോക്ടർ ദിനത്തിൽ എനിക്ക് പറയാനുള്ളത് അത്ര സന്തോഷം ഉള്ള ഒരു കഥയല്ല. അത് ആദ്യമേ പറയട്ടെ!

കഥയിലേക്ക് പോകുന്നതിന് മുമ്പ് എനിക്ക് നാട്ടിൽ പൊതുവെ ഉള്ള ഒരു ചീത്തപ്പേരിനെ പറയേണ്ടി വരും. ഞാനൊരു കുട്ടികളുടെ ഡോക്ടർ ആണ്. ഭർത്താവ് ഒരു രാഷ്ട്രീയ പൊതുപ്രവർത്തകനും. പരിചയക്കാരുടെ വലിയൊരു കൂട്ടം ഞങ്ങൾക്ക് ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ ഒരു ദിവസം ചുരുങ്ങിയത് അറിയാത്ത നമ്പറുകളിൽ നിന്ന് ഒരു പത്തു വിളികളെങ്കിലും എന്റെ നമ്പറിലേക്ക് പതിവാണ്. എന്തിനാണെന്ന് ഊഹിക്കാമല്ലോ! തങ്ങളുടെ കുട്ടികളുടെ പല ആരോഗ്യപ്രശ്‌നങ്ങൾ ആണ് വിഷയം. നമ്പർ കിട്ടാൻ വലിയ വിഷമം ഒന്നും ഇല്ല.

സാധാരണ രീതിയിൽ വിളികൾ പലവിധമാണ്. ചിലർ അത്യാവശ്യത്തിനാകും വിളിക്കുന്നത്. കുട്ടിക്ക് പെട്ടെന്ന് പനി വന്നു. എന്ത് മരുന്ന് കൊടുക്കണം എന്നൊക്കെ ചോദിച്ചു കൊണ്ട്. ഒരു മടിയും കൂടാതെ ഞാൻ മരുന്നുകൾ പറഞ്ഞു കൊടുക്കാറുണ്ട്. കുറഞ്ഞില്ല എങ്കിൽ അടുത്തുള്ള ഡോക്ടറേ കാണിക്കണമെന്നും നിർബന്ധമായി പറയും.

എന്നാൽ മറ്റു ചിലർ അങ്ങിനെ അല്ല. ഇക്കൂട്ടരിൽ അധികവും പരിചയക്കാരും ബന്ധുജനങ്ങളും ആണെന്നതാണ് ഏറ്റവും വലിയ തമാശ. കുട്ടിക്ക് പനിയും ചുമയും വയറിളക്കവും ഒക്കെ തുടങ്ങി ദിവസങ്ങൾ ആയിട്ടുണ്ടാവും. ഡോക്ടറേ കാണിച്ചിട്ടുണ്ടാവില്ല. ആവശ്യം ഫോൺ വഴി ഒരു കൺസൾട്ടേഷൻ ആണ്. നേരിട്ട് പോയി മെനക്കെടാൻ ഒന്നും സമയമില്ല. ഇവരിൽ പലരും ഒരു തവണ കൊണ്ട് നിർത്തുകയും ഇല്ല. ഇതൊരു ശീലമാക്കും. എന്തിനും ഏതിനും ഫോൺ വഴി ചികിത്സ. ഇത്തരക്കാരോട് ഞാൻ ഒരു ദയാദാക്ഷിണ്യവും കാണിക്കാറില്ല. അത്യാവശ്യ മരുന്നുകൾ പറഞ്ഞു കൊടുക്കും. ഇനി അടുത്തുള്ള കുട്ടികളുടെ ഡോക്ടറെയോ അല്ലെങ്കിൽ എന്നെ നേരിട്ടോ കാണാൻ പറയും.

അപ്പോൾ ഇവർ പറയാറുള്ളത് എന്താണെന്ന് അറിയാമോ...

' എന്തൊരു ജാഡയാണ്. ഇവരൊക്കെ ഒരു കുട്ടികളുടെ ഡോക്ടർ ആണോ?! രണ്ട് മരുന്നിന്റെ പേര് പറഞ്ഞു തരാൻ ഇത്രക്ക് ജാഡ വേണോ? ഫീസ് കിട്ടുന്നില്ലല്ലോ...അതുകൊണ്ടാവും നേരിട്ട് വരാൻ പറയുന്നത്! എന്നാലും ഇത്രക്ക് അത്യാഗ്രഹം നല്ലതല്ല. ദയ ഇല്ലാത്ത വർഗം! '

ഇതൊക്കെ ഞാൻ നേരിട്ടും അല്ലതെയും പല തവണ കേട്ടിട്ടുണ്ട്. പക്ഷെ എന്റെ രീതിയിൽ ഒരു മാറ്റവും ഞാൻ വരുത്തിയിയിട്ടില്ല. വരുത്തുകയുമില്ല. കുട്ടികളെ നേരിട്ട് കാണാതെ, അവരുടെ ആരോഗ്യ സ്ഥിതി നേരിട്ട് വിലയിരുത്താതെ ഞാൻ മരുന്നുകൾ കുറിച്ച് കൊടുക്കില്ല. ഉറച്ച തീരുമാനം ആണ്.

ഇതിന്റെ കാരണം ഫീസ് കിട്ടാത്തതോ ഇവർ ഫോണിൽ വിളിച്ചു അസമയത്തും ശല്യപ്പെടുത്തുന്നതിന്റെ ദേഷ്യമോ ഒന്നുമല്ല. ഇതിന്റെ കാരണം എന്റെ ജീവിതത്തിൽ ഉണ്ടായ ഒരനുഭവം ആണ്. ഇനി നമുക്ക് ആ കഥ കേൾക്കാം.

പത്തു വർഷങ്ങൾക്ക് മുമ്പ്, ഞാൻ ബാംഗ്ലൂരിൽ പി ജി ചെയ്തു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ വിഭാഗത്തിൽ. നിങ്ങൾക്കറിയാമല്ലോ...ബാംഗ്ലൂർ ധാരാളം മലയാളികൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി ഞങ്ങളുടെ ആശുപത്രിയിൽ കുട്ടികളെ കാണിക്കാൻ വരുന്നവർ മലയാളി ഡോക്ടർമാരുമായി പെട്ടെന്ന് തന്നെ അടുപ്പത്തിൽ ആവാറുണ്ട്.

ഇവരിൽ തന്നെ അപൂർവം ചില അച്ഛനമ്മമാരുടെ കുട്ടികൾ സ്ഥിരമായി അഡ്‌മിറ്റ് ആവാറുണ്ട്. പലരും ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളും ചില മാറാരോഗങ്ങൾ ഉള്ള കുട്ടികളും ഒക്കെ ആണ്. അതുകൊണ്ട് തന്നെ ഇവർ ഞങ്ങൾ ജൂനിയർ ഡോക്ടർമാരുടെ നമ്പറുകൾ വാങ്ങാറുണ്ട്. മടി കൂടാതെ ഞങ്ങൾ കൊടുക്കുകയും ചെയ്യാറുണ്ട്. ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ ഫോൺ വഴി പറഞ്ഞു കൊടുക്കും. എല്ലാത്തിനും ഈ കുഞ്ഞുങ്ങളെ എടുത്തു ആശുപത്രിയിൽ വരാൻ അവർക്ക് ബുദ്ധിമുട്ടാണ് എന്നറിയുന്നതുകൊണ്ടാണത്. പിന്നെ മലയാളി എന്ന ഒരു പ്രത്യേക പരിഗണനയും.

അങ്ങിനെ ഒരിക്കൽ എനിക്ക് ഒരു വിളി വന്നു. അപ്പുറത്ത് അറിയുന്ന ഒരു കുഞ്ഞിന്റെ അമ്മയാണ്. കുട്ടിക്ക് സെറിബ്രൽ പാൾസി എന്ന അസുഖം ആണ്. ' ഡോക്ടറേ, മോന് രണ്ട് ദിവസം ആയി ചെറിയ ജലദോഷം. ഒരു മരുന്ന് പറഞ്ഞു തരോ? ഈ ചെറിയ കാര്യത്തിനായി വണ്ടി പിടിച്ചു വരാൻ വയ്യാത്തോണ്ടാ. ' അവന് സ്വന്തമായി നടക്കാൻ കഴിയില്ല. എനിക്കറിയാം. പത്തു വയസ്സുള്ള അവനെ എടുത്താണ് അവർ എപ്പോഴും കൊണ്ട് വരാറുള്ളത്.

' അധികമൊന്നും ഇല്ലല്ലോ അല്ലെ? ചുമ കൂടുതൽ ഉണ്ടോ? ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടോ? ' ഞാൻ ചോദിച്ചു.

സെറിബ്രൽ പാൽസി ഉള്ള കുട്ടികൾക്ക് പെട്ടെന്ന് കഫക്കെട്ട് വരാം. അത് ന്യൂമോണിയ ആകാം. അതുകൊണ്ട് ചെറിയൊരു ഭയം എനിക്കുള്ളിൽ ഉണ്ടായിരുന്നു.

' ഇല്ല ഡോക്ടറെ. വെറും മൂക്കൊലിപ്പ് മാത്രമേ ഉള്ളു. ' അവർ മറുപടി പറഞ്ഞു.

ഞാൻ ജലദോഷത്തിനു മാത്രം ഉള്ള ഒരു മരുന്ന് ടൈപ്പ് ചെയ്തു വാട്‌സാപ്പിൽ അയച്ചു കൊടുത്തു.

രണ്ട് ദിവസം കഴ്ഞ്ഞു. അന്ന് ഞാൻ നൈറ്റ് ഡ്യൂട്ടിയിൽ ആണ്. കാഷ്വാലിറ്റിയിൽ നില്കുമ്പോൾ ഒരു വണ്ടി ഹോൺ അടിച്ചു കൊണ്ട് പറന്നു വന്ന് നിന്നു. അതിൽ നിന്നും ഈ അമ്മ അവനെ കയ്യിൽ എടുത്തുകൊണ്ട് ഉള്ളിലേക്ക് ഓടി വന്നു. ഞാൻ ഉടനെ അവനെ ബെഡിൽ കിടത്തി പരിശോധിച്ചു. ഊർദ്ധശ്വാസം വലിക്കുകയാണ്. നല്ല പനി ഉണ്ട്. നില വളരെ മോശം ആണെന്ന് എനിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി. ഉടനെ അവനെ കുട്ടികളുടെ ഐ. സി. യു ലേക്ക് മാറ്റി. വെന്റിലെറ്റർ സഹായം കൊടുത്തു തുടങ്ങി.

കുട്ടിയുടെ അവസ്ഥ മോശം ആയതുകൊണ്ട് എന്റെ ടീച്ചറും കൂടിയായ സീനിയർ ഡോക്ടർ വന്നു. കുട്ടിയുടെ അമ്മയോട് കാര്യങ്ങൾ വിശദമായി ചോദിക്കാൻ തുടങ്ങി. ഈ സമയത്തിനുള്ളിൽ എനിക്ക് അമ്മയോട് ഒന്നും സംസാരിക്കാൻ സമയം കിട്ടിയിരുന്നില്ല. അവരാണെങ്കിൽ കരഞ്ഞു തളർന്നു ഇരിക്കുകയാണ്.

' കുട്ടിക്ക് രണ്ട് ദിവസമായി ചെറിയ ചുമയും പനിയും ഉണ്ടായിരുന്നു. ചെറുതായി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും. ' അവർ എന്റെ സീനിയർ ഡോക്ടറോട് പറയുന്നത് ഞാൻ കേട്ടു. ' ഈശ്വര, ഇതൊന്നും ഇവർ എന്നോട് പറഞ്ഞില്ലല്ലോ ...' ഞാൻ മനസ്സിൽ പറഞ്ഞു.

' സെറിബ്രൽ പാൾസി ഉള്ള കുട്ടികൾക്ക് വേഗം അണുബാധ ഉണ്ടാകുമെന്നു നിങ്ങൾക്ക് അറിയുന്നതല്ലേ... പിന്നെ എന്താ ഉടൻ തന്നെ ഇങ്ങോട്ട് കൊണ്ട് വരാതിരുന്നത്? ' സീനിയർ ഡോക്ടർ കുറച്ചു ദേഷ്യപ്പെട്ടു തന്നെ അവരോട് ചോദിച്ചു.

' ഞാൻ സൗമ്യ ഡോക്ടറെ വിളിച്ചു കാര്യം പറഞ്ഞിരുന്നു. അപ്പോൾ എന്നോട് ഈ മരുന്ന് കൊടുത്താൽ മതി എന്ന് പറഞ്ഞു. ഇത് പറഞ്ഞു അവർ ഞാൻ ജലദോഷത്തിനു പറഞ്ഞു കൊടുത്ത മരുന്ന് മാഡത്തിനു കാണിച്ചു കൊടുത്തു.

ഇത് കേട്ടു അന്ധാളിച്ചു നിൽക്കുകയായിരുന്നു ഞാൻ. എന്റെ സീനിയർ ഡോക്ടർ എന്നെ നോക്കിയ നോട്ടം ഇന്നും എനിക്ക് ഓർമ്മയുണ്ട്. ഞാൻ ദഹിച്ചു പോയില്ല എന്നേയുള്ളു. അന്ന് എനിക്ക് കേട്ട അത്രയും ചീത്ത ജീവിതത്തിൽ പിന്നീടൊരിക്കലും ഞാൻ കേട്ടിട്ടില്ല. ' കുട്ടിയെ നേരിട്ട് കാണാതെ, അവസ്ഥ വിലയിരുത്താതെ എങ്ങിനെ സൗമ്യ മരുന്ന് എഴുതി കൊടുത്തു? ' - ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. തല താഴ്‌ത്തി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

ആ അമ്മയോട് ഞാൻ ഒന്നും ചോദിച്ചില്ല. ഒന്നും പറഞ്ഞില്ല. അല്ലെങ്കിൽ തന്നെ എന്ത് പറയാൻ...! സീനിയർ ഡോക്ടറുടെ ദേഷ്യത്തിന് മുമ്പിൽ അവർ ആകെ പേടിച്ചു പോയിരുന്നു. തന്റെ നോട്ടപ്പിശക് കാരണം ആണ് കുട്ടിക്ക് ഈ അവസ്ഥ വന്നത് എന്ന കുറ്റബോധം ആകാം എന്നെയും കൂട്ടുപ്രതി ആക്കാൻ അവരെ തോന്നിപ്പിച്ചത്. അല്ലെങ്കിൽ ചിലപ്പോൾ ഭർത്താവടക്കം വീട്ടുകാർ അവരെ കുറ്റപെടുത്തിയേക്കാം എന്ന ഭയവുമാകാം. ഐ സി യു വിനു മുമ്പിൽ നിന്ന് കരയുന്ന ആ സ്ത്രീയോട് ' അന്ന് വെറും ജലദോഷം എന്നല്ലേ നിങ്ങൾ എന്നോട് പറഞ്ഞത്? വേറെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് ഞാൻ ചോദിച്ചതല്ലേ? ' എന്ന് ചോദിക്കാൻ എനിക്ക് തോന്നിയില്ല. അവൻ രക്ഷപ്പെടണേ എന്ന് ഞാനും ഉള്ളുരുകി പ്രാർത്ഥിച്ചു.

അടുത്ത ദിവസം ഇത് വലിയ ചർച്ച ആയി. ഒരു കുറ്റവാളിയെ പോലെ ഞാൻ അവിടെ നിന്നു. എല്ലാവരുടെയും വിചാരണയും ശിക്ഷ വിധിക്കലും ഒക്കെ കഴിഞ്ഞു. ഒറ്റയ്ക്ക് ആയപ്പോൾ ഞാൻ ഡോക്ടർസ് റൂമിൽ ഇരുന്നു കുറെ കരഞ്ഞു. അപ്പോഴാണ് ആരോ തോളിൽ തട്ടി വിളിച്ചത് . ലക്ഷ്മി മാഡം ആണ്. അവർക്ക് എന്നെ വലിയ കാര്യം ആണ്. എന്റെ തീസിസിന്റെ ഗൈഡ് കൂടിയാണ് അവർ.

' സൗമ്യ നല്ലതു കരുതിയാണ് അത് ചെയ്തത് എന്നെനിക്കറിയാം. പക്ഷെ ഇതൊരു പാഠം ആണ്. കുട്ടികൾ മുതിർന്നവരെ പോലെ അല്ല. പെട്ടെന്ന് രോഗം വഷളാവാം. അച്ഛനും അമ്മയ്ക്കും എപ്പോഴും അത് മനസ്സിലാവണം എന്നില്ല. അവർക്ക് വെറും ജലദോഷം എന്ന് തോന്നുന്നത് നമ്മൾ പരിശോധിക്കുമ്പോൾ ന്യൂമോണിയ ആയിട്ടുണ്ടാവും. അതുകൊണ്ട് നേരിട്ട് കാണാതെ കുട്ടികൾക്ക് എന്തെങ്കിലും മരുന്നുകൾ പറഞ്ഞു കൊടുക്കരുത്. അത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലെ ആവും. സാരമില്ല. ഇത് ജീവിതത്തിൽ എപ്പഴും ഓർത്താൽ മതി. '.

ഈ ഉപദേശം ഞാൻ ഇപ്പോഴും ഓർക്കുന്നു. അത്രേ ഉള്ളു കാര്യം.

അതുകൊണ്ട് തന്നെ നേരിട്ട് കാണാതെ ഉള്ള ചികിത്സ കുട്ടികളിൽ ഞാൻ ചെയ്യില്ല. അത് എന്നും അങ്ങിനെ തന്നെ ആയിരിക്കും. അതിപ്പോ അച്ഛനമ്മമാർ ലേശം കെറുവിച്ചാലും കുഴപ്പമില്ല.

ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യില്ല!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP