Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിസിടിവി പരിശോധന നിർണ്ണായകമായി; എകെജി സെന്റർ ആക്രമിച്ച പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു; നിർണ്ണായകമായത് ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം; എല്ലാം ജയരാജ നാടകമെന്ന് സുധാകരൻ; സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചനയെന്ന് കോടിയേരിയും; എകെജി സെന്ററിൽ പതിച്ചത് ഏറുപടക്കമോ?

സിസിടിവി പരിശോധന നിർണ്ണായകമായി; എകെജി സെന്റർ ആക്രമിച്ച പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു; നിർണ്ണായകമായത് ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം; എല്ലാം ജയരാജ നാടകമെന്ന് സുധാകരൻ; സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചനയെന്ന് കോടിയേരിയും; എകെജി സെന്ററിൽ പതിച്ചത് ഏറുപടക്കമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. കുന്നുകുഴി ഭാഗത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. അതിനിടെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ നാടകമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ നടന്നതും ഇ.പി ജയരാജന്റെ തിരക്കഥയായിരുന്നുവെന്നും കെ സുധാകരൻ ആരോപണമുന്നയിച്ചു. എന്നാൽ കോൺഗ്രസ് ഗൂഢാലോചനയാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്ന നിലപാടിലാണ് സിപിഎം.

അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണം നിർണ്ണായകമാകും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ എകെജി സെന്ററിൽ എത്തിയിട്ടുണ്ട്. എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയാണ് എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് കോടിയേരി പറയുന്നത്.

എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. പ്രതിയെ പറ്റി വ്യക്തമായ സൂചനകൾ കിട്ടിയിട്ടുള്ളതിനാൽ അതിവേഗം പ്രതിയെ കണ്ടെത്താനാകുമെന്നാണഅ സൂചന. എകെജി സെന്ററിന് നേരെയെറിഞ്ഞത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ. പരിശോധന നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.

അതിനിടെ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടത്തെ വീടിന്റെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയുടെ സുരക്ഷയും വർധിപ്പിച്ചു. ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്.  സംഭവ സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.

എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നും സ്‌കൂട്ടറിൽ വന്ന ഒരാൾ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ഇയാൾ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റിൽ പൊലീസുകാർ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു. രണ്ട് ബൈക്കുകൾ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

എന്നാൽ ഇതിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് പറയുന്നു. പാർട്ടിയുടെ ദേശീയ നേതാവ് സംസ്ഥാനം സന്ദർശിക്കുന്ന ദിവസം, അദ്ദേഹത്തിന്റെ ഓഫീസ് തകർത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ആദ്യമായി കേരളത്തിൽ കടന്നു വരുന്ന ദിവസം അതിന്റെ പ്രചരണവും ഗാംഭീര്യവും തകർക്കാൻ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു ആക്രമണം ഉണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരാണ് മണ്ടന്മാർ. കോൺഗ്രസുകാരാണ് ഇതിന് പിന്നിലെന്ന് ആദ്യം പറഞ്ഞത് ഇ.പി ജയരാജനാണ്. എകെജി സെന്ററിന് എല്ലാ സ്ഥലത്തും സി.സി.ടി.വി ക്യാമറകളുണ്ട്. എകെജി സെന്ററുമായി പരിചയം ഇല്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ ഒരു ആക്രമണം നടത്തി തിരിച്ചു പോകാൻ സാധിക്കുമോ?-കെ സുധാകരൻ ചോദിച്ചു.

വിമാനത്തിലെ പ്രതിഷേധത്തിന്റെ കഥയും തിരക്കഥയും അദ്ദേഹത്തിന്റേതാണ്. എകെജി സെന്ററിലേയും തിരക്കഥ അദ്ദേഹത്തിന്റേതാണ്. അതുകൊണ്ട് ഇത് കോൺഗ്രസിന്റെ പുറത്ത് കെട്ടിവെക്കാനും രാഹുൽ ഗാന്ധിയുടെ ഇന്നത്തെ വരവിന്റെ പ്രതിച്ഛായ തകർക്കാനും ഇ.പി ജയരാജൻ പേഴ്‌സണലായി നടത്തിയ നാടകമാണ് എന്ന് കെ സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനുള്ള തിരിച്ചടി ആണ് ഇത് എന്നാണ് പറയുന്നത്, എങ്കിൽ അത് നേരത്തെ തന്നെ ആകാമായിരുന്നു എന്ന് സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണ് എന്ന് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. ആരാണ്, എന്താണ് എന്ന് അറിയാതെ കോൺഗ്രസ് ആണ്, യുഡിഎഫ് ആണ് ആക്രമത്തിന് പിന്നിൽ എന്ന് പറയുന്നത് ശരിയല്ല. സംഭവം പൊലീസ് അന്വേഷിക്കട്ടെ. പൊലീസ് അന്വേഷിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് കുറ്റവാളി കോൺഗ്രസ് ആണെന്ന് തീരുമാനിക്കുന്നത് ശരിയല്ല. ഇപ്പോഴുള്ള സമരത്തിൽ നിന്ന് വഴിമാറി പോകില്ലെന്നും സർക്കാർ പ്രതിരോധത്തിലാണെന്നും വി.ഡി സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP