Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധി വയനാട് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കോൺഗ്രസുകാർ പ്രതികാരം തീർത്തുവോ? കുന്നുകുഴി ഭാഗത്ത് നിന്ന് സ്‌കൂട്ടറിലെത്തി ബോംബ് എറിഞ്ഞത് കോൺഗ്രസുകാരനെന്ന് സിപിഎം ആരോപണം; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാകും; കേരള രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; എകെജി സെന്റർ ആക്രമണത്തിൽ പ്രതിഷേധം ശക്തം

രാഹുൽ ഗാന്ധി വയനാട് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കോൺഗ്രസുകാർ പ്രതികാരം തീർത്തുവോ? കുന്നുകുഴി ഭാഗത്ത് നിന്ന് സ്‌കൂട്ടറിലെത്തി ബോംബ് എറിഞ്ഞത് കോൺഗ്രസുകാരനെന്ന് സിപിഎം ആരോപണം; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാകും; കേരള രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; എകെജി സെന്റർ ആക്രമണത്തിൽ പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ് സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞത് ആര്? കോൺഗ്രസിനെതിരെയാണ് സിപിഎം ആരോപണങ്ങൾ. ഏതായാലും സിപിഎമ്മിന് പ്രതിരോധം തീർക്കാൻ ഒരു ട്വിസ്റ്റ് കിട്ടുകയാണ്. ഇനി ഈ ആക്രമണവും ഇതിന് പിന്നിലെ ആളിനെ കണ്ടെത്തലും എല്ലാം ചർച്ചകളിൽ നിറയും. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐക്കാർ അടിച്ചു തകർത്തു. അതിനുള്ള പ്രതികാരമാണ് രാത്രിയിലെ എകെജി സെന്റർ ആക്രമണമെന്നാണ് വിലയിരുത്തൽ.

എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് ഇരുചക്രവാഹനത്തിൽ എത്തിയ ആൾ സ്‌ഫോടകവസ്തു എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതു പ്രകാരം വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സ്‌ഫോടനമുണ്ടായത്. എകെജി സെന്റർ ആക്രമണത്തിനു പിന്നാലെ തലസ്ഥാനത്തും ആലപ്പുഴ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. എകെജി സെന്ററിന്റെ മുൻ വശത്ത് പൊലീസ് കാവലുണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് എകെജി ഹാളിന് മുമ്പിലുള്ള സ്‌ഫോടനം.

രാത്രി 11.24 ഓടെ കുന്നുകുഴി ഭാഗത്ത് നിന്ന് എകെജി സെന്ററിനു സമീപത്തേക്ക് എത്തിയ ഇയാൾ റോഡിൽ വാഹനം വളച്ചുനിർത്തി മതിലിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ ശേഷം പെട്ടെന്ന് വാഹനം ഓടിച്ചു മറയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകൾക്കുള്ള സുരക്ഷ ശക്തമാക്കി. അതിശക്തമാ സ്‌ഫോടന ശബ്ദം ബോംബാക്രമണം ഉണ്ടാക്കിയെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.

വെള്ളിയാഴ്ച കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. രാഹുലിന്റെ വയനാട് സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം മുൻപേയാണ് എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിനു ശേഷം വയനാട്ടിലേക്ക് അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം കൂടിയാണിത്.

ബോംബാക്രമണമാണ് ഉണ്ടായതെന്നും ബോധപൂർവമുള്ള കലാപശ്രമമാണിതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. മന്ത്രി ആന്റണി രാജു, സിപിഎം പിബി അംഗം എ.വിജയരാഘവൻ, പി.കെ. ശ്രീമതി തുടങ്ങിയവർ എകെജി സെന്ററിലെത്തി. ബോധപൂർവമുള്ള പ്രകോപനശ്രമമാണ് ഉണ്ടായതെന്ന് എ.വിജയരാഘവൻ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രകടനം നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനു പ്രവർത്തകർ എകെജി സെന്ററിനു സമീപത്തേക്കെത്തിയാണ് അവിടെ നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പ്രകടനം നടത്തിയത്. പ്രതിഷേധപ്രകടനങ്ങൾ മാത്രമേ നടത്താവൂ എന്നും പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു.

കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പ്രവർത്തകർ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രത്തിൽ വീഴരുത്. സമാധാനപരമായി പ്രതിഷേധിക്കണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

എകെജി സെന്റർ മുൻപും കമ്യൂണിസ്റ്റ് വിരുദ്ധർ ആക്രമിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാകൂവെന്നും സംഭവസ്ഥലം സന്ദർശിച്ച മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സമാധാനപരമായി മാത്രമാകണം രാഷ്ട്രീയത്തെ കാണേണ്ടതെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കെ.ബാലഗോപാൽ പറഞ്ഞു.

മനഃപൂർവം കലാപമുണ്ടാക്കാനുള്ള ശ്രമമാണുണ്ടായത്. അതിനെ ചെറുക്കാൻ പാർട്ടി ഒറ്റക്കെട്ടായി ശ്രമിക്കുമെന്നും ബാലഗോപാൽ പറഞ്ഞു. ബോധപൂർവം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു. പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും പ്രവർത്തകർ സംയമനം പാലിക്കണമെന്നും എ.എ.റഹിം എംപി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP