Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രി ആ ക്ഷോഭത്തിന് ഇടതുപക്ഷം കൊടുക്കേണ്ടത് വലിയ വില; താൻ പറഞ്ഞത് പച്ചക്കള്ളമല്ലെന്ന് തെളിയിക്കാൻ ഡിജിറ്റൽ തെളിവുകൾ കുത്തിപ്പൊക്കി കുഴൽനാടൻ; പിന്നാലെ ക്ലിഫ് ഹൗസിൽ രഹസ്യയോഗത്തിന് പോയിട്ടുണ്ടെന്ന് പറഞ്ഞ് സ്വപ്‌നയുടെ രംഗപ്രവേശനവും; പ്രതിരോധം തീർക്കാൻ സൈബർ സഖാക്കളും അധിക ജോലിയിൽ; വിവാദം വീണ്ടുമെത്തുമ്പോൾ സിപിഎമ്മിന് വെപ്രാളം

മുഖ്യമന്ത്രി ആ ക്ഷോഭത്തിന് ഇടതുപക്ഷം കൊടുക്കേണ്ടത് വലിയ വില; താൻ പറഞ്ഞത് പച്ചക്കള്ളമല്ലെന്ന് തെളിയിക്കാൻ ഡിജിറ്റൽ തെളിവുകൾ കുത്തിപ്പൊക്കി കുഴൽനാടൻ; പിന്നാലെ ക്ലിഫ് ഹൗസിൽ രഹസ്യയോഗത്തിന് പോയിട്ടുണ്ടെന്ന് പറഞ്ഞ് സ്വപ്‌നയുടെ രംഗപ്രവേശനവും; പ്രതിരോധം തീർക്കാൻ സൈബർ സഖാക്കളും അധിക ജോലിയിൽ; വിവാദം വീണ്ടുമെത്തുമ്പോൾ സിപിഎമ്മിന് വെപ്രാളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒഴിഞ്ഞെന്നു കരുതിയ വിവാദങ്ങളെല്ലാം പിന്നാലെ എത്തുകയാണ് മുഖ്യമന്ത്രി പിണറായിയുടെ നിയമസഭയി ക്ഷോഭത്തിലൂടെ. സ്വർണ്ണക്കടത്ത് വിവാദം ചർച്ച ചെയ്യവേ മാത്യു കുഴൽനാടൻ ഉന്നയിച്ച ചോദ്യം വേണമെങ്കിൽ പിണറായിക്ക് അവഗണിക്കമായിരുന്നു. ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററാണെന്നും ഉപദേശകനാണെന്നും വീണ തന്നെ ചാനൽ അഭിമുഖങ്ങളിൽ പറഞ്ഞിട്ടും. എന്നിട്ടും നിയമസഭയിൽ പിണറായി ഇത് പച്ചക്കള്ളമാണെന്ന് പറഞ്ഞു. ഇതോടെ താൻ കള്ളം പറഞ്ഞതല്ലെന്ന് തെളിയിക്കാൻ വേണ്ടി തെളിവുകൾ എല്ലാം കുത്തിപ്പൊക്കി മാത്യു കുഴൽനാടനുമെത്തി. ഇതോടെ മുൻകാലങ്ങളിൽ സർക്കാറിനെ വിവാദത്തിലാക്കിയ വിഷയങ്ങളെല്ലാം തിരികെ എത്തുകയാണ്. ഇതിനെയെല്ലാം പ്രതിരോധിക്കേണ്ട അവസ്ഥയിലുമായി സിപിഎം.

സ്വപ്‌ന സുരേഷും വീണ്ടും ആരോപണങ്ങളുമായി സജീവമായിട്ടുണ്ട്. ഇതും സർക്കാറിനെ വീണ്ടും കുഴപ്പത്തിലാക്കുന്നതായി. പച്ചക്കള്ളമെന്ന് ആക്ഷേപിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞ ആരോപണങ്ങൾക്കു പിൻബലമായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി രംഗത്തെത്തിയത്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസിന്റെ വെബ്‌സൈറ്റിൽ കുറിച്ചിരുന്നുവെന്നു ചൊവ്വാഴ്ച കുഴൽനാടൻ നിയമസഭയിൽ ആരോപിച്ചിരുന്നു. അസംബന്ധ ആരോപണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷോഭത്തോടെയുള്ള പ്രതികരണം. ഈ ക്ഷോഭം എന്തിനായിരുന്നു എന്ന ചോദ്യമാണ് കേരള സമൂഹം ഉയർത്തുന്നത്.

തുടർന്നാണ്, ജെയ്ക് ബാലകുമാർ എക്‌സാലോജിക് സ്ഥാപകർക്കു മെന്റർ (മാർഗദർശി) ആണെന്നു പരാമർശിക്കുന്ന രേഖ വെബ് ആർക്കൈവ്‌സിൽനിന്നു വീണ്ടെടുത്ത് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ഹാജരാക്കിയത്. തെറ്റാണെങ്കിൽ തന്നെ പ്രതിയാക്കി കേസെടുക്കാനും വെല്ലുവിളിച്ചു. ജെയ്ക് കമ്പനിയുടെ മെന്ററാണെന്ന കുറിപ്പ് സൈറ്റിൽനിന്ന് 2020 മെയ്‌ 20നുശേഷം അപ്രത്യക്ഷമായെന്നും 2020 ജൂൺ 20നു സൈറ്റ് വീണ്ടും ലഭ്യമായപ്പോൾ അതിൽ കുറിപ്പ് ഉണ്ടായിരുന്നില്ലെന്നും കുഴൽനാടൻ ആവർത്തിച്ചു. 2020 മെയ്‌ 20 ലേതായി കമ്പനി സൈറ്റിൽ ചിത്രം സഹിതം കാണുന്ന 3 കൺസൽറ്റന്റുമാരിൽ ഒരാൾ ജെയ്ക്കാണ്.

പിഡബ്ല്യുസിക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് സൈറ്റ് ലഭ്യമല്ലാതായത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ ചൂണ്ടിക്കാട്ടിയെങ്കിലും തനിക്കു വിശദീകരിക്കാൻ അനുവദിച്ചില്ല. ലഭ്യമായ രേഖകൾ പ്രകാരം എക്‌സാലോജിക്കിന്റെ ഏക സ്ഥാപക മുഖ്യമന്ത്രിയുടെ മകളാണ്; കമ്പനി നോമിനി മുഖ്യമന്ത്രിയുടെ ഭാര്യയും.

മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത് സംശയം ഉണർത്തുന്നുവെന്നു കുഴൽനാടൻ പറഞ്ഞു. മകൾ വീണയെക്കുറിച്ചു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല. സ്വപ്ന സുരേഷിനു നിയമനം നൽകിയത് പിഡബ്ല്യുസിയാണ്. അതു പുറത്തുവന്നപ്പോഴാണ് വീണയുടെ കമ്പനിക്കുള്ള പിഡബ്ല്യുസി ബന്ധം മറച്ചത്. പല കരാറുകളും സുത്യാര്യതയില്ലാതെ പിഡബ്ല്യുസിക്കു സർക്കാർ നൽകിയിട്ടുണ്ട്. യുഎഇയിലായിരുന്നപ്പോൾ കേരളത്തിൽനിന്നു മുഖ്യമന്ത്രിക്കു വേണ്ടി ഒരു ബാഗ് നയതന്ത്ര ചാനൽ വഴി സ്വീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കണമെന്ന ആവശ്യവും കുഴൽനാടൻ ആവർത്തിച്ചു.

അതേസമയം തിരുവനന്തപുരം ന്മ മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനത്തിനു ശേഷം എക്‌സാലോജിക് സൊല്യൂഷൻസിന്റെ വെബ്‌സൈറ്റ് പ്രവർത്തനക്ഷമമല്ല. ഉടമയുമായി ബന്ധപ്പെടണമെന്ന സന്ദേശമാണ് സൈറ്റ് തിരയുന്നവർക്കു വൈകിട്ടുവരെയും ലഭിച്ചത്. ഇതും വിവാദത്തെ കൂടുതൽ വഷളാക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. സൈബറിടത്തിൽ അടക്കം സർക്കാറിനെ പ്രതിരോധിക്കാൻ കൂട്ടത്തോടെ ആളുകൾ രംഗത്തുണ്ട്.

കഴിഞ്ഞദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ പറയുന്നത്. അസംബന്ധം പറഞ്ഞ് അത് ആവർത്തിക്കാനല്ല ശ്രമിക്കേണ്ടത്. പിഡബ്ല്യുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി എന്റെ മകൾ പറഞ്ഞിട്ടില്ല. അതെല്ലാം മനസ്സിൽ വച്ചാൽ മതി. ആളുകളെ അപകീർത്തിപ്പെടുത്താൻ എന്തും പറയുന്ന സ്ഥിതി ഉണ്ടാകരുത്. രാഷ്ട്രീയമായി കാര്യങ്ങളെ കാണണം. വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്‌കാരം ?

കുഴൽനാടൻ ഹാജരാക്കിയ വെബ്‌സൈറ്റ് പരാമർശം ഇങ്ങനെയും: ഷിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജെയ്ക് ബാലകുമാർ ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളിലൊന്നിലെ ടെക്‌നോളജി സ്ട്രാറ്റജി ഡയറക്ടറാണ്. എക്‌സാലോജിക്കുമായുള്ള ജെയ്ക്കിന്റെ ഇടപെടൽ വളരെ വ്യക്തിപരമായ തലത്തിലാണ്. വ്യവസായമേഖലയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവ് ഉപയോഗിച്ച് അദ്ദേഹം സ്ഥാപകർക്കു മാർഗനിർദ്ദേശം നൽകുകയും വഴികാട്ടുകയും ചെയ്യുന്നു.

അതേസമയം കുഴൽനാടന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ സ്വപ്‌ന സുരേഷും തന്റെ ഭാഗങ്ങൾ വിശദീകരിച്ചു കൊണ്ട് രംഗത്തുവന്നു. ക്ലിഫ് ഹൗസിൽ രഹസ്യ ചർച്ചക്ക് പോയിട്ടുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്. ഇതൊക്കെ പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കിൽ 2016 മുതൽ 2020 വരെയുള്ള ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും സ്വപ്ന ചോദിച്ചു.

യാതൊരു സുരക്ഷാപരിശോധനയുമില്ലാതെയാണ് ഞാൻ ക്ലിഫ് ഹൗസിലേക്ക് കയറിപ്പോയത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിക്ക് ക്ലിഫ് ഹൗസിലോ മറ്റോ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിവേണം. എന്നാൽ, യു.എ.ഇ. കോൺസൽ ജനറലുമായി ക്ലിഫ് ഹൗസിൽനടന്ന കൂടിക്കാഴ്ച ചട്ടം മറികടന്നായിരുന്നു. വീണാ വിജയന്റെ ബിസിനസ് താത്പര്യപ്രകാരമാണ് ഷാർജ ഷെയ്ക്കിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്. ഡി.ലിറ്റിന് എത്തിയ ഷാർജ ഷെയ്ക്കിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസിൽ എത്തിച്ചത്.

ഹ്യൂമൻ ഡേറ്റാബേസ് വിൽപ്പന നടന്നിട്ടുണ്ട്. വീണാ വിജയനാണ് സ്പ്രിംക്ലറിന്റെ മാസ്റ്റർ െബ്രയിൻ. ഇക്കാര്യം ശിവശങ്കർ എന്നോട് പറഞ്ഞിട്ടുണ്ട്. തന്നെ ബലിയാടാക്കാനും അറസ്റ്റുചെയ്യാൻവരെയും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞെന്നും സ്വപ്ന ആരോപിച്ചു.


അതിനിനിടെ ഭാര്യക്കെതിരായ ആരോപണങ്ങൾ തള്ളി മുഹമ്മദ് റിയാസും രംഗത്തുവന്നു. ''ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി. അത്രയേ എനിക്കു പറയാനുള്ളൂ'' മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളോട് വീണയുടെ ഭർത്താവു കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇതായിരുന്നു. ആരോപണത്തിനു ഡിജിറ്റൽ തെളിവുമായി കുഴൽനാടൻ മുന്നോട്ടു വരുന്നതിനു മുൻപായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.

കേരളത്തിൽ യുഡിഎഫ് തുടർ പ്രതിപക്ഷമാകാനുള്ള ഒരുപാടു കാരണങ്ങളിൽ ഒന്ന് ഇത്തരം പ്രചാരണങ്ങളാണെന്നു റിയാസ് പറഞ്ഞു. അതെല്ലാം പഴയതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ ഇതൊക്കെ ഉയർന്നു വന്നിരുന്നു. അവ ജനം തള്ളിയതിന്റെ തെളിവാണ് ഇടതുപക്ഷത്തിന്റെ വൻ വിജയം. താൻ മത്സരിച്ച ബേപ്പൂരിൽ ഇത്തരം പ്രചാരണം സജീവമാക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. പക്ഷേ ചരിത്ര വിജയമാണു ബേപ്പൂരിലുണ്ടായത്.

മാത്യു കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടി ഇങ്ങനെ: ''അദ്ദേഹത്തിന് ഇനിയും ഇനിയും പറയാനുള്ള അവകാശമുണ്ട്. ജനാധിപത്യത്തിൽ ഒരാൾക്കു പറഞ്ഞ കാര്യം തന്നെ പറയാനുള്ള അവകാശമില്ലെന്നു പറയാൻ പറ്റുമോ? മമ്മൂട്ടിയുടെ മകനാണ് ദുൽഖർ എന്ന് ഒരിക്കൽ പറയും. ദുൽഖറിന്റെ വാപ്പയാണു മമ്മൂട്ടിയെന്നു പിന്നീടു പറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP