Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2019 ൽ ഉദ്ധവ് താക്കറേക്ക് വേണ്ടി എംഎൽഎ മാരെ റിസോർട്ടിൽ സംരക്ഷിച്ചത് ഷിൻഡേ; മൂന്നു വർഷത്തിനിപ്പുറം ഉദ്ധവിനെ വീഴ്‌ത്തിയതും അതേ തന്ത്രം ഉപയോഗിച്ച്; പാതിവഴിയിൽ കാലിടറി വീണ് ഉദ്ധവ്; മധുരം നൽകിയും ജയ് വിളിച്ചും പ്രവർത്തകർ; ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മഹാനാടകാന്തം ഓപ്പറേഷൻ താമര വീണ്ടും വിജയിക്കുമ്പോൾ

2019 ൽ ഉദ്ധവ് താക്കറേക്ക് വേണ്ടി എംഎൽഎ മാരെ റിസോർട്ടിൽ സംരക്ഷിച്ചത് ഷിൻഡേ; മൂന്നു വർഷത്തിനിപ്പുറം ഉദ്ധവിനെ വീഴ്‌ത്തിയതും അതേ തന്ത്രം ഉപയോഗിച്ച്; പാതിവഴിയിൽ കാലിടറി വീണ് ഉദ്ധവ്; മധുരം നൽകിയും ജയ് വിളിച്ചും പ്രവർത്തകർ; ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മഹാനാടകാന്തം ഓപ്പറേഷൻ താമര വീണ്ടും വിജയിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ദിവസങ്ങൾ നീണ്ട ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ പാതിവഴിയിൽ കാലിടറി വീണ് ഉദ്ധവ്.ഈ മത്സരം തനിക്ക് വശമില്ലെന്നും അതിനാൽ തന്നെ താനില്ലെന്നും പറഞ്ഞാണ് ഉദ്ധവ് രാജി പ്രഖ്യപിച്ചത്.നാടകാന്ത്യം മഹാരാഷ്ട്രയിൽ സർക്കാർ വീഴുമ്പോൾ വിജയം കാണുന്നത് വീണ്ടും ഓപ്പറേഷൻ താമരയാണ്.അതുകൊണ്ട് തന്നെ ജയ് വിളിച്ചും മധുരം നൽകിയും ആ രാത്രി ആഘോഷമാക്കുകയാണ് ബിജെപി.

മുംബൈയിലെ ഹോട്ടലിൽ മഹാരാഷ്ട്ര മുന്മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടിൽ തുടങ്ങിയവർ മധുരം നൽകി സന്തോഷം പങ്കിട്ടു. പാർട്ടി പ്രവർത്തകർ ഫഡ്‌നാവിസിന് അനുകൂലമായ മുദ്രാവാക്യം വിളിച്ച് താക്കറെയുടെ രാജി ആഘോഷിച്ചു.

പിടിച്ച് നിൽക്കാൻ പല വഴികളും നോക്കിയെങ്കിലും ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ അപ്രതീക്ഷിതമായ ഇടപെടൽ മഹാവികാസ് അഘാഡി നേതാക്കളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. 2019-ൽ ദേശീയ,സംസ്ഥാന രാഷ്ട്രീയത്തെ അമ്പരപ്പിച്ച നാടകങ്ങളിലൂടെ അധികാരത്തിൽ വന്ന ഉദ്ധവ് സർക്കാർ മറ്റൊരു രാഷ്ട്രീയ നാടകത്താൽ രണ്ടര വർഷത്തിന് ശേഷം പുറത്തേക്ക്.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തായിട്ട് പോലും മൂന്ന് സീറ്റുകൾ ബിജെപി. സ്വന്തമാക്കിയതിൽ തുടങ്ങിയ മഹാവികാസ് അഘാഡി സർക്കാരിന്റെ ഞെട്ടലിൽ നിന്ന് തുടങ്ങുന്നു മഹാരാഷ്ട്രയിലെ പുതിയ നാടത്തിന്റെ ആരംഭം. പിന്നെ കണ്ടത് ഉദ്ധവിന്റെ വിശ്വസ്തൻ കൂടിയായിരുന്ന ശിവസേനാ നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്ദേയുടെ പോരാട്ടമാണ്.വിമതരെ കൂടെ നിർത്തി ഉദ്ധവിനെ വെല്ലുവിളിച്ച് റിസോർട്ട് രാഷ്ട്രീയത്തിന് തുടക്കമായി. ആദ്യം ഗുജറാത്തിലെ റിസോർട്ടിൽ, പിന്നെ ഗുവാഹാട്ടിയിലെ റിസോർട്ടിൽ, അവിടെ നിന്നും ഗോവയിലേക്ക്.

റിസോർട്ട് രാഷ്ട്രീയത്തിൽ മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിഞ്ഞതും ഒടുവിൽ മഹാവികാസ് അഘാഡി സഖ്യത്തിന് ഭരണം നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതും കേവലം കുറച്ചു ദിവസത്തെ ചരടുവലി കൊണ്ടല്ല. ആകെയുള്ള 288 അംഗനിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ഭീഷണിയുണ്ടാവില്ലെന്ന് വിശ്വസിച്ചിരുന്ന ശിവസേനാ നേതാക്കളുടെ പോലും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരുന്നു ഏക്‌നാഥ് ഷിന്ദേയുടെ ചരടുവലികൾ.

ഒടുവിൽ ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് തന്നെ ട്വിറ്ററിലൂടെ മന്ത്രിസഭയുടെ രാജിക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടും പലത തവണ ഉദ്ധവ് രാജിക്കൊരുങ്ങിയിട്ടും പിടിച്ച് നിൽക്കുമെന്ന് തോന്നിയിടത്ത് നിന്നാണ് പതനത്തിലേക്ക് അഘാഡി സർക്കാർ എത്തിയിരിക്കുന്നത്.ശിവസേന ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ചുപോവുക, കോൺഗ്രസ്-എൻ.സി.പി. സഖ്യം ഉപേക്ഷിക്കുക, ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുക. ഇത്രയും നിബന്ധനകൾ ഏക്നാഥ് ഷിന്ദേയും വിമതരും മുന്നോട്ട് വെച്ചപ്പോൾ അതെല്ലാം അംഗീകരിക്കാൻ തയ്യാറായിരുന്നു ഉദ്ധവ് താക്കറെ. പക്ഷ ഒറ്റ നിബന്ധന, വിമതരെയും കൂട്ടി മുംബൈയിൽ തിരിച്ചെത്തണം.

ഇത് നിരസിച്ച ഷിന്ദേയ്ക്കും കൂട്ടർക്കുമെതിരെ അയോഗ്യതയെന്ന അവസാന വടിയും ഉദ്ധവ് താക്കറേയും ശിവസേനയുമെടുത്തപ്പോഴും പ്രതീക്ഷയിലായിരുന്നു അഘാഡി സഖ്യം. ജൂലായ് 12 വരെ അയോഗ്യതയിൽ മറുപടി നൽകാൻ സുപ്രീംകോടതി വിമതർക്ക് സമയം അനുവദിച്ചതിനാൽ അതുവരെ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഉദ്ധവും സംഘവും. പക്ഷെ, വ്യാഴാഴ്ച വിശ്വാസം തെളിയിക്കണമെന്ന ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നിലപാടാണ് അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും രക്ഷയില്ലാതായി. അവസാനം രാജിയിലുമെത്തി

2019ൽ ശിവസേന- എൻ.സി.പി. സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന സമയത്ത് മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഏക്നാഥ് ഷിന്ദേ. പക്ഷെ, പാർട്ടി നേതാവ് സഞ്ജയ് റാവുത്തും സുഭാഷ് ദേശായി അടക്കമുള്ള നേതാക്കളും ഇടപെട്ട് ഉദ്ധവ് താക്കറെയുടെ പേര് നിർദ്ദേശിക്കുകയായിരുന്നു. അന്ന് ശിവസേന, എൻസിപി എംഎ‍ൽഎമാരെ സംരക്ഷിക്കേണ്ട ചുമതല ഏക്നാഥ് ഷിന്ദേയ്ക്കായിരുന്നു പാർട്ടി നൽകിയത്.

 

അതനുസരിച്ച് എംഎ‍ൽഎമാരെ മുംബൈയിലെ വിവിധ റിസോർട്ടുകളിൽ താമസിപ്പിച്ചതും ഷിന്ദേ ആയിരുന്നു. അതേ ഷിന്ദേയെക്കൊണ്ടു തന്നെ ഇത്തവണ ഉദ്ധവ് താക്കറെ സർക്കാരിനെ മറിച്ചിടാനുള്ള എംഎ‍ൽഎമാരെ റിസോർട്ടിൽ താമസിപ്പിച്ചുവെന്നതും ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ തന്ത്രമാണ്.

288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരാൾ മരിച്ചതോടെ ഇത് 55 ആയി. എൻ.സി.പിക്ക് 52 ഉം കോൺഗ്രസിന് 44 ഉം എംഎ‍ൽഎമാരുണ്ട്. എൻ.സി.പിയുടെ രണ്ട് മുതിർന്ന അംഗങ്ങൾ ജയിലിൽ കഴിയുന്നതിനാൽ നിയമസഭയിൽ നിലവിൽ 285 അംഗങ്ങളാണുള്ളത്.

അങ്ങനെ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടത്. ആദ്യം ഷിന്ദേയോടൊപ്പം 22 പേരാണുള്ളതെന്ന വിവരം വന്നപ്പോൾ പോലും മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ശിവസേന. അവർ രാജിവച്ചാൽ പോലും 132 അംഗങ്ങളുടെ പിന്തുണ മാത്രമായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്നാൽ, തന്നോടൊപ്പം 46 പേരുണ്ടെന്ന് ഏക്‌നാഥ് ഷിന്ദേ വ്യക്തമാക്കിയതോടെയാണ് അവരുടെ പ്രതീക്ഷ തെറ്റിയത്.

അതേസമയം ഗോവയിലെ ദബോലിം വിമാനത്താവളത്തിലെത്തിയ വിമത എംഎൽഎമാർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഹോട്ടലിലേക്കു പോയി. ബുധനാഴ്ച രാത്രി വിമത എംഎൽഎമാർ ഹോട്ടലിൽ തങ്ങും. പനജിയിലെ ഹോട്ടലിന്റെ സുരക്ഷ വർധിപ്പിച്ചു.
വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെ ഫേസ്‌ബുക്കിലൂടെ രാജി പ്രഖ്യാപിച്ചത്.

മഹാരാഷ്ട്ര ലജിസ്‌ലേറ്റീവ് കൗൺസിൽ അംഗത്വവും ഉദ്ധവ് താക്കറെ രാജിവച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP