Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരമോന്നത കോടതിയിലെ നിയമയുദ്ധത്തിൽ പോരാടി തോറ്റു; വിധി വരും മുമ്പേ രാജിക്ക് മാനസികമായി ഒരുങ്ങി; ഏക്‌നാഥ് ഷിൻഡെയുടെ പടയോട്ടത്തിൽ കാലിടറിയ ഉദ്ധവ് താക്കറെ സർക്കാർ രാജി വച്ചു; നന്ദി അറിയിച്ചുള്ള പിന്മാറ്റം, നാളെ നിയമസഭയിൽ വിശ്വാസ വോട്ട് തേടണമെന്ന വിധി വന്നതോടെ

പരമോന്നത കോടതിയിലെ നിയമയുദ്ധത്തിൽ പോരാടി തോറ്റു; വിധി വരും മുമ്പേ രാജിക്ക് മാനസികമായി ഒരുങ്ങി; ഏക്‌നാഥ് ഷിൻഡെയുടെ പടയോട്ടത്തിൽ കാലിടറിയ ഉദ്ധവ് താക്കറെ സർക്കാർ രാജി വച്ചു; നന്ദി അറിയിച്ചുള്ള പിന്മാറ്റം, നാളെ നിയമസഭയിൽ വിശ്വാസ വോട്ട് തേടണമെന്ന വിധി വന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സുപ്രീം കോടതിയിൽ നിന്നും ആശ്വാസം കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ, ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ചു. നാളെ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ ജനങ്ങളെ അഭിസംബോധന ചെയ്താണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു.

എന്നെ പിന്തുണച്ച എൻസിപി, കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണ്. ഔറംഗബാദിനെ സംബാജി നഗറെന്നും ഒസ്മാനബാദിനെ ധരാഷിവ് എന്നും പേരുമാറ്റിയതിൽ ഞാൻ തൃപ്തനാണ്. ബാലാസാഹേബ് താക്കറെ നിർദ്ദേശിച്ച പേരുകളാണിത് ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം, നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ്, നടക്കട്ടെയെന്നും, അന്തിമ തീർപ്പ് കോടതിയിലെ കേസുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മൂന്നേകാൽ മണിക്കൂർ നീണ്ട വാദത്തിന് ഒടുവിലാണ് കോടതി ഉത്തരവ്.
തുടർന്ന് 9.30യ്ക്ക് ഫേസ്‌ബുക്ക് ലൈവിൽ എത്തിയ ഉദ്ധവ് രാജിപ്രഖ്യാപിച്ചു.

സ്വന്തം ആളുകൾ പിന്നിൽ നിന്നും കുത്തിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. വ്യാഴാഴ്‌ച്ച വിശ്വാസവോട്ടെടുപ്പ് നടത്തിയാൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഉദ്ധവ് കളമൊഴിയാൻ തീരുമാനിച്ചത്. 2019 നവംബറിലാണ് ശിവസേന- എൻസിപി-കോൺഗ്രസ് (മഹാവികാസ് അഖാഡി) സഖ്യത്തിന്റെ മന്ത്രിസഭ അധികാരമേറ്റത്.

ശിവസേനയ്ക്കു വേണ്ടി കോൺഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്‌വിയാണു കേസ് വാദിച്ചത്. എൻസിപിയുടെ രണ്ട് എംഎൽഎമാർ കോവിഡ് മൂലം ആശുപത്രിയിൽ ചികിത്സയിലാണ്. കോൺഗ്രസിന്റെ ഒരു എംഎൽഎ വിദേശത്താണ്. അർഹരായവർക്ക് വോട്ടു ചെയ്യാൻ അവസരം നൽകാത്തതു ശരിയല്ലെന്നും അഭിഷേക് സിങ്‌വി വാദിച്ചു.

എംഎൽഎമാരെ അയോഗ്യരാക്കിയ തീരുമാനം നിലനിൽക്കെ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാൻ കഴിയുമെന്ന് സിങ്വി ചോദിച്ചു. സൂപ്പർസോണിക് വേഗത്തിലാണ് വിശ്വാസവോട്ടെടുപ്പിനുള്ള തീരുമാനം ഗവർണർ കൈക്കൊണ്ടത്. അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മിൽ ബന്ധമെന്താണെന്ന് കോടതി ചോദിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയിൽ നിബന്ധനയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ നിലവിലെ സാഹചര്യത്തിൽ ആറു മാസത്തെയെങ്കിലും ഇടവേള ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് സിങ്‌വി മറുപടി പറഞ്ഞു.

അയോഗ്യതയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ ഡപ്യൂട്ടി സ്പീക്കർക്ക് എന്താണ് അധികാരം എന്ന വിമതർ ഉന്നയിച്ച ചോദ്യം പരിശോധിച്ചു വരികയാണെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഗവർണർക്കു കത്തു നൽകിയതോടെ അവർ പാർട്ടി അംഗത്വം ഉപേക്ഷിച്ചു. അപ്പോൾ തന്നെ അവർ പുറത്താക്കപ്പെട്ടെന്നും സിങ്വി വാദിച്ചു. ഗവർണർ പ്രവർത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ്. അദ്ദേഹം ഇനി അങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ പോലും പ്രതിപക്ഷത്തിന്റെ ഉപദേശമല്ല ഗവർണർ കേൾക്കേണ്ടത്.

നാളെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് സിങ്വി കോടതിയിൽ വാദിച്ചു. അതേസമയം യഥാർഥ ശിവസേന തങ്ങളാണെന്ന് വിമത എംഎൽഎമാർ സുപ്രീം കോടതിയിൽ പറഞ്ഞു. 39 എംഎൽഎമാർ ഒപ്പമുണ്ട്. അയോഗ്യതാ നോട്ടിസ് ലഭിച്ചത് 16 എംഎൽഎമാർക്കാണെന്നും വിമതരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റുന്നതിന് അംഗീകാരം നൽകി ഉദ്ധവ് താക്കറെ സർക്കാർ. ഔറഗാംബാദിന്റെ പേര് സാംബാജിനഗർ എന്നും ഒസ്മാനബാദിന്റെ പേര് ധാരാശിവ് എന്നുമാണ് പേര് മാറ്റിയത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി.ബി പാട്ടീലിന്റെ പേര് നൽകാനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ രണ്ട് നഗരങ്ങളുടെ പേര് മാറ്റണമെന്നത് സേന ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. മറാത്ത രാജാവ് ഛത്രപതി ശിവജിയുടെ മൂത്ത മകനാണ് സാംബാജി. ഹൈദരാബാദിന്റെ ഏറ്റവും ഒടുവിലത്തെ രാജാവായ മിർ ഒസ്മാൻ അലി ഖാനിൽ നിന്നാണ് ഒസ്മാനാബാദ് എന്ന പേരുണ്ടായത്. ഹൈദരാബാദിന്റെ സമീപത്തുള്ള പുരാതനഗുഹയായ ധാരാശിവിന്റെ പേര് ഈ നഗരത്തിന് നൽകണമെന്നതും സേന നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP