Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ നടുക്കിയ ഉദയ്പുർ കൊലപാതകം: പ്രതികൾക്ക് പാക് ബന്ധം; 2014ൽ കറാച്ചിയിൽ പോയെന്നും പൊലീസ്; അഞ്ച് പേർ കൂടി പിടിയിൽ; അന്വേഷണം ഏറ്റെടുത്ത് എൻഐഎ; കനയ്യ ലാൽ വധഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിരുന്നതായി റിപ്പോർട്ട്

രാജ്യത്തെ നടുക്കിയ ഉദയ്പുർ കൊലപാതകം: പ്രതികൾക്ക് പാക് ബന്ധം;   2014ൽ കറാച്ചിയിൽ പോയെന്നും പൊലീസ്;  അഞ്ച് പേർ കൂടി പിടിയിൽ;  അന്വേഷണം ഏറ്റെടുത്ത് എൻഐഎ; കനയ്യ ലാൽ വധഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിരുന്നതായി റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ കൂടി പിടിയിലായതായി പൊലീസ്. പിടിയിലായ പ്രതികളിലൊരാൾക്ക് പാക് ബന്ധമുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത് പത്ത് നമ്പറുകൾ പ്രതികളിലൊരാളുടെ ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കൊലയാളി സംഘത്തിലെ ഒരാൾക്ക് പാക്കിസ്ഥാനിലെ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ദാവത്-ഇ-ഇസ്ലാം എന്ന സംഘടനയുമായാണ് ഇയാൾക്ക് ബന്ധമെന്നും 2014ൽ കറാച്ചി സന്ദർശിച്ചിരുന്നെന്നും രാജസ്ഥാൻ പൊലീസ് മേധാവി വ്യക്തമാക്കി.

റിയാസ് അക്തറി, ഗൗസ് മുഹമ്മദ് എന്നിവരാണ് തയ്യൽക്കടക്കാരനായ കനയ്യ ലാലിനെ കഴുത്തറുത്തു കൊല്ലപെടുത്തിയത്. പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച ബിജെപി നേതാവ് നൂപുർ ശർമയെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. ഇതിൽ ഗൗസ് മുഹമ്മദിനാണ് പാക്കിസ്ഥാൻ സംഘടനയുമായി ബന്ധമുള്ളതെന്ന് പൊലീസ് മേധാവി വ്യക്തമാക്കി.

കൊലപാതക കേസ് തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ കൊലചെയ്യപ്പെട്ട കനയ്യലാൽ തനിക്കു നേരെ ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പരാതിയെ തുടർന്ന് ഭീഷണിപ്പെടുത്തിയവരെ വിളിച്ചു താക്കീതും ചെയ്തിരുന്നു.

കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പാണ് കനയ്യലാൽ ഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് പ്രതിഷേധത്തിനിടയാക്കിയ ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിന്റെ പേരിൽ ജൂൺ 11 ന് കനയ്യ ലാലിനെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസത്തിനു ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. എന്നാൽ ജൂൺ 15 ന് വധഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകി.

മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയായിരുന്ന മകൻ അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായ സോഷ്യൽമീഡിയ പോസ്റ്റെന്ന് കനയ്യലാൽ പരാതിയിൽ പറയുന്നു. ആറ് ദിവസം മുമ്പ്, എന്റെ മകൻ, മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനിടയിൽ അറിയാതെ ആക്ഷേപകരമായ പോസ്റ്റ് ഇട്ടിരുന്നു. സംഭവത്തിന് രണ്ട് ദിവസം കഴിഞ്ഞ് രണ്ട് പേർ വന്ന് എന്റെ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ചു. മൂന്ന് ദിവസമായി രണ്ട് പേർ തന്റെ കടയ്ക്ക് സമീപം പതിയിരുന്ന് വീക്ഷിക്കുകയാണ്. കട തുറക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്നും കനയ്യ ലാൽ പരാതിയിൽ പറഞ്ഞു.

തനിക്കെതിരെ ഭീഷണിയുയർത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും എന്റെ കട തുറക്കാൻ സഹായിക്കണമെന്നും സംരക്ഷിക്കണമെന്നും കനയ്യ ലാൽ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. തുടർന്ന് തയ്യൽക്കാരനെയും അയൽക്കാരെയും ഇരു സമുദായ നേതാക്കളെയും വിളിച്ച് പ്രശ്നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചു. ബന്ധപ്പെട്ട ആളുകളെയും സമുദായ നേതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചതായി മുതിർന്ന പൊലീസ് ഓഫീസർ ഹവ സിങ് ഗുമരിയ പറഞ്ഞു. തുടർന്ന് ഇനി പൊലീസ് നടപടി ആവശ്യമില്ലെന്നും കനയ്യ ലാൽ രേഖാമൂലം അറിയിച്ചു.

എന്നാൽ പ്രശ്‌നങ്ങൾ പൊലീസ് സ്റ്റേഷനിൽ പരിഹരിച്ചതിന് ശേഷവും കനയ്യ ലാൽ ഭീതിയിലായിരുന്നെന്ന് ഭാര്യ യശോദ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ഭർത്താവ് കടയിൽ പോയില്ല. ഇന്നലെയാണ് കട വീണ്ടും തുറന്നതെന്നും അവർ പറഞ്ഞു. എന്നാൽ കനയ്യ ലാലിനെ നേരത്തെ ഭീഷണിപ്പെടുത്തിയവരല്ല ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തയ്ക്കാൻ നൽകാനെന്ന വ്യാജേന എത്തിയ ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നിവർ കനയ്യ ലാലിനെ അദ്ദേഹത്തിന്റെ കടയിൽ വച്ച് കൊലപ്പെടുത്തിയത്. കുറ്റകൃത്യം ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഭീകരത സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് നേരത്തെ പറഞ്ഞിരുന്നു. യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട തയ്യൽക്കടയുടമ കനയ്യ ലാലിന്റെ കുടുംബത്തിന് സർക്കാർ 32 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP