Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാനാണെങ്കിൽ തീർച്ചയായും അദ്ദേഹത്തെ ക്യാപ്റ്റനാക്കിയേനെ; രോഹിത് ശർമ്മയ്ക്ക് പകരം സർപ്രൈസ് ക്യാപ്റ്റനെ നിർദ്ദേശിച്ച് മോയിൻ അലി; പരമ്പര കഴിഞ്ഞ വർഷം പൂർത്തിയായിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ എന്നും ഇപ്പോൾ ഫേവറേറ്റുകൾ ഇംഗ്ലണ്ടാണെന്നും താരം

ഞാനാണെങ്കിൽ തീർച്ചയായും അദ്ദേഹത്തെ ക്യാപ്റ്റനാക്കിയേനെ; രോഹിത് ശർമ്മയ്ക്ക് പകരം സർപ്രൈസ് ക്യാപ്റ്റനെ നിർദ്ദേശിച്ച് മോയിൻ അലി; പരമ്പര കഴിഞ്ഞ വർഷം പൂർത്തിയായിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ എന്നും ഇപ്പോൾ ഫേവറേറ്റുകൾ ഇംഗ്ലണ്ടാണെന്നും താരം

സ്പോർട്സ് ഡെസ്ക്

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കളിക്കാനുള്ള സാധ്യത വിരളമാണ്.കോവിഡ് ബാധിച്ച രോഹിത് ഇപ്പോഴും ഐസോലേഷനിലാണ്.രോഹിത് ഇല്ലെങ്കിൽ ആരാവും ഇന്ത്യയെ നയിക്കുക എന്ന ചർച്ചകളാണ് ഇപ്പോൾ സജീവമാകുന്നത്. വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ പരിക്കേറ്റ് ചികിൽസയിലുമാണ്.

ഈ സാഹചര്യത്തിൽ ആര് ടീം ഇന്ത്യയെ നയിക്കണമെന്ന് പറയുകയാണ് ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി.മുൻ നായകൻ വിരാട് കോലിയാവണം ഇന്ത്യയെ നയിക്കേണ്ടത് എന്നാണ് മോയിൻ അലി പറയുന്നത്.'ഞാനിക്കാര്യം ഇന്നലെ രാത്രി ചിന്തിച്ചിരുന്നു. ഈ പരമ്പരയിലെ മുൻ മത്സരങ്ങൾ കഴിഞ്ഞ വർഷം നടന്നപ്പോൾ വിരാട് കോലിയായിരുന്നു ക്യാപ്റ്റൻ. ഞാനാണെങ്കിൽ കോലിയെ ക്യാപ്റ്റനാക്കും. തീർച്ചയായും തീരുമാനം കോലി കൈക്കൊള്ളേണ്ടതാണ്.

അദ്ദേഹത്തിന് ചിലപ്പോൾ നായകനാവാൻ ഇപ്പോൾ താൽപര്യം കാണില്ല. ടെസ്റ്റ് ക്യാപ്റ്റനാവാൻ ഇനിയില്ല എന്നാവും കോലിയുടെ മനസ് പറയുന്നുണ്ടാവുക. അതിനാൽ കോലിയെ ക്യാപ്റ്റനാക്കുക എളുപ്പമല്ല. എന്നാൽ വലിയ പരമ്പരയാണ് ഇന്ത്യയെ സംബന്ധിച്ച് എന്നതിനാലും കോലിക്ക് മുൻപരിചയമുണ്ട് എന്നതിനാലും അദേഹത്തെ നായകനാക്കുന്നത് മികച്ച തീരുമാനമാകും' എന്നും മൊയീൻ അലി പറഞ്ഞു.

'ഈ പരമ്പര കഴിഞ്ഞ വർഷം പൂർത്തിയാവുമായിരുന്നെങ്കിൽ ഇന്ത്യ 3-1ന് വിജയിച്ചേനേ. എന്നാലിപ്പോൾ കളിക്കുന്ന രീതിവച്ച് ഇംഗ്ലണ്ടാണ് കരുത്തർ. ഇന്ത്യക്ക് ഇംഗ്ലണ്ടിൽ പരിശീലനത്തിന്റെ കുറവുണ്ട്. കഴിഞ്ഞ കുറച്ച് മത്സരങ്ങൾ ഇംഗ്ലണ്ട് കളിച്ചതുവച്ച് നോക്കിയാൽ ഇംഗ്ലീഷ് ടീമാണ് ഫേവറൈറ്റുകൾ' എന്നും മൊയീൻ അലി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യൻ ക്യാമ്പിലെ കോവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്ജ്ബാസ്റ്റണിൽ ജൂലൈ 1 മുതൽ നടക്കാൻ പോകുന്ന മത്സരം. പരമ്പരയിൽ നിലവിൽ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യക്ക് ആശങ്കയാണ് നായകൻ രോഹിത് ശർമ്മയുടെ കോവിഡ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ വൈറ്റ് വാഷ് ചെയ്താണ് ബെൻ സ്റ്റോക്‌സും സംഘവും ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.

അതേസമയം രോഹിത് കളിക്കുന്നില്ലെങ്കിൽ പേസർ ജസ്പ്രീത് ബുമ്രയ്ക്കാണ് ടീം ഇന്ത്യയെ നയിക്കാൻ അവസരം ലഭിക്കുക എന്നാണ് റിപ്പോർട്ട്. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ബുമ്രയ്ക്കാണ്. ബുമ്രയാണ് നയിക്കുന്നതെങ്കിൽ ഒരു അപൂർവ റെക്കോർഡിന് താരം ഉടമയാവും. 35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസറെന്ന റെക്കോർഡാണ് ബുമ്രയെ കാത്തിരിക്കുന്നത്. കപിൽ ദേവാണ് ഇന്ത്യയെ അവസാനമായി ടെസ്റ്റിൽ നയിച്ച പേസർ. 1987ൽ പാക്കിസ്ഥാനെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP