Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സെഞ്ചുറി നഷ്ടത്തിൽ നിരാശയുണ്ടോ എന്ന് അജയ് ജഡേജ; അജയ് ഭായ്, നമസ്‌കാരം, സുഖമാണല്ലോ അല്ലേ എന്നു മലയാളത്തിൽ സഞ്ജു; സുഖമാണ് അവിടെ സുഖമല്ലെയെന്നും ജഡേജ; സുഖമാണ്, ഭക്ഷണം ഒക്കെ കഴിച്ചു എന്നും സഞ്ജു; ഇനിയും വലിയ സ്‌കോറുകൾ നേടണമെന്ന് ജഡേജ; ഇത്തരം വാക്കുകൾ നിശ്ചയമായും ഊർജമെന്ന് സഞ്ജു; മലയാളത്തിലെ സംഭാഷണം ഏറ്റെടുത്ത് ആരാധകർ

'സെഞ്ചുറി നഷ്ടത്തിൽ നിരാശയുണ്ടോ എന്ന് അജയ് ജഡേജ; അജയ് ഭായ്, നമസ്‌കാരം, സുഖമാണല്ലോ അല്ലേ എന്നു മലയാളത്തിൽ സഞ്ജു; സുഖമാണ് അവിടെ സുഖമല്ലെയെന്നും ജഡേജ;  സുഖമാണ്, ഭക്ഷണം ഒക്കെ കഴിച്ചു എന്നും സഞ്ജു; ഇനിയും വലിയ സ്‌കോറുകൾ നേടണമെന്ന് ജഡേജ; ഇത്തരം വാക്കുകൾ നിശ്ചയമായും ഊർജമെന്ന് സഞ്ജു; മലയാളത്തിലെ സംഭാഷണം ഏറ്റെടുത്ത് ആരാധകർ

സ്പോർട്സ് ഡെസ്ക്

ഡബ്ലിൻ: അയർലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിൽ ലഭിച്ച അവസരം മുതലാക്കിയ സഞ്ജു സാംസണ് പ്രശംസകൾ ഏറുകയാണ്. റൺമഴ പെയ്തിറങ്ങിയ ഡബ്ലിനിലെ പിച്ചിൽ ദീപക് ഹൂഡയും (57 പന്തിൽ 9 ഫോറും 6 സിക്‌സും അടക്കം 104), സഞ്ജുവും (42 പന്തിൽ 9 ഫോറും 4 സിക്‌സും അടക്കം 77) നടത്തിയ ബാറ്റിങ് വെടിക്കെട്ടായിരുന്നു ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. രണ്ടാം ട്വന്റി20യിൽ അയർലൻഡിനെതിരെ നാല് റൺസിനായിരുന്നു ഇന്ത്യൻ ജയം. ജയത്തോടെ പരമ്പരയും ഇന്ത്യ (2-0) സ്വന്തമാക്കിയിരുന്നു.

എന്നാൽ മത്സര ശേഷം സോണി ടിവി ചാനലിൽ മുൻ ഇന്ത്യൻ ബാറ്ററും കമന്റേറ്ററുമായ അജയ് ജഡേജ സഞ്ജുവുമായി നടത്തിയ സംഭാഷണമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. സഞ്ജു ഞാൻ അജയ് ജഡേജ ഫ്രം കേരള എന്നു പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. ഹൂഡയ്ക്ക് ഒപ്പമുള്ള സഞ്ജുവിന്റെ മികച്ച കൂട്ടുകെട്ട് അടക്കം പരാമർശിച്ചാണ് അജയ് ജഡേജ ചോദ്യം ഉന്നയിച്ചത്. ഹൂഡ സെഞ്ചുറി നേടി, സെഞ്ചറി നഷ്ടമായതിൽ നിരാശയുണ്ടോ എന്നും അജയ് ജഡേജ സഞ്ജുവിനോടു ചോദിച്ചു.

അജയ് ഭായ്, നമസ്‌കാരം, സുഖമാണല്ലോ അല്ലേ എന്നു മലയാളത്തിൽ മറുപടി പറഞ്ഞാണ് സഞ്ജു സംസാരിച്ച് തുടങ്ങിയത്. സുഖമായിരിക്കുന്നു എന്നു അമ്മ വഴി പാതി മലയാളിയായ അജയ് ജഡേജ മറുപടി നൽകി. അവിടെ സുഖമാണോ എന്നും തിരിച്ചു ചോദിച്ചു. ഇവിടെ സുഖം, ഭക്ഷണം ഒക്കെ കഴിച്ചു എന്നു മറുപടി നൽകിയാണ് ജഡേജയുടെ ചോദ്യത്തിന് സ്ഞ്ജു മറുപടി പറഞ്ഞു തുടങ്ങിയത്.

'വളരെ നല്ല കളിയായിരുന്നു ഇത്. വിക്കറ്റിൽനിന്നു ബോളർമാർക്കു നല്ല പിന്തുണ ലഭിച്ചിരുന്നു. കൃത്യമായ ലെങ്തിലാണ് ഐറിഷ് താരങ്ങൾ ബോൾ ചെയ്തിരുന്നതും. ദീപക് ഹൂഡയുടെ ബാറ്റിങ്ങാണ് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്. തുടക്കം മുതലേ ഹൂഡ തകർത്തടിച്ചു. ഞങ്ങൾ തമ്മിലുള്ള ആശയവിനിമയവും മികച്ചതായിരുന്നു. തകർത്തിടിച്ചുനിന്ന സമയത്ത് ഹൂഡയ്ക്കു സ്‌ട്രൈക്ക് കൈമാറുക മാത്രമേ വേണ്ടിയിരുന്നുള്ളു. സന്തോഷത്തോടെ ഞാൻ അതു ചെയ്തു.

പിന്നീട് ഞാൻ തകർത്തടിച്ചു തുടങ്ങിയപ്പോൾ ഹൂഡയും ഇതുതന്നെ ചെയ്തു. ഹൂഡയുടെ പ്രകടനത്തിൽ എനിക്കു വളരെ സന്തോഷമുണ്ട്. അടുത്ത നാളുകളിൽ എപ്പോഴെങ്കിലും അതുപോലൊരു സ്‌കോർ (സെഞ്ചറി) നേടണമെന്നാണ് ആഗ്രഹം. എന്റെ ബാറ്റിങ് പ്രകടനത്തിലും സന്തോഷമുണ്ട്' സഞ്ജു പറഞ്ഞു.

പിന്നാലെയുള്ള ജഡേജയുടെ പ്രതികരണം ഇങ്ങനെ, 'ഇതു കേൾക്കാനായതിൽ സന്തോഷമുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ നിരാശനാണ്. കാരണം മത്സരത്തിൽ സഞ്ജുവും സെഞ്ചറി നേടും എന്നാണു ഞാൻ പ്രതീക്ഷിച്ചിരുന്നത്. താങ്കൾക്കും അങ്ങനെതന്നെയാണ് എന്നാണു ഞാൻ കരുതുന്നത്.

ഗ്രെയിം സ്വാനും ഞാനുമെല്ലാം താങ്കളുടെ കടുത്ത ആരാധകരാണ്. താങ്കളും അതുപോലുള്ള വലിയ സ്‌കോറുകൾ നേടിക്കാണണം എന്നാണു ഞങ്ങളുടെ ആഗ്രഹം. താങ്കളുടെ കടുത്ത ആരാധകനായതുകൊണ്ടാണ് ഇത്തരത്തിൽ പറയുന്നത്, എന്നോടും ക്ഷമിക്കണം'.

ജഡേജയുടെ വാക്കുകൾക്കു കൃതജ്ഞത രേഖപ്പെടുത്തിയ സഞ്ജു നൽകിയ മറുപടി ഇങ്ങനെ, 'നന്ദി അജയ് ഭായ്, ഇത്തരം വാക്കുകൾ നിശ്ചയമായും എനിക്ക് ഊർജം പകരും. വരും മത്സരങ്ങളിൽ വളരെയധികം റൺസ് നേടാൻ ഞാൻ നിശ്ചയമായും ശ്രമിക്കും' സഞ്ജു പറഞ്ഞു നിർത്തി.

മത്സര ശേഷം ഇരുവരും തമ്മിൽ നടന്ന മലയാളത്തിലുള്ള സംഭാഷണം ആരാധകരും ഏറ്റെടുത്തു. നിറഞ്ഞ കൈയടിയാണ് സഞ്ജുവിന് ലഭിച്ചത്. സഹ കമന്റേറ്റേഴ്‌സായ ഗ്രെയിം സ്വാനും മാത്യു ഹെയ്ഡനും ഇവരുടെയും സംഭാഷണം സാകൂതം കേട്ടുകൊണ്ടിരുന്നതും കൗതുകമായി.

 മലയാളിയായ അമ്മ വഴി കേരളവുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന ജഡേജയ്ക്ക് അനായാസം മലയാളം വഴങ്ങും. ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കാലയളവിലും കേരളത്തിൽ മത്സരങ്ങൾ നടക്കുന്ന കാലയളവിലും ജഡേജയ്ക്ക് മലയാളി ബന്ധം ചർച്ചയായിട്ടുണ്ട്.

ആലപ്പുഴക്കാരി ഷാനാണ് ജഡേജയുടെ അമ്മ. ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് സാക്ഷാൽ കെ.എസ്. രഞ്ജിത് സിങ്ജിയുടെ കുടുംബ പരമ്പരയിൽപ്പെട്ടയാളാണ് ജഡേജയുടെ അച്ഛൻ. ഭാര്യ വഴിയും ജഡേജ കേരളത്തിന്റെ മരുമകനാണ്. അദ്ദേഹത്തിന്റെ ഭാര്യ അദിതിയുടെ അമ്മ ജനതാദൾ നേതാവും മലയാളിയുമായ ജയ ജയ്റ്റ്ലിയാണ്.

ഇഷാൻ കിഷനൊപ്പം ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനാണു ടീം മാനേജ്‌മെന്റ് സഞ്ജുവിനെ നിയോഗിച്ചത്. അത്ര പരിചിതമല്ലാത്ത റോളിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തിൽത്തന്നെ ബൗണ്ടറിയടിച്ചാണു തുടങ്ങിയത്. മികച്ച സ്‌ട്രോക് പ്ലേയിലൂടെ ആരാധകരെ രസിപ്പിച്ച് ട്വന്റി20യിലെ ആദ്യ അർധ സെഞ്ചറി കുറിച്ച സഞ്ജു 17ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ ബോർഡിൽ 189 റൺസ് എത്തിയിരുന്നു.

ഹൂഡ സെഞ്ചുറി നേടിയെങ്കിലും ക്രിക്കറ്റ് ലോകം കൂടുതൽ സംസാരിച്ചത് സഞ്ജുവിന്റെ ഇന്നിങ്സിനെ കുറിച്ചായിരുന്നു. പക്വതയേറിയ ഇന്നിങ്സായിരുന്നു മലയാളി താരത്തിന്റേത്. മുൻ ഇന്ത്യൻ താരം അജയ് ജഡേയും സഞ്ജുവിന്റെ ആരാധകനായി. ഇക്കാര്യം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. മാത്രമല്ല, സഞ്ജു സെഞ്ചുറി നേടാതെ പോയതിലുള്ള നിരാശയും ജഡേജ തുറന്നു പറഞ്ഞിരുന്നു.

നേരത്തെ, ഹൂഡയും സഞ്ജുവിനെ പ്രകീർത്തിച്ചിരുന്നു. 'സഞ്ജു എന്റെ ബാല്യകാല സുഹൃത്താണ്. സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം. ടീമിനെ പിന്തുണയ്ക്കാനെത്തിയ എല്ലാ ആരാധകർക്കും നന്ദി അറിയിക്കുന്നു' എന്നുമായിരുന്നു ഹൂഡയുടെ വാക്കുകൾ.

'മികച്ച ഐപിഎൽ സീസൺ കഴിഞ്ഞാണ് വരുന്നത്. ആ പ്രകടനം തുടരുകയായിരുന്നു ലക്ഷ്യം. ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നു. ബാറ്റിങ് സ്ഥാനക്കയറ്റം കിട്ടിയതിനാൽ ഏറെസമയം ക്രീസിൽ ലഭിക്കുന്നതായും' ഹൂഡ കൂട്ടിച്ചേർത്തു. ജൂലൈ 7ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള ട്വന്റി20 മത്സരം. ഡബ്ലിനിലെ പ്രകടനത്തിന്റെ മികവിൽ ഇംഗ്ലണ്ടിനെതിരെയും ഇരു താരങ്ങൾക്കും ഇന്ത്യൻ നിരയിൽ ഇടം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP