Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്നയ്‌ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്തുകൊണ്ട്? സരിത്തിന്റെ ഫോൺ വിജിലൻസ് കസ്റ്റഡിയിൽ എടുത്തത് ഏതു ചട്ടപ്രകാരം; രഹസ്യമൊഴിയുടെ പേരിൽ എങ്ങനെ കലാപ ആഹ്വാനത്തിനു കേസെടുക്കും? സർവീസ് ചട്ടലംഘനം ശിവശങ്കരന് ബാധകമല്ലേ? പ്രതിപക്ഷത്തിന്റെ പത്ത് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി

സ്വപ്നയ്‌ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്തുകൊണ്ട്? സരിത്തിന്റെ ഫോൺ വിജിലൻസ് കസ്റ്റഡിയിൽ എടുത്തത് ഏതു ചട്ടപ്രകാരം; രഹസ്യമൊഴിയുടെ പേരിൽ എങ്ങനെ കലാപ ആഹ്വാനത്തിനു കേസെടുക്കും? സർവീസ് ചട്ടലംഘനം ശിവശങ്കരന് ബാധകമല്ലേ? പ്രതിപക്ഷത്തിന്റെ പത്ത് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ, സർക്കാരിനും, മുഖ്യമന്ത്രിക്കും എതിരെ ഉയർന്നത് രൂക്ഷ വിമർശനമായിരുന്നു. ദുബായ് സന്ദർശന വേളയിൽ മുഖ്യമന്ത്രി ബാഗ് മറന്നത് മുതൽ സ്വപ്ന സുരേഷിന്റെ നിയമനം വരെ പ്രതിപക്ഷം ചോദ്യമായി ഉന്നയിച്ചു. എന്നാൽ, പ്രതിപക്ഷം ഉയർത്തിയ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാതിരിക്കയാണ് മുഖ്യമന്ത്രി ചെയ്തത്.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ ഉന്നയിച്ച 10 ചോദ്യങ്ങൾ ഏറെ പ്രസക്തമായിരുന്നു. സ്വപ്നയ്ക്ക് എതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്തു കൊണ്ട് എന്നത് അടക്കമുള്ള ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. എന്തു കൊണ്ട് ഷാജ് കിരണിനെ മൊബൈലുമായി ചെന്നൈയിലേക്കു രക്ഷപ്പെടാൻ കേരള പൊലീസ് അനുവദിച്ചു? പൊലീസിൽ അയാൾക്ക് ഇത്രയും സ്വാധീനം എങ്ങനെ ഉണ്ടായി? രഹസ്യമൊഴിയുടെ പേരിൽ എങ്ങനെ കലാപ ആഹ്വാനത്തിനു കേസെടുക്കും? തുടങ്ങിയ സർക്കാർ മറുപടി പറയാൻ ബാധ്യതസ്ഥമായ ചോദ്യങ്ങലായിരുന്നു ഷാഫി സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇതിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. രാഷ്ട്രീയമായി സ്വയം പ്രതിരോധം തീർത്ത് മടങ്ങുകയായിരുന്നു അദ്ദേഹം.

അടിയന്തര പ്രമേയത്തിൽ ഷാഫി പറമ്പിൽ ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്:

1. സ്വപ്നയ്ക്ക് എതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തത് എന്തു കൊണ്ട്?

2. സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ പാലക്കാട്ടു നിന്ന് വിജിലൻസ് കസ്റ്റഡിയിൽ എടുത്തതും ഫോൺ കസ്റ്റഡിയിലെടുത്തതും ഏതു ചട്ടപ്രകാരം?

3. സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പേരിൽ കേസെടുക്കാൻ എന്താണു കാരണം? രഹസ്യമൊഴിയുടെ പേരിൽ എങ്ങനെ കലാപ ആഹ്വാനത്തിനു കേസെടുക്കും?

4. സ്വപ്നയുടെ മൊഴി പോലെ തന്നെയുള്ള വെളിപ്പെടുത്തലാണ് എം.ശിവശങ്കർ പുസ്തകമെഴുതി നടത്തിയത്. അതിൽ ഇത്തരം കേസെടുക്കാതിരുന്നത് എന്തു കൊണ്ട്?

5. ഷാജ് കിരണും വ്യവസായി ഇബ്രാഹിമും ആരാണ്? അവർക്ക് കേസിലെ താൽപര്യം എന്ത്?

6. എന്തു കൊണ്ട് ഷാജ് കിരണിനെ മൊബൈലുമായി ചെന്നൈയിലേക്കു രക്ഷപ്പെടാൻ കേരള പൊലീസ് അനുവദിച്ചു? പൊലീസിൽ അയാൾക്ക് ഇത്രയും സ്വാധീനം എങ്ങനെ ഉണ്ടായി?

7. വിജിലൻസ് മേധാവിയായിരുന്ന എം.ആർ.അജിത്കുമാറിന് ഷാജ് കിരണുമായി എന്താണു ബന്ധം? അജിത്കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതും പ്രത്യേക എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ചു നിയമനം നൽകിയതും എന്തിന്?

8. വിദേശ സന്ദർശനത്തിനു പോയപ്പോൾ ബാഗ് മറന്നതായി ശിവശങ്കറിന്റെ മൊഴി ഉണ്ട്. എന്നാൽ, ഇല്ലെന്നു മുഖ്യമന്ത്രി പറയുന്നത് എങ്ങനെ?

9. സിപിഎം സംസ്ഥാന സെക്രട്ടറിക്കായി യുഎസിലേക്കു ഫണ്ട് കൈമാറി എന്ന ആരോപണത്തിൽ എന്തു കൊണ്ട് നടപടി എടുത്തില്ല?

10. പുസ്തകം എഴുതിയതിന് ഡിജിപി ആയിരുന്ന ജേക്കബ് തോമസിന് എതിരെ സർവീസ് ചട്ടലംഘനത്തിന് കേസെടുത്തപ്പോൾ എന്തു കൊണ്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സ്വർണക്കടത്ത് കേസ് പ്രതി എം.ശിവശങ്കറിന് എതിരെ കേസെടുത്തില്ല?

ഷാഫിയെ കൂടാതെ സിബിഐ അന്വേഷണത്തിന് സതീശൻ വെല്ലുവിളിച്ചെങ്കിലും അത് കേട്ടഭാവം നടിക്കാതിരിക്കയാണ് മുഖ്യമന്ത്രി ചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കഥയും യു ഡി എഫ് മെനഞ്ഞതല്ല, എല്ലാം സ്വപ്നയുടെ വെളിപ്പെടുത്തലോടെയാണ് ഉണ്ടായതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചർച്ചയിൽ വാദിച്ചത്. സ്വപ്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സഹയാത്രികയായിരുന്നില്ലേ. രാത്രി വൈകുവോളം ശിവശങ്കർ രാമായണം വായിക്കുകയായിരുന്നോ. ശിവശങ്കർ വൈകുന്നേരം എങ്ങോട്ട് പോകുന്നു എന്ന് മുഖ്യമന്ത്രി അന്വേഷിച്ചില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.

അതേസമയം ഗൂഢാലോചനാ വാദമായിരുന്നു മുഖ്യമന്ത്രിയുടേത്. പ്രതിപക്ഷ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകിയതുമില്ല. പ്രതിപക്ഷവും സംഘപരിവാർ സംഘടനകളും ചേർന്ന് സർക്കാരിനെതിരേ നടത്തുന്ന നീക്കമാണ് ഇതെന്ന ആരോപണം ആവർത്തിച്ച് ഉന്നയിക്കാനാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ശ്രമിച്ചത്. തീയില്ലാതെ പുക കണ്ടെത്തിയെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷവും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നതെന്ന് അടിയന്തിര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ എന്തോ പുതിയ കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് ഏജൻസികൾ രണ്ടു വർഷം അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത കേസാണിത്. ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയിരുന്നെങ്കിൽ പ്രമേയാവതാരകന്റെ പാർട്ടിക്കാർ ഇവിടെ ആരെയെങ്കിലും ബാക്കിവെക്കുമായിരുന്നോ. തീയില്ലാത്തിടത്ത് പുക കണ്ടെത്തിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. അതിനപ്പുറം അടിയന്തര പ്രമേയ നോട്ടീസിന് ഒരു പ്രസക്തിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP