Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അക്കമിട്ടുള്ള ചോദ്യങ്ങളുമായി ഷാഫി; മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യങ്ങളെ കുറിച്ച് പിൻ പോയിന്റിട്ട് പ്രതിപക്ഷ നേതാവ് ; സ്വപ്നയുടെ സംഘപരിവാർ ബന്ധത്തിലൂന്നി മറുപടി; സഭയിലെ ചർച്ച കഴിയുമ്പോഴും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ ബാക്കി

അക്കമിട്ടുള്ള ചോദ്യങ്ങളുമായി ഷാഫി; മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യങ്ങളെ കുറിച്ച് പിൻ പോയിന്റിട്ട് പ്രതിപക്ഷ നേതാവ് ; സ്വപ്നയുടെ സംഘപരിവാർ ബന്ധത്തിലൂന്നി മറുപടി; സഭയിലെ ചർച്ച കഴിയുമ്പോഴും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ, സർക്കാരിനും, മുഖ്യമന്ത്രിക്കും എതിരെ ഉയർന്നത് രൂക്ഷ വിമർശനം. ദുബായ് സന്ദർശന വേളയിൽ മുഖ്യമന്ത്രി ബാഗ് മറന്നത് മുതൽ സ്വപ്‌ന സുരേഷിന്റെ നിയമനം വരെ പലതലങ്ങളിലേക്ക് ചർച്ച നീങ്ങി. ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയിൽ, ഭരണപക്ഷവും ശക്തമായ പ്രതിരോധം തീർത്തു. എന്നാൽ, ചോദ്യങ്ങൾക്ക് ഒന്നിനും മുഖ്യമന്ത്രി ക്യത്യമായ മറുപടി പറഞ്ഞില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വച്ച് വേവിച്ച വിവാദമല്ലെന്നാണ് ഷാഫി അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞത്. സ്വപ്നയുടെ ആരോപണങ്ങൾ തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കാത്തതെന്നും എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്ടക്കേസ് നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഷാഫി പറമ്പിൽ ഉന്നയിച്ച പ്രധാന പരാമർശങ്ങൾ:

സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ പ്രതിപക്ഷത്തിന്റെ അജണ്ടയല്ല. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ ഗുരുതര പരാമർശങ്ങളുണ്ടെന്ന് മാധ്യമറിപ്പോർട്ടുകളുണ്ട്. ആ ആരോപണം തെറ്റാണെങ്കിൽ എന്തുകൊണ്ട് സർക്കാരും മുഖ്യമന്ത്രിയും മാനനഷ്ടത്തിന് കേസു കൊടുക്കുന്നില്ല?

സ്വപ്നയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ സരിത്തിനെ ബലമായി പിടിച്ചു കൊണ്ടുപോയ കാര്യം ശ്രദ്ധയിൽപ്പെട്ടോ എന്ന് പ്രതിപക്ഷം ചോദിച്ചപ്പോൾ, ശ്രദ്ധയിൽപ്പെട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നില്ലെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ ശ്രദ്ധ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

പാലക്കാട്ടെ വിജിലൻസിന് സരിത്തിനെ അറസ്റ്റ് ചെയ്യാൻ ആര് അധികാരം കൊടുത്തു? സ്വപ്നയ്‌ക്കെതിരേ ജലീൽ പരാതി നൽകി. 164 കൊടുത്തതിന്റെ പേരിൽ എന്തിനാണ് കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കേസ് എടുക്കുന്നത്? എന്തിനായിരുന്നു സർക്കാരിന്റെ ആ വെപ്രാളം?

ഭരണത്തിന്റെ ഇടനാഴിയിൽ അവതാരങ്ങളുണ്ടാകില്ലെന്ന് മുൻപ് പിണറായി വിജയൻ പറഞ്ഞിരുന്നു. ഭരണത്തിന്റെ ഇടനാഴികളിൽ അവതാരങ്ങളില്ല. അവതാരങ്ങളുടെ ചാകര മുഖ്യമന്ത്രിയുടെ ഓഫീസും വകുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായി. ആരാണ് ഷാജ് കിരൺ, ആരാണ് വ്യവസായി ഇബ്രാഹിം? ഇവർക്കെന്താണ് കേസിൽ താൽപര്യം, എന്തിനാണ് അവർ 164 തിരുത്താൻ ശ്രമിക്കുന്നത്. ഷാജ് കിരൺ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനെതിരേയും ആരോപണം ഉന്നയിച്ചിട്ട് എന്തുകൊണ്ട് കേസ് എടുത്തില്ല?

വിജിലൻസ് മേധാവിസ്ഥാനത്തുനിന്ന് എം.ആർ. അജിത് കുമാറിനെ എന്തുകൊണ്ട് മാറ്റി? 30-ൽ അധികം തവണ തമ്മിൽ സംസാരിക്കാൻ അജിത്കുമാറിനും ഷാജ് കിരണിനും എന്താണ് ബന്ധം? വിജിലൻസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയിട്ട് പുതിയ തസ്തിക സൃഷ്ടിച്ച് നിയമിച്ചത് എന്തിന്? സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയ ശിവശങ്കറിനെതിരേ എന്തുകൊണ്ട് നടപടി എടുത്തില്ല? ഏതെങ്കിലും പൈങ്കിളിക്കഥകൾക്ക് പിന്നാലെയല്ല പ്രതിപക്ഷം. സ്വപ്നയ്ക്ക് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാൻ മത്സരിക്കുന്നവരല്ല പ്രതിപക്ഷം സ്വപ്ന സുരേഷിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തത്, അവർ പറയുന്നത് കേൾക്കൂ എന്ന് കേരളത്തോട് ആദ്യം പറഞ്ഞത് എൽ.ഡി.എഫാണ്, ഷാഫി പറഞ്ഞു.

സിബിഐ അന്വേഷണത്തിന് വെല്ലുവിളിച്ച് വി ഡി സതീശൻ

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കഥയും യു ഡി എഫ് മെനഞ്ഞതല്ല, എല്ലാം സ്വപ്നയുടെ വെളിപ്പെടുത്തലോടെയാണ് ഉണ്ടായതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചർച്ചയിൽ വാദിച്ചത്. സ്വപ്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സഹയാത്രികയായിരുന്നില്ലേ. രാത്രി വൈകുവോളം ശിവശങ്കർ രാമായണം വായിക്കുകയായിരുന്നോ. ശിവശങ്കർ വൈകുന്നേരം എങ്ങോട്ട് പോകുന്നു എന്ന് മുഖ്യമന്ത്രി അന്വേഷിച്ചില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

'സ്വർണക്കടത്ത് വിഷയം ചർച്ചചെയ്യാൻ ഭരണപക്ഷം നിർബന്ധിതരാവുകയായിരുന്നു. ഒന്നരലക്ഷം രൂപ ശമ്പളത്തിൽ സ്വപ്നയെ നിയമിച്ചപ്പോഴും മുഖ്യമന്ത്രി അറിഞ്ഞില്ലേ. പുസ്തകമെഴുതിയ ശിവശങ്കറിനെ വെള്ളപൂശി. സ്വപ്ന സുരേഷ് വെളിപ്പെടുത്തൽ നടത്തിയപ്പോൾ കേസുകൊടുത്തു. ഒരേകേസിൽ രണ്ട് പേർക്ക് രണ്ടുനീതി. രണ്ടുപേരും ഒരേ കേസിലെ പ്രതികളല്ലേ. സ്വപ്ന പറയുന്നത് കളവാണെന്ന് തെളിയിക്കാൻ സാക്ഷി സരിത.കാലം കണക്കുചോദിക്കുകയാണ്. ആരോപണം വന്നാൽ അത് നേരിടാൻ നിയമപരമായ വഴി മുഖ്യമന്ത്രി സ്വീകരിച്ചില്ല. പേടി ഇല്ലെങ്കിൽ എ ഡി ജിപിയെ ഇടനിലക്കാരന്റെ അടുത്തേക്ക് വിടുമോ.

കൃഷ്ണരാജും താനും ഒന്നിച്ച് പഠിച്ചവരാണ്. ഒന്നിച്ച് പഠിച്ചവർ തമ്മിൽ ബന്ധമുണ്ടാവില്ലേ. മുഖ്യമന്ത്രിയെ കൂപ മണ്ഡൂകം എന്ന് വിളിച്ചത് അപമാനിക്കാനല്ല. അദ്ദേഹം ചെറിയ ലോകത്തിരുന്ന് മാത്രം ചിന്തിക്കരുത് എന്നാണ് പറഞ്ഞത്. വെപ്രാളവും ഭയവും നിറഞ്ഞ നിങ്ങളുടെ നടപടികളാണ് സ്വപ്നയുടെ വെളിപ്പെടുത്തലിന് കൂടുതൽ വിശ്വാസ്യത ഉണ്ടാക്കിയത്. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള സരിതയുടെ പരാതിയിൽ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത മുഖ്യമന്ത്രി സ്വപ്നയുടെ പരാതിയിലും സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്'.- സതീശൻ പറഞ്ഞു.

ഗൂഢാലോചന വാദം ആവർത്തിച്ച് മുഖ്യമന്ത്രി 

പ്രതിപക്ഷവും സംഘപരിവാർ സംഘടനകളും ചേർന്ന് സർക്കാരിനെതിരേ നടത്തുന്ന നീക്കമാണ് ഇതെന്ന ആരോപണം ആവർത്തിച്ച് ഉന്നയിക്കാനാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ശ്രമിച്ചത്. തീയില്ലാതെ പുക കണ്ടെത്തിയെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷവും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നതെന്ന് അടിയന്തിര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ എന്തോ പുതിയ കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് ഏജൻസികൾ രണ്ടു വർഷം അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത കേസാണിത്. ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയിരുന്നെങ്കിൽ പ്രമേയാവതാരകന്റെ പാർട്ടിക്കാർ ഇവിടെ ആരെയെങ്കിലും ബാക്കിവെക്കുമായിരുന്നോ. തീയില്ലാത്തിടത്ത് പുക കണ്ടെത്തിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. അതിനപ്പുറം അടിയന്തര പ്രമേയ നോട്ടീസിന് ഒരു പ്രസക്തിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ

ഒരു തെളിവിന്റെയും പിൻബലമില്ലാതെയാണ് സ്വർണക്കടത്ത് കേസിൽ പ്രതിയായ ഈ വനിത ആരോപണവുമായി വന്നിരിക്കുന്നത്. രഹസ്യമൊഴിയിൽ ഉള്ളതായി പറയുന്ന കാര്യങ്ങൾ എങ്ങനെയാണ് പ്രതിപക്ഷം സമ്പാദിച്ചത്. കേസിൽ പ്രതിയായ വനിതയ്ക്ക് എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്. അതൊരു വ്യക്തിയല്ല, സംഘടനയാണ് ചെയ്യുന്നത്. ആ സംഘടനയ്ക്ക് വ്യക്തമായ സംഘപരിവാർ ബന്ധമുണ്ട്. ജോലിയും സുരക്ഷയും വക്കീലും എല്ലാം അവരുടെവകയാണ്. ചെല്ലുംചെലവും കൊടുത്ത് വളർത്തുന്നതുപോലെ ഒരു ഏർപ്പാടാണിത്.

സ്വപ്നയുടെ ആരോപണം സംബന്ധിച്ച് അന്വേഷണം നടക്കേണ്ട എന്ന താൽപര്യം ഒരു ഘട്ടത്തിലും സംസ്ഥാന സർക്കാരിനില്ല. നിയമത്തിന്റെ വഴിയിലൂടെയാണ് സർക്കാർ ഇക്കാര്യത്തിൽ സഞ്ചരിച്ചിട്ടുള്ളത്. സുതാര്യമായ ഒരന്വേഷണമാണ് ആരോപണങ്ങൾ സംബന്ധിച്ച് നടക്കുന്നത്. വസ്തുതകൾ ന്യായയുക്തമായി പുറത്തുവരണം എന്ന ആഗ്രഹമാണ് സർക്കാരിനും ജനങ്ങൾക്കും ഉള്ളത്. എന്നാൽ ഇതിൽനിന്ന് മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇവരുടെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാർ.

സംസ്ഥാനത്തെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടനിലക്കാരൻ എന്നു പറയുന്ന ആളുമായി ഫോണിൽ സംസാരിച്ചു എന്ന ആരോപണവും ഇവിടെ ഉയർന്നു. ഇതിന്റെ കുറ്റം സർക്കാരിനു മേൽ കെട്ടിവെക്കാനാണ് ശ്രമം നടന്നത്. ഒരു ഘട്ടത്തിലും ഇടനിലക്കാരെ നിയോഗിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വഴിവിട്ട നടപടിയോ വീഴ്ചയോ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കാൻ മടിയുമില്ല.

സംഘപരിവാർ സ്ഥാപനത്തിന്റെ, വക്കീലിന്റെ ചരടുവലിക്കൊത്ത് നീങ്ങുന്നവരുടെ ശബ്ദം പ്രതിപക്ഷം ആവുന്നത്ര ഉച്ചത്തിൽ ഉയർത്താൻ ശ്രമിക്കുന്നു. സ്വർണംകൊടുത്തയച്ചതാര്, സ്വർണം കിട്ടിയത് ആർക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും കോൺഗ്രസിൽനിന്നോ ബിജെപിയിൽനിന്നോ പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഇതിനൊക്കെ ഉത്തരം പറയേണ്ടത് ബിജെപിയും അന്വേഷണ ഏജൻസികളുമാണ്. അത്തരം ചോദ്യങ്ങൾ ചോദിച്ചാൽ അതിലൂടെ വിഷമത്തിലാകുന്നത് ബിജെപിയാണ്. അവർ ഉത്തരം പറയേണ്ട ചോദ്യങ്ങളൊന്നും പ്രതിപക്ഷത്തുനിന്ന് ഉണ്ടാകില്ല. ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ഇവിടെ വെളിവാകുന്നത്. ആ വനിതയെ സംരക്ഷിക്കുംവിധത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയും അടിന്തര പ്രമേയ നോട്ടീസിന്റെ ഉള്ളടക്കവും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള മാസങ്ങളിൽ ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച് വിമാനത്താവളം വഴി സ്വർണം കടത്തുന്നെങ്കിൽ അത് കേന്ദ്ര ഏജൻസികളുടെ വീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട ആളുകളെ അന്വേഷണ പരിധിയിൽ കൊണ്ടുവരാത്തത് ആരുടെ കുറ്റമാണ്. കേന്ദ്ര സർക്കാരിനുവേണ്ടി രക്ഷാകവചം തീർക്കുന്ന ജോലി എന്തിനാണ് കോൺഗ്രസ് കേരളത്തിൽ ചെയ്യുന്നത്.

രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുമ്പോൾ അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന രീതി ഞങ്ങൾ ചെയ്യുന്നില്ല. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ വൈരനിര്യാതനത്തിന് ദുരുപയോഗിക്കുന്നു എന്ന നിലപാട് തന്നെയാണ് ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്.

ഇടനിലക്കാരെ ഏർപ്പെടുത്തിയെന്ന ആരോപണം നട്ടാൽ കുരുക്കാത്ത നുണയാണ്. എന്നാൽ സ്വർണക്കടത്ത് കേസിലെ പ്രതി എന്ത് പറയണം, ഏത് പറയണം എന്ന് ഇടനിലക്കാർ വഴി തീരുമാനിക്കുന്നതിന് ബിജെപിയും അതിന്റെ കൂടെ പ്രതിപക്ഷവും ചേരുന്നു എന്നല്ലേ സംശയിക്കേണ്ടത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ ചീട്ടുകൊട്ടാരം തകരാൻ അധികസമയം വേണ്ടിവരില്ല.

ഒരുചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷം

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഒന്നിനും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. സ്വപ്ന സുരേഷിനെതിരായി കലാപാഹ്വാനത്തിന് കേസ്, ശിവശങ്കറിന് സുരക്ഷ- ഇതെന്തുകൊണ്ടാണെന്നും വി.ഡി സതീശൻ ചോദിച്ചു. നിയമസഭാ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേസിൽ സിബിഐ അന്വേഷണത്തിന് തയ്യാറുണ്ടോ എന്നുംഅദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി നിരപരാധിയാണെങ്കിൽ മുഖ്യമന്ത്രിക്ക് നിയമപരമായ മാർഗങ്ങളുണ്ട്. ആ നിയമപരമായ മാർഗങ്ങൾ എന്തുകൊണ്ട് അവലംബിച്ചില്ല? നിയമപരമായ കാര്യങ്ങൾ തേടാതെ എന്തുകൊണ്ടാണ് നിയമവിരുദ്ധമായ കാര്യങ്ങൾ തേടിയത്? എന്തിനാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്? സ്വപ്ന സുരേഷിനെതിരായി കേസെടുത്തത് എന്തിനാണ്? കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായി എന്തിന് ജുഡീഷ്യൽ കമ്മീഷനെ തിരഞ്ഞെടുത്തു? എന്തിനാണ് ഷാജ് കിരൺഎന്ന ഇടനിലക്കാരനെ വിട്ടു? ഒന്നിനും ഉത്തരമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഷാജ് കിരണുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഷാജ് കിരണും രമേശ് ചെന്നിത്തലയും ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് നിയമസഭയിൽ ഉയർത്തിക്കാട്ടിയത്. എന്നാൽ അദ്ദേഹം കഴിഞ്ഞ കുറേ വർഷങ്ങളായിട്ട് ഒരു മാധ്യമപ്രവർത്തകനാണെന്നും നേതാക്കളുമായിട്ട് അദ്ദേഹത്തിന് ബന്ധമുണ്ടെന്നും പറഞ്ഞ വി.ഡി സതീശൻ ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ഫാൻ ആണെന്ന് ആരോപിക്കുകയും ചെയ്തു. ഇരട്ടച്ചങ്കനായ മുഖ്യമന്ത്രിയുടെ ഫാനായി മാറിയിരിക്കുകയാണ് ഷാജ് കിരൺ, ലാൽ സലാം പറഞ്ഞാണ് ഫേസ്‌ബുക്കിൽ അവസാനം പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP