Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഷ്ടമായത് പ്രഗൽഭനായ നിയമസഭാ സാമാജികനെ'; ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി;അദ്ദേഹത്തിന്റെ സംഘടനാപാടവം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും മുതൽ കൂട്ടായിരുന്നുവെന്നും മുഖ്യമന്ത്രി

നഷ്ടമായത് പ്രഗൽഭനായ നിയമസഭാ സാമാജികനെ'; ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി;അദ്ദേഹത്തിന്റെ സംഘടനാപാടവം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും മുതൽ കൂട്ടായിരുന്നുവെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ ധനകാര്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിർത്തുന്നതിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയ വിപ്ലവകാരിയാണ് ടി. ശിവദാസ മേനോൻ. സംഘടനാ രംഗത്തും ഭരണ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച വാഗ്മിയും മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

അദ്ധ്യാപക സംഘടനാ രംഗത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹത്തിന്റെ സംഘടനാപാടവം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും മുതൽ കൂട്ടായിരുന്നു. സ്വകാര്യ സ്‌കൂൾ അദ്ധ്യാപകരുടെ സംഘടനയായിരുന്ന കെപിടിയുവിന്റെ ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പിന്നീട് അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ ഏറ്റവും ഉന്നതായ നേതാവായി. യാതനാപൂർവ്വമായ നിരവധി സമരങ്ങളിലൂടെ അദ്ധ്യാപക പ്രസ്ഥാനത്തെ സുശക്തമായ ഒന്നായി കെട്ടിപ്പടുക്കുന്നതിൽ ശിവദാസ മേനോൻ വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സിപിഐഎമ്മിനെതിരായ ഏതുവിധത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കുന്നതിന് അദ്ദേഹം കാട്ടിയ ജാഗ്രതാ പൂർണ്ണമായ നിലപാടുകൾ പുതിയ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്. അടിയന്തരാവസ്ഥക്കാലത്തും പാർട്ടി പ്രതിസന്ധി നേരിട്ട ഇതര ചരിത്ര സന്ദർഭങ്ങളിലും അദ്ദേഹം ഒളിവിലും തെളിവിലും ജയിലിലുമൊക്കെ കഴിഞ്ഞ് പാർട്ടിയെ ശക്തിപ്പെടുത്തി. ജനകീയ പോരാട്ടങ്ങളുടെ മുൻപന്തിയിൽ എന്നും ത്യാഗപൂർവ്വമായി നിലകൊണ്ടു. അതിതീവ്ര ഇടതുപക്ഷ വ്യതിയാനങ്ങൾക്കും തീവ്ര വലതുപക്ഷ വ്യതിയാനങ്ങൾക്കുമെതിരെ മാർക്സിസം-ലെനിനിസത്തിന്റെ കൃത്യമായ സൈദ്ധാന്തിക നിലപാട് മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം പാർട്ടി കെട്ടിപ്പടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവസാനശ്വാസം വരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹവുമായുള്ള വ്യക്തി ബന്ധം സ്മരണീയമാണ്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലയ്ക്ക് തീരാനഷ്ടമാണ്. ബന്ധുമിത്രാദികളുടെയും പാർട്ടിസഖാക്കളുടെയും നാടിന്റെയാകെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.വാർധക്യ സഹജമായ രോഗങ്ങൾ കാരണം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ടി. ശിവദാസ മേനോന്റെ അന്ത്യം.

മൂന്നാം ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു. ദീർഘകാലം സിപിഐഎം സെക്രട്ടേറിയേറ്റ് അംഗമായിരുന്ന അദ്ദേഹം പിന്നീട് വാർദ്ധക്യ സഹജമായ പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ സെക്രട്ടേറിയേറ്റിൽ നിന്ന് പാലക്കാട് ജില്ലയിലേക്ക് മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP