Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാതൃഭൂമി അധപതിച്ചു; വൈദേശിക ആധിപത്യത്തിന് മുന്നിൽ മുട്ടു മടക്കാത്ത പത്രം ഇന്ന് സംഘപരിവാറിന് മുന്നിൽ മുട്ട് വിറച്ച് നിൽക്കുന്നു; എൽജെഡി നേതാക്കൾ ഉള്ള വേദിയിൽ എൽജെഡി അധ്യക്ഷൻ എം ഡിയായ പത്രത്തെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി; മുന്നണി ബന്ധം മറന്നുള്ള വിമർശനത്തിൽ ശ്രേയംസിന് കടുത്ത അതൃപ്തി

മാതൃഭൂമി അധപതിച്ചു; വൈദേശിക ആധിപത്യത്തിന് മുന്നിൽ മുട്ടു മടക്കാത്ത പത്രം ഇന്ന് സംഘപരിവാറിന് മുന്നിൽ മുട്ട് വിറച്ച് നിൽക്കുന്നു; എൽജെഡി നേതാക്കൾ ഉള്ള വേദിയിൽ എൽജെഡി അധ്യക്ഷൻ എം ഡിയായ പത്രത്തെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി; മുന്നണി ബന്ധം മറന്നുള്ള വിമർശനത്തിൽ ശ്രേയംസിന് കടുത്ത അതൃപ്തി

കെ വി നിരഞ്ജൻ

കോഴിക്കോട്: മഹത്തായ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമി മനോരമയെ കടത്തിവെട്ടുന്ന തരത്തിൽ അധപതിച്ചെന്ന് സിപിഐ കോഴിക്കോട് എം ജില്ലാ സെക്രട്ടറി പി മോഹനൻ. മുഖ്യമന്ത്രിയെ അപകടപ്പെടുത്താനുള്ള കോൺഗ്രസ് ഭീകരതക്കെതിരെയും കള്ളക്കടത്ത്, മാഫിയ, കോൺഗ്രസ്ആർഎസ്എസ് കൂട്ടുകെട്ടിനെതിരെയും എൽഡിഎഫ് നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് മുതലക്കുളത്ത് സംഘടിപ്പിച്ച ബഹുജനറാലിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃഭൂമി എം ഡി കൂടിയായ എൽ ജെ ഡി അധ്യക്ഷൻ എം വി ശ്രേയാംസ്‌കുമാർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണെങ്കിലും ചടങ്ങിൽ അദ്ദേഹം എത്തിയിരുന്നില്ല. സ്വാഗതപ്രാസംഗികൻ അദ്ദേഹത്തിന്റെ പേര് പറയുകയും ചെയ്തിരുന്നു. അദ്ദേഹം എത്തുമെന്ന് കരുതിക്കൊണ്ടു തന്നെയാവണം ഇത്തരത്തിൽ സംസാരിച്ചതെന്നാണ് എൽജെഡി നേതാക്കൾ കരുതുന്നത്. ശ്രേയാംസ് കുമാർ ഇല്ലെങ്കിലും പാർട്ടിയുടെ പ്രധാനപ്പെട്ട മറ്റ് നേതാക്കളെല്ലാം സ്റ്റേജിലുണ്ടായിരുന്നു. അവർക്ക് മുമ്പിലാണ് അധ്യക്ഷൻ എം ഡിയായ പത്രത്തെ പി മോഹനൻ അതിരൂക്ഷമായി വിമർശിച്ചത്.

ഇടതുപക്ഷ വിരുദ്ധ ഗൂഢാലോചനയിൽ ചില പ്രധാനപ്പെട്ട മാധ്യമങ്ങൾ ഒരുപോലെ ഭാഗഭാക്കാവുകയാണ്. മനോരമ നേരത്തെ തന്നെ ഇടതുപക്ഷ വിരുദ്ധത കൊണ്ടു നടക്കുകയും അത് പരസ്യമായി ഉദ്‌ഘോഷിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ മനോരമയെ കടത്തിവെട്ടുന്ന തരത്തിലേക്ക് മഹത്തായ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ പാരമമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമി അധിപതിച്ചിരിക്കുകയാണ്.

മഹരഥന്മാരായ സ്വാതന്ത്ര്യ സമര നേയാകന്മാർ നേതൃത്വം കൊടുത്ത് സ്ഥാപിച്ച പത്രമാണ് മാതൃഭൂമി. സത്യം സമത്വം സ്വാതന്ത്ര്യം എന്ന് ഉദ്‌ഘോഷിക്കുന്ന പത്രം പോരാട്ടത്തിൽ മലയാളികളെ കോർത്തിണക്കുന്നതിന് ചരിത്ര ദൗത്യം നിർവ്വഹിച്ചു. വൈദേശിക ആധിപത്യത്തിന് മുന്നിൽ മുട്ടുകുത്താത്ത മതനിരപേക്ഷതയുടെ മഹനീയ പരമപ്ര്യര്യമുള്ള പത്രം സംഘപരിവാറിന് മുന്നിൽ ഇന്ന് മുട്ട് വിറച്ചു നിൽക്കുന്നു. ടീസ്റ്റ സെറ്റൽവാദിനെ കേന്ദ്ര ഭരണം വേട്ടയാടുകയാണ്. ഗുജറാത്തിൽ ഇരകൾക്കൊപ്പം നിന്നു എന്ന കാരണത്താലാണ് മോദി ഭരണം അവരെ വേട്ടയാടുന്നത്. എന്നാൽ കേന്ദ്രത്തിന് എതിരായ നീക്കത്തിന്റെ ഭാഗമായ ചെറിയ നടപടിയാണ് ഇതെന്നാണ് മാതൃഭൂമി എഴുതിയത്.

ബ്രിട്ടീഷുകാർക്കെതിരെ നട്ടെല്ല് വളയ്ക്കാത്ത പത്രം സംഘപരിവാറിന് മുന്നിൽ മുട്ടിലിഴയുകയാണ്. കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി വിമാനത്തിൽ വെച്ച് ആക്രമിക്കപ്പെട്ടു. ലോകത്തെവിടെയും കേട്ടിട്ടില്ലാത്ത സംഭവം. എന്നാൽ സംഭവത്തിൽ മാതൃഭൂമി അപലപിച്ചില്ല. മുഖ്യമന്ത്രി വിമാനത്തിൽ അക്രമിക്കപ്പെട്ടപ്പോൾ മാതൃഭൂമിക്കത് ആകാശ പ്രതിഷേധം മാത്രമായിരുന്നു. ഇടതുപക്ഷ ഗൂഢാലോചനയുടെ ഭാഗമായി അധപതിച്ച മാധ്യമങ്ങൾ നാട്ടുകാർ കാശു കൊടുത്ത് വാങ്ങിയാണ് വായിക്കുന്നതെന്ന് ഓർക്കണം. നാട്ടുകാർ ഇതെല്ലാം കാണുകയും പുശ്ചിച്ചു തള്ളുകയും ചെയ്യുന്നുണ്ട്.

ഇടതുസർക്കാരിനെ സംരക്ഷിച്ച് മുന്നോട്ട് പോകാൻ നാട് സജ്ജമാണ് എന്നുള്ളതിന്റെ തെളിവാണ് ഇടതു മന്നണിയുടെ മഹത്തായ റാലിയെന്നും അദ്ദേഹം പറഞ്ഞു. ബഹുജന റാലി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, ജില്ലാ സെക്രട്ടറി ടി വി ബാലൻ, എൽഡിഎഫ് നേതാക്കളായ സി കെ നാണു, മനയത്ത് ചന്ദ്രൻ, ജോയ്‌സ് പുത്തൻപുര, പി എം സുരേഷ്ബാബു, യു ബാബു ഗോപിനാഥ്, എ ജെ ജോസഫ്, നൈസ് മാത്യു, കെ ലോഹ്യ, സ്വാലിഹ് കൂടത്തായി, സി എച്ച് ഹമീദ്, അബ്ദുൾ അസീസ് എൻ കെ എന്നിവർ സംസാരിച്ചു. മുക്കം മുഹമ്മദ് സ്വഗതം പറഞ്ഞു. എൽഡിഎഫ് പരിപാടിയിൽ പ്രത്യേകിച്ച് ശ്രേയാംസ് കുമാർ ഉൾപ്പെടെ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയിൽ ഇത്തരത്തിലുള്ള പ്രസംഗം നടത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് എൽജെഡി നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP