Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലമുതിർന്ന സിപിഎം നേതാവ് ടി ശിവദാസ മേനോൻ അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ; ദ്വീർഘകാലം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം; രണ്ട് നായനാർ മന്ത്രിസഭകളിൽ മന്ത്രിയായിരുന്ന വ്യക്തിത്വം; അദ്ധ്യാപന വൃത്തിയിൽ നിന്നും മന്ത്രിക്കസേരയിലേക്ക് എത്തിയ നേതാവ്

തലമുതിർന്ന സിപിഎം നേതാവ് ടി ശിവദാസ മേനോൻ അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ; ദ്വീർഘകാലം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം; രണ്ട് നായനാർ മന്ത്രിസഭകളിൽ മന്ത്രിയായിരുന്ന വ്യക്തിത്വം; അദ്ധ്യാപന വൃത്തിയിൽ നിന്നും മന്ത്രിക്കസേരയിലേക്ക് എത്തിയ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ ടി. ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അദ്ധ്യാപന വൃത്തിയിൽ നിന്നും രാഷ്ട്രീയ ഉന്നതിയിലേക്ക് എത്തിയ നേതാവായിരുന്നു ശിവദാസ മേനോൻ. ദ്വീർഘ കാലം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ (1987, 1991, 1996) മത്സരിച്ചു. മൂന്ന് തവണയും വിജയിച്ചു സഭയിലെത്തി.

മൂന്നാമത്തെ ഇ. കെ നായനാർ മന്ത്രിസഭയിലെ കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ ഇ.കെ നയനാർ മന്ത്രിസഭയിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്നു. ടി. ശിവദാസ മേനോൻ 1932 ജൂൺ 14 നാണ് ജനിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗമായിരുന്നു. സംസ്ഥാനത്ത് അദ്ധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ കർശനമായ ഇടപെടലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. നേരത്തെ മണ്ണാർക്കാട്ടിലെ കെ ടി എം ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സ്‌കൂളിന്റെ ഹെഡ് മാസ്റ്ററായി.

കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗവും കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ടീച്ചേഴ്‌സ് ഗ്രൗണ്ടിലെ നീണ്ട കരിയറിൽ അദ്ദേഹം ആദ്യം കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ മലബാർ റീജിയണൽ പ്രസിഡന്റായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയന്റെ (കെപിടിയു) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു. മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. ശ്രീധരൻ, സി കെ കരുണാകരൻ. സഹോദരൻ: പരേതനായ കുമാരമേനോൻ.ഏറെ നാളായി മഞ്ചേരിയിൽ മകൾക്കൊപ്പമായിരുന്നു താമസം.
പിയേഴ്സ്ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരൻകുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോൻ ജനിച്ചത്.

പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡും നേടിയ ശേഷം മണ്ണാർക്കാട് കെടിഎം ഹൈസ്‌കൂളിൽ 1955ൽ ഹെഡ് മാസ്റ്ററായി. 1977ൽ ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ അദ്ധ്യാപക ജോലിയിൽനിന്ന് വളണ്ടറി റിട്ടയർമെന്റ് എടുത്ത് പിരിഞ്ഞു. അവിഭക്തകമ്യൂണിസ്റ്റ് പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാർക്കാട്ടും പരിസരപ്രദേശങ്ങളിലും പാർട്ടി കെട്ടിപ്പടുക്കാനും അദ്ധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും പാർട്ടി നിയോഗിച്ചു. അദ്ധ്യാപക സംഘടനയായിരുന്ന പിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിടിഎഫ് വൈസ് പ്രസിഡന്റ്, കെപിടിയു ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

അവിഭക്തകമ്യൂണിസ്റ്റ് പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന ശിവദാസമേനോൻ പാർട്ടി പിളർന്നതിനെ തുടർന്ന് സിപിഐ എമ്മിൽ ഉറച്ചുനിന്നു. സിപിഐ എം മണ്ണാർക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1980ൽ ജില്ലാ സെക്രട്ടറിയുമായി. കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചു.

1961ൽ മണ്ണാർക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തം അമ്മാവനെതിരെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായാണ് അദ്ദേഹം തെരഞ്ഞെടുപ്പുരംഗത്തെത്തുന്നത്. വാശിയേറിയ മത്സരത്തിൽ ശിവദാസമേനോൻ വിജയിച്ചു. 1977ൽ അടിയന്തരാവസ്ഥക്കുശേഷം നടന്ന ലോക്സഭാതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എ സുന്നാസാഹിബിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1980ലും 84ലും ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല.

1987ൽ മലമ്പുഴ അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നായനാർ സർക്കാരിൽ വൈദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി. 1991ൽ വീണ്ടും മലമ്പുഴയിൽ ജനവിധി തേടിയപ്പോൾ ഭൂരിപക്ഷം വർധിച്ചു. 96 മുതൽ 2001വരെ ധനകാര്യഎക്‌സൈസ് മന്ത്രിയായി. പാർട്ടി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ തുടർന്ന് മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടേക്ക് താമസംമാറ്റി. പാലക്കാട് തൊറപ്പാളയത്ത് ചെറിയ വീട് വാങ്ങി താമസം തുടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP