Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരുന്ന് വാങ്ങാൻ പോലും പണമില്ല; വടക്കെ മലബാറിലെ ആചാരസ്ഥാനികർ തീരാദുരിതത്തിൽ

മരുന്ന് വാങ്ങാൻ പോലും പണമില്ല; വടക്കെ മലബാറിലെ ആചാരസ്ഥാനികർ തീരാദുരിതത്തിൽ

അനീഷ് കുമാർ

കണ്ണൂർ: സർക്കാർ അവഗണന കാരണം മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ക്ഷേത്രങ്ങളിലും കാവുകളിലും ജീവിതം തള്ളിനീക്കുന്ന ആചാരസ്ഥാനികർ വലയുന്നു. സമൂഹത്തിൽ ഏറ്റവും കഷ്ടതയനുഭവിക്കുന്ന ആചാരസ്ഥാനികർക്ക തുച്ഛമായ സഹായധനം സർക്കാർ നേരത്തെ നൽകിയിരുന്നുവെങ്കിലും ഇപ്പോൾ അതു നിലച്ചിരിക്കുകയാണ്. ഇതാണ് ആചാരസ്ഥാനികരെയും കോലധികാരികളെയും ദുരിതത്തിലാക്കിയിരിക്കുന്നത്.

മേട മാസം കഴിഞ്ഞാൽ പിന്നീട് കാവുകളിലെ ചിലമ്പൊലി നിൽക്കുമ്പോൾ ഇവരുടെ ജീവിതം തീർത്തും ദുരിതമയമാണ്. സർക്കാർ അനുവദിച്ച സഹായധനം കുടിശ്ശിക ഓണത്തിന്മുൻപേ മുഴുവൻ നൽകണമെന്നാവശ്യപ്പെട്ട് വാണിയസമുദായ സമിതി സംസ്ഥാന കമ്മിറ്റിയും മുച്ചിലോട്ട് ക്ഷേത്ര കൂട്ടായ്മയും സംയുക്തമായി പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജൂൺ 29ന് തലശേരി മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണറുടെ ഓഫിസിന് മുൻപിൽ നടത്തുന്ന ധർണാസമരം വാണിയ സമുദായ സമിതി സംസ്ഥാന അധ്യക്ഷൻ വി.വിജയൻ ഉദ്ഘാടനം ചെയ്യും. ആചാരസ്ഥാനികരായ കാവിലച്ചൻ ചന്ദ്രൻ കോമരം, കടന്നപ്പള്ളി ഗോവിന്ദൻ കോമരം, സജീവൻ കോമരം കോലാവ്, പൊതുപ്രവർത്തകരായ രാജീവൻ എളയാവൂർ, വെള്ളോറ രാജൻ, പി.സത്യപ്രകാശൻ, കെ.സി രാഘവൻ എന്നിവർ പ്രസംഗിക്കും.

വാണിയസമുദായ സമിതിയുടെ പരിശ്രമത്തിന്റെ ഭാഗമായി നേടിയെടുത്ത മാസം തോറും സർക്കാരിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനംപോലും നിഷേധിക്കുകയാണെന്ന് കടന്നപ്പള്ളി ഗോവിന്ദൻ കോമരം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതുകാരണം മരുന്ന് പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്.ക്ഷേത്രാചരങ്ങൾ സംരക്ഷിക്കുന്നതിനായി മുഴുവൻ സമയവും ചെലവഴിക്കുന്ന ആചാരസ്ഥാനികരും കോലധാരികളും ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ വാണിയസമുദായ സമിതി സംസ്ഥാന അധ്യക്ഷൻ വി.വിജയൻ, മുച്ചിലോട്ട് ഭഗവതിക്ഷേത്രകൂട്ടായ്മ സെക്രട്ടറി കെ.കെ സുരേശൻ, പി.വി പ്രേമചന്ദ്രൻ, എം.ബാബു എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP