Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു

'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുതുമുഖ നടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസെടുത്ത് രണ്ട് മാസം പിന്നിടുമ്പോഴാണ് അറസ്റ്റ്. മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു നടപടികൾ. അതേസമയം, വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിട്ടു. സംഭവത്തിൽ പരാതി ഉയർന്ന ഘട്ടത്തിൽ വിജയ് ബാബു, അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്.

പരാതി പുറത്തറിഞ്ഞാൽ താൻ മരിക്കുമെന്നും പൊലീസുകാർ ഇത് ആഘോഷിക്കുമെന്നും വിജയ് ബാബു സംഭാഷണത്തിൽ പറയുന്നുണ്ട്. താൻ വന്ന് കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നും വിജയ് ബാബു സംഭാഷണത്തിൽ പറയുന്നു.

ഫോൺ സംഭാഷണം :

വിജയ് ബാബു: ഞാൻ പറയുന്നത് അഞ്ച് മിനിറ്റ് കേൾക്കണം. ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല. ഇത് ഞാൻ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛൻ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാൻ പറയുന്നത് ഒന്ന് കേൾക്കണം.

ഞാൻ ഈ കുട്ടിക്ക് നല്ലതുമാത്രമേ ചെയ്തിട്ടുള്ളൂ. 'യൂ തിങ്ക് അബൗട്ട് മൈ മദർ , യൂ തിങ്ക് അബൗട്ട് ഹെർ മദർ' ഇത് വെളിയിൽ പോയാൽ പൊലീസുകാർ സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്കറിയാം.

അതിജീവിതയുടെ ബന്ധു: എനിക്കും അതിന്റെ അവസ്ഥകൾ അറിയാം. നിങ്ങൾ അവളെ ട്രിഗർ ചെയ്തു. അവളുടെ കൈയിൽനിന്ന് പോയി കാര്യങ്ങൾ.

വിജയ് ബാബു: എനിക്ക് മനസിലായി, ഞാൻ ട്രിഗർ ചെയ്തു. അത് സത്യമാണ്. പക്ഷേ, അതിന് പരിഹാരമുണ്ട്. ഞാൻ മാപ്പ് പറയാം. ഞാൻ വന്ന് കാലുപിടിക്കാം. അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ, പക്ഷേ, ഇത് വെളിയിൽ നാട്ടുകാർ സെലിബ്രേറ്റ് ചെയ്യാൻ സമ്മതിക്കരുത്. ഞാൻ ട്രിഗർ ചെയ്തു, സമ്മതിച്ചു. അതിന് സൊലൂഷൻ ഇല്ലേ. അതിന് പൊലീസ് കേസാണോ, നാളെ അമ്മയ്ക്കും അച്ഛനും വെളിയിൽ ഇറങ്ങി നടക്കാൻ പറ്റുമോ,

അതേസമയം, കേസിലെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു രംഗത്തെത്തി. നിശ്ശബ്ദതയാണ് എന്റെ ഏറ്റവും നല്ല മറുപടി. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. കോടതി നിർദ്ദേശമുള്ളതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലൂടെ വിജയ് ബാബു പറഞ്ഞു.

മാധ്യമങ്ങൾ എത്ര പ്രകോപിപ്പിച്ചാലും പ്രതികരിക്കാനില്ല. കേസ് അന്വേഷണവുമായി നൂറ് ശതമാനം സഹകരിക്കുന്നുണ്ട്. ഒടുവിൽ സത്യം വിജയിക്കുമെന്നും വിജയ് ബാബു ഫേസ്‌ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

അറസ്റ്റിനെ തുടർന്ന് നടിയുടെ മൊഴിയിൽ പരാമർശിക്കുന്ന ചില ഹോട്ടലുകളിലും ഇന്ന് തന്നെ വിജയ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തും.ഇന്ന് മുതൽ ജൂലൈ 3 വരെയാണ് നടനെ ചോദ്യം ചെയ്യുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. നാട്ടിൽ ഉണ്ടാകണമെന്നത് ഉൾപ്പെടെ ഉപാധികളോടെയാണ് ഈ മാസം 22 ന് വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടി വന്നാൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാൻ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.

അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഏപ്രിൽ 26നാണ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസിൽ പരാതിയും നൽകി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. നടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP