Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും

പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുറച്ചു ദിവസങ്ങളായി സൈബർ സഖാക്കളുടെ കണ്ണിലെ കരടാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിന്റ തുടർച്ചയായി നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പൊട്ടിത്തെറിച്ചിരുന്നു. തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ച കൈരളി ലേഖകനോടാണ് അദ്ദേഹം കയർത്തു സംസാരിച്ചത്. ഈ സംഭവത്തിന്റെ തുടർച്ചയായി സതീശനെ തിരുവനന്തപുരത്ത് നേരിടാൻ വേണ്ടി സിപിഎം ശരിക്കും തയ്യാറെടുത്തിരുന്നു.

ഇന്ന് പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി കൈരളിയിൽ നിന്നും മൂന്ന് മാധ്യമപ്രവർത്തകരും ദേശാഭിമാനിയിൽ നിന്നും രണ്ട് മാധ്യമ പ്രവർത്തകരുമാണ് എത്തിയത്. സതീശന്റെ ഉത്തരം മുട്ടിക്കുക എന്നതു തന്നെയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ, ഈ ആക്രമണത്തെ അതേനാണയത്തിൽ തന്നെയാണ് സതീശൻ വാർത്താസമ്മേളനത്തിൽ നേരിട്ടതും.

എല്ലാം ചോദ്യങ്ങൾക്കും മറുപടി നൽകാമെന്നും മൂന്ന് നാല് പേർ വന്നിരുന്നു ചോദ്യം ഉന്നയിക്കാനാണെങ്കിൽ അത് നല്ലതെന്നുമാണ് സതീശൻ പറഞ്ഞത്. താൻ സംസാരിക്കുന്നതിന് ഇടയിൽ പറയരുത്. കൈരളിയിൽ മൂന്ന് പ്രവർത്തകരും ദേശാഭിമാനിയിൽ നിന്നും രണ്ട് പത്രപ്രവർത്തകരും വന്നതിൽ താൻ ആദരിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ പ്രധാനമന്ത്രി പത്രസമ്മേളനം നടത്തുമ്പോഴും മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോഴും ഏതെങ്കിലുമൊരു പത്രസ്ഥാപനം ഇത്രയും പത്രക്കാരെ പറഞ്ഞയക്കാറില്ല, ഐ ആം പ്രിവിലേജ്ഡ്, ഹോണേഡ്.. അതുകൊണ്ട് അഞ്ച് പേർക്കും മാറി മാറി എത്ര ചോദ്യം വേണമെങ്കിലും ചോദ്യങ്ങൾ ഉന്നയിക്കാമെന്നും രണ്ട് മണിക്കൂർ വേണമെങ്കിലും ഇരിക്കാൻ തയ്യാറാണെന്നും സതീശൻ വ്യക്തമാക്കി.

അഞ്ച് പേരാണ് ചോദ്യം ചോദിച്ച ശേഷം മറുപടി പറയവേ നിരന്തരം തടസ്സപ്പെടുന്നത്. ഇത് തൃക്കാക്കര തെരഞ്ഞെടുപ്പു കാലത്ത് തുടങ്ങിയതാണ്. ആയിക്കോ എല്ലാത്തിനും മറുപടി പറയാൻ തയ്യാറാണെന്നം അതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ മുഖ്യമന്ത്രിയുടെ അടുത്തു നിന്നും മൂന്ന് ചോദ്യങ്ങൾ മാത്രമാണ് ഉന്നയിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി. പത്രപ്രവർത്തകർ ഉന്നയിക്കാതെ പോയ ചോദ്യങ്ങളും സതീശൻ ചൂണ്ടിക്കാട്ടി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പു, മാധ്യമനിയന്ത്രണം, സഭയിലെ മീഡിയാ സെൻസർഷിപ്പ്, കെപിസിസി ഓഫീസും കന്റോൺമെന്‌റ് ഹൗസും ആക്രമണം, എച്ച് സലാം മുഴക്കിയ വധഭീഷണി, ഗാന്ധി പ്രതിമ പൊളിച്ചത്, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മന്ത്രി വീണയുടെ ഓഫീസ് സ്റ്റാഫ് ആണ്.. തുങ്ങിയ കാര്യങ്ങളിൽ മുഖ്യമന്ത്രിയോട് ചോദിച്ചില്ലെന്നാണ് സതീശൻ ചൂണ്ടിക്കാട്ടിയത്. ഇതൊന്നും ചോദിക്കാതെ വന്നാണ് എന്നോട് ചോദിക്കാൻ അഞ്ച് പേരെ വിട്ടത്. തുടർന്ന് ഓരോരുത്തർക്കും ചോദ്യങ്ങൾ ഉന്നയിക്കാമെന്നും സതീശൻ വ്യക്തമാക്കി. ഇതോടെ സതീശനെ പൂട്ടാനുള്ള ചോദ്യങ്ങളുമായി എത്തിയവർക്ക് പിന്നോക്കം പോകേണ്ടിയും വന്നു.

നേരത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് ഭീഷണി സ്വരത്തിൽ സംസാരിച്ചുവെന്ന് പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മര്യാദക്കിരിക്കണം, അല്ലെങ്കിൽ ഇറക്കിവിടും' -എന്ന് ഒരു പത്രസമ്മേളനത്തിൽ കേട്ട വാചകമല്ലേ ഇത്? എനിക്ക് സുഖിക്കുന്ന ചോദ്യങ്ങളല്ലല്ലോ നിങ്ങളും ചോദിക്കുക. അതിന് ഞാൻ മറുപടി പറയാൻ ബാധ്യസ്ഥനാണല്ലോ. ചിലപ്പോൾ മറുപടി പറയാതിരിക്കാം. അതിനപ്പുറം ചോദിച്ച ആളോട് ഇങ്ങനെയാണോ പറയേണ്ടത്. അതാണോ രീതി. ചോദ്യങ്ങളെ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസാരിക്കുന്ന ആളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോൾ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളിൽ കണ്ടതാണ്. പത്രസമ്മേളനത്തിൽ പങ്കെടുത്ത ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കും. അതിന്റെ തുടർച്ചയായി, ചില കൈകൾ അറുത്തുമാറ്റും എന്ന് പറഞ്ഞുകൊണ്ടുള്ള അണികളുടെ ആക്രോശങ്ങളും വന്നിട്ടുണ്ട്.

ഇവിടെ രണ്ട് സമീപനം കൃത്യമായി കാണണം. തെറ്റായ ഒരു കാര്യം സംഭവിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ അതിനെ തള്ളിപ്പറഞ്ഞ ഒരു സംസ്‌കാരം. അതിനെതിരെ കർക്കശമായ നടപടിയെടുക്കാൻ തയ്യാറായ ഭരണരീതി. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സമീപനം തന്നെയാണോ നേരത്തെ നടന്നിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മറുപടി കൂടിയാണ് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

പത്രസമ്മേളനത്തിനിടെ നിരന്തരം ശല്യപ്പെടുത്തുകയും ഒരേ ചോദ്യംതന്നെ നാലും അഞ്ചും തവണ ചോദിക്കുകയും ചെയ്തപ്പോഴാണ് ഇറങ്ങിപ്പോകാൻ എന്നെക്കൊണ്ട് പറയിക്കരുത് എന്ന് പറഞ്ഞത്. എന്നാൽ പൊതുയോഗത്തിനിടെ അന്നത്തെ മാതൃഭൂമി എഡിറ്ററെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ച് സംസാരിച്ചത് ആരാണെന്ന് സതീശൻ ചോദിച്ചു. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണ് ? ചെവി ഇങ്ങോട്ട് കാണിച്ചാൽ മറുപടി പറയാം എന്ന് പറഞ്ഞത് ആരാണ് ? കേരളത്തിൽ മാധ്യമ സിൻഡിക്കേറ്റ് ഉണ്ടെന്ന് പറയുകയും മാധ്യമ പ്രവർത്തകരോട് ആക്രോശിക്കുകയും ചെയ്തിട്ടുള്ളയാൾ ഇപ്പോൾ നല്ലപിള്ള ചമയുമ്പോൾ ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നോ എന്ന് എങ്ങനെ ചോദിക്കാതിരിക്കും എന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

കെപിസിസി ഓഫീസ് ആക്രമിച്ചു, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ചു കയറി, കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിച്ചു, 5 ഓഫീസുകൾ കത്തിച്ചു. 30 - 40 ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു. എന്നിട്ടും കോൺഗ്രസ് കലാപം നടത്തിയെന്നാണ് പറയുന്നത്. രണ്ട് കുട്ടികൾ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP