Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാക്കിയ ജാഫ്രിയെ സോണിയാ ഗാന്ധി സന്ദർശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ച കള്ളം; സാക്കിയ ജാഫ്രിയെ സോണിയ സന്ദർശിച്ചിരുന്നു; തെൡവായി മകൻ സ്ഥിരീകരിച്ച പത്രവാർത്ത ചൂണ്ടിക്കാട്ടി സതീശന്റെ മറുപടി; രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോകുന്നതിന് പിണറായിക്ക് എന്താണെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം

സാക്കിയ ജാഫ്രിയെ സോണിയാ ഗാന്ധി സന്ദർശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ച കള്ളം; സാക്കിയ ജാഫ്രിയെ സോണിയ സന്ദർശിച്ചിരുന്നു; തെൡവായി മകൻ സ്ഥിരീകരിച്ച പത്രവാർത്ത ചൂണ്ടിക്കാട്ടി സതീശന്റെ മറുപടി; രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോകുന്നതിന് പിണറായിക്ക് എന്താണെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാക്കിയ ജാഫ്രിയെ സോണിയാ ഗാന്ധി സന്ദർശിച്ചില്ലെന്നത് പച്ച കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ കോൺഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിക്ക് വേണ്ടി കോൺഗ്രസ് എന്ത് ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സോണിയാഗാന്ധി സാക്കിയ ജഫ്രിയെ സന്ദർശിച്ചിരുന്നെന്നും ഇക്കാര്യം മകൻ സ്ഥിരീകരിച്ചെന്നും സതീശൻ പറഞ്ഞു.

സാക്കിയയുടെ മകന്റെ പ്രതികരണം സതീശൻ വായിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച പത്രവാർത്തയാണ് സതീശൻ ചൂണ്ടിക്കാട്ടിയത്. ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയാ ഗാന്ധി ഗുജറാത്തിലെത്തിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോകുന്നതിന് പിണറായിക്ക് എന്താണെന്നും സതീശൻ ചോദിച്ചു. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധി ടെമ്പ്ൾ ടൂർ നടത്തുകയായിരുന്നെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു സതീശൻ.

അതേസമയം ബഫർസോൺ പത്തു കിലോമീറ്റർ ആക്കണമെന്ന് പറഞ്ഞത് കോൺഗ്രസ് സർക്കാർ അല്ല. അത് കോടിയേരിക്ക് പറ്റിയ തെറ്റാണ്. അതിനെ എതിർക്കുകയാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ ചെയ്തത് സുപ്രിംകോടതി ഇങ്ങോട്ടാണ് പത്തു കിലോമീറ്റർ ബഫർ സോൺ നിർദ്ദേശം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

'പയ്യന്നൂരിൽ ഗാന്ധി തല വെട്ടിമാറ്റിയത് എന്തുകൊണ്ട് പറയുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രി കൂപ മണ്ഡൂകത്തെ പോലെയാണ്. സ്വപ്ന സുരേഷിനെ സർക്കാരിന് ഭയമാണ്. മടിയിൽ കനമില്ലെന്ന് ബോർഡ് എഴുതി വച്ചാൽ പോരായെന്നും' സതീശൻ ചോദിച്ചു. പത്രസമ്മേളനത്തിനിടെ നിരന്തരം ശല്യപ്പെടുത്തുകയും ഒരേ ചോദ്യംതന്നെ നാലും അഞ്ചും തവണ ചോദിക്കുകയും ചെയ്തപ്പോഴാണ് ഇറങ്ങിപ്പോകാൻ എന്നെക്കൊണ്ട് പറയിക്കരുത് എന്ന് പറഞ്ഞത്. എന്നാൽ പൊതുയോഗത്തിനിടെ അന്നത്തെ മാതൃഭൂമി എഡിറ്ററെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ച് സംസാരിച്ചത് ആരാണെന്ന് സതീശൻ ചോദിച്ചു. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണ് ? ചെവി ഇങ്ങോട്ട് കാണിച്ചാൽ മറുപടി പറയാം എന്ന് പറഞ്ഞത് ആരാണ് ? കേരളത്തിൽ മാധ്യമ സിൻഡിക്കേറ്റ് ഉണ്ടെന്ന് പറയുകയും മാധ്യമ പ്രവർത്തകരോട് ആക്രോശിക്കുകയും ചെയ്തിട്ടുള്ളയാൾ ഇപ്പോൾ നല്ലപിള്ള ചമയുമ്പോൾ ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നോ എന്ന് എങ്ങനെ ചോദിക്കാതിരിക്കും എന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

കെപിസിസി ഓഫീസ് ആക്രമിച്ചു, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ചു കയറി, കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിച്ചു, 5 ഓഫീസുകൾ കത്തിച്ചു. 30 - 40 ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു. എന്നിട്ടും കോൺഗ്രസ് കലാപം നടത്തിയെന്നാണ് പറയുന്നത്. രണ്ട് കുട്ടികൾ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

നിയമസഭയിൽ പ്രതിപക്ഷത്തിന്റേത് ഹീനമായ പെരുമാറ്റമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. സ്പീക്കറുടെ ഡയസടക്കം അടിച്ചു തകർക്കുന്ന തരത്തിൽ നിയമസഭയ്ക്കുതന്നെ അമപാനമുണ്ടായ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം കൊടുത്ത പിണറായി വിജയൻതന്നെ പ്രതിപക്ഷത്തിന്റേത് ഹീനമായ പെരുമാറ്റമാണെന്ന് ആരോപിക്കുന്നു. അദ്ദേഹം പെരുമാറിയതുപോലെ ഒരു കാലത്തും യുഡിഎഫ് നിയമസഭയിൽ പെരുമാറിയിട്ടില്ല. അദ്ദേഹത്തിൽനിന്ന് സഭാമര്യാദ പഠിക്കേണ്ട ആവശ്യം യുഡിഎഫിനും കോൺഗ്രസിനുമില്ല.

രാഹുൽഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകർത്ത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പറയുന്നു. പൊലീസ് അന്വേഷിക്കുന്ന വിഷയമാണിത്. എഡിജിപി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചോ ? പൊലീസ് സീൻ മഹസർപോലും തയ്യാറാക്കാത്ത സാഹചര്യത്തിൽ കോൺഗ്രസാണ് ഗാന്ധിചിത്രം തകർത്തത് എന്ന വിവരം എവിടെനിന്ന് കിട്ടി ? എസ്.എഫ്.ഐക്കാർ പറഞ്ഞതാണോ ? ഒരു കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തിൽ പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടത്തുന്ന എഡിജിപി മനോജ് എബ്രഹാമിന് ഇനി മറ്റൊരു നിലപാട് സ്വീകരിക്കാൻ കഴിയുമോ ? അന്വേഷണം പുരോഗമിക്കുന്ന സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് എന്തടിസ്ഥാനത്തിലാണ് ? പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലല്ലോ എന്നും വി.ഡി സതീശൻ ചോദിച്ചു.

കോൺഗ്രസ് കലാപാഹ്വാനം നടത്തി എന്ന് പറയുന്നവർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കേസെടുത്തോ ? സിപിഎം നൽകുന്ന ലിസ്റ്റ് പ്രകാരം കേസെടുക്കുകയാണ്. അന്വേഷണം കാര്യക്ഷമമല്ല. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ അതിക്രമിച്ച് കയറിയ ആളെ ജാമ്യത്തിൽവിടാൻ നിർദ്ദേശം നൽകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ അതിക്രമിച്ച് കടന്നാൽ ജാമ്യം കിട്ടുമേ ? പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പറഞ്ഞാൾക്കെതിരെ പോലും കേസെടുത്തില്ല.

കേരളത്തിൽ മുഴുവൻ അക്രമവും അഴിച്ചുവിട്ടിട്ട് ന്യായീകരിക്കുന്നതു കേട്ടാൽ അത്ഭുതം തോന്നുന്നു. ബഫർസോൺ വിഷയത്തിൽ സിപിഎം ഹർത്താൽ നടത്തി. പക്ഷെ മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ബഫർസോൺ വിഷയത്തിൽ തീരുമാനമെടുത്ത്. സുപ്രീം കോടതി അതേ തീരുമാനമെടുത്തപ്പോൾ ഹർത്താൽ നടത്തിയത് ആരെ പറ്റിക്കാനാണ് ? മന്ത്രിസഭായോഗ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയതാണ്. കർഷകരെയും ജനങ്ങളെയും ദ്രോഹിക്കാനുള്ള തീരുമാനം ആദ്യം എടുത്തത് പിണറായി വിജയന്റെ മന്ത്രിസഭയാണ്. അതേ തീരുമാനമാണ് സുപ്രീം കോടതി ഉത്തരവായി പുറത്തുവന്നതെന്നും വി.ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP