Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പഞ്ചായത്ത് ഓഫീസിലെ ബാത്ത്റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുൽ; മണ്ഡലത്തിൽ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാൾക്കും അറിയില്ല'; ഓഫീസ് ആക്രമണത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി പി ഗഗാറിൻ; ടി സിദ്ദിഖിനും വിമർശനം

'പഞ്ചായത്ത് ഓഫീസിലെ ബാത്ത്റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുൽ; മണ്ഡലത്തിൽ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാൾക്കും അറിയില്ല'; ഓഫീസ് ആക്രമണത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി പി ഗഗാറിൻ; ടി സിദ്ദിഖിനും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സിപിഎം. വയനാട്ടിൽ വന്നാൽ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി എംപിക്ക് അറിയില്ലെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ പരിഹസിച്ചു. വയനാടിനെക്കുറിച്ച് രാഹുലിന് ഒന്നും അറിയില്ല. മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ പഞ്ചായത്ത് ഓഫീസിലെ ബാത്ത്റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുലെന്നും ഗഗാറിൻ പറഞ്ഞു. കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലാണ് ഗഗാറിൻ ഇക്കാര്യം പറഞ്ഞത്.

പി ഗഗാറിൻ പറഞ്ഞത്: ''പിന്നെ രാഹുൽ ഗാന്ധി എന്താണ് ഈ നാടിനെക്കുറിച്ച് മനസിലാക്കിയത്. എന്തെങ്കിലും മനസിലാക്കിയ ആളാണെങ്കിൽ തരിയോട് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റിനും അംഗങ്ങൾക്കും ബാത്ത് റൂമായി ഉണ്ടാക്കിയ റൂം ഉദ്ഘാടനം ചെയ്യാൻ പോകുമോ. ഇത് ഉദ്ഘാടനം ചെയ്യാൻ പോകുന്ന എംപിയാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി മണ്ഡലത്തിൽ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാൾക്കും അറിയില്ല. എംപിയെന്ന നിലയിൽ ബഫർ സോൺ വിഷയത്തിൽ രാഹുൽ ഇടപെടണം. ഇതാണ് എസ്എഫ്ഐ പറഞ്ഞത്. ഇപ്പോൾ വാർത്ത വന്നു. എംപി ഇടപ്പെട്ടു. എസ്എഫ്ഐ സമരം ചെയ്ത ദിവസം രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. എസ്എഫ്ഐ കുട്ടികൾ വിജയിച്ചു.''

ടി സിദ്ദിഖ് എംഎൽഎക്കെതിരെയും രൂക്ഷ വിമർശനമാണ് ഗഗാറിൻ നടത്തിയത്. സിപിഎമ്മിനെ രാഷ്ട്രീയം പഠിപ്പിക്കാൻ സിദ്ദിഖ് വരേണ്ടെന്നും മര്യാദയ്ക്ക് എംഎൽഎയുടെ പണിയെടുത്ത് നടന്നാൽ മതിയെന്നും ഗഗാറിൻ പറഞ്ഞു. വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തെ ഇല്ലാതാക്കാനാണ് സിദ്ദിഖ് ശ്രമിക്കുന്നതെന്നും ഇക്കാര്യം കോൺഗ്രസുകാർ മനസിലാക്കണമെന്നും ഗഗാറിൻ ആവശ്യപ്പെട്ടു.
ഗഗാറിൻ പറഞ്ഞത്: ''എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ടി സിദ്ദിഖ് പറഞ്ഞത്. അല്ലെങ്കിൽ സിദ്ദിഖ് എന്ത് ഞൊട്ട കാണിക്കാനാണ്.

കോഴിക്കോട് നിന്ന് സിദ്ദിഖ് ഇവിടെ വന്നിട്ട് എംഎൽഎയായി കമ്യൂണിസ്റ്റ് പാർട്ടിയെ പഠിപ്പിക്കാനാണോ നോക്കുന്നത്. ആരാണ് സിദ്ദിഖ് എന്ന് ഞങ്ങൾക്ക് എല്ലാവർക്കും കൃത്യമായിട്ട് അറിയാം. മരുഭൂമിയിലെ കഥയെല്ലാം ഞങ്ങൾക്ക് അറിയാം. ആ സിദ്ദിഖ് ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. മര്യാദയ്ക്ക് എംഎൽഎയുടെ പണിയെടുത്ത് നടന്നോ. അതിനെ ഞങ്ങൾ പിന്തുണയ്ക്കും. എംഎൽഎയുടെ പണിയെടുക്കാനും ഇതുവരെ പഠിച്ചിട്ടില്ല. അതും ഞങ്ങൾ പഠിപ്പിച്ച് തരാം. ഒരു കൊല്ലം കഴിഞ്ഞിട്ടും ഒരു ചുക്കും ചെയ്തിട്ടില്ല. എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാൻ വരുകയാണ്. വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തെ ഇല്ലാതാക്കാനാണ് സിദ്ദിഖ് ശ്രമിക്കുന്നത്. ഇത് കോൺഗ്രസുകാർ മനസിലാക്കിയാൽ നല്ലത്.''

സിപിഎം കൊടി നശിപ്പിക്കുന്നവർക്കെതിരെയും ഗഗാറിൻ രംഗത്തെത്തി. സിപിഐഎം കൊടി കീറിയാൽ ആ കീറിയവനെ കീറാനും തങ്ങൾക്ക് അറിയാമെന്ന് ഗഗാറിൻ പറഞ്ഞു.
''കമ്യൂണിസ്റ്റ് പാർട്ടിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. നിങ്ങൾ ഞങ്ങളുടെ കൊടി കീറി. പകരം കീറാൻ അറിയാഞ്ഞിട്ടല്ല. കീറിയവനെ കീറാനും ഞങ്ങൾക്ക് അറിയാം. പണ്ട് ലീഗും കുറെ കൊടി കീറൽ നടത്തിയതാണ്. പിന്നൊരു ദിവസം നോക്കുമ്പോൾ ലീഗിന്റെ കൊടിയുമില്ല, കൊടി മരവുമില്ല. അന്ന് നിർത്തിയതാണ് അവർ. ഇത് കോൺഗ്രസിന്റെ പൊട്ടന്മാർക്ക് മനസിലായിട്ടില്ലെങ്കിൽ, നന്നാക്കി മനസിലാക്കി കൊടുക്കാനുള്ള കെൽപ്പുള്ള പ്രസ്ഥാനം വയനാട്ടിലുണ്ടെന്ന് ഇവിടത്തെ ഞൊട്ട കോൺഗ്രസുകാർക്ക് ശക്തമായ താക്കീതായി പറയുകയാണ്. ഇതിൽ യാതൊരു സംശയവും വേണ്ട.''''സെമി കേഡർമാർ വിമാനത്തിൽ കയറി മുഖ്യമന്ത്രിയെ ആക്രമിക്കാൻ പോയതാണ്. ഇപി ജയരാജന് 70 വയസ് കഴിഞ്ഞു. ഒറ്റ അടിയാണ്, രണ്ടെണ്ണമാണ് നിലത്ത്. ഇതാണ് സുധാകരാ നിന്റെ സെമികേഡർ. 70 വയസ് കഴിഞ്ഞ ഞങ്ങടെ കേന്ദ്രകമ്മിറ്റി അംഗം ഒന്ന് ആഞ്ഞടിച്ചപ്പോൾ നിലത്ത് വീണ കേഡറാണ് നിന്റെ കേഡറെന്ന് മനസിലാക്കിക്കോ.''-ഗഗാറിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP