Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഫർസോൺ നിശ്ചയിക്കുമ്പോൾ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണം; സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് ബഫർസോൺ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്: സിപിഎം

ബഫർസോൺ നിശ്ചയിക്കുമ്പോൾ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണം; സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് ബഫർസോൺ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്: സിപിഎം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബഫർസോൺ നിശ്ചയിക്കുമ്പോൾ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണമെന്ന് സിപിഐ എം. സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് ബഫർസോൺ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് പ്രാവർത്തികമാകുന്നതോടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ അസാധ്യമായി തീരുമെന്നും സിപിഐ എം സെക്രട്ടേറിയറ്റ് വ്യക്തമാക്കി .

യുപിഎ സർക്കാരിന്റെ കാലത്ത് ജയറാം രമേശ് വനം പരിസ്ഥിതി മന്ത്രിയായിരുന്ന ഘട്ടത്തിലാണ് വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും 12 കിലോ മീറ്റർ വരെ ബഫർസോൺ ആക്കണമെന്ന നിർദ്ദേശം ഉയർന്നുവന്നത്. ഈ നിർദ്ദേശത്തെ പൊതുവിൽ പിന്തുണക്കുന്ന നിലപാടാണ് യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. തുടർച്ചയായ പ്രളയവും, മറ്റ് പ്രകൃതി ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ 2019 - ൽ 12 കിലോമീറ്ററിന് പകരം ഒരു കിലോമീറ്റർ വരെ ഇവ നിശ്ചയിക്കാമെന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. എന്നാൽ ഇത് പ്രായോഗികമാക്കപ്പെടുമ്പോൾ ചില മേഖലയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കണമെന്ന നിലപാട് എൽഡിഎഫ് സർക്കാർ സ്വീകരിച്ചു.

2020- ൽ ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന് വീണ്ടും ഒരു ഭേദഗതി സംസ്ഥാന സർക്കാർ സമർപ്പിക്കുകയും ചെയ്തു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനവാസ പ്രദേശങ്ങളെ ഒഴിവാക്കി ബഫർസോൺ നിശ്ചയിക്കണമെന്നതായിരുന്നു. പൂജ്യം മുതൽ ഒരു കീലോ മീറ്റർ വരെ ഇത് നിശ്ചയിക്കുമ്പോൾ ജനസാന്ദ്രത കൂടിയ മേഖലകൾ സർക്കാർ, അർദ്ധ സർക്കാർ, പൊതു സ്ഥാപനങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ആ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി പരിശോധിക്കുന്ന ഘട്ടത്തിലാണ് ഒരു കിലോ മീറ്റർ ബഫർസോൺ വേണമെന്ന സുപ്രീം കോടതി വിധി ഉണ്ടായത്.

നിയമ നിർമ്മാണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് സംസ്ഥാന സർക്കാർ ഇതിന്റെ അടിസ്ഥാനത്തിൽ കത്തയക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിയെ കണ്ട് സംസ്ഥാന സർക്കാരിന്റെ ആക്ഷേപങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്ന് വനം വകുപ്പ് മന്ത്രി തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതും നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്.

ബഫർസോണായി 12 കിലോ മീറ്റർ വരെ വേണമെന്ന നിലപാട് സ്വീകരിച്ചവരാണ് പ്രളയ കാലത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു കിലോ മീറ്റർ വരെ ബഫർ സോണാക്കണമെന്ന് സർക്കാർ നിലപാടിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഒരു കിലോമീറ്റർ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാറിന്റെ നിർദ്ദേശം കേന്ദ്ര സർക്കാറിന്റെ പരിഗണനയിലിരിക്കുമ്പോഴാണ് ഇത്തരമൊരു വിധി ഉണ്ടായത്.

ഈ വിധിയിൽ അപ്പീൽ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. വസ്തുതകൾ ഇതാണെന്നിരിക്കെ സംസ്ഥാന ഗവമെന്റിനെതിരെ രംഗത്ത് വന്നിരിക്കുന്നവരുടെ ലക്ഷ്യം രാഷ്ട്രീയ താൽപര്യമല്ലാതെ മറ്റൊന്നല്ല. പ്രകൃതിക്കൊപ്പം ജനങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കുക എന്നതാണ് പാർട്ടി സ്വീകരിക്കുന്ന നയമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP