Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാറിന്റേത് വഞ്ചനാ നിലപാട്; ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കും; രണ്ട് ദിവസം മുമ്പ് വിഷയത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും രാഹുൽ കത്തയച്ചു

ബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാറിന്റേത് വഞ്ചനാ നിലപാട്; ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കും; രണ്ട് ദിവസം മുമ്പ് വിഷയത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും രാഹുൽ കത്തയച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി മാറ്റണമെന്നാണു സുപ്രീം കോടതിയുടെ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കേന്ദ്ര സർക്കാറിനെതിരായ പ്രതിഷേധത്തിന് പകരം രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയാണ് എസ്എഫ്‌ഐക്കാർ പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഈ വിഷയത്തിൽ രാഹുൽ ഗാന്ധി രണ്ട് ദിവസം മുമ്പ് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഫർ സോൺ വിഷയത്തിൽ എസ്എഫ്‌ഐയുടെ പ്രതിഷേധം അരങ്ങേറിയതും.

ഈ വിവാദത്തോടെ സംസ്ഥാന സർക്കാറിന്റെ നിലപാട് സംശയത്തിലായിരിക്കാണ്. മുമ്പ് ബഫർ സോൺ വിവാദത്തിൽ സർക്കാർ ഉത്തരവാണ് വിവാദത്തിലായിരിക്കുന്നത്. പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററായി നിർണയിച്ച സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ പോവുമെന്നു പറയുന്ന അതേ സർക്കാർ, രണ്ടുവർഷം മുൻപ് പരിധി ഒരു കിലോമീറ്ററായി നിർണയിച്ചതിന്റെ സുപ്രധാന രേഖകളും പുറത്തുവന്നിരുന്നു. രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ സർക്കാർ കൈക്കൊണ്ട തീരുമാനം ഒരു കിലോമീറ്റർ പരിധി പരിസ്ഥിതി ലോല മേഖല ആകാം എന്നാണ്. ഇത് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചെങ്കിലും ഇത് അറിയില്ലെന്ന വിധത്തിലാണ് മന്ത്രിമാരുടെ പ്രതികരണം. ഇത് സർക്കാറിന്റെ ചതി വ്യക്തമാക്കുന്നതാണ്.

ഒന്നാം പിണറായി വിജയൻ സർക്കാർ, 2019 ഒക്ടോബർ 23ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കും. സംസ്ഥാനത്ത് ആവർത്തിക്കുന്ന പരിസ്ഥിതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ തീരുമാനം മറച്ചുവച്ചാണ് വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിർദ്ദേശത്തിനെതിരെ അപ്പീൽ പോകാൻ സർക്കാർ ഒരുങ്ങുന്നത്.

മലയോര മേഖലയിലെ ജനങ്ങൾക്കുണ്ടായ ആശങ്കകളിൽ ജനങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് കർഷകരുടെ ചോദ്യം. നിയമസഭയിൽ പ്രത്യേക ബിൽ പാസാക്കി മാത്രമേ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ കഴിയൂ. പരിസ്ഥിതിലോല മേഖല ഉത്തരവിൽ വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയും എംപവേർഡ് കമ്മിറ്റിയുടെയും ക്ലിയറൻസ് വാങ്ങി മുന്നോട്ട് പോകാൻ ശ്രമിക്കുമെന്ന സർക്കാർ വാദത്തിനും മന്ത്രിസഭായോഗ തീരുമാനം തടസ്സമാകും.

സംരക്ഷിതവനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ ഏറ്റവും അധികം ബാധിക്കുന്ന ജില്ല വയനാടാണ്. ബത്തേരി നഗരവും പുൽപ്പള്ളി, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളും പൂർണമായും നിയന്ത്രണങ്ങളുടെ പരിധിയിൽ വരും. ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

സുപ്രീം കോടതി ഉത്തരവിൽ പറയുന്നത്

വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി മാറ്റണമെന്നാണു സുപ്രീം കോടതിയുടെ ഉത്തരവ്. ഈ ചുറ്റളവിൽ ഒരുതരത്തിലുള്ള വികസന-നിർമ്മാണ പ്രവർത്തനങ്ങളും ഖനനവും പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം മേഖലകളിൽ ഒരു കിലോമീറ്ററിലധികം ബഫർ സോണുണ്ടെങ്കിൽ അതുപോലെ തുടരണം. നിലവിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അതതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാൻ പാടൂള്ളൂ.

ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കോടതി നിർദ്ദേശിച്ചു. വനസംരക്ഷണവുമായി ബന്ധപ്പെട്ട് ടി എൻ ഗോദവർമൻ തിരുമുൽപ്പാട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാനത്ത് വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുള്ളത്. ഇവയുടെ ഒരോന്നിന്റെും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ വരും. ഇതോടെ ഈ സ്ഥലങ്ങളലും ഖനനത്തിനും വൻതോതിലുള്ള നിർമ്മാണങ്ങൾക്കും മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കും നിയന്ത്രണം വരും.

സംസ്ഥാന സർക്കാർ നിലപാടെന്ത്?

സുപ്രീം കോടതിയിൽ നിന്നുള്ള ഉത്തരവ് കേരളത്തിനു തിരിച്ചടിയാണെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ പരിസ്ഥിതി ലോല മേഖലകളാക്കുന്നത് ആയിരങ്ങളെ ബാധിക്കുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. അതിനാൽ വിഷയത്തിൽ ഇളവ് തേടി സുപ്രീം കോടതിയെയും കേന്ദ്ര സർക്കാരിനെയും സമീപിക്കാനാണു സർക്കാർ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിക്കഴിഞ്ഞു.

സുപ്രീംകോടതി ഉത്തരവിനെതിരെ പുനപ്പരിശോധന ഹർജി നൽകാനും കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും കേരളത്തിന്റെ തീരുമാനം. കേന്ദ്രസർക്കാർ പുനപ്പരിശോധനാ ഹർജി നൽകിയാൽ കേരളം അതിൽ കക്ഷി ചേരും. അടുത്തിടെ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കശ്മീർ മുതൽ കന്യാകുമാരി വരെ ഒരേ മാനദണ്ഡം നിശ്ചയിച്ച് പരിസ്ഥിതി ലോല മേഖല നിശ്ചയിക്കാനാകില്ലെന്നാണു സംസ്ഥാനത്തിന്റെ നിലപാട്. വിഷയത്തിൽ പരാതികളുണ്ടെങ്കിൽ ഉന്നതാധികാര സമിതി വഴി കോടതിയെ അറിയിക്കാമെന്ന ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഈ ഉപാധി ഉപയോഗിക്കാനാണു സർക്കാർ തീരുമാനം. പരിസ്ഥിതിലോല ഉത്തരവ് മറികടക്കാൻ എല്ലാ ശ്രമങ്ങളും സംസ്ഥാനം നടത്തുമെന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരിക്കുന്നത്.

വനമേഖലകളിൽ പൂജ്യം മുതൽ ഒരു കിലോ മീറ്റർ വരെ സംരക്ഷിത മേഖലയാക്കാമെന്ന ആദ്യ പിണറായി സർക്കാർ 2019ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹർജി നൽകുമെന്നു പറയുന്ന സർക്കാർ, 2019ൽ പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്ന് വിമർശമുയരുന്നുണ്ട്.

എന്നാൽ, എന്നാൽ ജനവാസകേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കാനാണ് പൂജ്യം കിലോ മീറ്റർ എന്ന വ്യവസ്ഥ വച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്. ജനവാസ മേഖലയിലടക്കം എല്ലായിടത്തും 10 കിലോ മീറ്റർ പരിധിയായിരുന്നു അന്ന് കേന്ദ്രം ആവശ്യപ്പെട്ടതെന്ന് വകുപ്പ് പറയുന്നു. കേരളത്തിന്റെ നിലപാട് കേന്ദ്രം അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിരുന്നില്ല. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ദേശീയ വന്യജീവി ആക്ഷൻ പ്ലാൻ (20022016) പ്രകാരം ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അതിർത്തിയിൽനിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ഭൂമി പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിക്കണമായിരുന്നു. എന്നാൽ, കോടതി ഉത്തരവ് വന്ന് ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം, വിഷയത്തിൽ കേരള സർക്കാരുമായി ചർച്ച നടത്തുമെന്നും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും ജൂൺ 18 നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

കത്തിലെ വിവരങ്ങൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി

വിഷയത്തിൽ രാഹുൽ ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അദ്ദേഹത്തിന്റെ കൈനാട്ടിയിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചത്. എംപി ഓഫീലേക്കു നടത്തിയ മാർച്ച് നടത്തിയ എസ് എഫ് ഐക്കാർ ഇടിച്ചുകയറി അക്രമം നടത്തുകയായിരുന്നു. ഓഫീസിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അടിച്ചുതകർത്തു. അതേസമയം, പ്രധാനമന്ത്രിയുടെ ഇടപടെൽ ആവശ്യപ്പെട്ട് അയച്ച കത്തിന്റെ വിവരങ്ങൾ രാഹുൽ ഗാന്ധി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. എസ് എഫ് ഐ ആക്രമണത്തിനു പിന്നാലെയായിരുന്നു രാഹുലിന്റെ പോസ്റ്റ്്. ജനവികാരം പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ഇന്നലെ അയച്ച കത്തിൽ രാഹുൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.

''ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുർസ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് കത്തയച്ചു. പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറയ്ക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു സഹായിക്കാനാകും. വിഷയത്തിൽ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു,'' രാഹുൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP