Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിസെപ് വരുന്നതോടെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് ഉണ്ടാവുക വൻ സാമ്പത്തിക നഷ്ടം; അട്ടിമറിക്ക് കൂട്ടിന് തിരുവനന്തപുരത്തെ വമ്പൻ ആശുപത്രികളും; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ ഭയക്കുന്നത് ആര്? മെഡിസെപ് തുടങ്ങുമ്പോൾ

മെഡിസെപ് വരുന്നതോടെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് ഉണ്ടാവുക വൻ സാമ്പത്തിക നഷ്ടം; അട്ടിമറിക്ക് കൂട്ടിന് തിരുവനന്തപുരത്തെ വമ്പൻ ആശുപത്രികളും; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ ഭയക്കുന്നത് ആര്? മെഡിസെപ് തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി 'മെഡിസെപ്' 6 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആരംഭിക്കുമ്പോൾ അട്ടിമറിക്കാൻ ഇൻഷുറൻസ് മാഫിയയ്‌ക്കൊപ്പം ചേർന്ന് കേരളത്തിലെ വൻകിട ആശുപത്രികളും. ആശ്രിതരടക്കം 30 ലക്ഷത്തോളം പേർക്കു പരിരക്ഷ ലഭിക്കുന്ന പദ്ധതി ജൂലൈ 1 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ പദ്ധതിയുടെ കരുത്ത് ചോർത്താനാണ് ശ്രമം.

മെഡിസെപ് വരുന്നതോടെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിക്കും. നിലവിൽ 2 ലക്ഷം രൂപയുടെ കവറേജിന് 15,000 20,000 രൂപയാണ് പല കമ്പനികളും വാർഷിക പ്രീമിയമായി ഈടാക്കുന്നത്. പല രോഗങ്ങൾക്കും കവറേജ് ലഭിക്കാറുമില്ല. എന്നാൽ, മെഡിസെപ് പദ്ധതിക്കു കീഴിൽ എല്ലാ രോഗങ്ങൾക്കും 6000 രൂപ പ്രീമിയത്തിൽ 3 ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്നു. അവയവം മാറ്റിവയ്ക്കൽ അടക്കം ഈ 6,000 രൂപയിൽ നടക്കും. കേരളത്തിനു പുറത്ത് കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു, മംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ആശുപത്രികളും മെഡിസെപ്പിൽ സഹകരിക്കുന്നുണ്ട്. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്താൽ ഇൻഷുറൻസ് കമ്പനികൾ പ്രതിസന്ധിയിലാകും. അതുകൊണ്ടാണ് അട്ടിമറിക്ക് ശ്രമം.

മെഡിസെപ് ഇൻഷുറൻസ് പദ്ധതി തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ആശുപത്രികൾ നിസ്സഹകരണം തുടരുകയാണ്. സർ്ക്കാർ വൃത്തങ്ങൾ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഈ വമ്പൻ ആശുപത്രികൾ വഴങ്ങിയിട്ടില്ല. അതേസമയം, മറ്റു ജില്ലകളിലെ പ്രമുഖ ആശുപത്രികളെല്ലാം പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് കുറവാണെന്ന കാരണം പറഞ്ഞാണ് തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രികൾ സഹകരിക്കാൻ തയാറാകാത്തത്. ഇങ്ങനെ ആശുപത്രികൾ കുറയുമ്പോൾ ഈ ഇൻഷുറൻസിൽ ചേരുന്നവരുടെ എണ്ണവും കുറയും. ഫലത്തിൽ മെഡിസെപ പോലും അട്ടിമറിക്കപ്പെടും. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല. സർക്കാർ ജീവനക്കാർ ഏറെയുള്ളത് തിരുവനന്തപുരത്താണ്. അതുകൊണ്ടാണ് തിരുവനന്തപുരത്തെ ആശുപത്രികളുടെ നിസ്സഹകരണം ചർച്ചയാകുന്നതും.

രാജ്യത്തെ സർക്കാർ ഇൻഷുറൻസ് പദ്ധതികളിൽ ഏറ്റവും ഉയർന്ന നിരക്കാണ് മെഡിസെപ്പിൽ നിശ്ചയിച്ചിരുന്നതെന്നാണ് സർക്കാർ വൃത്തങ്ങളുടെ വാദം. മറ്റ് ആശുപത്രികൾക്കു നിശ്ചയിച്ചതിനെക്കാൾ 15% ഉയർന്ന നിരക്കാണ് വൻകിട ആശുപത്രികൾക്കു നൽകുന്നത്. എന്നിട്ടും വിട്ടുനിൽക്കുന്നു. സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് മാത്രമേ മെഡിസെപ് പദ്ധതിയുമായി കരാർ ഒപ്പിട്ട ആശുപത്രികൾ ഈടാക്കാവൂ. അതിനാൽ, അധിക ചെലവുണ്ടായെന്ന കാരണം പറഞ്ഞ് രോഗികളിൽ നിന്ന് അധികതുക ഈടാക്കാൻ കഴിയില്ല. ഇതാണ് സ്വകാര്യ ഭീമന്മാരെ പ്രതിസന്ധിയിലാക്കുന്നത്.

ആശുപത്രികളിൽ ഏറ്റവും കൂടുതൽ നടക്കുന്ന ആൻജിയോപ്ലാസ്റ്റിക്ക് 46,800 രൂപയാണ് മെഡിസെപ്പിനു കീഴിൽ നിശ്ചയിച്ചിട്ടുള്ള നിരക്ക്. ഈ നിരക്കു പോലും അംഗീകരിക്കാൻ പ്രമുഖ ആശുപത്രികൾ തയാറായിട്ടില്ല. സ്വകാര്യ ആശുപത്രികൾ തരം പോലെ ഇതിന് പണം ഈടാക്കാറുണ്ട്. ഒരു ലക്ഷത്തിന് മുകളിൽ പോലും വാങ്ങുന്നവരുണ്ട്. അതുകൊണ്ടാണ് മെഡിസെപ്പിനോട് അവർ കണ്ണടയ്ക്കുന്നത്.

ആദ്യഘട്ടത്തിൽ 162 ആശുപത്രികളാണ് കരാർ ഒപ്പിട്ടത്. ഇപ്പോൾ ഇരുനൂറോളം ആശുപത്രികൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ള തിരുവനന്തപുരം ജില്ലയിൽ ജൂബിലി, നിംസ്, കാരക്കോണം മെഡിക്കൽ കോളജ് തുടങ്ങി 18 ആശുപത്രികളാണ് കരാർ ഒപ്പിട്ടത്. കണ്ണൂരിൽ ആസ്റ്റർ മിംസ്, എകെജി, മലപ്പുറത്ത് സൺറൈസ്, കോട്ടയ്ക്കൽ ആസ്റ്റർ മിംസ്, പാലക്കാട്ട് അവൈറ്റിസ്, തൃശൂരിൽ അമല, വെസ്റ്റ് ഫോർട്ട്, എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റി, സൺറൈസ്, രാജഗിരി, പത്തനംതിട്ടയിൽ പുഷ്പഗിരി മെഡിക്കൽ കോളജ്, കോഴിക്കോട്ട് കെഎംസിടി, മിംസ്, ഇഖ്‌റ തുടങ്ങിയവയാണു പദ്ധതിയിൽ ചേർന്ന ആശുപത്രികൾ.

എല്ലാ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായും മെഡിസിപ് പദ്ധതിയിൽ ചേരണം എന്നതാണ് സർക്കാർ നിലപാട്. പാർട് ടൈം കണ്ടിൻജന്റ് ജീവനക്കാർ, പാർട് ടൈം അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിലേത് ഉൾപ്പെടെയുള്ള അദ്ധ്യാപക-അനധ്യാപക ജീവനക്കാർ, പെൻഷൻ/കുടുംബ പെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും ഗുണഭോക്താക്കളാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ആ വിഭാഗത്തിലെ പെൻഷൻകാർക്കും താൽപര്യമെങ്കിൽ ചേരാം.

സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ, മുഖ്യമന്ത്രി/മന്ത്രിമാർ/പ്രതിപക്ഷ നേതാവ്/ചീഫ് വിപ്/സ്പീക്കർ/ഡപ്യൂട്ടി സ്പീക്കർ എന്നിവരുടെയും ധനകാര്യ കമ്മിറ്റികളുടെ അധ്യക്ഷരുടെയും പഴ്‌സനൽ സ്റ്റാഫ്, പഴ്‌സനൽ സ്റ്റാഫായി വിരമിച്ചവർ എന്നിവർ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. ഇവരുടെ ആശ്രിതരും ഗുണഭോക്താക്കളായിരിക്കും.

ജീവനക്കാരും പെൻഷൻകാരും 500 രൂപ പ്രതിമാസ പ്രീമിയം അടയ്ക്കണം. ഈ തുക അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും കുറവു ചെയ്യാൻ തീരുമാനിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 3 വർഷമാണു പോളിസി കാലയളവ്. ഓരോ വർഷവും ഒരു കുടുംബത്തിന് ആകെ 3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കാം. ഇതിൽ ചെലവാകാത്ത തുകയിൽ ഒന്നര ലക്ഷം രൂപ വരെ അടുത്ത വർഷത്തെ കവറേജ് തുകയിൽ ചേർക്കാം.

കവറേജ് 1920 രോഗങ്ങൾക്ക്:

മെഡിസെപിൽ ഇപ്പോഴുള്ളത് അടക്കം ഏതാണ്ട് എല്ലാ രോഗങ്ങൾക്കും ഇൻഷുറൻസ് കവറേജ് ലഭിക്കും. ഒരു ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സിക്കുമ്പോഴാണ് ഇൻഷുറൻസ് തുകയ്ക്ക് അർഹരാകുക. എന്നാൽ ഡയാലിസിസ്, തിമിര ശസ്ത്രക്രിയ, കീമോ തെറപ്പി തുടങ്ങി 24 മണിക്കൂർ കിടത്തിച്ചികിത്സ വേണ്ടാത്ത ഡേ കെയർ ചികിത്സകൾക്കും കവറേജ് ലഭിക്കും.

ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനു 15 ദിവസം മുൻപു വരെയും ശേഷം 15 ദിവസം വരെയും ഉള്ള ചെലവുകൾക്കും പരിരക്ഷയുണ്ട്. ഇൻഷുറൻസ് കവറേജുള്ള അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിന് ഇൻഷുറൻസ് കാലാവധി അവസാനിക്കും വരെ കവറേജ് ലഭിക്കും. കോവിഡ് ചികിത്സയ്ക്ക് ഇൻഷുറൻസ് ബാധകമാണ്. ഒപി ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷയില്ല.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി (മെഡിസെപ്) കരാർ ഒപ്പുവച്ച ആശുപത്രികളിൽ മാത്രമായിരിക്കും മെഡിസെപ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. രോഗി ആശുപത്രിയിൽ എത്തിയാൽ ആശുപത്രി ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാഷ്ലെസ് സൗകര്യം മാത്രമാണു മെഡിസെപ് പദ്ധതിയിലുള്ളത്. ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ബില്ലുകൾ സമർപ്പിച്ചു പണം കൈപ്പറ്റുന്ന റീഇംബേഴ്‌സ്‌മെന്റ് സൗകര്യം ലഭിക്കില്ല.

എല്ലാ ജില്ലകളിലെയും പ്രമുഖ ആശുപത്രികൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ ചില ആശുപത്രികൾ ഇപ്പോഴും വിട്ടു നിൽക്കുകയാണ്. പദ്ധതിയിലെ നിരക്കു കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. അടിസ്ഥാന പരിരക്ഷ കൂടാതെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഇൻഷുറൻസ് കമ്പനി 35 കോടി രൂപയുടെ കോർപസ് ഫണ്ടും സജ്ജീകരിക്കും.

മെഡി സെപ് നേട്ടങ്ങൾ

പണരഹിത ചികിത്സാ സൗകര്യമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ആശ്രിതരായ കുട്ടി/കുട്ടികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക്/ആശ്രിതർക്ക് പ്രായപരിധിയില്ല

പദ്ധതി പ്രകാരം എല്ലാ വർഷവും 3 ലക്ഷം രൂപ വരെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകും. ഗുരുതരമായ രോഗങ്ങളുടെ കാര്യത്തിൽ ഉയർന്ന തുക അനുവദിക്കും.

ആദ്യ വർഷത്തിൽ ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് 1.5 ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്ക് കൊണ്ടുപോകാം.

24 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടത്തുന്നതിന് ഇൻഷുറൻസ് പരിരക്ഷ നൽകും.

അംഗീകൃത പട്ടികയിൽ 1,920 രോഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള 15 ദിവസത്തെ ചെലവുകളും പദ്ധതിക്ക് കീഴിൽ ക്ലെയിം ചെയ്യാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP