Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പകർച്ചപ്പനിക്കെതിരെ ശ്രദ്ധ വേണം; രോഗലക്ഷണങ്ങൾ അവഗണിക്കരുത് എന്ന് മന്ത്രി വീണാ ജോർജ്

പകർച്ചപ്പനിക്കെതിരെ ശ്രദ്ധ വേണം; രോഗലക്ഷണങ്ങൾ അവഗണിക്കരുത് എന്ന് മന്ത്രി വീണാ ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനിൽക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകർച്ചപ്പനിയാകാൻ സാധ്യതയുണ്ട്. കോവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുൻഗുനിയ, ചെള്ളുപനി, എച്ച്1 എൻ1, ചിക്കൻ പോക്സ്, സിക, കുരങ്ങുപനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം. ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാൽ പനിയുള്ളപ്പോൾ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

മഴക്കാലമായതിനാൽ സാധാരണ വൈറൽ പനിയാണ് (സീസണൽ ഇൻഫ്ളുവൻസ) കൂടുതലായും കണ്ട് വരുന്നത്. അതിനാൽ മിക്കപ്പോഴും വിദഗ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല. സാധാരണ വൈറൽ പനി സുഖമാവാൻ 3 മുതൽ 5 ദിവസം വരെ വേണ്ടി വരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോൾ പോലും ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം. പനിയുള്ളപ്പോൾ ഇൻജക്ഷനും ട്രിപ്പിനും ഡോക്ടർമാരെ നിർബന്ധിക്കാതിരിക്കുക. കാരണം പാരസെറ്റമോൾ ഗുളികകളെക്കാൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കുത്തിവയ്‌പ്പുകൾ പ്രവർത്തിക്കില്ല.

പനിയുള്ളപ്പോൾ ഈ രോഗലക്ഷണങ്ങൾ അവഗണിക്കരുത്

പനി ഒരു രോഗലക്ഷണമാണെങ്കലും അവഗണിക്കാൻ പാടില്ല. പനിയോടൊപ്പം തുടർച്ചയായ ഛർദ്ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തുനിന്നുള്ള രക്ത സ്രാവം, കറുത്ത മലം, പെട്ടന്നുണ്ടാവുന്ന ശ്വാസം മുട്ടൽ, ശരീരം ചുവന്നു തടിക്കൽ, മൂത്രത്തിന്റെ അളവ് കുറയുക, കഠിനമായ ക്ഷീണം, ബോധക്ഷയം, ജന്നി, കഠിനമായ തലവേദന, സ്ഥലകാലബോധമില്ലാതെ സംസാരിക്കുക, ശരീരം തണുത്തു മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കുവാൻ പ്രയാസം, രക്ത സമ്മർദ്ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ അപകട സൂചനകൾ കണ്ടാൽ ഉടനെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. പനിയുള്ളപ്പോൾ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം മരുന്ന് കഴിക്കുക. പനിയുള്ളപ്പോൾ രോഗി പൂർണ വിശ്രമം ഉറപ്പാക്കുകയും ധാരാളം പാനീയങ്ങളും പോഷകപ്രദമായ ആഹാരവും കഴിക്കുവാൻ ശ്രദ്ധിക്കണം. കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ എന്നിങ്ങനെയുള്ള പാനീയങ്ങൾ തുടരെത്തുടരെ കുടിക്കുവാൻ ശ്രദ്ധിക്കണം. പനിയുള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. സ്‌കൂൾ, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിട്ടു നിൽക്കുക.

പ്രതിരോധ മാർഗങ്ങൾ

മാസ്‌ക് ധരിക്കുന്നത് കോവിഡിനോടൊപ്പം പലതരം രോഗങ്ങളേയും പ്രതിരോധിക്കാൻ സാധിക്കും. മഴ നനയാതിരിക്കാൻ ശ്രദ്ധിക്കണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മാസ്‌ക് താഴ്‌ത്തരുത്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടയ്ക്ക് വൃത്തിയാക്കണം. പനി മറ്റുള്ളവരിലേക്ക് പകരാതെയിരിക്കാൻ ഇത്തരം ശീലങ്ങൾ സഹായിക്കും.

പനി സാധാരണയിൽ കൂടുതലായാൽ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയുണ്ട്. അതിനാൽ പനിയുള്ളപ്പോൾ ഡോക്ടറുടെ നിർദേശാനുസരണം കുട്ടികൾക്ക് പനി കുറയ്ക്കാനുള്ള മരുന്നുകൾ ഉടൻ തന്നെ നൽകണം. ചൂട് കുറയ്ക്കുന്നതിനായി തണുത്ത വെള്ളത്തിൽ തുണി നനച്ച് കുട്ടികളുടെ ശരീരം മുഴുവൻ തുടരെ തുടരെ തുടയ്ക്കുകയും വേണം. പനിയുള്ളപ്പോൾ ഭയത്തേക്കാളുപരി ജാഗ്രതയാണ് വേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP