Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലമ്പലദർശനം: വിശാലയോഗം വിളിച്ച് എം എൽ എ

നാലമ്പലദർശനം: വിശാലയോഗം വിളിച്ച് എം എൽ എ

സ്വന്തം ലേഖകൻ

രാമപുരം: രാമപുരം നാലമ്പല ദർശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി മാണി സി കാപ്പൻ എം എൽ എ വിശാല യോഗം വിളിച്ചു ചേർത്തു. രാമപുരം ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിലായിരുന്നു യോഗം.

പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസ്, ആരോഗ്യം, റവന്യൂ, ഗതാഗതം, പൊതുമരാമത്ത്, കെ എസ് ഇ ബി തുടങ്ങിയവയുടെ ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണസമിതിയും നാലമ്പലങ്ങളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

പതിനായിരങ്ങൾ എത്തുന്ന നാലമ്പല ദർശനം സുഗമമായി നടത്താനുതകുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കാനാണ് യോഗം വിളിച്ചതെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇതിന്റെ തുടർച്ചയായി ഇന്ന് ഉദ്യോഗസ്ഥ തല യോഗം 27 ന് വൈകിട്ടു നാലിനു ചേരാൻ പാലാ ആർ ഡി ഒ യ്ക്ക് എം എൽ എ നിർദ്ദേശം നൽകിയിട്ടുണ്ട്.

തീർത്ഥാടകർക്കു ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. പ്രഥമ ശുശ്രൂഷ സംവീധാനവും ആംബുലൻസ്, ഡോക്ടർ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും. ഏതു നേരവും ആശുപത്രി സൗകര്യങ്ങൾ സജ്ജമായിരിക്കും. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായം ലഭ്യമാക്കും. തീർത്ഥാടകരുടെ സൗകര്യാർത്ഥം ഹോട്ടലുകളിൽ ഭക്ഷണങ്ങളുടെ വിലവിവരപട്ടിക സ്ഥാപിക്കും. ശുദ്ധജല ലഭ്യത ഉറപ്പാക്കും. സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപണികൾ അടിയന്തിരമായി പൂർത്തീകരിക്കും. വിവിധ കേന്ദ്രങ്ങളിൽ ദിശാബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. രാമപുരം - കൂത്താട്ടുകുളം റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തീകരിച്ചു സഞ്ചാരം സുഗമമാക്കും. പഞ്ചായത്തു റോഡുകളുടെ സൈഡിലുള്ള കാടുകൾ വെട്ടി തെളിച്ചു ശുചീകരിക്കും.ഇതോടൊപ്പം വഴിവിളക്കുകളുടെ അറ്റകുറ്റപണികൾ പൂർത്തീകരിക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ കൂടുതൽ ശ്രദ്ധ ഉണ്ടാകണമെന്നും നാല് ക്ഷേത്രങ്ങളിലും മെഡിക്കൽ ടീമിന്റെ സേവനം ഉറപ്പു വരുത്തും.

രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസമ്മ മത്തച്ചൻ, കെ.കെ. ശാന്താറാം, സൗമ്യ സേവ്യർ, മനോജ് സി. ജോർജ്, കവിത മനോജ്, സുശീല മനോജ്, ആന്റണി മാത്യു, ജയ്മോൻ മുടയാരത്ത്, വിജയകുമാർ റ്റി.ആർ., ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ എസ്.കെ. ബിജുമോൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പി.ആർ., ഹെൽത്ത് സൂപ്പർവൈസർ ജോയി ജോസഫ്, രാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, പി.ഡബ്ലൂ.ഡി. ഓവർസിയർ അഭിലാഷ്, വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസർ ശോഭ കെ.ആർ., രാമപുരം വില്ലേജ് ഓഫീസർ നിഷാമോൾ ജോസ്, പൊലീസ് സബ് ഇൻസ്പെക്ടർ അരുൺകുമാർ പി.എസ്., ജനമൈത്രി പൊലീസ് പ്രശാന്ത് കുമാർ, നാലമ്പലം ഭാരവാഹികളായ രവീന്ദ്രൻ നായർ എ.എസ്., റ്റി.കെ. രവീന്ദ്രൻ, മനോജ് കുമാർ, ജയകൃഷ്ണൻ കെ.ആർ., പി.സി. ശ്രീകുമാർ, തങ്കപ്പൻ വി എസ്., പി.പി. നിർമ്മലൻ, പ്രദീപ് നമ്പൂതിരി, കെ.ആർ. നാരായണൻ നമ്പൂതിരി, പി.ആർ. രാമൻ മ്പൂതിരി, വി. സോമനാഥൻ നായർ അക്ഷയ, വിശ്വൻ രാമപുരം, എംപി. കൃഷ്ണൻ നായർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് ചർച്ച നടത്തി.

 

മനസ്സു നിറയെ പുണ്യവുമായി രാമപുരം നാലമ്പല ദർശനം

രാമപുരം: രാമനാമ മന്ത്രജപങ്ങൾ ഉയരുന്ന കർക്കടക മാസാചരണത്തിത്തോടനുബന്ധിച്ചു ജൂലൈ 17നു രാമപുരം നാലമ്പല ദർശനത്തിനു തുടക്കമാകും.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നു തീർത്ഥാടകർ എത്തിയിരുന്ന നാലമ്പലങ്ങളിൽ കോവിഡ് കാരണം കഴിഞ്ഞ വർഷം ആഘോഷം ഒഴിവാക്കിയിരുന്നു. ഇത്തവണ വിപുലമായ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാണി സി കാപ്പൻ എം എൽ എ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ക്ഷേത്ര ഭാരവാഹികളുടെയും വിശാലയോഗം ചേർന്നു.

രാമപുരം ശ്രീരാമക്ഷേത്രത്തിൽ ആദ്യം തൊഴുത് കൂടപ്പുലം ലക്ഷ്മണ ക്ഷേത്രത്തിലും അമനകര ഭരത ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌ന ക്ഷേത്രത്തിലും ദർശനം നടത്തി തിരിച്ച് ശ്രീരാമ ക്ഷേത്രത്തിലെത്തി ദർശനം പൂർത്തിയാക്കുന്നതായിരുന്നു ക്രമം. രാവിലെ തുടങ്ങി ഉച്ചപ്പൂജയ്ക്കു മുൻപ് ഇത്രയും ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനായി വർഷംതോറും പതിനായിരക്കണക്കിനു തീർത്ഥാടകർ എത്തുന്നുണ്ട്.

രാമപുരം ശ്രീരാമ ക്ഷേത്രം

രാമപുരം ടൗണിൽനിന്ന് ഒരു കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രം. ഉദ്ദിഷ്ടകാര്യസിദ്ദിഖായി അമ്പും വില്ലും സമർപ്പണം, കുടുംബാർച്ചന എന്നിവയാണു ശ്രീരാമക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ഹനുമാന് പ്രത്യേക വഴിപാട് നടത്താം.

കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം

രാമപുരത്തു നിന്ന് ഉഴവൂർ റൂട്ടിലാണു കൂടപ്പുലം ലക്ഷ്മണക്ഷേത്രം.ചതുർബാഹു വിഗ്രഹത്തിലാണു ലക്ഷ്മണചൈതന്യം. ലക്ഷ്മണ സ്വാമിക്ക് അരമണി സമർപ്പിച്ചാൽ സന്താനലബ്ധിയുണ്ടാകുമെന്നാണു വിശ്വാസം. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ചേർത്തുള്ള സമർപ്പണമാണു പ്രധാന വഴിപാട്.

അമനകര ഭരത ക്ഷേത്രം

രാമപുരം - കൂത്താട്ടുകുളം റൂട്ടിലാണ് അമനകര ഭരതക്ഷേത്രം. ശംഖുപൂജയാണു പ്രധാന വഴിപാട്.കർക്കടക മാസത്തിലെ കറുത്തവാവു ദിനത്തിൽ ആചാരപ്രകാരമുള്ള നമസ്‌കാര ഊട്ടും നടത്തുന്നു. ശ്രീരാമ - ഭരത ആറാട്ടു നടക്കുന്ന കുളത്തിൽ മീനൂട്ടു വഴിപാടുണ്ട്.

മേതിരി ശത്രുഘ്‌ന ക്ഷേത്രം

അമനകരയിൽ നിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മലനിരയുടെ താഴ്‌വാരത്താണ് ശത്രുഘ്‌ന ക്ഷേത്രം. 2 ചൈതന്യ സങ്കൽപങ്ങളാണ് വിഗ്രഹത്തിന്റെ പ്രത്യേകത. ഉച്ചപ്പൂജ വരെ ശത്രുഘ്‌ന സങ്കൽപവും ഉച്ചയ്ക്കു ശേഷം സന്താനഗോപാല സങ്കൽപവും. ഉച്ചപ്പൂജ വരെയേ ശത്രുഘ്‌ന സങ്കൽപമുള്ളൂ എന്നതുകൊണ്ടാണ് നാലമ്പല ദർശനം ഉച്ചപ്പൂജയ്ക്കു മുൻപെന്ന ആചാരം നിലനിൽക്കുന്നത്.ചക്രസമർപ്പണവും സന്താനലബ്ധിക്കായി തൊട്ടിൽ സമർപ്പണവുമാണു പ്രധാന വഴിപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP