Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫ്രൈ ചെയ്ത ചിക്കൻ അടർത്തിയെടുത്തപ്പോൾ നുരയ്ക്കുന്ന പുഴുക്കൾ; കാക്കനാട്ടെ ടേസ്റ്റി എംപയർ ഹോട്ടലിൽ നിന്നും കഴിച്ച ബിരിയാണിയിൽ പുഴുക്കളെ കിട്ടിയെന്ന് പരാതി; ഭക്ഷണം മാറ്റി നൽകാമെന്നും ബില്ല് നൽകേണ്ടതില്ലെന്നും ഹോട്ടൽ ഉടമ; നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം

ഫ്രൈ ചെയ്ത ചിക്കൻ അടർത്തിയെടുത്തപ്പോൾ നുരയ്ക്കുന്ന പുഴുക്കൾ; കാക്കനാട്ടെ ടേസ്റ്റി എംപയർ ഹോട്ടലിൽ നിന്നും കഴിച്ച ബിരിയാണിയിൽ പുഴുക്കളെ കിട്ടിയെന്ന് പരാതി; ഭക്ഷണം മാറ്റി നൽകാമെന്നും ബില്ല് നൽകേണ്ടതില്ലെന്നും ഹോട്ടൽ ഉടമ; നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹോട്ടലിൽ നിന്നും ബിരിയാണിയിൽ പുഴുക്കളെ കിട്ടിയെന്ന പരാതിയിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം. കാക്കനാട്ടെ ടേസ്റ്റി എംപയർ ഹോട്ടലിൽ നിന്നും കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു.

സ്വകാര്യസ്ഥാപനത്തിലെ രണ്ട് ജീവനക്കാർക്കാണ് ബിരിയാണിയിൽ നിന്ന് ജീവനോടെയുള്ള പുഴുക്കളെ ലഭിച്ചത്. ഫ്രൈ ചെയ്ത ചിക്കൻ അടർത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടത്. തുടർന്ന് ഇവർ ഹോട്ടൽ അധികൃതരെ അറിയിച്ചു. എന്നാൽ ഭക്ഷണം മാറ്റി നൽകാമെന്നും ബില്ല് നൽകേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടൽ ഉടമ ഇവരെ പറഞ്ഞയക്കുകയും ചെയ്തു.

ഈ സമയത്ത് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫീസർ ഉറപ്പുനൽകിയതായി പരാതിക്കാരൻ പറഞ്ഞു. പുഴുക്കൾ അടങ്ങിയ ബിരിയാണി ഹോട്ടൽ ഉടമ നശിപ്പിച്ചതായും പരാതിക്കാരൻ പറയുന്നു.

തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പരിശോധന നടത്താൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകി. തുടർന്ന് ഹോട്ടൽ അടപ്പിക്കുന്നതുൾപ്പടെയുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർ പേഴ്സൺ പറഞ്ഞു.

കാസർകോട്ട് ഷവർമ കഴിച്ച വിദ്യാർത്ഥി ഭക്ഷ്യവിഷബാധയേറ്റു മരിച്ചതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നിരുന്നുവെങ്കിലും പഴകിയ ഭക്ഷണങ്ങൾ ഹോട്ടലുകളിൽ നൽകുന്നത് ഇപ്പോഴും തുടരുകയാണ്.

ഭക്ഷണ പദാർഥങ്ങൾ വിഷമായി മാറുമ്പോൾ കാരണം അന്വേഷിച്ചു കണ്ടെത്തേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ വേണ്ടത്ര ജീവനക്കാരില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ജീവനക്കാരുടെ കുറവിനെ സംബന്ധിച്ച് സർക്കാരിന് വകുപ്പു മേധാവി നിരവധി തവണ കത്തു നല്കിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരു പറഞ്ഞ് നിയമന നടപടികൾക്കുള്ള അനുമതി കൊടുക്കുന്നില്ല.

തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന 10 ലക്ഷത്തിലധികം ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്ക്. ലൈസൻസില്ലാതെയുള്ള സ്ഥാപനങ്ങൾ അഞ്ചു ലക്ഷത്തോളവും. ഇത്രയും സ്ഥാപനങ്ങളിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിലുള്ളത് 172 ജീവനക്കാർ. ഇതിൽത്തന്നെ വലിയ വിഭാഗം ജീവനക്കാരെ ജില്ലാ ഓഫീസുകളിൽ ക്ലറിക്കൽ ജോലികൾക്കായി നിയോഗിച്ചിരിക്കുകയാണ്. വകുപ്പിൽ സ്ഥാനക്കയറ്റം നൽകാത്തതിനാൽ വിരമിക്കുന്ന ഉയർന്ന തസ്തികകളിലെ ഒഴിവുകൾ നികത്തുന്നുമില്ല.

ഒരു ഓഫീസർ ഒരു നിയോജക മണ്ഡലത്തിൽ ഒരു മാസം മൂന്ന് സാമ്പിളുകൾ പരിശോധനയ്ക്കെടുക്കണമെന്നാണ് ചട്ടം. മറ്റു ദിവസങ്ങളിൽ വ്യത്യസ്ത സ്ഥാപനങ്ങളിൽ പരിശോധന നടത്തണം. എന്നാൽ ഭക്ഷ്യവിഷബാധയുള്ള സ്ഥലത്തു മാത്രമാണ് പരിശോധന നടത്തുന്നത്. വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ പരിശോധനകളും നിലയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP