Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഞാനും നായനാരും ഇംഗ്ലീഷ് പറയാൻ തുടങ്ങിയതോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത്'; 80 കളിലെ ട്വിന്റു മോൻ; താൻ പറയാത്ത തമാശകളുടെ പേരിൽ കൾട്ടായി; മരിച്ച് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും കഥകളിലുടെ ജീവിക്കുന്നു; മലയാളത്തിന്റെ ഹോജ സീതി ഹാജി വീണ്ടും വാർത്തകളിൽ

'ഞാനും നായനാരും ഇംഗ്ലീഷ് പറയാൻ തുടങ്ങിയതോടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത്'; 80 കളിലെ ട്വിന്റു മോൻ; താൻ പറയാത്ത തമാശകളുടെ പേരിൽ കൾട്ടായി; മരിച്ച് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും കഥകളിലുടെ ജീവിക്കുന്നു; മലയാളത്തിന്റെ ഹോജ സീതി ഹാജി വീണ്ടും വാർത്തകളിൽ

എം റിജു

''ഇന്ന് സീതിഹാജി ദിനമായിരുന്നോ? ഇന്ന് ഫേസ്‌ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂ''- മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി എംഎൽഎയുടെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ദീർഘകാലം വിസ്മൃതിയിലാണ്ട, ഒരു രാഷ്ട്രീയ ഹാസ്യ സമ്രാട്ടിനെ ഓർമ്മിപ്പിക്കയാണ്. സത്യത്തിൽ സീതിഹാജിയുടെ മകനും, മുസ്ലിം ലീഗ് നേതാവും ഏറനാട് എംഎൽഎയുമായ പി കെ ബഷീറിനെതിരെ ഒളിയമ്പുമായിരുന്നു മണിയാശന്റ പോസ്റ്റ്. വിഷയം എം.എം മണിക്കെതിരെ ബഷീർ നടത്തിയ വംശീയാധിക്ഷേപവും.

'കറുപ്പ് കണ്ടാൽ പേടിക്കുന്ന പിണറായി വിജയൻ സംസ്ഥാന കമ്മിറ്റിയിൽ ചെല്ലുമ്പോൾ എം എം മണിയെ കണ്ടാൽ എന്തുചെയ്യും, അയാളുടെ കണ്ണും മുഖവും കറുപ്പല്ലേ?'- എന്ന വിവാദ പരാമർശമാണ് ബഷീർ വയനാട്ടിലെ ഒരു മുസ്ലിംലീഗ് വേദിയിൽ നടത്തിയത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവർ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു ഈ പരിഹാസം. ഇത് വംശീയ അധിക്ഷേപമാണെന്ന് പറഞ്ഞാണ് സിപിഎം നേരിട്ടത്. മണി പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ രംഗത്തെത്തി. കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാൻ എന്നാണ് മന്ത്രി ഫേസ് ബുക്കിൽ കുറിച്ചത്. ഇതേതുടർന്ന് ബഷീറിനെ എയറിൽ നിർത്തുകയാണ് സോഷ്യൽ മീഡിയ. അതിനായി അവർ കൂട്ടുപിടിക്കുന്നതാവട്ടെ എന്തിനെയും നർമ്മം കൊണ്ട് നേരിട്ട, ബഷീറിന്റെ പിതാവ് സീതിഹാജിയെയും.

പക്ഷേ ഭീഷണിയുടെയും താക്കീതിന്റെയും സ്വരത്തിൽ കനപ്പിച്ച് മസില് പിടിച്ചപോലെ സംസാരിക്കുന്ന ബഷീറിനെപ്പോലുള്ള ആധുനിക നേതാക്കളുടെ ശൈലി ആയിരുന്നില്ല സീതിഹാജിയുടെത്. എവിടെയും നർമ്മം നിറക്കാനും, എതിരാളികളെപോലും ചിരിപ്പിക്കാനും കഴിയുന്ന അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം.

പട്ടിണിയോട് പടവെട്ടിയ നേതാവ്

മലപ്പുറം എടവണ്ണയിലെ പത്തായിക്കോടൻ ഉമ്മറിന്റെ മകനായി, 1932നാണ് സീതി ജയിച്ചത്. ദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസം നാലാം ക്ലാസിൽ ഒതുങ്ങി. കടുംബത്തിന്റെ പട്ടിണി മാറ്റാനായി നേരെ മരക്കച്ചവടത്തിലേക്ക് വന്നു. നിലമ്പൂരിലെ തോട്ടങ്ങളിൽനിന്നുള തടികൾ ചേർത്തുവെച്ച് കൂട്ടിക്കെട്ടി, ചാലിയാർ പുഴവഴി കല്ലായിൽ എത്തിക്കണം. അതികഠിനമായ കായിക അധ്വാനം വേണ്ട പണിയാണ് ഇത്. തെരപ്പ കുത്തുക എന്നാണ് ഇതിന് പറയുക. കൂലംകുത്തിയൊഴുകുന്ന ചാലിയാറിൽ നിയന്ത്രണം വിടാതിരിക്കാൻ ആറാളുകളുടെ മെയ്ക്കരുത്ത് വേണം ഒരാൾക്ക്. വേഗതക്കാണ് കൂലി. ചുവട് തെറ്റാതെ ആഞ്ഞു തുഴയണം. അതിനിടെ കൊള്ളക്കുവേണ്ടി വരുന്നവരെ നേരിടണം. ഒറ്റത്തോർത്തും ബനിയനുനുമെന്ന യൂണിഫോമിൽ ചാലിയാറിലൂടെ വാർത്തെടുത്ത ആ മെയ്ക്കരുത്തായിരുന്നു സീതിയുടെ ബലം. അങ്ങനെ കഠിനാധ്വാനത്തിലൂടെ മരക്കച്ചവടം നടത്തിയാണ് അദ്ദേഹം സമ്പന്നനായത്. പിന്നീട് വലിയ രാഷ്ട്രീയ നേതാവായി ഉയർന്നപ്പോഴും, കല്ലായിലിലൂടെ പോകമ്പോൾ പുഴയിലെ ആ കറുത്ത ചെളിവെള്ളം നോക്കി സീതിഹാജി പറയുമായിരുന്നു. '' ഈ ചെളിയിലൊക്കെ ഞമ്മൾ എത്ര കഷ്ടപ്പെട്ടതാണ്.'

'ബാല ലീഗിൽ' പ്രവർത്തിച്ചാണ് പത്തായക്കോടൻ സീതി രാഷ്ട്രീയത്തിലേക്ക് വന്നത്. ഏറനാട്ടിലെ ലീഗ് നേതാവ് ബാപ്പു കുരുക്കളാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. സി എച്ച് മുഹമ്മദ് കോയയാണ് രാഷ്ട്രീയ ഗുരു. പിൽക്കാലത്ത് സീതിഹാജിയെക്കുറിച്ച് ഏറ്റവും കൂടുതൽ തമാശകൾ പറഞ്ഞതും സി എച്ച് തന്നെ. 1977ൽ കൊണ്ടോട്ടി മണ്ഡലത്തിൽനിന്നാണ് സീതി ഹാജി ആദ്യമായി നിയമസഭയിൽ എത്തിയത്. തുടർന്ന് 80, 82, 87 തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. 91ൽ താനൂരിന്റെ പ്രതിനിധിയായാണ് സഭയിൽ എത്തിയത്. അന്ന് യുഡിഎഫ് മന്ത്രിസഭയെ നയിച്ച കരുണാകരന്റെ പ്രത്യേക താൽപ്പര്യപ്രകാരം സീതി ഹാജിക്ക് ചീഫ് വിപ്പ് പദവി ലഭിച്ചു. ലീഡറുടെ അടുത്ത സുഹൃത്തുമായിരുന്നു സീതിഹാജി.

എന്നാൽ ഒരു വർഷം തികയുന്നതിന് മുമ്പുതന്നെ അദ്ദേഹം നിരാതനായി. 1991 ഡിസംബർ 5നായിരുന്നു അന്ത്യം. മുസ്ലിംലീഗ്. സംസ്ഥാന സെക്രട്ടറി, ദേശീയ സമിതി അംഗം, ചന്ദ്രികയുടെ ഡയറക്ടർ, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം തുടങ്ങിയ വിവിധ പദവികൾ വഹിച്ചു.

അസാധാരണമായ ഒരു ക്രൗഡ് പുള്ളറായിരുന്ന അദ്ദേഹം. 'സീതിഹാജി പ്രസംഗിക്കുന്നു' എന്ന ഒറ്റ അനൗൺസ്മെന്റ് മതി ജനം ഇരമ്പിയെത്തും. കുറിക്ക്കൊള്ളുന്ന നാടൻ ശൈലിയൽ നർമ്മം നിറച്ചാണ് പ്രസംഗം. എതിരാളികൾ പോലും ചിരിച്ചുപോകും. കടുപ്പമേറിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോൾ, മുസ്ലിം ലീഗ് ജനങ്ങളുമായി സംവദിക്കാൻ ഉപയോഗിച്ചത് ഹാജിയെ ആയിരുന്നു. എവിടെയും തനി നാടൻ ഉപമകളാണ് പ്രയോഗിക്കുക. തെരഞ്ഞെടുപ്പ് കാലത്ത് സീതി ഹാജിക്ക് ഒരു സെക്കൻഡ് വിശ്രമം ഉണ്ടാവില്ല. മലബാറിൽ മൊത്തം പ്രസംഗിക്കാൻ അദ്ദേഹം വേണം. അങ്ങനെ തമാശപറഞ്ഞ് പറഞ്ഞ് പറഞ്ഞ് അദ്ദേഹം ജീവിച്ചിരിക്കെ ഒരു കൾട്ടായി. സീതിഹാജി പറഞ്ഞതും പറയാത്തതുമെല്ലാം അദ്ദേഹത്തിന്റെ അക്കൗണ്ടിലായി.

80കളിലെ 'ട്വിന്റുമോൻ'

സൈബർ ലോകവും, ട്രോളന്മാരും ഒന്നും ഇല്ലാതിരുന്ന 80കളിൽ ഇന്നത്തെ ട്വിന്റുമോൻ ഫലിതങ്ങൾ പോലെയുള്ളവയൊക്കെ പ്രചരിച്ചത് ഹാജിയുടെ പേരിലായിരുന്നു. ഹോജാക്കഥകൾ പോലെ ഹാജിക്കഥകളും വലിയ തോതിൽ പ്രചരിച്ചു. തന്റെ പേരിൽ പ്രചരിക്കുന്ന തമാശകളോട് മറ്റുള്ളവരെപ്പോലെ ഒരിക്കലും സീതിഹാജി അസഹിഷ്ണുത കാട്ടിയില്ല. അദ്ദേഹം അവയെ പ്രോൽസാഹിപ്പിച്ചു. ആളുകളെ കാണുമ്പോൾ സീതിഹാജി ചോദിക്കും. 'എന്തൊക്കെയുണ്ടെടോ നമ്മുടെ പേരിലുള്ള പുതിയ കഥകൾ'. സർദാർജി കഥകളും നമ്പൂതിരി ഫലിതങ്ങളുമൊക്കെ ആളുകൾ സീതിഹാജി പറഞ്ഞപോലെ എന്ന് പറഞ്ഞ് പ്രയോഗിക്കാൻ തുടങ്ങി. മലയാളിയുടെ സൗഹൃദ സദസ്സുകളിലും, കാമ്പസുകളിലുമെല്ലാം സീതിഹാജിക്കഥകൾ ജനിച്ച് വളർന്ന് പന്തലിച്ചു.

തന്നെക്കുറിച്ച് താൻ പറയാത്ത തമാശകൾ ആളുകൾ പറയുന്നത് സീതിഹാജി നേരിട്ട് കേട്ടിട്ടുണ്ട്. ഒരു തീവണ്ടി യാത്രക്കിടെ സീതിഹാജിക്കഥ പറഞ്ഞ് ചിരിച്ചു ചിരിച്ചു വശംകെടുന്ന കോളജ് വിദ്യാർത്ഥികളെ അദ്ദേഹം പരിചയപ്പെട്ടു. തൊപ്പി വെക്കാത്തതുകൊണ്ട് കുട്ടികൾക്ക് ആളെ പിടികിട്ടിയില്ല. മാത്രമല്ല ഇന്നത്തെപ്പോലെ ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒന്നും ഇല്ലാത്തതിനാൽ നേതാക്കളുടെ മുഖവും അത്രക്ക് പരിചിതമായിരുന്നില്ല. കാപ്പി വാങ്ങിക്കൊടുത്ത് സൗഹൃദംകൂട്ടി സീതിഹാളി കുട്ടികളെക്കൊണ്ട്, സ്റ്റോക്കുള്ള കഥകൾ മുഴുവൻ പറയിച്ചു. പലതും ആദ്യമായി കേൾക്കുകയാണ്. ചിലത് തമാശ പോരെന്ന് മൂപ്പർ തന്നെ പറഞ്ഞു. പുതിയ കഥകൾ പിന്നെയും വന്നു. ''വിമാനം ലാന്റ് ചെയ്തു. യാത്രക്കാർ ഇറങ്ങാൻ തിടുക്കംകൂട്ടി. കോണി എത്തിയിട്ടില്ല. സീതി ഹാജിയാണ് മുന്നിൽ. എയർഹോസ്റ്റസ് പറഞ്ഞു. പ്ലീസ് വെയ്റ്റ്. ഉടൻ ഹാജിയാർ: ''പി. സീതി 72 കിലോ'' എന്നു പറഞ്ഞ് താഴോട്ട് ചാടി''- ഇക്കഥ കേട്ട സീതിഹാജി സമ്മതിച്ചു. ഇതു തരക്കേടില്ല.

ഇറങ്ങാൻ നേരമായിത്തുടങ്ങിയപ്പോൾ അദ്ദേഹം ചോദിച്ചു. കുട്ടികളേ നിങ്ങളീ സീതി ഹാജിയെ കണ്ടിട്ടുണ്ടോ? ഇല്ലെന്നു മറുപടി. ''എന്നാൽ ആ സീതി ഹാജി ഈ ഞാനാണ്.'' അമ്പരപ്പിനും ജാള്യത്തിനുമിടയിൽ ചമ്മി നിൽക്കുമ്പോഴും യുവാക്കളിൽ ആദരവ് നിറഞ്ഞു. എന്തൊക്കെയാ പറഞ്ഞത്? എന്നിട്ടും മറ്റാരെയോ കുറിച്ചുള്ള കഥപോലെ ചിരിച്ചാസ്വദിച്ചു കേട്ടിരുന്നു. അതായിരുന്ന സീതിഹാജി.

മഞ്ചേരിയിലെ വക്കീൽ രവീന്ദ്രനാഥ് ഇതുപോലൊരനുഭവം പറഞ്ഞിട്ടുണ്ട്. സീതി ഹാജി ഫലിതങ്ങൾ എന്ന പേരിൽ കഥകൾ കുറച്ചൊന്നുമല്ല ഇടതനുഭാവിയായ വക്കീൽ വകയായി പുറത്തുവന്നത്. കൊണ്ടോട്ടി എംഎൽഎ എന്ന നിലയിൽ സീതിഹാജിയുടെ മാധ്യസ്ഥ്യത്തിനെത്തിയ കേസിൽ ഒരു ഭാഗത്ത് വക്കീലുണ്ടായിരുന്നു. അദ്ദേഹം പേര് പറഞ്ഞു പരിചയപ്പെടുത്തി. ഉടൻ പൊട്ടിച്ചിരിച്ചുകൊണ്ട് സീതിഹാജി പറഞ്ഞു. എന്നെക്കുറിച്ച് കഥകളുണ്ടാക്കുന്ന വക്കീലല്ലേ? എന്നിട്ട് അദ്ദേഹം ചോദിച്ചു: 'എന്താണ് നിങ്ങളുടെ ഗ്രീവൻസ്?' വക്കീൽ പറയുന്നു-'' ഞാൻ അമ്പരന്നു. ഒരു വിവരവുമില്ലാത്ത ആളായാണ് അദ്ദേഹത്തെ കഥാപാത്രമാക്കാറുള്ളത്. പക്ഷേ ഇവിടെ ആവലാതി സംബന്ധിച്ച് കിറുകൃത്യമായ ഇംഗ്ലീഷ് പദമാണ് സീതിഹാജി പ്രയോഗിച്ചത്''

സീതി ഹാജിയെക്കുറിച്ച് കേട്ട ചില തമാശകൾ ഇങ്ങനെയാണ്. ഒരിക്കൽ കേരള യൂണിവേഴ്സിറ്റിക്കരികിലൂടെ സീതി ഹാജി സഞ്ചരിക്കുമ്പോൾ 'ഹിസ്റ്ററി കോൺഗ്രസ്സ്'' എന്ന ബോർഡ് കണ്ടു. പിന്നീട് എ.കെ. ആന്റണിയെക്കണ്ടപ്പോൾ ചോദിച്ചുവത്രെ 'നിങ്ങളെ കോൺഗ്രസ്സ് പിന്നെയും പിളർന്നു അല്ലെ?' എന്ന്. ഇന്ദിരാഗാന്ധി കേരളത്തിൽ വന്നപ്പോൾ 'ആർ യൂ സീതി ഹാജി' എന്ന് അവർ പറഞ്ഞപ്പോൾ 'അറിയാമോ എന്നോ നെഹ്റുവിന്റെ മകൾ ഇന്ദിര അല്ലെ?' എന്ന് തിരിച്ചു ചോദിച്ചതായി തമാശ. എം വിആറുടെ കൂടെ അണ്ടർവെയർ വാങ്ങിയ കഥ, വീതി കുറഞ്ഞ പാലത്തിലൂടെ എതിരെ വന്ന വണ്ടിക്കാരന് മുമ്പിൽ വൈപ്പറിട്ട് സൂചന നൽകിയ കഥ, പച്ചയോടുള്ള പ്രണയത്താൽ വത്തക്കയുടെ പുറംതോട് കഴിച്ചത്, റെയിൽവെ സ്റ്റേഷനിലെ പച്ചക്കൊടികണ്ട് സന്തോഷിച്ചത്, എയർ പോർട്ടിൽ അറൈവൽ എന്ന് എഴുതിയത് അരിവാൾ എന്ന് വായിച്ച് ഇവിടെയും മാർകിസ്റ്റുകാരെ പുകഴ്‌ത്തുന്നോ എന്ന് ക്ഷോഭിച്ചത്... അങ്ങനെ എത്രയെത്ര സീതിഹാജി കഥകൾ. ഡാമിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാമെന്നും പുറത്തു വരുന്ന വെള്ളം കൊണ്ട് കൃഷി നടത്താമെന്നും ഒരു മന്ത്രി പറഞ്ഞപ്പോൾ സീതിഹാജി ഇങ്ങനെ തിരിച്ചടിച്ചുവെന്നവണ് മറ്റൊരു കഥ. ''ബേണ്ടാ, ബേണ്ടാ.. കറന്റേടുത്ത് ബരണ മോശം വെള്ളം ഞമ്മക്ക് ബേണ്ട.''

ചന്ദ്രിക ദിനപത്രത്തിന്റെ ആധുനികവൽക്കരണത്തിന് അടിത്തറ പാകിയ ഡയറക്ടർ ഇൻചാർജകൂടിയായിരുന്നു സീതിഹാജി. ചന്ദ്രിക അച്ചുപെറുക്കിയെടുത്ത് അച്ചടിക്കുന്ന കാലം. ഫോട്ടോയും വാർത്തയും അവ്യക്തമാണെന്നു പറഞ്ഞ് ഒരു പ്രവർത്തകൻ ശക്തമായ വിമർശനമുന്നയിച്ചു. സീതി ഹാജി മറുപടി പറഞ്ഞു ''കഴിഞ്ഞ ദിവസം 'സീത ഹാജി' എന്നാണ് എന്റെ പേര് അച്ചടിച്ചുവന്നത്. അന്വേിച്ചപ്പോൾ പറഞ്ഞു. അവിടെ സീതി എന്ന് ഇടാൻ 'വള്ളി' തികഞ്ഞില്ല, തീർന്നുപോയി എന്ന്.''

നിയമസഭയിലെയും ചിരിക്കുടുക്ക

നിയമസഭയിലും അക്ഷരാർഥത്തിൽ ചിരിക്കുടക്കയായിരുന്ന സീതിഹാജി. നർമ്മത്തിൽ ചാലിച്ച് ഒരുളക്ക് ഉപ്പേരി പറയുമായിരുന്നെങ്കിലും, എതിർപാർട്ടിയിലെ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദം ആയിരുന്നു.

ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലം. നായനാരാണെങ്കിൽ ഒരുകെട്ട് ഇംഗ്ലീഷ് പത്രങ്ങളുമായി ഒരു ഒന്നൊന്നര വരവാണ്. തന്റെ വാദഗതികൾ സമർത്ഥിക്കാൻ അദ്ദേഹം ഓരോ പത്രത്താളുകളും മറിച്ച് പിന്നെ ഒരു ഉദ്ധരണികളാണ്; 'വാഷിങ്ടൺ പോസ്റ്റിൽ ഇതു കണ്ടോടോ, ന്യൂയോർക്ക് ടൈംസിൽ അതു കണ്ടോടോ, ടൈംസ് ഓഫ് ഇന്ത്യ വായിക്കണം. അതിനൊക്കെ ഇംഗ്ലീഷിൽ വിവരം വേണമെടോ.' നായനാർ ഇത്രയും പറഞ്ഞുതീരും മുമ്പ് ലീഗിലെ പി സീതി ഹാജി ചാടിയെണീറ്റു. നോട്ടം നായനാരിലേക്കല്ല. പ്രതിപക്ഷ നേതാവ് കെ കരുണാകരനിലേക്ക്. 'ലീഡറേ, ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നത് നിങ്ങളുടെ ഗാന്ധിജിയും നെഹ്രുവും മൗലാനാ ആസാദും രാജേന്ദ്രപ്രസാദും ഒക്കെ ചേർന്നല്ല. ഞാനും നായനാരും ചേർന്നാണ് . ഞങ്ങൾ രണ്ടുപേരും ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങിയതോടെ ഇനി ഇവിടെ നിന്നാൽ ശരിയാവില്ലെന്നു പറഞ്ഞ് ബ്രിട്ടീഷുകാർ നാട്ടിലേക്ക് പാഞ്ഞുവെന്നല്ലേ ചരിത്രം. അല്ലേ നായനാരേ!' സീതി ഹാജി പറഞ്ഞുനിർത്തിയതോടെ സഭ കൂട്ടച്ചിരിയിൽ ആറാടി.
എന്റെ വിദ്യാഭ്യാസം എൽ.പി (ലോകപരിചയം) മാത്രമാണെന്ന് തുറന്നു സമ്മതിക്കുന്ന സീതിഹാജി, ഇന്റർമീഡിയറ്റുള്ള നായനാരെക്കുറിച്ച് ഇതു പറഞ്ഞപ്പോൾ ആർത്തു ചിരിച്ച കൂട്ടത്തിൽ ആ മുഖ്യമന്ത്രിയുമുണ്ടായിരുന്നു. നായനാരുമായി എക്കാലവും നല്ല ബന്ധമായിരുന്നു സീതിഹാജിക്ക്. ഇപ്പോഴത്തെ സഭയിൽ ഇത്തരമൊരു തമാശ പോരേ കൂട്ടയടിക്ക്.

പുത്രൻ ബഷീർ പ്രതിയായ ഗിൽഡ് സിമന്റ് കേസിനെപ്പറ്റിയുള്ള ചൂടേറിയ ചർച്ചക്കിടെ നിയമസഭയിൽ ടി.കെ.ഹംസ സീതി ഹാജിയോട്, ഗിൽഡ് സിമന്റ് കേസിലെ ഒന്നാം പ്രതിയുടെ പേരെന്താണ് എന്ന് ചോദിച്ചു. മറുപടി സീതി ഹാജിയുടെ കൈയിൽനിന്ന് പോയി. 'ബാപ്പയോട് ചോദിക്ക്' എന്നാണ് അദ്ദേഹത്തിന്റെ വായിൽനിന്ന് വീണത്. ടി കെ ഹംസയുടെ തന്തക്ക് വിളിച്ചു എന്ന് പറഞ്ഞ് സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷം ബഹളംവെച്ചു. സഭാ രേഖയിൽ നീക്കംചെയ്താൽ മാത്രം പോരാ, മെമ്പർ മാപ്പു പറയുകയും വേണം. പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി കരുണാകരൻ സീതിഹാജിയെ ഒരുവിധം അനുനയിപ്പിച്ച് ഒരു വിശദീകരണം നൽകാമെന്നിടത്ത് എത്തിച്ചു. പിറ്റേന്ന് 'മാപ്പ്' പ്രതീക്ഷിച്ചിരുന്ന സഭയിൽ സീതി ഹാജി എഴുന്നേറ്റുനിന്നു പറഞ്ഞു: 'ഞാൻ ഇന്നലെ പറഞ്ഞതിൽ ഒരു തെറ്റുമില്ല.' വീണ്ടും കുഴപ്പത്തിലേക്കായോ എന്ന് ഭരണപക്ഷം ബേജാറായി. സീതി ഹാജി തുടർന്നു. 'ബാപ്പ എന്നാൽ ഇംഗ്ലീഷിൽ ഫാദർ ആണ്. ഗിൽഡ് കേസിലെ ഒന്നാം പ്രതി ഫാദർ ഇഗ്നേഷ്യസ് ആണ്. അയാളോട് ചോദിക്കാനാണ് ഞാൻ പറഞ്ഞത്.'- ഇതോടെ സഭയിലെ സംഘർഭരിതമായ അന്തരീക്ഷം ആവിയായി. ടി കെ ഹംസയടക്കമുള്ള സകലരും ചിരിച്ചു. ഇതായിരുന്ന സീതിഹാജിയുടെ മാജിക്ക്. ഇന്നാണെങ്കിൽ സഭയിൽ എന്തൊല്ലാം സംഭവിക്കുമെന്ന് ഒന്ന് ഓർത്തുനോക്കുക.

വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. ചന്ദ്രശേഖരൻ ഒരിക്കൽ സഭയിൽ പറഞ്ഞു: ചത്ത കുതിര എന്നു വിളിച്ച നെഹ്റുവിന്റെ പാർട്ടിയുടെ കൂടെ ഇരിക്കേണ്ട ഗതികേട് നിങ്ങൾക്കുണ്ടാവാൻ പാടില്ല എന്ന്. ഉടൻ സീതി ഹാജി തിരിച്ചടിച്ചു. ''ചത്ത കുതിര എന്നുള്ളത് ഓടുന്ന ഒട്ടകമായി പ്രഖ്യാപിച്ചുകൊണ്ടുവന്ന പാർട്ടിയോടൊപ്പമാണ് ഞങ്ങൾ നിൽക്കുന്നത്. നിങ്ങൾക്കങ്ങനെ തിരുത്തിക്കാൻ കഴിഞ്ഞിട്ടില്ല. ''

താനും സി എച്ച് മുഹമ്മദുകോയയും കൂടി ലണ്ടനിൽ പോയ കഥയും സീതിഹാജി സഭയിൽ തമാശയായി പറഞ്ഞിരുന്നു. 'തിരിച്ചെത്തി ഞാനും സി എച്ച് സാഹിബും മാനാഞ്ചിറ മൈതാനം വഴി നോക്കുമ്പോൾ ചുറ്റും പോസ്റ്റർ പ്രളയം. 'മണ്ടന്മാർ ലണ്ടനിൽ' എന്നെഴുതിയ പോസ്റ്റർ. ഞങ്ങളൊന്ന് ലണ്ടനിൽ പോയതിന് ഇത്തരം പോസ്റ്റർ വേണമായിരുന്നോ സർ. ഇതുകേട്ട് തലയറഞ്ഞു ചിരിച്ചത് സി എച്ച്. 'മണ്ടന്മാർ ലണ്ടനിൽ' എന്ന സിനിമ ഇറങ്ങിയ കാലമായിരുന്നു അത്

അതുപോലെ ലോനപ്പൻ നമ്പാടനും സീതിഹാജിയും തമ്മിലുള്ള കോമ്പോയും പലപ്പോഴും നിയസഭയിൽ ചിരി പരത്തി. സീതിഹാജി എറണാകുളം ലൈൻ ബസ്സിൽ ടിക്കറ്റെടുത്ത കഥ നമ്പാടൻ ഉണ്ടാക്കിയതാണ്. മേനക, പത്മ, ഷേണായീസ്, ശ്രീധർ, ദീപ, കവിത, സരിത, ലിസി, എന്നീ പേരുകൾ പറഞ്ഞ് യാത്രക്കാർ ഓരോരുത്തർ ടിക്കറ്റെടുക്കുമ്പോൾ 'ഒരു സീതിഹാജി' എന്നുപറഞ്ഞ് ടിക്കറ്റെടുത്തത്രേ. എന്തായാലും നമ്പാടൻ മാഷിന്റെ നർമ്മം സീതിഹാജി ശരിക്കും ആസ്വദിച്ചിരുന്നു. നല്ല സുഹൃത്തുക്കളുമായിരുന്നു അവർ.

ഗൗരവമായ പ്രസംഗങ്ങളും ഒട്ടേറെ

പുസ്തകങ്ങൾ വായിച്ചും ബി.ബി.സി. വാർത്ത കേട്ടും അറിയാത്തത് ചോദിച്ചറിഞ്ഞും അറിവ് നേടുകയും 'എനിക്ക് നിങ്ങളെപോലെ വിവരമൊന്നുമില്ല' എന്ന് തുറന്നുപറയുകയും ചെയ്ത പച്ചമനുഷ്യനായിരുന്നു സീതി ഹാജി. കേവലം തമാശകൾ മാത്രമല്ല അതി ഗൗരവകരമായ പല പ്രസംഗങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അവയിൽപ്പെട്ടതാണ് സംവരണ വിഷയത്തിലെ പ്രസംഗം. സീതിഹാജി പറഞ്ഞത് ഏതാണ്ട് ഇങ്ങനെയായിരുന്നു ''ഉദ്യോഗം വേണമെന്ന് ഞങ്ങൾ പിന്നാക്കക്കാർ ആവശ്യപ്പെടുമ്പോൾ, അത് ശമ്പളം വാങ്ങാനാണെന്ന് നിങ്ങളാരും തെറ്റിദ്ധരിക്കരുത്. ഒരു ഐ.എ.എസ് കാരനോ, ഐ.പി.എസോ വാങ്ങുന്ന വലിയതെന്ന് നിങ്ങൾ കരുതുന്ന ശമ്പളമുണ്ടല്ലോ, അപ്പറഞ്ഞ ശമ്പളത്തിന്റെ ഇരട്ടിയോ അതിലധികമോ ഈ പറഞ്ഞ പിന്നാക്കക്കാരൻ ഒരു കുട്ടമീൻ കൊണ്ടോട്ടി അങ്ങാടിയിൽ കൊണ്ടുപോയി വിറ്റാൽ കിട്ടും. അതുകൊണ്ട് ഞങ്ങൾ സംവരണം ചോദിക്കുമ്പോൾ ലക്ഷ്യമാക്കുന്നത് അധികാരപങ്കാളിത്തമാണെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്.''- കുറിക്ക് കൊള്ളുന്നതായിരുന്ന ആ പ്രസംഗം.

വനങ്ങളുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ, ശാസ്ത്രജ്ഞരുള്ള വേദിയിൽ സീതിഹാജി പ്രസംഗിച്ചു: ''തേക്ക്, ഈട്ടി തുടങ്ങിയ വിലയേറിയ മരങ്ങൾ കൊണ്ട് സാധാരണക്കാരന് വീട് നിർമ്മിക്കാനാവില്ല. അതുകൊണ്ട് സർക്കാരിന്റെ കൈവശമുള്ള പതിനായിരക്കണക്കിന് ഹെക്ടർ വനങ്ങളിൽ മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണം. കുറഞ്ഞ വിലക്ക് തടി ലഭിക്കുന്നതിനൊപ്പം ജനങ്ങൾക്കും വനത്തിലെ പക്ഷിമൃഗാദികൾക്കും ഫലങ്ങൾ ഭക്ഷ്യ വസ്തുവായിത്തീരും. മരങ്ങളിൽ കുരുമുളകും വച്ചുപിടിപ്പിക്കുക. സർക്കാരിന് വൻതോതിൽ വിദേശനാണ്യം നേടാനും ഇതുകൊണ്ട് കഴിയും.'െൈ'പമ്രറി വിദ്യാഭ്യാസം മാത്രമുള്ള സാധാരണക്കാരനായ പൊതുപ്രവർത്തകന്റെ നിർദ്ദേശങ്ങൾ കേട്ട് ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉന്നതർ ഉൾപ്പെട്ട സദസ്സ് അത്ഭുതപ്പെട്ടുപോയി എന്നായിരുന്നു വാർത്ത.

അതുപോലെ തന്നെ വിദ്യാഭ്യാസത്തെക്കുറിച്ച് നിയമസഭയിൽ ഒരു ചർച്ച നടക്കുമ്പോൾ വികാരധീനായി സീതിഹാജി പ്രസംഗിച്ചതും ചരിത്രമായി. '' മഴചെയ്യുമ്പോൾ കുടയില്ലാത്തതിനാൽ കയറി നിൽക്കാൻ പോലും ഞങ്ങൾക്ക് സ്‌കൂൾ ഉണ്ടായിരുന്നില്ല.'' എന്ന് പറഞ്ഞ് മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും താൻ അനുഭവിച്ച വിഷമങ്ങളുമൊക്കെ ഹാജി വികാരപരമായാണ് സംസാരിച്ചത്. അതുകൊണ്ടുതന്നെ സീതിഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ ഇന്ന് പലരും പഠിക്കുന്നുണ്ട്. താൻ ആദ്യമായി എംഎൽഎ ആയി തിരുവനന്തപുരത്ത് എത്തിയപ്പോൾ, ബാപ്പയുടെ നിയമസഭാ പ്രസംഗങ്ങൾ റഫർ ചെയ്യണമെന്ന്, അന്നത്തെ സ്പീക്കർ ജി കാർത്തികേയൻ ഓർമ്മിപ്പിച്ച കാര്യം, സീതിഹാജിയുടെ മകനും എടവണ്ണ എംഎൽഎയുമായി പി കെ ബീഷർ പറയാറുണ്ട്.

'എന്റെ കുട്ടികളെ തൊട്ടാൽ ചുടും ഞാൻ'

നർമ്മമാണ്, പതിവ് രീതിയെങ്കിലും ചിലപ്പോഴൊക്കെ അതി വൈകാരികമായി പ്രസംഗിച്ച ചരിത്രവും സീതിഹാജിക്ക് ഉണ്ട്. അറബി ഭാഷാസമരത്തിനു നേരെ മലപ്പുറത്ത് മൂന്നു യുവാക്കൾ പൊലീസ് വെടിവെപ്പിൽ മരിച്ച കാലം. ഇരുപതിൽപരം യുവാക്കൾക്ക് മാരകമായി പരിക്കേറ്റു. ക്രൂരമർദ്ദനമേറ്റ നൂറുകണക്കിനു പേർ വേറെ. 'കണ്ടാലറിയുന്ന' ആറായിരത്തോളം പേർക്കെതിരെ കള്ളക്കേസ്. പൊലീസ് ഭീകരത നിലനിൽക്കുന്ന സമയം. ഗൾഫ് പ്രവാഹത്തിന്റെ ആരംഭഘട്ടമാണ്. പാസ്പോർട്ട് തടഞ്ഞും കേസിൽ പെടുത്തിയും പലരുടെയും യാത്ര മുടങ്ങുന്നു. ജീവിതം വഴിമുട്ടിപ്പോവുകയാണ്. സ്ഥിതിഗതികൾ പിടിവിടുന്നുവെന്നുറപ്പായിത്തുടങ്ങി.

യൂത്ത്ലീഗ് പ്രവർത്തകരെ തേടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് തെരച്ചിൽ ശക്തമാക്കി. വെടിവെയ്‌പ്പിന് നേതൃത്വം നൽകിയ പെരിന്തൽമണ്ണ ഡിവൈഎസ് പി. തന്നെയാണ് ഈ വേട്ടക്കും നേതൃത്വം നൽകുന്നത്. അതോടെ സീതിഹാജി രംഗത്തെത്തി. അതേ ഡിവൈഎസ്‌പിയും യുദ്ധസജ്ജമായ പൊലീസ്, അർധസൈനിക വ്യൂഹവും കേട്ടുനിൽക്കവേ ഹാജി പറഞ്ഞു. ''ഡിവൈ.എസ്‌പിയെ കൊന്നാലും വകുപ്പ് 302 ആണ്. ഡിവൈ.എസ്‌പിക്കു വെടിവെക്കാൻ മേലധികാരിയുടെ ഉത്തരവു വേണ്ടിവരും. എന്നാ പത്തായക്കോടന്റെ തോക്കിനതു വേണ്ട. ഓർത്തു നടന്നോ. ഇനി എന്റെ കുട്ടികളെ തൊട്ടാൽ ചുടും ഞാൻ'. സീതി ഹാജിയുടെ പ്രസംഗം അന്ന് ഏവരയെും ഞെട്ടിക്കുന്നതായിരുന്നു.

സീതി ഹാജിയുടെ വാക്കുകൾ അതിരു കടക്കുന്നുവെന്നും അതിന്റെ റിപ്പോർട്ട് തയ്യാറാക്കി അയക്കണമെന്നുമുള്ള ആഭ്യന്തരവകുപ്പ് നിർദ്ദേശത്തിന്റെ പകർപ്പ് ഉയർത്തിക്കാട്ടി സീതിഹാജി വിളിച്ചുപറഞ്ഞു: ''പത്തായക്കോടന്റെ നാവിന് ചങ്ങലയിടാമെന്ന് ആരും കരുതേണ്ട. എന്നെ തടുക്കാമെന്നും. എന്റെ പ്രസംഗം മുഴുവൻ എഴുതിയെടുത്തുകൊണ്ടുപോയിക്കൊടുക്ക്. എന്തു വരുമെന്നു കാണട്ടെ.'' മറ്റു നേതാക്കൾ പലരും അദ്ദേഹത്തോട് സൂചിപ്പിച്ചു. ഇത്രയും കടന്ന് പറയണോ? 'നിങ്ങളാരും പറയണ്ട, പത്തായക്കോടന് ബെല്ലും ബ്രേക്കുമില്ല, പറയാനുള്ളത് പറയും. അതിന് വരുന്നത് വരും. ഇതു പത്തായക്കോടന്റെ ഒറ്റമൂലിയാണ്'- തന്നെ വീട്ടുപേരായ പത്തായക്കോടൻ എന്ന പറഞ്ഞാണ് സീതി ഹാജി സ്വയം അഭിസംബോധന ചെയ്യാറുണ്ടായിരുന്നത്.

വ്യക്തിഹത്യകളും ഒട്ടേറെ

സീതിഹാജിയുടെ ജീവിത്തിൽ ഉണ്ടായ 99 ശതമാനം തമാശകളും സത്യത്തിൽ അദ്ദേഹം പറയാത്തതാണ്. എന്നാൽ ഒരു വലിയ അബദ്ധം അദ്ദേഹം പറയുകയും ചെയ്തു. വന നശീകരണത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ, 'മഴ ചെയ്യുന്നത് മരങ്ങൾ ഉള്ളതുകൊണ്ടാണെന്ന് പറയാൻ കഴിയില്ലെന്നും, അങ്ങനെയാണെങ്കിൽ കടലിൽ മഴചെയ്യുമോ' എന്ന ഹാജിയുടെ ചോദ്യം വല്ലാതെ പരിഹസിക്കപ്പെട്ടു. ഇതിന്റെ പേരിൽ മാത്രം അദ്ദേഹം ഒരു പരിസ്ഥിതി വിരുദ്ധനാക്കി ചിലർ ചിത്രീകരിച്ചു. പക്ഷേ യാഥാർഥ്യം അതായിരുന്നില്ല. വെള്ളത്തിലും, ചെളിയിലും, മരങ്ങൾക്കിടയിലും, അധ്വാനിച്ച് വളർന്ന സീതിഹാജിക്ക് പരിസ്ഥിതിയുടെ പ്രധാന്യം മറ്റാരേക്കാൾ നന്നായി അറിയാമായിരുന്നു. അതുപോലെ തന്നെ നിയസഭയിൽ മുണ്ടുപൊക്കിക്കാട്ടി എന്ന വ്യാജ ആരോപണവും എതിരാളികൾ ഉന്നയിച്ചു.

പക്ഷേ സീതിഹാജി തന്റെ ജീവിത കഷ്ടപ്പാടുകളും മറ്റും ഉദാഹരിച്ച്, 'ബ്ലാക് ഹ്യൂമർ' എന്നറിയപ്പെടുന്ന 'കറുത്ത ഹാസ്യമാണ്' പലപ്പോഴും പറഞ്ഞത്. ചിരിക്കാനും അതിലേറെ ചിന്തിപ്പിക്കാനുമാണ് അത് വഴിയൊരുക്കിയത്. പക്ഷേ ക്രമേണെ ഈ തമാശകളുടെ സ്വഭാവം മാറി. അവ അഡൾട്ട് കോമഡി പോലെ ആയി. ഇന്നത്തെ വാട്സാപ്പ് കോമഡികൾപോലെ പല അശ്ളീല കഥകളും സീതിഹാജിയുടെ പേരിൽ ഇട്ട് പ്രചരിപ്പിക്കുക, അന്നത്തെ ഇടതുപക്ഷ ചെറുപ്പക്കാരുടെ ഹോബിയായിരുന്നു. സീതിഹാജിയും കരുണാകരനും ചേർന്ന് ചുവന്ന തെരുവ് സന്ദർശിച്ചതുതൊട്ടുള്ള എത്രയോ അശ്ളീല കഥകൾ.

പലതും ഒരു ഒരു സമുദായത്തെ മൊത്തം ആക്ഷേപിക്കുന്ന രീതിയിലേക്കും മാറി. സീതി ഹാജി ഫലിതങ്ങൾ ഒരുവേള ഫലിതത്തിന്റെ നൈർമല്യവും മര്യാദയും വിട്ട് അസംബന്ധവും അശ്ലീലവുമായി. എവിടെയൊക്കെയോ ഏതെല്ലാമോ കാലങ്ങളിൽ സംഭവിച്ചതുമായ സംഭവിച്ച കാര്യങ്ങളെ ഒറ്റവ്യക്തിയിലേക്ക് സമാഹരിക്കുക എന്നതായിരുന്നു ഇവയുടെ പൊതു സ്വഭാവം. സീതിഹാജി അന്തരിച്ചിട്ടും അദ്ദേഹത്തെ ഒട്ടും അറിയാത്തവർ പോലും അദ്ദേഹത്തിന്റെ പേരിലുള്ള അശ്ളീല തമാശകൾ പറഞ്ഞു രസിച്ചു. ഇന്നും രസിക്കുന്നു. പക്ഷേ അവരിൽ പലരും സീതിഹാജിയെന്ന മനുഷ്യസ്നേഹിയെക്കുറിച്ചും, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഏവരുമായി ബന്ധം പുലർത്തിയ നേതാവിനെക്കുറിച്ചും അറിവുണ്ടാവില്ല.

ഏറ്റവും അപ്ഡേറ്റായ മനുഷ്യൻ

പക്ഷേ സീതിഹാജിയുടെ മകൻ പി. ഷംസുദ്ദീൻ പറയുന്നത് കാലത്തിന് മുമ്പേ നടന്ന വ്യക്തിയായിരുന്നു തന്റെ പിതാവ് എന്നാണ്. ''ഏറ്റവും അപ്ഡേറ്റായ മനുഷ്യനായിരുന്നു അദ്ദേഹം. എറ്റവും നല്ല ഷർട്ട്. വാച്ച്, എറ്റവും നല്ല പെർഫ്യൂം എന്നിവയാണ് ധരിക്കുക. വാപ്പയേക്കാൾ നല്ല സാമ്പത്തികശേഷിയുള്ള ആളുകൾ നാട്ടിൽ ഉണ്ടെങ്കിലും അവരേക്കാൾ സ്റ്റാൻഡേർഡായി നടക്കും. എത്രയോ വർഷങ്ങൾക്ക് മുമ്പ് വീടുവെച്ചപ്പോൾ, അറ്റാച്ച്ഡ് ബാത്തുറുമും, ഷവർ, ഹീറ്റർ, വാഷ്ബേസിൻ തുടങ്ങിയ എല്ലാ
ആധുനിക സൗകര്യങ്ങളും അതിൽ ഉണ്ടായിരുന്നു. അന്ന് അതൊന്നും ചിന്തിക്കാൻ പറ്റാത്ത കാലം ആയിരുന്നു''.

അതുപോലെ തന്നെ കടുത്ത ഫുട്ബോൾ കമ്പക്കാരനും ആയിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് അദ്ദേഹത്തിന് ശരിക്കും ഒരു വികാരം അയിരുന്നു. മനോരമ ന്യുസിന് അനുവദിച്ച അഭിമുഖത്തിൽ മകൻ ഷംസുദ്ദീൻ ഇങ്ങനെ പറയുന്നു. '' എടവണ്ണയിലെ ഞങ്ങളുടെ വീടിന് പിറകിൽ കുറേ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ടായിരുന്നു. അവർ സ്ഥിരമായി പന്തടിച്ച് വീടിന്റെ ജനൽ ചില്ലുകളും മറ്റും തകർക്കും. ഒരിക്കൽ സീതിഹാജി അവരെ നേരിട്ട് പിടികൂടി. അദ്ദേഹം ദേഷ്യപ്പെട്ടപ്പോൾ കുട്ടികളിൽ ഒരാൾ പറഞ്ഞു, ഞങ്ങൾ ലീഗ് ഫുട്ബാളാണ് കളിക്കുന്നത്. ലീഗ് എന്ന പേര് കേട്ടതോടെ അദ്ദേഹം അയഞ്ഞു. പന്ത് തിരിച്ചുകൊടുത്തു.''

നിയമസഭയിൽ രൂക്ഷമായി വിമർശിച്ച എതിരാളിയെ പുറത്തു കാണുമ്പോൾ തോളിൽ കയ്യിട്ടു നടക്കുന്ന സൗഹൃദമായിരുന്നു സീതിഹാജിയുടേത്. എറ്റവും കൂടുതൽ എറ്റുമുട്ടിയ എം വി രാഘവൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. അവസാനനാളുകളിൽ കാൻസർ ബാധിതനായ ഹാജിക്ക് ഡോക്ടറെ കൊണ്ടുവരുന്ന കാര്യത്തിലൊക്കെ എം വി ആർ മുൻകൈ എടുത്തു. നായനാർ അടക്കമുള്ള സിപിഎമ്മിലെ മിക്ക നേക്കളുമായി സീതിഹാജിക്ക് അടുത്ത ബന്ധമായിരുന്നു.

നർമ്മം മറന്ന എന്തിനും കടിപിടികൂടുന്ന ഇന്നത്തെ നിയമസഭാംഗങ്ങളെ ഓർക്കുമ്പോൾ സീതിഹാജിയെപ്പോലുള്ളവരെക്കുറിച്ചുള്ളവരുടെ മതിപ്പ് കൂടുന്നത്. പണ്ടൊക്കെ നിയമസഭാസമ്മേളനങ്ങൾ നടക്കുമ്പോൾ സഭാംഗങ്ങൾ ഇതുപോലെ ബലം പിടിച്ചിരിക്കാറില്ല. തര്യതു കുഞ്ഞിത്തൊമ്മനും ജോസഫ് ചാഴിക്കാടനും തോപ്പിൽ ഭാസിയും കൊളാടി ഗോവിന്ദൻകുട്ടിയും മുതൽ ഇങ്ങ് , ലോനപ്പൻ നമ്പാടനും, ഇ കെ നായനാരും സീതി ഹാജിയും വരെ നീണ്ടുകിടന്ന ഫലിതപ്രിയന്മാരുടെ വംശം കുറ്റിയറ്റുപോയ അവസ്ഥയാണിപ്പോൾ. ഡസ്‌കിലടി, നടുത്തളത്തിലിറങ്ങൽ, പ്രതിഷേധ ബാനറുകൾ, അപസ്വരങ്ങൾ, മുദ്രാവാക്യങ്ങൾ തുടങ്ങിയ കലാപരിപാടികളിലൂടെ ഞരമ്പു ത്രസിപ്പിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ സഭയിൽ കാണാൻ കഴിയുക.

ഫേസ്‌ബുക്കിലും വാട്സ്ആപ്പിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും കിടിലൻ തമാശകൾ പറയുന്ന യുവ എംഎൽഎമാർക്കുപോലും സഭയിലെത്തിയാൽ ഫലിതം പറയാൻ ഒരു ജാള്യതയാണ്. നന്നായി നർമ്മം പറയാൻ കഴിയുന്ന നടൻ മുകേഷ് പോലും അച്ചടി ഭാഷയിൽ സംസാരിക്കുന്നു. എന്തിന് സീതിഹാജിയുടെ മകൻ പി കെ ബഷീർ പോലും സംസാരിക്കുന്നത് കേട്ടിട്ടിട്ടില്ലേ. നമ്മുടെ നിയമസഭ ഫലിതവും വ്യക്തിബന്ധങ്ങളും മറന്നുപോയ മട്ടാണ്. അവിടെയാണ് സീതിഹാജിയെപ്പോലുള്ളവരുടെ പ്രസക്തിയും.

വാൽക്കഷ്ണം: ശ്വാസകോശത്തിന് അർബുദം ബാധിച്ച് സീതിഹാജിക്ക് വിദഗ്ധ ഡോക്ടർമാർ മൂന്ന് മാസത്തെ ആയുസാണ് വിധിച്ചത്. എന്നാൽ മൂന്ന് മാസം കഴിഞ്ഞപ്പോൾ, 'ഞാൻ മരിച്ചിട്ടില്ല എന്ന് ആ ഡോക്ടറെ വിളിച്ചു പറയൂ' എന്ന് സീതി ഹാജി മക്കളോട് പറഞ്ഞു. കൂടിയിരുന്നവരിൽ അൽപ്പം ചിരി പരന്നു. അവസാന നിമിഷവും ഫലിതം പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിച്ച് യാത്രയാവുക എന്നത് എത്ര വലിയ കാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP