Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിക്കാൻ പറ്റിയ ലോകത്തെ ഏറ്റവും നല്ല നഗരങ്ങൾ വിയന്നയും കോപ്പൻഹേഗനും, സൂറിച്ചും; മെൽബണും ഒസാക്കയും ഒഴിച്ചാൽ ആദ്യ പത്ത് നഗരങ്ങളും യൂറോപ്പിലും കാനഡയിലും ഉള്ളവ; ടെഹ്റാനും കറാച്ചിയും ഡാക്കയും അടങ്ങുന്ന ഏറ്റവും മോശം നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരങ്ങളില്ല

ജീവിക്കാൻ പറ്റിയ ലോകത്തെ ഏറ്റവും നല്ല നഗരങ്ങൾ വിയന്നയും കോപ്പൻഹേഗനും, സൂറിച്ചും; മെൽബണും ഒസാക്കയും ഒഴിച്ചാൽ ആദ്യ പത്ത് നഗരങ്ങളും യൂറോപ്പിലും കാനഡയിലും ഉള്ളവ; ടെഹ്റാനും കറാച്ചിയും ഡാക്കയും അടങ്ങുന്ന ഏറ്റവും മോശം നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരങ്ങളില്ല

മറുനാടൻ മലയാളി ബ്യൂറോ

ലോകത്ത് സമാധാനത്തോടും സന്തോഷത്തോടും ജീവിക്കാൻ ഏറ്റവും സൗകര്യമുള്ള നഗരമായി ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന തിരഞ്ഞെടുക്കപ്പെട്ടു. ദി എക്കണോമിസ്റ്റിന്റെ റാങ്കിംഗിൽ കോപ്പൻഹേഗനും സൂറിച്ചും തൊട്ടു പുറകെ തന്നെയുണ്ട്. എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ 2022-ലെ ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സിൽ, ജീവിക്കാൻ സൗകര്യമുള്ള നഗരങ്ങളുടെ പട്ടികയിൽ ഏറെയും പശ്ചിമ യൂറോപ്യൻ നഗരങ്ങളും കനേഡിയൻ നഗരങ്ങളുമാണ്.

യൂറോപ്പിനും കാനഡയ്ക്കും പുറത്ത് രണ്ട് നഗരങ്ങൾ മാത്രമാണ് ഈ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം കണ്ടെത്തിയത്, ജപ്പാനിലെ ഒസാക്കയും ആസ്ട്രേലിയയിലെ മെൽബോണും. കുറ്റകൃത്യ നിരക്ക്, ആരോഗ്യ സംരക്ഷണ സംവിധാനം, രാഷ്ട്രീയ സ്ഥിരത, അടിസ്ഥാന സൗകര്യങ്ങൾ, ഹരിതഭൂമി തുടങ്ങി നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എക്കണോമിസ്റ്റ് 172 നഗരങ്ങൾക്ക് വിവിധ റാങ്കുകൾ നൽകിയത്. ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ നഗരങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ എല്ലാം തന്നെ എടുത്തുമാറ്റിയിട്ടുണ്ട്.

റഷ്യൻ അധിനിവേശം നടക്കുന്നതിനാൽ യുക്രെയിൻ തലസ്ഥാനമായ കീവീ എക്കണോമിസ്റ്റ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അസ്ഥിരത, സെൻസർഷിപ്, പാശ്ചാത്യ ഉപരോധം എന്നിവയുടെ പേരിൽ മോസ്‌കോയും സെയിന്റ് പീറ്റേഴ്സ് ബർഗും ഈ പട്ടികയിൽ ഇടം നേടിയില്ല. 1.9 മില്യൺ ജനങ്ങൾ പാർക്കുന്ന വിയന്ന 99.1 ശതമാനം പോയിന്റുകൾ നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞവർഷം ഇവിടത്തെ റെസ്റ്റോറന്റുകളും മ്യുസിയങ്ങളും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്നതിനാൽ 12-ാം സ്ഥാനമായിരുന്നു ഇതേ ലിസ്റ്റിൽ വിയന്നക്ക് ഉണ്ടായിരുന്നത്.

ഇടതുപക്ഷ ചായ്വുള്ള ജനങ്ങൾ ഭൂരിഭാഗമുള്ളതിനാൽ ചുവന്ന വിയന്ന എന്നുകൂടി ഈ നഗരത്തിനൊരു വിളിപ്പേരുണ്ട്. മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സംവിധാനം, രാഷ്ട്രീയ സ്ഥിരത, താരതമ്യേന ചെലവ് കുറഞ്ഞ പൊതു സേവനങ്ങൾ, വിപുലമായ സോഷ്യൽ ഹൗസിങ് എന്നിവയാണ് വിയന്നക്ക് ഒന്നാം സ്ഥാനം നേടുന്നതിൽ സുപ്രധാന പങ്കു വഹിച്ചത്.

കഴിഞ്ഞ വർഷം 13-ാം സ്ഥാനത്തുണ്ടായിരുന്ന ഡെന്മാർക്കിലെ കോപ്പൻഹേഗൻ ഇത്തവണ 98 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തി. കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് നഗരത്തെ രണ്ടാം സ്ഥാനത്ത് എത്താൻ ഏറ്റവുമധികം സഹായിച്ച മാനഡണ്ഡം. 96.3 ശതമാനം പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തിയ സ്വിറ്റ്സർലൻഡിലെ സൂറിച്ചിന്ഈ സ്ഥാനം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് സുരക്ഷയും നഗരത്തിന്റെ ഹരിതാഭയുമായിരുന്നു. മാത്രമല്ല, സാധാരണയിൽ കവിഞ്ഞ സമ്പന്നത കൂടി ഈ നഗരത്തിന് സഹായമായെത്തി.

96.3 ശതമാനം വോട്ടുകളോടെ കാനഡയിലെ കാൾഗാരി നഗരവും സൂറിച്ചിനൊപ്പം മൂന്നാം സ്ഥാനം പങ്കിടുന്നു. അടിസ്ഥാന സൗകര്യം, എളുപ്പത്തിൽ ലഭ്യമാകുന്ന ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ഈ നഗരം മുന്നിട്ട് നിൽക്കുന്നത്. കാനഡയിലെ തന്നെ വാൻകോവർ 96.1 ശതമാനം പോയിന്റുകൾ നേടി തൊട്ടുപുറകെ എത്തി. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, രാഷ്ട്രീയ സ്ഥിരത എന്നിവ വാൻകൂവറിന് തുണയായി എത്തിയപ്പോൾ, ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരം എന്ന ഖ്യാതി പോയിന്റുകൾ കുറയാൻ ഇടയാക്കി.

സ്വിറ്റ്സർലൻഡിലെ ജെനീവ, ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, കാനഡയിലെ ടൊറോൻടോ, നെതർലൻഡ്സിലെ ആംസ്റ്റർഡാം, ജപ്പാനിലെ ഒസാക്ക, ആസ്ട്രേലിയയിലെ മെൽബോൺ എന്നീ നഗരങ്ങളാണ് ആദ്യ പത്തു നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച മറ്റു നഗരങ്ങൾ. ഫ്രാൻസിലെ പാരീസ് 19-ാം സ്ഥാനത്ത് എത്തിയപ്പോൾ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസ് 2-ാം സ്ഥാനത്തും ലണ്ടൻ 33-ാം സ്ഥാനത്തും സ്പെയിനിലെ ബാഴ്സിലോണിയ, മാഡ്രിഡ് എന്നീ നഗരങ്ങൾ യഥാക്രമം 35 ഉം 43 ഉം സ്ഥാനങ്ങളിലും ഇടം പിടിച്ചു.

അതേസമയം, ജീവിക്കുവാൻ ഏറ്റവും മോശം നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് സിറിയയിലെ ഡമാസ്‌കസ് ആണ്. നൈജീരിയയിലെ ലാഗോസ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ ലിബിയയിലെ ട്രിപ്പൊളി മൂന്നാം സ്ഥാനത്ത് എത്തി. പാക്കിസ്ഥാനിലെ കറാച്ചി അഞ്ചാം സ്ഥാനത്തും ബംഗ്ലാദേശിലെ ഡാക്ക ഏഴാം സ്ഥാനത്തും ഇടപിടിച്ച എറ്റവും മോശം നഗരങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള രാജ്യങ്ങൾ ഒന്നും തന്നെയില്ലെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP