Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്തിലെ പ്രതിഷേധം; ഹൈക്കോടതി വിധി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരം; പ്രതിഷേധത്തെ ഭീകരപ്രവർത്തനമായി ചിത്രീകരിച്ച സിപിഎമ്മിന്റെയും സർക്കാരിന്റെയും കപടവാദങ്ങൾ പൊളിഞ്ഞെന്നും കെ.സുധാകരൻ എംപി

വിമാനത്തിലെ പ്രതിഷേധം; ഹൈക്കോടതി വിധി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരം; പ്രതിഷേധത്തെ ഭീകരപ്രവർത്തനമായി ചിത്രീകരിച്ച സിപിഎമ്മിന്റെയും സർക്കാരിന്റെയും കപടവാദങ്ങൾ പൊളിഞ്ഞെന്നും കെ.സുധാകരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്,ആർ.കെ. നവീൻ എന്നിവർക്ക് ജാമ്യവും കൂടാതെ പൊലീസ് മൂന്നാം പ്രതിയാക്കി കേസെടുത്ത സുജിത് നാരായണന് മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചത് ഇവരുടെ നിരപരാധിത്വം ബോധ്യമായതിനാലാണ്.കള്ളക്കേസ് എടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്. പ്രതിഷേധം മുഖ്യമന്ത്രിയോടുള്ള വ്യക്തിവിരോധമല്ലെന്ന് നിരീക്ഷിച്ച കോടതി എയർപോർട്ട് മാനേജരുടെ റിപ്പോർട്ടിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടിയ ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയത്. കള്ളമൊഴികളും വ്യാജറിപ്പോർട്ടും തയ്യാറാക്കി വിമാനത്തിലെ പ്രതിഷേധത്തെ ഭീകരപ്രവർത്തനമായി ചിത്രീകരിച്ച സിപിഎമ്മിന്റെയും സർക്കാരിന്റെയും കപടവാദങ്ങളാണ് ഇതോടെ പൊളിഞ്ഞതെന്നും സുധാകരൻ പറഞ്ഞു.

കറൻസി കടത്തിലുമായി ബന്ധപ്പെട്ട് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ പശ്ചാത്തലത്തിൽ വികൃതമായ മുഖ്യമന്ത്രിയുടെ മാനം രക്ഷിക്കാനാണ് ഇതുപോലൊരു കള്ളക്കേസ് സർക്കാർ കെട്ടിച്ചമച്ചത്. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെയാണ് ഇത്തരം ഹീനമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രി എല്ലാ പ്രതിഷേധത്തിനും അതീതനാണെന്ന സിപിഎമ്മിന്റെ കാഴ്ചപ്പാട് മൗഢ്യമാണ്. കന്റോൺമെന്റ് ഹൗസ് അക്രമിച്ച് പ്രതിപക്ഷനേതാവിനെ വകവരുത്താൻ ശ്രമിച്ച ഡിവൈഎഫ്െഎ പ്രവർത്തകർക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ച പൊലീസാണ് വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കള്ളക്കേസുമായി മുന്നോട്ട് പോകുന്നതെന്നും സമാന വിഷയങ്ങളിലെ പൊലീസിന്റ ഇരട്ടനീതി വിചിത്രമാണെന്നും സുധാകരൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തെരുവുഗുണ്ടയെപ്പോലെ ക്രൂരമായി മർദ്ദിച്ച എൽഡിഎഫ് കൺവീനറിനെതിരെ കേസെടുക്കാത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്. കുട്ടികളെ മദ്യപാനികളാക്കി ചിത്രീകരിച്ച് അപമാനിച്ച എൽഡിഎഫ് കൺവീനറും സിപിഎമ്മും ആ ആരോപണം വൈദ്യപരിശോധനയിൽ കള്ളമാണെന്ന് തെളിഞ്ഞിട്ടും ഇതുവരെ പരസ്യമായി മാപ്പുപറയാൻ തയ്യാറായില്ലെന്നത് പരിഹാസ്യമാണ്. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായതെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുട്ടികളെ മർദ്ദിച്ച ഇപി ജയരാജനും പറഞ്ഞത്. എന്നാൽ വധശ്രമക്കേസ് നിലനിൽക്കില്ലെന്ന ബോധ്യം ഇരുവർക്കും വന്നപ്പോൾ മൊഴി മാറ്റിപ്പറയുകയായിരുന്നു . കൂടാതെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ കള്ളമൊഴി നൽകുകയും ചെയ്തു. നിരപരാധികളായ യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെ രാഷ്ട്രീയ കുടിപ്പകയുടെ പേരിൽ ബലിയാടാക്കി ഇരുട്ടറകളിൽ തള്ളാനായി ഒത്തുകളിച്ച ഇവർക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം ലഭിക്കുന്നതിനായി നിയമപോരാട്ടം നടത്തിയ നിയമസഹായ സമിതി ചെയർമാൻ അഡ്വ. വി എസ്. ചന്ദ്രശേഖരൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.മുഖ്യമന്ത്രിക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ അധികാര ദുർവിനിയോഗം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടവറയിലടക്കാനുള്ള അനീതിക്കെതിരെയുള്ള ശക്തമായപോരാട്ടമാണ് നിയമസഹായ സമിതി നടത്തിയത്. പ്രതിസന്ധിഘട്ടത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകനും ഒറ്റക്കാവില്ലെന്ന ശക്തമായ സന്ദേശം ഇതിലൂടെ നൽകാൻ കെപിസിസിക്കായതിൽ അഭിമാനവും ചാരിതാർത്ഥ്യവുമുണ്ടെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP