Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബന്ധുവുമായി വർഷങ്ങൾ നീണ്ട പ്രണയം; വിവാഹാലോചന മുടക്കി; ഭാര്യയെ ഒഴിവാക്കി ഒപ്പം ജീവിക്കാൻ നിർബന്ധിച്ചു; വീട്ടിൽവന്ന് താമസിക്കുമെന്നും ഭീഷണി; പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തത് റെനീസും ഷഹാനയും ഒരുക്കിയ പ്രണയക്കെണിയിൽ

ബന്ധുവുമായി വർഷങ്ങൾ നീണ്ട പ്രണയം; വിവാഹാലോചന മുടക്കി; ഭാര്യയെ ഒഴിവാക്കി ഒപ്പം ജീവിക്കാൻ നിർബന്ധിച്ചു; വീട്ടിൽവന്ന് താമസിക്കുമെന്നും ഭീഷണി; പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തത് റെനീസും ഷഹാനയും ഒരുക്കിയ പ്രണയക്കെണിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: രണ്ട് പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവതി പൊലീസ് ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസുകാരനായ ഭർത്താവിന്റെ കാമുകിയും അറസ്റ്റിൽ. റെനീസി(32)ന്റെ കാമുകിയും ബന്ധുവുമായ ആലപ്പുഴ ലജ്‌നത്ത് വാർഡ് ഷമീറ മൻസിലിൽ ഷഹാന(24)യെയാണ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

മെയ്‌ പത്താം തീയതിയാണ് പൊലീസുകാരനായ റെനീസിന്റെ ഭാര്യ നജ്‌ല(27) മകൻ ടിപ്പുസുൽത്താൻ(അഞ്ച്) മകൾ മലാല(ഒന്നര) എന്നിവരെ പൊലീസ് ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകനെ കഴുത്തിൽ ഷാൾ കുരുക്കിയും മകളെ വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയ ശേഷം നജ്‌ല ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.

നജ്‌ലയുടെ മരണത്തിന് പിന്നാലെ ഭർത്താവ് റെനീസിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. ഇതോടെ വണ്ടാനം മെഡിക്കൽ കോളേജ് പൊലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ.യായിരുന്ന റെനീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാൾക്ക് സസ്‌പെൻഷനും ലഭിച്ചു.

കാമുകനായ റെനീസിന് വിവാഹം കഴിച്ച് രണ്ട് കുട്ടികളുണ്ടെങ്കിലും പ്രണയബന്ധം ഉപേക്ഷിക്കാൻ ഷഹാന തയ്യാറായിരുന്നില്ല. നജ്ലയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്ന റെനീസും ഭാര്യയെ ഒഴിവാക്കി കാമുകിക്കൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു. ഇതിനെ തുടർന്നാണ് വീട്ടിൽ കലഹം ഉണ്ടായതും കൂട്ട ആത്മഹത്യയ്ക്ക് ഇടയാക്കിയതും.

നജ്ലയുമായുള്ള ബന്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനായിരുന്നു റെനീസിന്റെ ലക്ഷ്യം. കാമുകനെ സ്വന്തമാക്കാനായി ഷഹാനയും നജ്ലയെ സമർദത്തിലാക്കി. നജ്ലയും മക്കളും റെനീസിന്റെ ജീവിതത്തിൽനിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കോളേജ് വിദ്യാർത്ഥിനിയായ ഷഹാനയുടെ ആവശ്യം. സ്വമേധയാ ഒഴിഞ്ഞുപോയില്ലെങ്കിൽ റെനീസിന്റെ ഭാര്യയായി പൊലീസ് ക്വാർട്ടേഴ്സിൽ വന്ന് താമസം ആരംഭിക്കുമെന്നും ഷഹാന നജ്ലയോട് പറഞ്ഞിരുന്നു.

നജ്ല ജീവനൊടുക്കിയ ദിവസവും ഷഹാന ഇതേ ഭീഷണി ആവർത്തിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. ആലപ്പുഴയിലെ പൊലീസ് ക്വാർട്ടേഴ്സിലെത്തിയാണ് ഷഹാന നജ്ലയെ ഭീഷണിപ്പെടുത്തിയത്. ഷഹാനയ്ക്ക് റെനീസിന്റെ പരിപൂർണ പിന്തുണയുമുണ്ടായിരുന്നു.

ഇരുവരുടെയും പീഡനവും ഭീഷണിയും നജ്ലയെ കടുത്ത മാനസികസംഘർഷത്തിലേക്കും ദുഃഖത്തിലേക്കും നയിച്ചു. ഇതാണ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ കാരണമായതെന്നും പൊലീസ് പറയുന്നു. ഷഹാനയ്ക്കെതിരായ സൈബർ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് റെനീസ് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് നജ്‌ലയുടെ കുടുംബം ആരോപിച്ചിരുന്നത്. കൂടുതൽ പണം നൽകിയിട്ടും ഉപദ്രവം തുടർന്നതായും വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിച്ചതായും പരാതിയുണ്ടായിരുന്നു. ബന്ധുക്കളോട് ഫോണിൽ പോലും സംസാരിക്കാൻ റെനീസ് നജ്‌ലയെ അനുവദിച്ചിരുന്നില്ല. പണം ആവശ്യപ്പെട്ടുള്ള തർക്കത്തിനിടെ പലതവണ നജ്‌ലയെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു.

പത്തുവർഷം മുമ്പാണ് കൊല്ലം ചന്ദനത്തോപ്പ് സ്വദേശി നജ്ലയും ആലപ്പുഴ സക്കറിയ വാർഡ് നവാസ് മൻസിലിൽ റെനീസും വിവാഹിതരായത്. വിവാഹസമയത്ത് 40 പവൻ സ്വർണവും പത്ത് ലക്ഷം രൂപയും ബൈക്കും സ്ത്രീധനമായി നൽകിയിരുന്നു. ഇതിന് പുറമേയാണ് റെനീസ് കൂടുതൽ പണം ആവശ്യപ്പെട്ടത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ റെനീസ് വട്ടിപലിശയ്ക്ക് പണം കടം കൊടുത്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാളുടെ ബന്ധുവീട്ടിൽ നടത്തിയ പരിശോധനയിൽ ഭൂമിയുടെ രേഖകൾ, ചെക്ക് ലീഫുകൾ തുടങ്ങിയ രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു.

ഇതിനുപിന്നാലെയാണ് റെനീസിന്റെ കാമുകിക്കെതിരായ പരാതികളിലും പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ ഷഹാനയും നജ്‌ലയെ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തി. ഇതോടെയാണ് കോളേജ് വിദ്യാർത്ഥിനിയായ ഷഹാനയും കേസിൽ അറസ്റ്റിലായത്

ബന്ധുക്കളായ ഷഹാനയും റെനീസും വർഷങ്ങളായി പ്രണയത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തെച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കും നിലനിന്നിരുന്നു. ഒന്നരവർഷം മുമ്പ് ഷഹാനയ്ക്ക് വന്ന വിവാഹാലോചന റെനീസും ഷഹാനയും ചേർന്ന് മുടക്കി. തുടർന്ന് വീട്ടുകാരുമായി പിണങ്ങി ഷഹാന റെനീസിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP