Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉദ്ധവ് തീർത്തും ഒറ്റപ്പെട്ടു; പാർട്ടി ചിഹ്നം കൂടി സ്വന്തമാക്കി ബിജെപിക്കൊപ്പം ചേരാൻ ഷിൻഡെ; അസമിൽ നടക്കുന്നത് നിർണ്ണായക ചർച്ചകൾ; ഉപമുഖ്യമന്ത്രി സ്ഥാനം വിമത നേതാവിന് വാഗ്ദാനം ചെയ്ത് ബിജെപി; ഫഡ്‌നാവീസ് സർക്കാരിന് സാധ്യത കൂട്ടി നീക്കങ്ങൾ; താക്കറെയുടെ 'ശിവസേന' ഷിൻഡെയ്ക്ക് സ്വന്തമാകുമോ? മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമര

ഉദ്ധവ് തീർത്തും ഒറ്റപ്പെട്ടു; പാർട്ടി ചിഹ്നം കൂടി സ്വന്തമാക്കി ബിജെപിക്കൊപ്പം ചേരാൻ ഷിൻഡെ; അസമിൽ നടക്കുന്നത് നിർണ്ണായക ചർച്ചകൾ; ഉപമുഖ്യമന്ത്രി സ്ഥാനം വിമത നേതാവിന് വാഗ്ദാനം ചെയ്ത് ബിജെപി; ഫഡ്‌നാവീസ് സർക്കാരിന് സാധ്യത കൂട്ടി നീക്കങ്ങൾ; താക്കറെയുടെ 'ശിവസേന' ഷിൻഡെയ്ക്ക് സ്വന്തമാകുമോ? മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമര

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ വിമത പക്ഷത്തേക്ക് എംഎൽഎമാരുടെ ഒഴുക്ക് തുടരുമ്പോൾ മഹാരാഷ്ട്രാ മുഖ്യമന്ത്രി പദം രാജിവയ്ക്കാൻ ഉദ്ധവ് താക്കറെ തയ്യാറെടുക്കുന്നു. ഉദ്ധവ് ഇന്നു തന്നെ രാജിവച്ചേക്കും. രാജി വയ്ക്കുന്നതാണ് നല്ലതെന്ന നിലപാടിലാണ് എൻസിപിയും കോൺഗ്രസും. ഈ സാഹചര്യത്തിലാണ് നീക്കം. അസമിലെ ഗുവാഹാത്തിയിൽ വിമത എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് ശിവസേനയുടെ മൂന്ന് എംഎൽഎമാർ കൂടി എത്തിച്ചേർന്നതായാണ് വിവരം.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചിരുന്നു. വിമത എംഎൽഎമാർ തിരിച്ചെത്താത്ത സാഹചര്യത്തിലായിരുന്നു ഉദ്ധവ് താക്കറെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചതും തുടർന്ന് തന്റെ ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തത്. അതിന് ശേഷവും ശിവസേനയിൽ ഉദ്ധവിന് മുൻതൂക്കം കിട്ടിയില്ല. അതേസമയം, മുഖ്യമന്ത്രിപദമെന്ന വാഗ്ദാനത്തിന് മുന്നിൽ വീഴില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയാണ് വിമതവിഭാഗത്തിന് ചുക്കാൻ പിടിക്കുന്ന ഏകനാഥ് ഷിൻഡെ. രാജിയല്ലാതെ ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ വേറെ വഴികളില്ലെന്ന് ഷിൻഡെ പക്ഷം പറയുന്നു.

എട്ട് മന്ത്രിസ്ഥാനങ്ങൾ, രണ്ട് സഹമന്ത്രിപദവികൾ, രണ്ട് കേന്ദ്രമന്ത്രിപദവി എന്നിവയാണ് ഷിൻഡേയ്ക്ക് മുന്നിൽ ബിജെപി വച്ചിരിക്കുന്ന ഓഫറുകൾ. നിലവിൽ 40 എംഎൽഎമാരെങ്കിലും ഷിൻഡെ ക്യാമ്പിൽ, ഗുവാഹത്തിയിലെ പഞ്ചനക്ഷത്രഹോട്ടലിലുണ്ടെന്നാണ് വിവരം. അതേസമയം, ശിവസേനയുടെ ചിഹ്നം അടക്കം നേടി പാർട്ടിയുടെ ഔദ്യോഗികപക്ഷമാകാൻ ഒരുങ്ങുകയാണ് വിമതർ. ശിവസേന എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും തങ്ങൾക്കൊപ്പമാണെന്നും, ചിഹ്നം തങ്ങൾക്കനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമതർ സമീപിക്കും.

അതേസമയം, ബിജെപിയിലേക്ക് ലയിക്കണമെന്ന ആവശ്യം ഏകനാഥ് ഷിൻഡെ അംഗീകരിച്ചില്ല. ശിവസേന പ്രവർത്തകനായി നിന്നുകൊണ്ട് തന്നെ ബിജെപിയുമായി സഖ്യം ചേർന്ന്, അധികാരത്തിൽ എത്താനാണ് ഷിൻഡെയുടെ നീക്കം. നിലവിൽ സ്വതന്ത്ര എംഎൽഎമാർ ഉൾപ്പെടെ 50 എംഎൽഎമാർ തനിക്കൊപ്പം ഉണ്ട് എന്ന് ഷിൻഡേ അവകാശപ്പെടുന്നു. മഹാവികാസ് അഘാടി സഖ്യത്തിൽനിന്ന് ശിവസേന പുറത്തുവന്ന് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കണമെന്നാണ് ഷിൻഡേ ആവശ്യപ്പെടുന്നത്.

ബാൽ താക്കറെയാണ് ശിവസേനയുടെ തുടക്കക്കാരൻ. ബാൽ താക്കറെ കേഡർ സ്വഭാവത്തിൽ ചലിപ്പിച്ചതാണ് പാർട്ടി. തന്റെ പിൻഗാമിയായി മകൻ ഉദ്ധവിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഈ കേഡർ പാർട്ടിയിലാണ് കൊട്ടാര വിപ്ലവത്തിലൂടെ ഷിൻഡെ പിടിമുറുക്കുന്നത്. പകുതിയിൽ അധികം എംഎൽഎമാരെ ഷിൻഡെ അടർത്തി എടുത്തുവെന്നത് പാർട്ടിയിൽ താക്കറെ കുടുംബത്തിന് സ്വാധീനം നഷ്ടമാകുന്നതിന് തെളിവാണ്.

യഥാർഥ ശിവസേന തന്റേതാണെന്ന് അവകാശപ്പെട്ട ഏക്‌നാഥ് ഷിൻഡേ, നിലവിലെ ചീഫ് വിപ്പ് സുനിൽ പ്രഭുവിനെ മാറ്റി ഭാരത് ഗോഗവാലയെ ചീഫ് വിപ്പായി നിയമിക്കുകയും ചെയ്തിരുന്നു. ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗം നിയമപരമല്ലെന്നും ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ 8 മന്ത്രിമാർ വിട്ടു നിന്നിൽക്കുകയും ചെയ്തിരുന്നു. അതേസമയം ഗുവാഹത്തിയിലെ ഹോട്ടലിൽ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. അസമിലെ ബിജെപി മന്ത്രി അശോക് സിംഘാൽ ഹോട്ടലിലെത്തി എംഎൽഎമാരെ കണ്ടു.

ഈ സമയത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിന് മുന്നിൽ വലിയ പ്രതിഷേധമാണ് നടത്തിയത്. പ്രളയത്തിൽ അസമടക്കമുള്ള സംസ്ഥാനങ്ങൾ ദുരിതത്തിലായ കാലത്തും കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. കനത്ത സുരക്ഷയിലുള്ള ഹോട്ടലിന്റെ പരിസരത്ത് എത്തിയപ്പോൾത്തന്നെ സ്ത്രീകളടക്കമുള്ള തൃണമൂൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

'ഒരു ശിവസൈനികൻ തന്നെ മുഖ്യമന്ത്രിയാകുമെങ്കിൽ സ്ഥാനമൊഴിയാ'മെന്ന വികാരനിർഭരമായ പ്രസംഗവും വസതി ഒഴിയലുമടക്കമുള്ള സമ്മർദ്ദതന്ത്രങ്ങൾ ഫലിക്കുന്നില്ലെന്ന് വേണം കരുതാൻ. ഇന്നലെ രാത്രി ശിവസേനയിലെ വിമതരെല്ലാം ചേർന്ന് ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്ന് കാട്ടി ഗവർണർക്ക് കത്ത് നൽകിയിരുന്നു. രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള യോഗം ഒഴിവാക്കി മുംബൈയ്ക്ക് പറന്ന എൻസിപി അധ്യക്ഷൻ ശരദ് പവാർ സമവായനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് സൂചന. ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയെങ്കിലും സമവായമുണ്ടാക്കണമെന്നാണ് ശിവസേനയ്ക്ക് ശരദ് പവാറിന്റെ നിർദ്ദേശം.

മഹാവികാസ് അഘാഡിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയാണ് എൻസിപി. ശിവസേനയുമായുള്ള സഖ്യം കൊണ്ട് എൻസിപിക്കും കോൺഗ്രസിനും മാത്രമേ ഗുണമുള്ളൂ എന്നും, ബാൽ താക്കറെ പഠിപ്പിച്ച ഹിന്ദുത്വത്തിൽ നിന്ന് വ്യതിചലിക്കുകയാണ് നിലവിൽ ശിവസേനയെന്നുമാണ് വിമതനീക്കത്തിന് ചുക്കാൻ പിടിച്ച ഏകനാഥ് ഷിൻഡെയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP