Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപ്പീലിനെതിരെ സിബിഐ കൗണ്ടർ പോലും ഫയൽ ചെയ്തില്ല; വാദിക്കാൻ സിബിഐ എത്തിച്ച തെലുങ്കാനയിൽ നിന്നുള്ള പ്രോസിക്യൂട്ടർക്ക് കേസിന്റെ ചുക്കും ചുണ്ണാമ്പും പോലും അറിയില്ലായിരുന്നുവെന്നും ആരോപണം; അഭയാ കേസിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ; നീതി ജയിച്ചെന്ന് ക്‌നാനായ സഭയും; ഫാദർ കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും പുറത്തേക്ക് വരുമ്പോൾ

അപ്പീലിനെതിരെ സിബിഐ കൗണ്ടർ പോലും ഫയൽ ചെയ്തില്ല; വാദിക്കാൻ സിബിഐ എത്തിച്ച തെലുങ്കാനയിൽ നിന്നുള്ള പ്രോസിക്യൂട്ടർക്ക് കേസിന്റെ ചുക്കും ചുണ്ണാമ്പും പോലും അറിയില്ലായിരുന്നുവെന്നും ആരോപണം; അഭയാ കേസിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ; നീതി ജയിച്ചെന്ന് ക്‌നാനായ സഭയും; ഫാദർ കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും പുറത്തേക്ക് വരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സിബിഐ. സഹായം ചെയ്തോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ. പ്രതികളുടെ അപ്പീലിനെതിരേ സിബിഐ. കൗണ്ടർ പോലും ഫയൽചെയ്തില്ലെന്നും കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സിബിഐ. പരാജയപ്പെട്ടെന്നും ജോമോൻ ആരോപിച്ചു.

അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്.

ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നത് നിർത്തിവച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഗുരുത ആരോപണങ്ങളുമായി ജോമോൻ രംഗത്ത് വന്നത്. 2021 ഡിസംബർ 23-നായിരുന്നു അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്.

രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹർജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നേരത്തെ തോമസ് കോട്ടൂരിനും സെഫിക്കും ജയിൽ വകുപ്പ് പരോൾ അനുവദിച്ചതും വിവാദമായിരുന്നു. ഇതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ അപ്പീൽ വന്നപ്പോൾ സിബിഐ മൗനം കുറ്റവാളികൾക്ക് തുണയായി.

സിബിഐ.യുടെ ഈ വീഴ്ചക്കെതിരേ സിബിഐ. ഡയറക്ടർക്കും പ്രധാനമന്ത്രിക്കും പരാതി നൽകുമെന്നും ജാമ്യം നൽകിയതിനെതിരേ സിബിഐ. സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യണമെന്നും ജോമോൻ അവശ്യപ്പെട്ടു. ഗുരുതര ആരോപണങ്ങളാണ് സിബിഐയ്‌ക്കെതിരെ ഉയർത്തുന്നത്. അതിനിടെ വൈകി വന്ന നീതിയാണ് കോടതി വിധിയെന്ന് ക്‌നാനായ സഭയും പ്രതികരിച്ചു.

പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി ഒന്നരവർഷമായിട്ടും സിബിഐ. കൗണ്ടർ പെറ്റീഷൻ പോലും ഫയൽചെയ്തില്ല. അപ്പീലിൽ സിബിഐ.ക്ക് വേണ്ടി വാദിക്കാൻ തെലങ്കാനയിൽനിന്നുള്ള വക്കീലിനെയാണ് പ്രോസിക്യൂട്ടറായി കൊണ്ടുവന്നത്. കേസിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടർക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. സിബിഐ. പ്രോസിക്യൂട്ടർ കോടതിയിൽ പൂർണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. അഭയ കേസിൽ ദീർഘകാലമായി നിയമയുദ്ധം നടത്തുന്നയാളാണ് ജോമോൻ.

നേരത്തെ സിബിഐ. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി വാദിച്ച അഭിഭാഷകൻ ഹൈക്കോടതിയിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. പ്രതികളെ സഹായിക്കാൻ സിബിഐ പോലുള്ള ഏജൻസി പഴയ സ്വഭാവം എടുക്കരുതെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്നും ജോമോൻ ആവശ്യപ്പെട്ടു.

ഒന്നാം പ്രതി തോമസ് കോട്ടൂരിന് കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കോൺവെന്റിൽ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും. തെളിവ് നശിപ്പിച്ചത് 7 വർഷം തടവും അൻപതിനായിരം പിഴയും. മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം പിഴയും. തെളിവ് നശിപ്പിക്കലിന് 7വർഷം തടവും അൻപതിനായിരം പിഴയും. പ്രതികൾ ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കണം. ഇതായിരുന്നു അഭയ കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും വിധിച്ച ശിക്ഷ.

നിരപരാധിയാണെന്ന് വിധി പ്രഖ്യാപനത്തിന് മുമ്പ് തോമസ് കോട്ടൂർ വാദിച്ചിരുന്നു. കാൻസർ രോഗിയാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കോട്ടൂർ അവസാനം വരെയും വാദിച്ചു. രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണെന്നും ഇളവ് വേണമെന്നും സിസ്റ്റർ സെഫിയും കോടതിയോട് ആവശ്യപ്പെട്ടു. ഇരുവരുടേയും അഭിഭാഷകരുടെയും വാദം ശിക്ഷാ ഇളവിന് വേണ്ടിയായിരുന്നു. പക്ഷെ രക്ഷിക്കേണ്ടവർ തന്നെയാണ് അഭയയെ കൊന്നതെന്നും പരമാവധി ശിക്ഷ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP