Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഹാരാഷ്ട്രയിൽ ഉദ്ധവ് വീഴും; ബിജെപിയുമായി സഹകരിച്ച് സർക്കാരുണ്ടാക്കാൻ ഉറച്ച് ഏകനാഥ് ഷിൻഡെ; മുഖ്യമന്ത്രിയായി ഫ്ഡനാവിസ് എത്തിയേക്കും; ശിവസേനയ്ക്ക് നഷ്ടമാകുമെന്ന് ബാൽ താക്കറെ ചർച്ചയാക്കിയ കേഡർ സ്വഭാവം; രാജ് താക്കറെയ്ക്ക് കഴിയാത്തത് നടത്താൻ ഷിൻഡെ; താക്കറെയുടെ മകനും ചെറുമകനും ഒറ്റപ്പെടുമ്പോൾ

മഹാരാഷ്ട്രയിൽ ഉദ്ധവ് വീഴും; ബിജെപിയുമായി സഹകരിച്ച് സർക്കാരുണ്ടാക്കാൻ ഉറച്ച് ഏകനാഥ് ഷിൻഡെ; മുഖ്യമന്ത്രിയായി ഫ്ഡനാവിസ് എത്തിയേക്കും; ശിവസേനയ്ക്ക് നഷ്ടമാകുമെന്ന് ബാൽ താക്കറെ ചർച്ചയാക്കിയ കേഡർ സ്വഭാവം; രാജ് താക്കറെയ്ക്ക് കഴിയാത്തത് നടത്താൻ ഷിൻഡെ; താക്കറെയുടെ മകനും ചെറുമകനും ഒറ്റപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: ഏകനാഥ് ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് ശിവസേന എംഎൽഎമാർ കൂടി ഗുവാഹത്തിയിലെ ഹോട്ടലിൽ എത്തുമ്പോൾ മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ബാൽതാക്കറെ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും കെട്ടുറപ്പുള്ള കേഡർ പാർട്ടിയെന്ന വിശേഷണമുള്ള ശിവസേനയിൽ സംഭവിക്കുന്നതെല്ലാം അപ്രതീക്ഷിതമാണ്. ബിജെപിയുമായി ചേർന്ന് സഖ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശിവസേന മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയെങ്കിലും ബിജെപിയെ ചതിച്ചു. നൂറിലേറെ അംഗബലമുള്ള ബിജെപിക്ക് മുഖ്യമന്ത്രി പദം നൽകിയില്ല. ബിജെപിയെ തള്ളി പറഞ്ഞ് കോൺഗ്രസിനും എൻസിപിക്കുമൊപ്പം ചേർന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുമായി. അധികാര സ്ഥാനത്ത് നിന്ന് മാറി നിന്ന താക്കറെ ശൈലി ഇതോടെ അപ്രസക്തമായി. ഇപ്പോൾ ഉദ്ധവിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് മഹാരാഷ്ട്രയിലെ ശിവസേനയിലെ വിമത നീക്കം.

ബാൽതാക്കറെയുടെ സഹോദരി പുത്രനായ രാജ് താക്കറയും ഉദ്ദവുമായിരുന്നു ഒരു കാലത്ത് ശിവസേനയുടെ മുഖം. ഉദ്ധവുമായുള്ള ഭിന്നതയെ തുടർന്ന് രാജ് താക്കറെ കലാപമുയർത്തി ശിവസേന വിട്ടു. പുതിയ പാർട്ടിയും രാജ് താക്കറെയുണ്ടാക്കി. ശിവസേനയുടെ അന്നത്തെ കരുത്തായിരുന്ന രാജ് താക്കറെയ്ക്ക് പോലും സാധിക്കാത്ത വിധത്തിലാണ് ഇപ്പോഴത്തെ വിമത നീക്കം. ഏകനാഥ് ഷിൻഡെ അക്ഷരാർത്ഥത്തിൽ ഉദ്ധവ് താക്കറെയെ വെല്ലുവിളിക്കുകയായിരുന്നു. മൂന്ന് എംഎൽഎമാർ കൂടി ശിവസേന വിട്ടതോടെ ഉദ്ദവ് തീർത്തും പ്രതിസന്ധിയിലായി. കുടുംബത്തോടെയാണ് ഇവർ വിമത എംഎൽമാർ പാർക്കുന്ന ഗുവാഹത്തിയിലെ റാഡിസൻ ഹോട്ടലിൽ എത്തിയത്. ഇതോടെ ഷിൻഡെയ്ക്ക് പിന്തുണയുമായി ഹോട്ടലിൽ കഴിയുന്ന ശിവസേന എംഎൽഎമാരുടെ എണ്ണം 39ആയി. ബിജെപി പിന്തുണയോടെ മഹാരാഷ്ട്രയിൽ സർക്കാർ എന്ന നിലപാടിലാണ് ഷിൻഡെ.

ഷിൻഡെയ്ക്ക് ഉപ മുഖ്യമന്ത്രി സ്ഥാനം നൽകി ബിജെപി തന്നെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. ദേവേന്ദ്ര ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകാനാണ് സാധ്യത. അതിനിടെ ഉദ്ധവ് താക്കറെ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. മറ്റു ചെറുപാർട്ടികളിലേതുൾപ്പെടെ മൂന്ന് എംഎൽെമാർ കൂടി ഷിൻഡെയ്ക്കൊപ്പം ഗുവാഹത്തിയിലുണ്ട്. ഗവർണറിന് നൽകിയ കത്തിൽ 34 പേരായിരുന്നു ഷിൻഡെയ്ക്ക് അനുകാലമായി ഒപ്പിട്ടത്. ഇതിനിടെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാരിനെ രക്ഷിക്കാനുള്ള അവസാന തന്ത്രവും പാളി. വിമത നേതാവ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വാഗ്ദാനം സെക്കൻഡുകൾക്കുള്ളിൽ ഷിൻഡെ തള്ളി. ശരദ് പവാറും മകൾ സുപ്രിയ സൂലെയും ഉദ്ധവിന്റെ വസതിയിൽ എത്തി അവസാന വട്ട ചർച്ചകൾ നടത്തിയ ശേഷം പവാറാണ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്കിയത്. എന്നാൽ ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവന്നയുടൻ തന്നെ ഷിൻഡെ അത് തള്ളി.

വികാരപരമായ പ്രസംഗം നടത്തി വിമതരിൽ ഏതാനും പേരെയെങ്കിലും കൂടെ എത്തിക്കാനും അങ്ങനെ സർക്കാരിനെ നിലനിർത്താനും ഉദ്ധവ് ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഏതെങ്കിലും എംഎൽ എതുടരരുതെന്ന് പറഞ്ഞാൽ ആ നിമിഷം രാജിവയ്ക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ ഉദ്ധവ് പ്രഖ്യാപിച്ചത്. രാജിക്കത്ത് തയ്യാറാണ്, എന്നോട് എതിർപ്പുള്ള എംഎൽഎമാർ വന്ന് അത് വാങ്ങി രാജ്ഭവനിൽ എത്തിച്ചാൽ മതി എന്നായിരുന്നു ഉദ്ധവിന്റെ വാക്കുകൾ. അധികാരത്തോട് ആർത്തിയില്ലെന്നും ശരദ് പവാർ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയായതെന്നും പ്രസംഗത്തിൽ പറഞ്ഞു. സ്വന്തം വീടായ മാതോ ശ്രീയിലേക്ക് ഉദ്ധവി ഇന്നലെ താമസംമാറ്റിയിട്ടുണ്ട്.

അതിനിടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ചില നടപടികളും മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഉദ്ധവിന്റെ മകനും മന്ത്രിയുമായ ആദിത്യ ട്വിറ്റർ അക്കൗണ്ടിലെ മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയെന്ന വാക്ക് എടുത്തുകളഞ്ഞു. ഉദ്ധവ് താക്കറെ രാത്രി ഒൻപതരയോടെ ഔദ്യോഗിക വസതിയായ വർഷയിൽ നിന്ന് സ്വന്തം വീടായ മാതോ ശ്രീയിലേക്ക് താമസം മാറ്റി. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ നിയമസഭ പിരിച്ചുവിടാൻ ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് കത്തു നല്കാൻ ഉദ്ധവിന് സാധിക്കുമെന്നായിരുന്നു മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് റൗത്തിന്റെ ഭീഷണി.

എംഎ‍ൽഎ.മാർ ചാടിപ്പോകുമെന്ന ഭയമാണ് ഗുജറാത്തിലെ സൂറത്തിൽനിന്ന് ശിവസേനയിലെ വിമതരെ അർധരാത്രി അസമിലെ ഗുവാഹാട്ടിക്ക് കടത്താൻ കാരണമായതെന്നും റിപ്പോർട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിൽ കലാപത്തിന് തുടക്കമിട്ട മന്ത്രി ഏക്നാഥ് ഷിൻഡേ സംഘത്തിൽനിന്ന് നിതിൻ ദേശ്മുഖ് എംഎ‍ൽഎ. ഇടഞ്ഞ് ഹോട്ടൽ വിട്ടത് ഇതിന് നിമിത്തമായി. ഗുജറാത്തിലെ ബിജെപി. നേതൃത്വത്തിന്റെയും പൊലീസിന്റെയും സംരക്ഷണയിൽ സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലിൽ തിങ്കളാഴ്ച അർധരാത്രിമുതൽ കഴിയുകയായിരുന്നു ഷിഡേയും സംഘവും. ചൊവ്വാഴ്ച നിതിൻ ദേശ്മുഖ് മുംബൈക്ക് മടങ്ങാൻ വാശിപിടിച്ചു. മറ്റുചില എംഎ‍ൽഎ.മാർ ഇദ്ദേഹത്തെ ബലമായി തടഞ്ഞുവെച്ചത് ഉന്തിലും തള്ളിലും കലാശിച്ചു.

സൂറത്തിലെ ചില ശിവസേനക്കാരെ ബന്ധപ്പെടാനും ദേശ്മുഖിനായി. ഹോട്ടലിന് പുറത്തിറങ്ങിയ ഇദ്ദേഹത്തിന് പൊലീസിന്റെ കണ്ണുവെട്ടിക്കാനായില്ല. അവർ കൈയോടെ ആംബുലൻസിലാക്കി ആശുപത്രിയിലാക്കി. അവിടെ തന്നെ മരുന്ന് കുത്തിവെച്ച് മയക്കാൻ ശ്രമമുണ്ടായെന്ന് ഇദ്ദേഹം പറയുന്നു. ദേശ്മുഖിന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ആശുപത്രിയിലുമെത്തി. ഇതോടെയാണ് ദൂരെയുള്ള അസമിലേക്ക് പോകാൻ വിമതസംഘം തീരുമാനിച്ചത്.

ഗുവാഹാട്ടി വിമാനത്താവളത്തിൽനിന്നാണ് ദേശ്മുഖ് നാഗ്പുരിലേക്ക് മടങ്ങിയതെന്നാണ് വിവരം. സൂറത്തിൽ ബുധനാഴ്ച രാവിലെവന്ന അഞ്ച് എംഎ‍ൽഎ.മാരെ മറ്റൊരു ചാർട്ടേഡ് വിമാനത്തിലാണ് ഗുവാഹാട്ടിക്ക് കയറ്റിവിട്ടത്. സൂറത്ത് സിറ്റി ബിജെപി. നേതാക്കളാണ് ഇവർക്കുവേണ്ട സഹായങ്ങൾ നൽകിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP