Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോർപറേഷൻ സെക്രട്ടറി ഇനി ജോയിന്റ് ഡയറക്ടർ; തദ്ദേശ സ്ഥാപനങ്ങളെ ജില്ലാ തലത്തിൽ ഏകോപിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; പദ്ധതി നിർവഹണത്തിനായി 7 ജോയിന്റ് ഡയറക്ടർ തസ്തിക സൃഷ്ടിക്കും; എല്ലാ ജില്ലകളിലും തദ്ദേശ മിനി സെക്രട്ടേറിയറ്റ് വരുന്നു

കോർപറേഷൻ സെക്രട്ടറി ഇനി ജോയിന്റ് ഡയറക്ടർ; തദ്ദേശ സ്ഥാപനങ്ങളെ ജില്ലാ തലത്തിൽ ഏകോപിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; പദ്ധതി നിർവഹണത്തിനായി 7 ജോയിന്റ് ഡയറക്ടർ തസ്തിക സൃഷ്ടിക്കും; എല്ലാ ജില്ലകളിലും തദ്ദേശ മിനി സെക്രട്ടേറിയറ്റ് വരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : എല്ലാ ജില്ലകളിലും ജോയിന്റ് ഡയറക്ടറുടെ കീഴിൽ ഏകീകൃത തദ്ദേശ സ്ഥാപന മിനി സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നതിനു മന്ത്രിസഭ അംഗീകാരം നൽകി. തദ്ദേശ സ്ഥാപനങ്ങളെ ജില്ലാതലത്തിൽ ഏകോപിപ്പിക്കാൻ 7 ജോയിന്റ് ഡയറക്ടർ തസ്തിക സൃഷ്ടിക്കും.

കോർപറേഷൻ സെക്രട്ടറി, അഡീഷനൽ സെക്രട്ടറി തസ്തികകൾ ജോയിന്റ് ഡയറക്ടർ തസ്തികയായി അപ്ഗ്രേഡ് ചെയ്യും. മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് 1 തസ്തിക ഡപ്യൂട്ടി ഡവലപ്‌മെന്റ് കമ്മിഷണർക്ക് തുല്യമായി ഡപ്യൂട്ടി ഡയറക്ടറായും ഗ്രേഡ് 3 തസ്തിക സീനിയർ സെക്രട്ടറിയായും അപ്ഗ്രേഡ് ചെയ്യും. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ തസ്തിക ഡപ്യൂട്ടി ഡവലപ്മെന്റ് തസ്തികയ്ക്കു തുല്യമാക്കി, ഏകീകൃത വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടറാക്കും.

പഞ്ചായത്ത് അസി. ഡയറക്ടർ, അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട്സ് ഓഫിസർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ എന്നീ തസ്തികകൾ അസി. ഡവലപ്‌മെന്റ് കമ്മിഷണർ തസ്തികയ്ക്കു തുല്യമായി അസി. ഡയറക്ടർ തസ്തികയാക്കും. സബോർഡിനേറ്റ് സർവീസിലെ ഹെൽത്ത് സൂപ്പർവൈസർ തസ്തിക ക്ലീൻ സിറ്റി മാനേജർ എന്ന പേരിലും ക്യാംപെയ്ൻ ഓഫിസർ തസ്തിക സ്റ്റേറ്റ് കമ്യൂണിക്കേഷൻ ഓഫിസർ എന്ന പേരിലും മാറ്റി ഗ്രേഡ് ഉയർത്തും.

പഞ്ചായത്ത് വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 തസ്തിക നഗരകാര്യ വകുപ്പിലെ ഗ്രേഡ് 1 തസ്തികയ്ക്ക് തുല്യമാക്കി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 എന്ന പേരിൽ ഉയർത്തും. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടേതു ജോയിന്റ് ഡയറക്ടർ തസ്തികയ്ക്കു തുല്യമാക്കി ഉയർത്തുകയും തദ്ദേശവകുപ്പിന്റെ കേഡർ തസ്തികയാക്കി മാറ്റുകയും ചെയ്യും.

പഞ്ചായത്ത് വകുപ്പിലെ 66 പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തിക അസി. ഡയറക്ടറുടേതിനു തുല്യമാക്കും. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി തലത്തിലെ സീനിയറായ 66 പേരെയാണ് പരിഗണിക്കുന്നത്. ഇവർ ഉൾപ്പെട്ട പെർഫോമൻസ് ഓഡിറ്റ് സംവിധാനത്തെ ആഭ്യന്തര വിജിലൻസ് സംവിധാനമാക്കി, ഇവരെ ഇന്റേണൽ വിജിലൻസ് ഓഫിസർമാരായി വിന്യസിക്കും.

കഴിഞ്ഞ ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഏകീകൃത തദ്ദേശ വകുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നിയമഭേദഗതിക്കായി ഓർഡിനൻസും പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന, ജില്ലാ തലത്തിൽ ഓഫിസ് സംവിധാനവും ഫെബ്രുവരിയിൽ നിലവിൽ വന്നു. ചട്ടങ്ങൾ അംഗീകരിച്ചതോടെ വകുപ്പു സംയോജനം പൂർണമാകും.

പഞ്ചായത്ത്, നഗരസഭകളെ ഏകീകരിച്ചപ്പോൾ 12 ജോയിന്റ് ഡയറക്ടർ തസ്തിക മാത്രമാണ് ഉണ്ടായിരുന്നത്. 14 ജില്ലകളിലും സംസ്ഥാന ഡയറക്ടറേറ്റിലും (3 തസ്തിക) കില, ഗ്രാമലക്ഷ്മി എന്നിവിടങ്ങളിലും (1 വീതം) തസ്തികകൾ ആവശ്യമായിരുന്നു. ഇതെല്ലാം ചേർന്നാണ് 7 തസ്തികകൾക്കു കൂടി അനുമതി.

സംസ്ഥാന ഡയറക്ടറേറ്റിൽ ഒരു അഡീഷനൽ ഡയറക്ടറുടെ തസ്തിക നഗരകാര്യ വിഭാഗത്തിൽ സൃഷ്ടിക്കും. ഏകീകൃത തദ്ദേശ സ്ഥാപന ഡയറക്ടറേറ്റ് രൂപീകരിച്ചപ്പോൾ തസ്തികകളിൽ നിലനിന്ന അസമത്വം ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകൾ ഏകീകരിക്കുമ്പോൾ ചില സ്‌കെയിലുകൾ റഗുലർ സ്‌കെയിലുമായി പൊരുത്തപ്പെടാത്തതിനാൽ അവ ഏകീകരിച്ചു. ഈ സ്‌കെയിലുകൾ തൊട്ടുമുകളിലുള്ള സ്‌കെയിലിലേക്കാണ് ഉയർത്തിയത്. സ്റ്റേറ്റ് സർവീസിലെ 10 തസ്തികകൾക്കും സബോർഡിനേറ്റ് സർവീസിലെ 3 തസ്തികകൾക്കുമാണ് അപ്ഗ്രഡേഷൻ വേണ്ടിവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP