Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വൃക്കയുമായി എടുത്ത് ഓടിയെന്നത് കള്ളപരാതി; ജീവൻ രക്ഷിക്കാൻ എല്ലാം മറന്ന് പ്രവർത്തിച്ചവരെ കുടുക്കാനുള്ള കള്ളപരാതിയും ക്രിമിനൽ ഗൂഢാലോചന; ഈ പ്രിൻസിപ്പലും സൂപ്രണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് കളങ്കം; ആംബുലൻസ് ഡ്രൈവർമാരെ കളിയാക്കിയ മന്ത്രിയേയും പുറത്തു കാണാനില്ല; വിദഗ്ധ സമിതി അന്വേഷണവും വൈകും

വൃക്കയുമായി എടുത്ത് ഓടിയെന്നത് കള്ളപരാതി; ജീവൻ രക്ഷിക്കാൻ എല്ലാം മറന്ന് പ്രവർത്തിച്ചവരെ കുടുക്കാനുള്ള കള്ളപരാതിയും ക്രിമിനൽ ഗൂഢാലോചന; ഈ പ്രിൻസിപ്പലും സൂപ്രണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് കളങ്കം; ആംബുലൻസ് ഡ്രൈവർമാരെ കളിയാക്കിയ മന്ത്രിയേയും പുറത്തു കാണാനില്ല; വിദഗ്ധ സമിതി അന്വേഷണവും വൈകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കലിനെത്തുടർന്ന് കാരക്കോണം സ്വദേശി ജി. സുരേഷ്‌കുമാർ മരിച്ച സംഭവത്തിൽ വൃക്ക ഓപ്പറേഷൻ തിയേറ്ററിലെത്തിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർമാർക്കെതിരേ കള്ള ആരോപണം ഉയർത്തിയ മെഡിക്കൽ കോളേജ് സൂപ്രണ്ടിനേയും പ്രിൻസിപ്പലിനേയും രക്ഷിക്കാൻ ശ്രമം സജീവം. ഇരുവരേും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. മെഡിക്കൽ കോളേജിനെതിരെ വസ്തുതാപരമായ പരാതി ഉയർത്തുന്നവരെ കള്ള കേസിൽ കുടുക്കുന്നത് സ്ഥിരം സംഭവമാണ്. ഇതാണ് ഇവിടേയും സംഭവിച്ചത്. ആംബുലൻസ് ഡ്രൈവർമാർക്കെതിരെ ആശുപത്രി അധികൃതർ ഉയർത്തിയ ആരോപണം പൊളിഞ്ഞിരുന്നു.

ഡോക്ടർമാരുടെ കൈയിൽനിന്ന് ആംബുലൻസ് ജീവനക്കാർ വൃക്കയടങ്ങിയ പെട്ടി 'തട്ടിയെടുത്തു' എന്നാണ് ഡോക്ടർമാരും ആശുപത്രി അധികൃതരും ആരോപിച്ചിരുന്നത്. എന്നാൽ, ആംബുലൻസിലുണ്ടായിരുന്ന ഡോക്ടർതന്നെ പെട്ടി, പുറത്തുനിന്ന ആംബുലൻസ് ഡ്രൈവർമാരുടെ കൈയിലേക്ക് കൊടുക്കുന്ന ദൃശ്യം പുറത്തുവന്നു. ഇതോടെയാണ് എല്ലാം കള്ളമാണെന്ന് വ്യക്തമായത്. വൃക്കയുമായി പോയതും കൊണ്ടു വന്ന ആംബുലൻസ് ഡ്രൈവറുമെല്ലാം സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ്. ഇവർക്കെതിരെയാണ് മെഡിക്കൽ കോളേജ് അധികൃതർ കള്ളക്കേസ് നൽകിയത്. എന്നിട്ടും സർക്കാരിന് ചെറുവിരൽ പോലും അനക്കാനാകുന്നില്ല. മന്ത്രി വീണാ ജോർജും പെട്ടി തട്ടിയെടുത്തവരെ കളിയാക്കിയിരുന്നു.

സംഭവംനടന്ന ദിവസംമുതലേ ആംബുലൻസ് ജീവനക്കാരെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് ആശുപത്രി സ്വീകരിച്ചിരുന്നത്. ഈ വാദത്തെ ഇല്ലാതാക്കുന്നതാണ് വീഡിയോ ദൃശ്യം. തർക്കമോ പിടിവലിയോ തട്ടിയെടുക്കലോ ഇല്ലാതെ ഡോക്ടർ എടുത്തുനൽകിയ വൃക്കയടങ്ങിയ പെട്ടിയുമായി ആശുപത്രിക്കുള്ളിലേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ആംബുലൻസിലുണ്ടായിരുന്ന ഡോക്ടർമാരും ഇവർക്കു പിന്നാലെ പോകുന്നുണ്ട്. ഓപ്പറേഷൻ തിയേറ്റർ എവിടെയാണെന്ന് യുവാക്കൾ ചോദിക്കുന്നതും സെക്യൂരിറ്റി ജീവനക്കാർ സമീപത്തുള്ളതും വീഡിയോയിൽ വ്യക്തമാണ്. ഇതിൽ നിന്ന് തന്നെ ആശുപത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും തെളിഞ്ഞു. പ്രദേശത്തെ പ്രധാന സിപിഎം നേതാവാണ് ഈ ബുദ്ധിയെല്ലാം ഉപദേശിക്കുന്നതെന്നും സൂചനയുണ്ട്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ചൊവ്വാഴ്ച പൊലീസിൽ നൽകിയ പരാതിയിലും രണ്ടുപേർ വൃക്ക തട്ടിയെടുത്തെന്നു തന്നെയാണ് ആരോപിച്ചിരിക്കുന്നത്. ഡോക്ടർമാർ വൃക്കയുമായി ഇറങ്ങുന്നതിനുമുമ്പ് പുറത്തുനിന്നുള്ളവർ വൃക്കയുമായി ഓടിയെന്ന പരാതിയുണ്ടെന്ന് മന്ത്രി വീണാ ജോർജും പറഞ്ഞിരുന്നു. അതേസമയം, ആംബുലൻസ് ജീവനക്കാർക്കെതിരേ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തില്ല. ഈ സാഹചര്യത്തിലാണ് കള്ളപരാതി കൊടുത്തവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നത്. പ്രിൻസിപ്പലിനേയും സൂപ്രണ്ടിനേയും ഡിസ്മിസ് ചെയ്യണമെന്നതാണ് ഉയരുന്ന ആവശ്യം. എന്നാൽ ഇതിനുള്ള ആർജ്ജവം ആരോഗ്യ വകുപ്പിനില്ല.

ആംബുലൻസ് ജീവനക്കാരെ പ്രതിക്കൂട്ടിലാക്കി വിഷയത്തിൽനിന്ന് ഒഴിയാനുള്ള ആശുപത്രിയുടെ നീക്കത്തിനെതിരേ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടുപോകാൻ പൊലീസ് മടിക്കുന്നതെന്നാണ് വിവരം. വിഡിയോ തെളിവുകൾ കോടതിയിൽ എത്തിയാൽ സ്ഥിതി ഗുരുതരമാകും, സുരേഷ്‌കുമാർ മരിച്ച സംഭവത്തിൽ ഗുരുതരവീഴ്ചകളുണ്ടെന്ന് ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾമുതൽ സീനിയർ ഡോക്ടർമാരുടെ സാന്നിധ്യം ആവശ്യമാണെന്ന പ്രോട്ടോകോൾ പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. പി.ജി. വിദ്യാർത്ഥികളാണ് സുരേഷ് കുമാറിനെ പരിചരിച്ചത്. അതിനിടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള വീഴ്ചയിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച അന്വേഷണം വ്യാഴാഴ്ച തുടങ്ങും. ബുധനാഴ്ച രാത്രി ഇതിനായി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങി.

ആരോപണവിധേയരായ ഡോ. എസ്. വാസുദേവൻ പോറ്റി, ഡോ. ജേക്കബ് ജോർജ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവും ബുധനാഴ്ചയാണ് ഇറങ്ങിയത്. സംഭവം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ ഉടൻ നിയോഗിക്കില്ല. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശ തോമസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമാകും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക.

ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷനും (കെജിഎംസിടിഎ) പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അന്തിമ റിപ്പോർട്ട് വരട്ടെ എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. ഡോക്ടർമാരുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ മെഡിക്കൽ കോളജ് ഒപിക്കു മുന്നിൽ ധർണ നടത്തി.

അതേസമയം, ഞായറാഴ്ച വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും തിങ്കളാഴ്ച മരിക്കുകയും ചെയ്ത കാരക്കോണം സ്വദേശി സുരേഷ് കുമാറിന്റെ (62) മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസ് ഇനി കഴക്കൂട്ടം അസി. കമ്മിഷണർ സി.എസ്.ഹരി അന്വേഷിക്കും. നിലവിൽ മെഡിക്കൽ കോളജ് പൊലീസിനാണ് അന്വേഷണച്ചുമതല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP