Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെക്‌നോപാർക്കുമായി കരാർ ഒപ്പിട്ടത് 22 പൊലീസുകാരെ സുരക്ഷയ്ക്ക് നൽകാൻ; ഭാര്യയോടുള്ള കരുതലിൽ 18 വനിതാ പൊലീസുകാരെ അധികം നൽകിയ ബെഹ്‌റ; വ്യവസായ സുരക്ഷാ സേനയ്ക്ക് നഷ്ടം 1.70 കോടി; എന്തുവന്നാലും ചോദിക്കാതെ നൽകിയ സുരക്ഷയ്ക്ക് പണമില്ലെന്ന് ടെക്‌നോപാർക്ക്; നടപടികൾക്ക് അനിൽകാന്ത്; ബെഹ്‌റയെ വെട്ടിലാക്കി വിവാദം

ടെക്‌നോപാർക്കുമായി കരാർ ഒപ്പിട്ടത് 22 പൊലീസുകാരെ സുരക്ഷയ്ക്ക് നൽകാൻ; ഭാര്യയോടുള്ള കരുതലിൽ 18 വനിതാ പൊലീസുകാരെ അധികം നൽകിയ ബെഹ്‌റ; വ്യവസായ സുരക്ഷാ സേനയ്ക്ക് നഷ്ടം 1.70 കോടി; എന്തുവന്നാലും ചോദിക്കാതെ നൽകിയ സുരക്ഷയ്ക്ക് പണമില്ലെന്ന് ടെക്‌നോപാർക്ക്; നടപടികൾക്ക് അനിൽകാന്ത്; ബെഹ്‌റയെ വെട്ടിലാക്കി വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വെട്ടിലാക്കി പുതിയ വിവാദവും. ടെക്‌നോപാർക്ക് സുരക്ഷയ്ക്കായി മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കാലത്ത് അവശ്യപ്പെട്ടതിൽ അധികം പൊലീസിനെ നൽകി 1.70 കോടി രൂപയുടെ ബാധ്യത ഖജനാവിനുണ്ടാക്കിയെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ നടപടികൾ മുതിരുകയാണ് ഡിജിപി അനിൽകാന്ത്.

ഡിജിപി അനിൽ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകിയതോടെയാണ് ഈ വിഷയം സെക്രട്ടറിയേറ്റിൽ ചർച്ചയാകുന്നത്. അധികമായി നൽകിയ 18 വനിതാ പൊലീസുകാരെ ടെക്‌നോപാർക്കിൽ നിന്നു ഡിജിപി അനിൽകാന്ത് പിൻവലിക്കുകയും ചെയ്തു. ബെഹ്‌റയുടെ ഭാര്യ ജോലി നോക്കിയ കമ്പനിയിലെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരെ കുറിച്ചാണ് വിവാദം. തങ്ങൾ ആവശ്യപ്പെടാതെയാണു അധിക പൊലീസിനെ നൽകിയതെന്നാണു ടെക്‌നോപാർക്ക് അധികൃതർ ഡിജിപിയെ അറിയിച്ചത്. അതുകൊണ്ട് തന്നെ അവർ പണം നൽകില്ലെന്ന നിലപാടിലാണ്. എന്നാൽ ഇവർ വാക്കാൽ ആവശ്യപ്പെട്ട പ്രകാരമാണ് അധിക പൊലീസിനെ നൽകിയതെന്നു ബെഹ്‌റയും അനിൽ കാന്തിനെ അറിയിച്ചു.

ടെക്‌നോപാർക്കിന്റെ സുരക്ഷ കേരള പൊലീസിനു കീഴിലെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ്. സുരക്ഷയ്ക്കായി പൊലീസിനു ടെക്‌നോപാർക്ക് പണം നൽകുമെന്നു വ്യക്തമാക്കി 2017ൽ ധാരണാ പത്രത്തിൽ ഒപ്പിട്ടു. 22 പൊലീസുകാരെയാണു ടെക്‌നോപാർക്ക് ആവശ്യപ്പെട്ടത്. എന്നാൽ 40 പേരെ നിയോഗിച്ചു. 18 വനിതാ പൊലീസുകാരെയാണ് അധികമായി നൽകിയത്. ഈ ഉത്തരവ് ഇറക്കിയത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയായിരുന്നു.

ആയുധവുമായി കാവൽ നിൽക്കുന്ന ഒരു പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലാതെ കാവൽ നിൽക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക്‌നോപാർക്ക് സർക്കാരിനു നൽകുന്നത്. എല്ലാവർഷവും 22 പൊലീസുകാരുടെ ശമ്പളം ടെക്‌നോപാർക്ക് സർക്കാരിനു നൽകി. 18 പൊലീസുകാരുടെ ശമ്പളം കൂടി വേണമെന്നാവശ്യപ്പെട്ട് എസ്‌ഐഎസ്എഫ് കമൻഡാന്റ് ടെക്‌നോപാർക്കിനു കത്തു നൽകി. സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ച പൊലീസുകാർക്കു ശമ്പളം നൽകില്ലെന്നു ടെക്‌നോപാർക്ക് സിഇഒ മറുപടി നൽകി.

കുടിശിക കൂടിയിട്ടും അധികമായി നിയോഗിച്ചവരെ ബെഹ്‌റ പിൻവലിച്ചില്ല. ബെഹ്‌റ വിരമിച്ചതിനു തൊട്ടടുത്ത ദിവസം അധികമായി നിയോഗിച്ച 18 പേരെയും ഡിജിപി അനിൽ കാന്ത് പിൻവലിച്ചുവെന്നാണ് റിപ്പോർട്ട്. ഇതാണ് ബെഹ്‌റയെ വെട്ടിലാക്കുന്നത്. ടെക്‌നോപാർക്ക് വേണ്ടെന്ന് പറഞ്ഞിട്ടും 18 പേരെ എന്തിനാണ് നിയോഗിച്ചതെന്നതാണ് ഉയരുന്ന ചോദ്യം. ഈ വിഷയത്തിൽ തനിക്ക് ഭാവിയിൽ പ്രശ്‌നമുണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് ഡിജിപി അനിൽകാന്തിന്റെ നീക്കം. ഈ സാഹചര്യത്തിലാണ് സർക്കാരിനെ ഇക്കാര്യം അറിയിക്കുന്നതും എന്തു നടപടി എടുക്കണമെന്ന് ചോദിക്കുന്നതും. ഇതോടെ പന്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോർട്ടിലെത്തി.

ബെഹ്‌റ അധികമായി നിയോഗിച്ച പൊലീസുകാരുടെ ശമ്പള ഇനത്തിൽ 1.70 കോടി ടെക്‌നോപാർക്ക് നൽകണമെന്നു ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതു നൽകില്ലെന്നു ടെക്‌നോപാർക്ക് കടുത്ത നിലപാടെടുത്തു. ആരാണോ പൊലീസിനെ അധികമായി നിയമിച്ചത് അവരിൽ നിന്നു പണം ഈടാക്കണമെന്നു എസ്‌ഐഎസ്എഫ് കമൻഡാന്റ് ഡിജിപിയെ അറിയിച്ചു. അക്കൗണ്ടന്റ് ജനറൽ ഈ ക്രമക്കേടു കണ്ടുപിടിച്ചാൽ പ്രശ്‌നമാകുമെന്ന് പൊലീസ് ഉന്നതർക്കും ബോധ്യപ്പെട്ടു. തുടർന്നാണു ആഭ്യന്തര വകുപ്പിനു കത്തെഴുതി അനിൽ കാന്ത് തന്റെ ഭാഗം ശരിയാക്കുന്നത്.

ഏറെ കാലം കേരളാ പൊലീസിനെ നയിച്ച ഉദ്യോഗസ്ഥനാണ് ബെഹ്‌റ. അന്നൊന്നും വലിയ വിവാദങ്ങളിൽ ചെന്നു പെട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായും അറിയപ്പെട്ടു. നിലവിൽ കൊച്ചി മെട്രോയുടെ ചുമതലക്കാരനാണ്. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്തിൽ അടക്കം മുഖ്യമന്ത്രിക്ക് ഉപദേശം നൽകി കൂടെ നിന്ന ബെഹ്‌റയ്‌ക്കെതിരെ സർക്കാർ എന്ത് നടപടി എടുക്കുമെന്നത് ഏറെ നിർണ്ണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP