Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണീരിൽ കുതിർന്ന ഫേസ്‌ബുക്ക് ലൈവ്; ഹിന്ദുത്വയിൽ ഉറച്ചുനിൽക്കുമെന്ന പ്രഖ്യാപനം; ഔദ്യോഗിക വസതിയായ 'വർഷ'യിൽ നിന്ന് ബാൽ താക്കറെയുടെ മാതോശ്രീയിലേക്ക് പുഷ്പവൃഷ്ടിയോടെ മടക്കം; ഏക്‌നാഥ് ഷിൻഡേക്കും വിമതപ്പടയ്ക്കും ഉദ്ധവ് താക്കറെ നൽകുന്ന സന്ദേശം കൃത്യം; യഥാർത്ഥ ശിവസേന തങ്ങൾ തന്നെ; രാജി സന്നദ്ധത പ്രകടിപ്പിക്കുമ്പോഴും രാജിയാകാതെ നാടകം

കണ്ണീരിൽ കുതിർന്ന ഫേസ്‌ബുക്ക് ലൈവ്; ഹിന്ദുത്വയിൽ ഉറച്ചുനിൽക്കുമെന്ന പ്രഖ്യാപനം; ഔദ്യോഗിക വസതിയായ 'വർഷ'യിൽ നിന്ന് ബാൽ താക്കറെയുടെ മാതോശ്രീയിലേക്ക് പുഷ്പവൃഷ്ടിയോടെ മടക്കം; ഏക്‌നാഥ് ഷിൻഡേക്കും വിമതപ്പടയ്ക്കും ഉദ്ധവ് താക്കറെ നൽകുന്ന സന്ദേശം കൃത്യം; യഥാർത്ഥ ശിവസേന തങ്ങൾ തന്നെ; രാജി സന്നദ്ധത പ്രകടിപ്പിക്കുമ്പോഴും രാജിയാകാതെ നാടകം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രാഷ്ട്രീയ പ്രതിസന്ധിക്ക് പുറമേ, അലട്ടലായി കോവിഡും. ആപത്തുകളിൽ ഉദ്ധവ് താക്കറെയ്ക്ക് കരുത്ത് ബാലാസാഹേബ് താക്കറെ പകർന്ന പാഠങ്ങളാണ്. ബുധനാഴ്ച ഫേസ്‌ബുക്ക് ലൈവായി ചെയ്ത പ്രസഗം, മങ്ങിയ പ്രതിച്ഛായയ്ക്ക് പകരം വയ്ക്കാൻ പോന്നതായില്ലെങ്കിലും, അൽപം ആശ്വാസമായി നേതാവിനും അണികൾക്കും. രാജി സന്നദ്ധത പ്രകടിപ്പിച്ചതോടെ, ഔദ്യോഗിക വസതിയായ വർഷയിൽ നിന്ന് ഉദ്ധവ് താക്കറെ പടിയിറങ്ങി. കുടുംബ വസതിയായ മാതോശ്രീയിലേക്കുള്ള മടക്കം വികാരനിർഭരമായിരുന്നു. മുഖ്യമന്ത്രിക്ക് പ്രവർത്തകർ പുഷ്പവൃഷ്ടിയോടെ വൈകാരികമായ യാത്രഅയപ്പാണ് നൽകിയത്.

ഈ മടക്കവും ശിവസൈനികർക്കുള്ള രാഷ്ട്രീയ സന്ദേശമാണ്. വിമതർ, ഏക്‌നാഥ് ഷിൻഡെയുടെ മുന്നണിയിൽ വെല്ലുവിളിച്ച് നിൽക്കുമ്പോൾ, യഥാർത്ഥ ശിവസേന തങ്ങളാണെന്ന് സ്ഥാപിക്കാനുള്ള ഉദ്ധവിന്റെ തന്ത്രപരമായ നീക്കം. ഹിന്ദുത്വയിൽ ശിവസേന ഉറച്ചുനിൽക്കുമെന്ന പ്രഖ്യാപനവും, അതിൽ ഉദ്ധവ് വെള്ളം ചേർക്കുന്നെന്ന പാർട്ടിയിലെ വിമർശകർക്കുള്ള മറുപടിയാണ്.

വളരെ മിതഭാഷിയായ നേതാവാണ് ഉദ്ധവ്. അച്ഛൻ ബാൽ താക്കറെയുമായി താരതമ്യം ചെയ്യുമ്പോൾ തീപ്പൊരിയല്ല. കോവിഡിന്റെ രണ്ടാംതരംഗത്തിനിടെ, ജനങ്ങളോട് സംസാരിക്കുന്നത് തന്റെ സർക്കാരിന്റെ പ്രതിച്ഛായ കൂട്ടുമെന്ന് ഉദ്ധവ് തിരിച്ചറിഞ്ഞിരുന്നു. ബുധനാഴ്ചത്തെ വെബ്കാസ്റ്റിൽ ഉദ്ധവ് വികാരഭരിതനായിരുന്നു. ഇടയ്ക്ക് കണ്ണുനനഞ്ഞു. ഏക്‌നാഥ് ഷിൻഡെയ്ക്ക് പാർട്ടി പിളർത്താൻ വെറും 7 എംഎൽഎമാർ കൂടി മതിയെന്ന് തിരിച്ചറിവിൽ, തന്റെ രാജി കത്ത് തയ്യാറെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

'എന്റെ തന്നെ പാർട്ടിക്കാർക്ക് ഞാൻ മുഖ്യമന്ത്രിയായി വേണ്ടെങ്കിൽ, അവർ എന്റെ അടുത്ത് വന്ന് പറയണം, ഞാൻ രാജിക്ക് തയ്യാറാണ്, ഞാൻ ബാലസാഹേബിന്റെ മകനാണ്, ഞാൻ പദവിയുടെ പിന്നാലെയല്ല, ഞാൻ പദവി ഒഴിയാൻ തയ്യാറാണ്, പക്ഷേ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പ് തരാമോ? ഏക്‌നാഥ് ഷിൻഡെയ്ക്ക് നേരിട്ടുള്ള വെല്ലുവിളിയായി ഉദ്ധവ് താക്കറെ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ നിർദ്ദേശമോ?

ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി, മഹാവികാസ് അഘാഡി സർക്കാരിനെ രക്ഷിക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോൺഗ്രസും, എൻസപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറും ഇക്കാര്യം ഉന്നയിച്ചതായാണ് റിപ്പോർട്ട്.ഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. ശരദ് പവാർ, മകളും എംപിയുമായ സുപ്രിയ സുലെ, മന്ത്രി ജിതേന്ദ്ര അവ്ഹാദ് എന്നിവർ ഉദ്ധവിനെ നേരിട്ട് കാണാനെത്തിയിരുന്നു. ഉദ്ധവ് താക്കറ മഹാരാഷ്ട്രയിൽ സഖ്യകക്ഷി സർക്കാരിനെ എങ്ങനെയും സംരക്ഷിക്കണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടു. ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നതും പരിഗണിക്കാമെന്നും ആവശ്യമെങ്കിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചതായി വാർത്ത വന്നു.

എന്നാൽ, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും റാവുത്ത് പറഞ്ഞു് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ എൻസിപി അധ്യക്ഷൻ ശരദ് പവാർ നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നാലു ശിവസേന എംഎൽഎമാർ കൂടി വിമതർക്കൊപ്പം ചേർന്നു. ഏകനാഥ് ഷിൻഡെയുമായോ ശിവസേന എംഎൽഎമാരുമായോ സംസാരിച്ചിട്ടില്ലെന്നാണ് ബിജെപി പുറമേ പറയുന്നത്. വിമതനീക്കം ശിവസേനയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും ബിജെപി വ്യക്തമാക്കി.

അതേസമയം, മഹാവികാസ് അഘാഡി സഖ്യസർക്കാർ രൂപവത്കരിക്കാൻ എൻസിപിയോടും, കോൺഗ്രസിനോടും കൂട്ടുചേർന്ന ഉദ്ധവിന്റെ തീരുമാനത്തോടുള്ള ഷിൻഡെയുടെ എതിർപ്പ് ഇന്നും അദ്ദേഹം പ്രകടിപ്പിച്ചു. സഖ്യകക്ഷിയായ എൻസിപി ശിവസേനയുടെ ഭാവി തകർക്കുന്നുവെന്നാണ് ഷിൻഡെയുടെ വിശ്വാസം. അതുകൊണ്ടാണ് ഉദ്ധവ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കണമെന്നും, താൻ പാർട്ടി വിട്ടിട്ടില്ലെന്നും സൂറത്ത് വിമാനത്താവളത്തിൽ വച്ച് ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഉദ്ധവ് അനുനയ ശ്രമം നടത്തിയപ്പോഴും, ഷിൻഡെയുടെ ഉപാധി ഇതായിരുന്നു. ശിവസേന, എൻസിപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയോട് കൂട്ടുചേരണം. എന്നാൽ, ശിവസേന എന്തുകൊണ്ട് 25 വർഷത്തെ ബിജെപി സഖ്യം ഉപേക്ഷിച്ചുവെന്ന കാര്യം ഓർക്കണമെന്നായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ മറുപടി. സഖ്യകക്ഷികൾ ശക്തരായപ്പോൾ ശിവസൈനികരും ശിവസേനയും ദുർബലരായി. മഹാരാഷ്ട്രയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി ഇനി തീരുമാനങ്ങളെടുക്കണം. കഴിഞ്ഞ രണ്ടര വർഷം ശിവസൈനികർക്ക് ഒരുനേട്ടവുമില്ലെന്ന് ഏറ്റവും ഒടുവിലും ഷിൻഡെ ആവർത്തിച്ചു. അസ്വാഭാവിക സഖ്യത്തിൽ നിന്ന് സേന പുറത്തുവരണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചിരിക്കുകയാണ്.

അധികാര കസേരയ്ക്ക് വേണ്ടി മല്ലടിക്കാൻ താനില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. വിമതരുടെ കലാപം സർക്കാരിനെ തകിടം മറിക്കുമെന്ന് ആയപ്പോഴാണ് ഉദ്ധവ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. പാർട്ടിയെ പ്രതിസന്ധി ഉലച്ച് രണ്ടുദിവസം പിന്നിടുമ്പോഴാണ് ഉദ്ധവ് ഫേസ്‌ബുക്ക് ലൈവിലൂടെ അഭിസംബോധന ചെയ്യുന്നത്. കോവിഡ് ബാധിതനായതിനാലാണ് ഉദ്ധവ് നേരിട്ട് രംഗത്ത് വരാത്തത്.

ശിവസേന ഹിന്ദുത്വ കൈവെടിയില്ലെന്നും ഉദ്ധവ് അർത്ഥശങ്കയില്ലാതെ വ്യക്തമാക്കി. ' ഞാൻ മുഖ്യമന്ത്രി പദവിയിൽ തുടരുന്നതിനെ ഒരു എംഎൽഎ എതിർത്താലും ഞാൻ രാജി വയ്ക്കും. എന്റെ രാജി കത്ത് ഞാൻ തയ്യാറാക്കി വയ്ക്കുകയാണ്. ഞാൻ രാജി വയ്ക്ക്ണമോ എന്ന് നിങ്ങൾ പറയുക', ഉദ്ധവ് താക്കറെ പറഞ്ഞു.

വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ച് 30 ശിവസേന എംഎൽഎമാർ ഗവർണർക്ക് കത്തെഴുതിയതോടെയാണ് താക്കറെ പ്രഖ്യാപനം നടത്തിയത്. ഷിൻഡെയ്‌ക്കൊപ്പം പോയ എംഎൽഎമാരിൽ നിന്ന് എനിക്ക് കോളുകൾ വരുന്നു. അവരെ ബലം പ്രയോഗിച്ച് കൊണ്ടുപോയതായാണ് അവർ പറയുന്നത്, ഉദ്ധവ് താക്കറെ പറഞ്ഞു.

ഏക്‌നാഥ് ഷിൻഡെയെ പാർട്ടി നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മഹാവികാസ് അഘാഡി സർക്കാർ നീക്കിയിരുന്നു. എന്നാൽ, ഗവർണർ ഭഗത് സിങ് കോഷ്യാരിക്ക് അസമിൽ നിന്ന് അയച്ച കത്തിൽ വിമത എംഎൽഎമാർ ഷിൻഡയെയാണ് തങ്ങൾ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു.

ബാലസാഹേബ് താക്കറെ സ്ഥാപിച്ച പാർട്ടിയിൽ ഉദ്ധവ് താക്കറെയുടെ പിടി അയയുന്നു എന്ന സൂചന നൽകി കൊണ്ട് വൈകിട്ട് അഞ്ചിന് വിളിച്ച പാർട്ടി എംഎൽഎമാരുടെ യോഗം മുഖ്യമന്ത്രി ഉദ്ധവ് ഉപേക്ഷിച്ചു. യോഗത്തിൽ പങ്കെടുക്കില്ലെന്ന് വിമതർ അറിയിച്ചതോടെയാണ് വൈകിട്ട് അഞ്ചിന് നിശ്ചയിച്ച യോഗം വേണ്ടെന്ന് വച്ചത്.

വിമതരിൽ ചിലരെയെങ്കിലും അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെ പക്ഷം നടത്തിയ നീക്കങ്ങളൊന്നും വിജയിച്ചില്ല. ഇതോടെയാണ് വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിൽ നിശ്ചയിച്ച യോഗം ഉപേക്ഷിച്ചത്. നേരത്തെ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ പങ്കെടുത്തത് 16 എംഎൽഎമാർ മാത്രമായിരുന്നു.

യോഗത്തിൽ പങ്കെടുക്കണമെന്ന താക്കറെയുടെ കർശന നിർദ്ദേശം പാലിക്കാൻ കഴിയില്ലെന്ന് വിമത എംഎൽഎമാരുടെ നേതാവ് ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കി. 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP