Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്മുമ്പിൽ മകനും മകളും മുങ്ങി മരിച്ച ഷോക്കിൽ എല്ലാം വിട്ടു; മുറിവുണക്കി കൈപിടിച്ചുകയറ്റിയത് രാഷ്ട്രീയ ഗുരു ആനന്ദ് ദിഗെ; ശിവസേനയിലെ 'ഭായിക്ക്' എന്നും ഇഷ്ട ആശയം ഹിന്ദുത്വ; എൻസിപിയെയും കോൺഗ്രസിനെയും വെട്ടി ബിജെപിക്കൊപ്പം ചേരാൻ കൊതിച്ച ഏക്‌നാഥ് ഷിൻഡെയുടെ കഥ

കണ്മുമ്പിൽ മകനും മകളും മുങ്ങി മരിച്ച ഷോക്കിൽ എല്ലാം വിട്ടു; മുറിവുണക്കി കൈപിടിച്ചുകയറ്റിയത് രാഷ്ട്രീയ ഗുരു ആനന്ദ് ദിഗെ; ശിവസേനയിലെ 'ഭായിക്ക്' എന്നും ഇഷ്ട ആശയം ഹിന്ദുത്വ; എൻസിപിയെയും കോൺഗ്രസിനെയും വെട്ടി ബിജെപിക്കൊപ്പം ചേരാൻ കൊതിച്ച ഏക്‌നാഥ് ഷിൻഡെയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഗുരു എന്ന വാക്കിന് ഇരുട്ടിനെ അകറ്റി വെളിച്ചം പകരുന്നയാൾ എന്നാണ് അർത്ഥം. ശിവസേനയിലെ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയ്ക്ക് ആ അർത്ഥത്തിൽ രാഷ്ട്രീയ ഗുരു, താനെയിലെ ജനകീയ നേതാവായിരുന്ന ആനന്ദ് ദിഗെ ആയിരുന്നു. വളരെ സൂക്ഷ്മതയോടും ശ്രദ്ധയോടും തന്റെ രാഷ്ട്രീയ ജീവിതം കരുപിടിപ്പിച്ച നേതാവാണ് ഏക്‌നാഥ് ഷിൻഡെ. ആനന്ദ് ദിഗെയുടെ രാഷ്ട്രീയ ശൈലി കടമെടുത്തു എന്നുമാത്രമല്ല, അദ്ദേഹത്തെ പോലെ തന്നെ താടിയും വളർത്തി.

താഴെ തട്ടിൽ നിന്ന് പടിപടിയായി വളർച്ച

താനെയിലെ ബിയർ ബ്രൂവറിയിലെ ജോലിയായിരുന്നു ആദ്യം. പിന്നീട് ജീവിക്കാനായി ഓട്ടോ ഓടിച്ചു. തുടർന്ന് സ്വകാര്യകമ്പനിയിൽ ജോലി എടുക്കവേയാണ് ശിവസേനയുമായി അടുക്കുന്നത്. ആനന്ദ് ദിഗെയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി സാമൂഹിക, രാഷ്ട്രീയ രംഗത്ത് ഇടം പിടിച്ചു. ഇപ്പോൾ, താക്കറെ കുടുംബം കഴിഞ്ഞാൽ ഏറ്റവും കരുത്തനായ നേതാവും. 59 കാരനായ നേതാവ് ഛഗൻ ഭുജ്ബാലിനെയും, നാരായൺ റാണെയും പോലെ ശിവസേനയിൽ പിളർപ്പുണ്ടാക്കുന്നതിൽ വിജയിച്ചിരിക്കുകയാണ്. രാജ് താക്കറെയുടെയും നാരായൺ റാണെയുടെയും കലാപത്തിന് ശേഷം സേനാ റാലികളിലേക്ക് ആളെ കൂട്ടാൻ കഴിഞ്ഞതും ഷിൻഡെയ്ക്കായിരുന്നു.

മകനും മകളും മുങ്ങി മരിച്ച ദുരന്തത്തിൽ നിന്ന് കരകയറി...

ചെറുപ്പത്തിലെ സതാരയിലെ ജാവാലി ഗ്രാമത്തിൽനിന്നു ഏക്‌നാഥ് ഷിൻഡെ താനെയിലെത്തി. ശിവസേനയ്ക്കുവേണ്ടി തൊഴിലാളി സംഘടന രൂപീകരിച്ചാണു പൊതുപ്രവർത്തനത്തിലേക്ക് കടന്നത്. 1997-ൽ താനെ മുനിസിപ്പൽ കോർപറേഷനിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അതിന് മുമ്പ് വലിയൊരു ദുരന്തത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. സതാരയിൽ, ഷിൻഡെയുടെ കൺമുമ്പിൽ വച്ച് മക്കളായ ദീപേഷും ശുഭദയും മുങ്ങിമരിച്ചു. ഇതോടെ രാഷ്ട്രീയം വിടാൻ തന്നെ തീരുമാനിച്ചു. മനം മടുത്ത് എല്ലാറ്റിൽ നിന്നും അകന്നുനിന്നു. എന്നാൽ, രാഷ്ട്രീയ ഗുരുവായ ആനന്ദ് ദിഗെ പ്രോത്സാഹിപ്പിച്ചതോടെ പതിയെ ഷിൻഡെ ആ ആഘാതത്തിൽനിന്നു കരകയറി. 2001-ൽ താനെ കോർപറേഷൻ തലപ്പത്തെത്തി. അതേ വർഷം ആനന്ദ് ദിഗെ റോഡ് അപകടത്തിൽ മരിച്ചപ്പോൾ, പാർട്ടിയിലെ വിടവ് നികത്താൻ കഴിഞ്ഞുവെന്നതാണ് ഷിൻഡെയുടെ വളർച്ചയുടെ രഹസ്യം. താനെ മേഖലയിൽ ശിവസേന എന്നാൽ, ഷിൻഡെ എന്നായി. വമ്പൻ രാഷ്ട്രീയ പരിപാടികളെല്ലാം സംഘടിപ്പിക്കുന്നതും ഷിൻഡെ ആയിരുന്നു.

ശിവസേനയിലെ 'ഭായ്'

സ്വന്തം പാർട്ടിക്കാരുമായി മാത്രമല്ല, മറ്റുരാഷ്ട്രീയ കക്ഷി നേതാക്കളുമായും ഉറ്റ ബന്ധം പുലർത്തുന്ന നേതാവാണ് ഷിൻഡെ. സഹപ്രവർത്തകർ അദ്ദേഹത്തെ ഭായ് എന്നാണ് സ്‌നേഹപൂർവം വിളിക്കുന്നത്. തന്റെ വളർച്ചയ്‌ക്കൊപ്പം മക്കൾ രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധ വച്ചു. മകൻ ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള ലോക്സഭാ എംപിയും സഹോദരൻ പ്രകാശ് ഷിൻഡെ കൗൺസിലറുമാണ്.

ബിജെപിയുമായി ശിവസേന വഴിപിരിഞ്ഞ 2014ൽ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഷിൻഡെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിൽ കാബിനറ്റ് മന്ത്രിയായി നിയമിതനായെങ്കിലും തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നു. താനെയിലും പരിസര പ്രദേശങ്ങളിലും അദ്ദേഹം ശിവസേനയുടെ ട്രബിൾഷൂട്ടറായാണ് അറിയപ്പെട്ടിരുന്നത്. പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് വിജയം കൊയ്ത 2017ലെ താനെ കോർപ്പറേഷൻ, ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ ഷിൻഡെക്ക് പ്രധാന പങ്കുണ്ടായിരുന്നു.

2004-ൽ എംഎ‍ൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശിവസേനയിലും പോഷകസംഘടനകളിലും ഷിൻഡെയുടെ സ്വാധീനം വർധിച്ചു.

2005-ൽ നാരായൺ റാണെയെ ശിവസേനയിൽ നിന്നു പുറത്താക്കുകയും 2006-ൽ ബാൽ താക്കറെയുടെ അനന്തരവൻ രാജ് താക്കറെ പാർട്ടി വിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന രൂപീകരിക്കുകയും ചെയ്തതോടെ നേതൃത്വം ഷിൻഡെയെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. അക്കാലത്തു രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് ഷിൻഡെയ്ക്കു കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം ശിവസേനയിൽ ഉറച്ചുനിന്നു.

എന്നും ബാലസാഹേബ് താക്കറെയോട് കൂറ്

സൂറത്തിൽ നിന്ന് വിമത എംഎൽഎമാർക്കൊപ്പം ഗുവാഹത്തിയിൽ, എത്തിയപ്പോഴും ഷിൻഡെ ആരെയും മുറിപ്പെടുത്താൻ ശ്രമിക്കുന്നില്ല. പാർട്ടി മാറുന്ന പ്രശ്‌നമില്ല. ഞങ്ങൾ ബാലസാഹേബ് താക്കറെയുടെ ഹിന്ദുത്വ പിന്തുടരും, ഇതാണ് വാക്കുകൾ. ഉദ്ധവ് താക്കറെയോടുള്ള പരിഹാസമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ശിവസേനയുടെ മുഖ്യനിലപാട്തറയായ ഹിന്ദുത്വയിൽ നിന്ന് ഉദ്ധവ് താക്കറെ പാർട്ടിയെ അകറ്റുന്നതായി വിമർശനങ്ങൾ ഉണ്ടായിരുന്നു. നൂപുർ ശർമയുടെ പ്രവാചക നിന്ദാ പരാമർശത്തിൽ ഉദ്ധവ് താക്കറെ മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ചിരുന്നു. എല്ലാ മതങ്ങളെയും ആദരിക്കുന്നതാണ് ശിവസേനയുടെ ഹിന്ദുത്വ എന്ന് നിർവചിക്കുകയും ചെയ്തു. ബാലസാഹേബിന്റെ കടുത്ത അനുയായിയായ ഷിൻഡെയ്ക്കും കൂട്ടർക്കും ഇത് ദഹിച്ചില്ല.

പാർട്ടിയുടെ നടത്തിപ്പിലും, തന്നെ പോലുള്ള പഴയ ശിവസൈനികരോടും ഉള്ള പെരുമാറ്റത്തിലും, ഷിൻഡെ അസ്വസ്ഥനായിരുന്നു. നേതൃത്വത്തിൽ വന്ന തലമുറമാറ്റത്തോടെ താൻ തഴയപ്പെടുന്നു എന്ന തോന്നലായി. മന്ത്രി എന്ന നിലയിൽ മുംബൈ മെട്രോപോളിറ്റൻ റീജിയൺ ഡവലപ്‌മെന്റ് അഥോറിറ്റി ചെയർപേഴ്‌സണാണ് ഷിൻഡെ. എന്നാൽ, പരിസ്ഥിതി കാര്യ മന്ത്രി എന്ന നിലയിൽ ആദിത്യ താക്കറെ, അഥോറിറ്റി യോഗങ്ങളിൽ പങ്കെടുത്തതും ഷിൻഡെയ്ക്ക് ഇഷ്ടമായില്ല.

മന്ത്രിമാർക്കുള്ള സുരക്ഷയിലും തന്നെ തഴഞ്ഞതായി ഷിൻഡെയ്ക്ക് തോന്നി. ഷിൻഡെയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഉണ്ടായിരുന്നു. എന്നാൽ, ഉദ്ധവിനെയും, പവാറിനെയും പോലെ സെഡ് പ്ലസ് സുരക്ഷ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അത് കിട്ടാതെ വന്നതോടെ ഷിൻഡെ അതൃപ്തനായി. ഇത് കൂടാതെ മാതോശ്രീയിലെ പ്രവേശനത്തിന് തനിക്ക് വന്ന നിയന്ത്രണങ്ങളും ഷിൻഡെയെ അലോസരപ്പെടുത്തി. ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ച തീർത്തും അസാധ്യമായെന്ന വിമർശനം പാർട്ടിയിലുണ്ടായിരുന്നു. ഒരു പ്രശ്‌നം വന്നാൽ, ഉദ്ധവിനെ നേരിട്ട് സമീപിക്കാൻ കഴിയാത്ത സാഹചര്യം. എൻസിപിയുടെ വാലായി ശിവസേന മാറുന്നുവെന്ന പ്രവർത്തകരുടെ വികാരം. അജിത് പവാർ മുഖ്യമന്ത്രിയെ പോലെ പെരുമാറുന്നു, പാർട്ടി അദ്ധ്യക്ഷന്റെ ജോലി സഞ്ജയ് റാവുത്ത് ഏറ്റെടുത്തു, തുടങ്ങിയ വിമർശനങ്ങളും ഉയർന്നിരുന്നു.

ചേരാത്തത് ചേരില്ല

മഹാവികാസ് അഘാഡി സഖ്യസർക്കാർ രൂപവത്കരിക്കാൻ എൻസിപിയോടും, കോൺഗ്രസിനോടും കൂട്ടുചേരാനുള്ള ഉദ്ധവിന്റെ തീരുമാനത്തോടും ഷിൻഡെയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. സഖ്യകക്ഷിയായ എൻസിപി ശിവസേനയുടെ ഭാവി തകർക്കുന്നുവെന്നായിരുന്നു ഷിൻഡെയുടെ വിശ്വാസം. അതുകൊണ്ടാണ് ഉദ്ധവ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കണമെന്നും, താൻ പാർട്ടി വിട്ടിട്ടില്ലെന്നും സൂറത്ത് വിമാനത്താവളത്തിൽ വച്ച് ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉദ്ധവ് അനുനയ ശ്രമം നടത്തിയപ്പോഴും, ഷിൻഡെയുടെ ഉപാധി ഇതായിരുന്നു. ശിവസേന, എൻസിപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയോട് കൂട്ടുചേരണം. എന്നാൽ, ശിവസേന എന്തുകൊണ്ട് 25 വർഷത്തെ ബിജെപി സഖ്യം ഉപേക്ഷിച്ചുവെന്ന കാര്യം ഓർക്കണമെന്നായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP