Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞ് ഇഫെയിനെ കേരളം 'ഹൃദയ'ത്തോട് ചേർത്തുപിടിച്ചു; നൽകിയത് പുതുജീവൻ

കുഞ്ഞ് ഇഫെയിനെ കേരളം 'ഹൃദയ'ത്തോട് ചേർത്തുപിടിച്ചു; നൽകിയത് പുതുജീവൻ

സ്വന്തം ലേഖകൻ

കൊച്ചി: നൈജീരിയക്കാരൻ ആബിയയുടേയും ഭാര്യ തെരേസയുടേയും മുഖത്ത് ഇന്നലെ മുതൽ വിടർന്ന ചിരി കാണാം. കുറച്ച് ദിവസം മുമ്പ് വരെ ആ കണ്ണുകളിൽ ആശങ്കകളുടെ വേലിയേറ്റമായിരുന്നു എങ്കിൽ, ഇന്ന് തിളക്കമാണ്. രണ്ട് വർഷത്തിലേറെയായികാണും ഇരുവരും മനസ്സ് തുറന്നൊന്ന് ചിരിച്ചിട്ട്. സന്തോഷവും സമാധാനവും എന്തെന്ന് അറിഞ്ഞിട്ട്. മൂന്നു വയസ്സുകാരൻ മകൻ ഇഫെയ്ൻ ഇമ്മാനുവലിന്റെ കുഞ്ഞു ഹൃദയത്തിന്റെ താളം അവരുടെ ജീവിതത്തിന്റേയും താളം തെറ്റിച്ചിരുന്നു. പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്ന് കരുതിയ ആ കുടുംബത്തെ ഇങ്ങ് കേരളത്തിൽ ചിലർ ഹൃദയത്തോട് ചേർത്തുപിടിച്ചതോടെ ജീവിതത്തിന് വീണ്ടും ചിറക് മുളയ്ക്കുകയാണ്.

ഒരു വയസ്സുള്ളപ്പോഴാണ് ആബിയ -തെരേസ ദമ്പതികളുടെ ആദ്യ മകനായ ഇഫെയ്ന്റെ ശരീരത്തിൽ അസാധാരണമായ നിറവ്യത്യാസം ശ്രദ്ധയിൽ പെടുന്നത്. ഓക്സിജൻ അളവ് കുറവായതിനാൽ വളരെ പെട്ടെന്ന് ശരീരം തളരുന്ന സ്ഥിതി. വിദഗ്ധ പരിശോധനയിൽ കുഞ്ഞിന് അപൂർവതരം ഹൃദ്രോഗമാണെന്ന് കണ്ടെത്തി. നൈജീരിയയിൽ തുടർചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല. പഴയ വസ്ത്രങ്ങൾ ശേഖരിച്ച്, അതുവിറ്റ് ജീവിതമാർഗം കണ്ടെത്തിയിരുന്ന ദമ്പതികൾക്ക് ഭീമമായ ചികിത്സ ചെലവ് താങ്ങാവുന്നതിലും അപ്പുറവും. അതുകൊണ്ട് തന്നെ പുറം രാജ്യത്ത് പോയി ചികിത്സ നടത്തുകയെന്നത് അവർക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത സാഹചര്യമായിരുന്നു. അങ്ങനെയിരിക്കെയാണ് ആബിയയുടെ സഹോദരി ആസ്റ്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് അറിയുന്നതും, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോ.ആസാദ് മൂപ്പനെ ഇമെയിൽ വഴി കുടുംബത്തിന്റെ ദുരവസ്ഥ അറിയിക്കുന്നതും.

മധ്യേഷ്യയിലും ഇന്ത്യയിലും നിർധനരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നിലകൊള്ളുന്ന ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ, അങ്ങനെ കുഞ്ഞ് ഇഫെയിന്റെ ചികിത്സ സൗജന്യമായി നടത്താൻ തീരുമാനിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആസ്റ്റർ സിക് കിഡ്സ് (ASK) ഫൗണ്ടേഷൻ അതിന് നേതൃത്വവും നൽകി. അങ്ങനെ വിദഗ്ധ ചികിത്സയ്ക്കായി കുടുംബം കൊച്ചി ആസ്റ്റർ മെഡ് സിറ്റിയിൽ എത്തുകയായിരുന്നു.
പ്രാഥമിക പരിശോധന പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ.പരംവീർ സിംഗിന്റെ നേത്യത്വത്തിലാണ് നടത്തിയത്. തുടർന്ന് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. സാജൻ കോശിയുടെ നേതൃത്വത്തിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

ടെട്രോളജി ഓഫ് ഫാലോട്ട് എന്ന കുട്ടികളിൽ കാണുന്ന രോഗാവസ്ഥയിൽ ഹൃദയത്തിന്റെ വലത് വെൻട്രിക്കിളിന്റെ പുറത്തേക്ക് രക്തം ഒഴുകുന്നതിന് തടസ്സമുണ്ടാകുന്നു. ഇവിടെ ടെട്രോളജി യോടൊപ്പം ഇടത്തെ കീഴറയിൽ തടസ്സം എന്ന സങ്കീർണമായ അവസ്ഥ ആയിരുന്നു കൂടുതൽ വെല്ലുവിളിയെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സാജൻ കോശി പറഞ്ഞു.

ഐസിയുവിലും മറ്റുമായി ദിവസങ്ങളോളം ഇമചിമ്മാതെയുള്ള നിരീക്ഷണം. കുഞ്ഞ് ഇഫിയാൻ അങ്ങനെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ ദിവസം അവനും കുടുംബവും ചിരിച്ച മുഖത്തോടെ ആസ്റ്റർ മെഡ് സിറ്റി വിട്ടു. ഇനിയവന് ആശങ്കകളേതുമില്ലാതെ ശ്വസിക്കാം. തളർച്ചയില്ലാതെ മുന്നോട്ടുള്ള ചുവടു വയ്ക്കാം.ഇഫെയ്ന്റെ പേരിലെ ഇമ്മാനുവലിന് അർത്ഥം ദൈവം നമ്മോട് കൂടെയെന്നാണ്. അവനെ ചേർത്ത് പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായ സംപ്തൃപ്തിയിൽ ദൈവത്തിന്റെ സ്വന്തം നാടും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP