Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരിയൻ എൻജിനിയറിങ് കോളജിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് ലാബ് സ്‌പോൺസർ ചെയ്ത് യു.എസ്.ടി

മരിയൻ എൻജിനിയറിങ് കോളജിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് ലാബ് സ്‌പോൺസർ ചെയ്ത് യു.എസ്.ടി

സ്വന്തം ലേഖകൻ

പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സെല്യൂഷൻസ് കമ്പനിയായ യു.എസ്.ടി സ്‌പോൺസർ ചെയ്ത്, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള മരിയൻ എൻജിനിയറിങ് കോളജിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് ലാബ്, സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ലോകത്ത് വൻകിട വ്യവസായങ്ങളുടെ വളർച്ചയിൽ വിവരസാങ്കേതിക വിദ്യ സുപ്രധാന പങ്ക് വഹിക്കുന്നതായും ഇത് ഭാവിയുടെ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ ഉന്നമനത്തിനായി ഇവയെല്ലാം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് സാങ്കേതിക വിദഗ്ധരുടെ ഉത്തരവാദിത്തമാണെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫലപ്രദമായി ഉപയോഗിക്കാവുന്ന വിവിധ മേഖലകൾ ചൂണ്ടിക്കാട്ടിയ മന്ത്രി ഇത് വഴി നിത്യ ജീവിതത്തിൽ സാധാരണക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ കഴിയുമെന്നും വ്യക്തമാക്കി.

കോളജിലെ തന്നെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സംരംഭമായ മരിയൻ സെന്റർ ഓഫ് എക്സ്ലലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് ആണ് ലാബ് സ്ഥാപിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ നൈപുണ്യ നിലവാരം വർദ്ധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള അത്യന്താധുനിക യന്ത്രങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചാണ് യു.എസ്.ടി സ്‌പോൺസർ ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക രീതിയിലുള്ള സെൻസറുകൾ, പ്രോസസറുകൾ, റോബോട്ട് പ്ലാറ്റ്‌ഫോമുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾ, സ്വന്തമായി തീരുമാനം എടുക്കാൻ ശേഷിയുള്ള റോബോട്ടുകൾ, ഫേഷ്യൽ റക്കഗ്നിഷൻ സംവിധാനം, ഓബ്ജക്റ്റ് ട്രാക്കിങ്, ത്രീ-ഡി ഡിസൈനുകൾ എന്നിവ വികസിപ്പിക്കുന്നതിന് ഇവിടുത്തെ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയും. പുതിയ തലമുറയിലെ റോബോട്ടിക് പദ്ധതികൾക്ക് വേണ്ട എല്ലാ സംവിധാനങ്ങളുമുള്ള റോബോട്ട് ഓപ്പറേറ്റിങ് സിസ്റ്റം ഈ ലാബിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഡെവലപ്‌മെന്റ് ബോർഡുകളായ എൻവിഡിയ ജെറ്റ്‌സൺ, റാസ്പ്‌ബെറി പി.ഐ 4 എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും റോബോട്ടിക്‌സിനെയും കുറിച്ച് അറിയാൻ താൽപ്പര്യമുള്ളവർക്കെല്ലാം, പ്രത്യേകിച്ച് സ്‌ക്കൂൾ വിദ്യാർത്ഥികൾക്ക്, അതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണെന്ന് മരിയൻ എൻജിനിയറിങ് കോളജിലേയും യു.എസ്.ടിയിലേയും ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാവസായിക മേഖലയും വിദ്യാഭ്യാസ രംഗവും തമ്മിലുള്ള ഈ സഹകരണം വിദ്യാർത്ഥി സമൂഹത്തിന്റെ വിശാലമായ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഉതകുന്ന തരത്തിലുള്ള ഒരാവാസ വ്യവസ്ഥ കെട്ടിപ്പടുക്കാൻ ഏറെ സഹായകരമാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.

വൈവിധ്യമാർന്ന രീതികളിലൂടെ പൊതുജനങ്ങളുടെ ജീവിതങ്ങളിൽ മാറ്റം സംഭവിപ്പിച്ചുകൊണ്ടിരിക്കുന്ന യു എസ് ടി യുടെ പദ്ധതികളിലൊന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു സമൂഹത്തിനും പ്രയോജനകരമായ വിധത്തിൽ മികച്ച പഠന സൗകര്യങ്ങൾ ഉറപ്പു വരുത്തുക എന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യങ്ങൾ ഉറപ്പാക്കാനും, സാങ്കേതിക മേഖലയിലെ തൊഴിലുകൾക്ക് അവരെ പ്രാപ്തരാക്കാനും ഇതിലൂടെ ഞങ്ങൾക്കാകുന്നുണ്ട്, എന്ന് യു എസ് ടി വൈസ്പ്രസിഡന്റും സെമി കണ്ടക്ടർ ആഗോളതല മേധാവിയുമായ ഗിൽറോയ് മാത്യു പറഞ്ഞു.

വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ കൂട്ടിച്ചേർക്കലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക് ലാബ് എന്ന് മരിയൻ എൻജിനിയറിങ് കോളജ് മാനേജർ റവ. മോൺസിഞ്ഞോർ ഇ. വിൽഫ്രഡ് പറഞ്ഞു. ലോകത്തെ മാറ്റി മറിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളെ കുറിച്ച് കൂടുതൽ ആഴത്തിലുള്ള അറിവുകൾ പകർന്ന് നൽകാനായി പുതിയ ലാബ് സ്ഥാപിക്കാൻ സഹായ ഹസ്തവുമായി എത്തിയ യു.എസ്.ടി യോട് തങ്ങൾ നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവരെ കൂടാതെ കേരള സംസ്ഥാന പിന്നോക്ക കമീഷൻ അംഗം ഡോ. എ വി ജോർജ്ജ്; കോളജ് പ്രിൻസിപ്പൽ ഡോ.ജെ.ഡേവിഡ്; ഡീൻ ഡോ.എ. സാംസൺ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി വിനീത.ബി.എൽസ, ഇ.സി.ഇ പ്രൊഫസറും പ്രോജക്ട് കോ-ഓർഡിനേറ്ററുമായ പ്രൊഫ.എം.മനോജ്, ഡോ.ഗിൽറോയ് മാത്യൂ, സ്ഥാണു രാമകൃഷ്ണൻ തമ്പി, യു.എസ്.ടിയിലെ മററ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP