Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മുൻ ഝാർഖണ്ട് ഗവർണ്ണർ ദ്രൗപതി മുർമു ബിജെപി സ്ഥാനാർത്ഥി; വിവരം പ്രഖ്യാപിച്ച് ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ.പി നദ്ദ; രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ വനിത; സ്ഥാനാർത്ഥി നിർണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന പാർലമെന്ററി യോഗത്തിൽ വെച്ച്

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മുൻ ഝാർഖണ്ട് ഗവർണ്ണർ ദ്രൗപതി മുർമു ബിജെപി സ്ഥാനാർത്ഥി; വിവരം പ്രഖ്യാപിച്ച് ബിജെപി ദേശീയാദ്ധ്യക്ഷൻ ജെ.പി നദ്ദ; രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ വനിത; സ്ഥാനാർത്ഥി നിർണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന പാർലമെന്ററി യോഗത്തിൽ വെച്ച്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഝാർഖണ്ഡിലെ ആദ്യ ഗവർണറായിരുന്നു ദ്രൗപദി മുർമുവാണ് സ്ഥാനാർത്ഥി.ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപദി മുർമു.

രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ വനിത എന്ന പ്രത്യേകതയും ദ്രൗപദി മുർമുവിന് ഉണ്ട്. ഒഡിഷയിൽ നവീൻ പട്‌നായിക് മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. ഗോത്രവർഗ ജനതയ്ക്കിടയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ദ്രൗപദി മുർമുവിന്റെ സംസ്ഥാനതല രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

20 പേരുകൾ ചർച്ചയായതിൽ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. മികച്ച എം എൽ എ യ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ ഗവർണറെന്ന പെരുമ നേരത്തെ സ്വന്തമാക്കിയ ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനത്തെന്ന ആദ്യ ഗോത്ര വിഭാഗം വനിത എന്ന നേട്ടത്തിന് അരികിലാണ്. 2000ത്തിൽ നവീൻ പട്‌നായിക്ക് മന്ത്രിസഭയിൽ അംഗമായിരുന്നു.

എൻ.ഡി.എ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം മുതൽക്കു തന്നെ പരിഗണനയിൽ ഉണ്ടായിരുന്ന പേരാണ് ദ്രൗപതി മുർമുവിന്റേത്. ഒഡീഷയിൽ ബിജെപി - ബിജെഡി സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്ന സമയത്ത് സഹ മന്ത്രി സ്ഥാനം വഹിച്ചിരുന്നു. 2000 മുതൽ 2006 വരെ നിയമസഭാ അംഗവുമായിരുന്നു. ചൊവ്വ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഓഫീസിൽ ചേർന്ന പാർലമെന്ററി യോഗത്തിൽ വച്ചായിരുന്നു സ്ഥാനാർത്ഥി നിർണയം.

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവ് അനുസൂയ ഉയ്‌കെ, കർണാടക ഗവർണർ തവാർചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകളായിരുന്നു ദ്രൗപതി മുർമുവിന്റെ പേരിനൊപ്പം എൻ.ഡി.എയിൽ പരിഗണനയിൽ ഉണ്ടായിരുന്നത്.

അതേസമയം കോൺഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ തീരുമാനിച്ചിരുന്നു. ഏകകണ്‌ഠേനയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തെ 17 പാർട്ടികൾ ചേർന്ന് തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയത്.

എംപി.മാരും എംഎ‍ൽഎ.മാരുമടങ്ങുന്ന 48.9 ശതമാനം വോട്ടർമാരാണ് എൻ.ഡി.എ.യ്ക്കുള്ളത്. പ്രതിപക്ഷ കൂട്ടായ്മയ്ക്കൊപ്പം നിൽക്കുന്ന പാർട്ടികളും മറ്റു പാർട്ടികൾക്കും ചേർന്ന് 51.1 ശതമാനം വോട്ടുണ്ട്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ബി.ജെ.ഡി.യോ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോൺഗ്രസോ മാത്രം പിന്തുണച്ചാൽ എൻ.ഡി.എ. സ്ഥാനാർത്ഥിക്ക് ജയിക്കാം.

ഈ രണ്ടു പാർട്ടികളും പ്രതിപക്ഷ ഐക്യനിരയ്ക്കൊപ്പം എത്താൻ സാധ്യത വിരളമാണെങ്കിലും ചർച്ച നടത്താനാണ് കോൺഗ്രസ് നീക്കം. മറ്റൊരു പ്രമുഖ പ്രതിപക്ഷ പാർട്ടിയായ ടി.ആർ.എസിന്റെ നേതാവ് ചന്ദ്രശേഖർ റാവു കോൺഗ്രസിതര മൂന്നാം മുന്നണിക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇതെല്ലാം മുന്നിൽക്കണ്ടാണ് സമവായശ്രമങ്ങൾക്ക് കോൺഗ്രസ് ശ്രമം നടത്തുന്നത്. ബിജെപി.യുമായി അകൽച്ചയിലുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ-യു ഇത്തവണ അവരുടെ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP