Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വപ്‌നയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടോ?പുതിയ വെളിപ്പെടുത്തലിൽ ഗൂഢാലോചന ഉണ്ടോ? സ്വപ്‌നയ്ക്ക് എതിരെ ഗൂഢാലോചനാ കേസെടുത്തോ? സഭയിൽ മുഖ്യമന്ത്രിയെ ഉത്തരം മുട്ടിക്കാൻ ചോദ്യശരങ്ങളുമായി പ്രതിപക്ഷം റെഡി

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വപ്‌നയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടോ?പുതിയ വെളിപ്പെടുത്തലിൽ ഗൂഢാലോചന ഉണ്ടോ? സ്വപ്‌നയ്ക്ക് എതിരെ ഗൂഢാലോചനാ കേസെടുത്തോ? സഭയിൽ മുഖ്യമന്ത്രിയെ ഉത്തരം മുട്ടിക്കാൻ ചോദ്യശരങ്ങളുമായി പ്രതിപക്ഷം റെഡി

എം എസ് സനിൽ കുമാർ


തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ നിയമസഭയിലും ശക്തമായ പ്രതിഷേധം അഴിച്ചുവിടാൻ പ്രതിപക്ഷം. വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ക്യാമ്പ് ഇതിനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം 27 നാണ് നിയമസഭ ആരംഭിക്കുന്നത്. ഏഴോളം നിയമസഭ ചോദ്യങ്ങളാണ് സ്വർണ്ണ കടത്തിനെ സംബന്ധിച്ചും സ്വപ്നയുടെ വെളിപ്പെടുത്തലിനെ സംബന്ധിച്ചും ദുബായ് സന്ദർശനത്തെ കുറിച്ചും മുഖ്യമന്ത്രിയോട് ഉന്നയിച്ചിരിക്കുന്നത്. നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളാണിവ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി നിർബന്ധമായും മറുപടി നൽകേണ്ടി വരും. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിച്ച് ഒരു നിയമസഭ ചോദ്യം മാത്രമേ ഭരണപക്ഷത്ത് നിന്നുണ്ടായുള്ളു എന്നത് ശ്രദ്ധേയമാണ്.

മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയ സ്വർണ്ണ കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിനെ സ്വാധീനിച്ച് മൊഴി മാറ്റാൻ ഒരു മുൻ മാധ്യമ പ്രവർത്തകൻ(ഷാജ് കിരൺ) ഇടനിലക്കാരനായി സ്വാധീനം ചെലുത്തിയതായി പറയപ്പെടുന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നാണ് ഒരു ചോദ്യം. ഇടനിലക്കാരൻ ഒത്തുതീർപ്പ് ശ്രമം നടത്തുന്നതിനിടയിൽ വിജിലൻസ് മേധാവിയുമായി നിരവധി തവണ സംസാരിച്ച് എന്നത് വസ്തുതയാണോ? ഇത് സംബന്ധിച്ച് സർക്കാരിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ, എ.ഡി.ജി.പി. ലോ ആൻഡ് ഓർഡറുമായി നിരവധി തവണ സംസാരിച്ചു എന്ന സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തൽ അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്നിവയാണ് തിരുവഞ്ചൂർ അടക്കമുള്ളവരുടെ ചോദ്യങ്ങൾ.

മുഖ്യമന്ത്രി 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, നടപടി സ്വീകരിച്ചിട്ടുണ്ടോ, കോടതിയിൽ 164 സ്റ്റേറ്റ്‌മെന്റ് നൽകിയ സ്വപ്‌നയ്്ക്ക് എതിരെ ഗൂഢാലോചന ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ, അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടോ എന്നിവയാണ് കെ.ബാബുവിനും ഷാഫി പറമ്പിലിനും ഒക്കെ അറിയാനുള്ളത്. സരിത്തിനെ വിജിലൻസ് സംഘം കസ്റ്റഡിയിൽ എടുത്തത് നടപടിക്രമങ്ങൾ പാലിച്ചാണോ എന്നതടക്കമുള്ള ചോദ്യങ്ങളും പിന്നാലെ വരുന്നുണ്ട്.

27 ന് യു.ഡി.എഫ് ഉന്നയിക്കുന്ന സ്വപ്നയുടെ വെളിപെടുത്തലിന്റെ പശ്ചാത്തലത്തിലുള്ള ചോദ്യങ്ങൾ ഇങ്ങനെ:

സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തൽ
*7.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴൽനാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയ സ്വർണ്ണ കടത്ത് കേസിലെ പ്രധാന പ്രതിയെ സ്വാധീനിച്ച് മൊഴി മാറ്റാൻ ഒരു മുൻ മാധ്യമ പ്രവർത്തകൻ ഇടനിലക്കാരനായി സ്വാധീനം ചെലുത്തിയതായി പറയപ്പെടുന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
( ബി )
പ്രസ്തുത ഇടനിലക്കാരൻ ഒത്തുതീർപ്പ് ശ്രമം നടത്തുന്നതിനിടയിൽ വിജിലൻസ് മേധാവിയുമായി നിരവധി തവണ സംസാരിച്ച് എന്നത് വസ്തുതയാണോ; എങ്കിൽ ഇത് സംബന്ധിച്ച് സർക്കാരിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സംഭവത്തിൽ വിജിലൻസ് മേധാവിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഇടനിലക്കാരൻ ഒത്തുതീർപ്പ് ശ്രമം നടത്തുന്നതിനിടയിൽ എ.ഡി.ജി.പി. ലോ ആൻഡ് ഓർഡറുമായി നിരവധി തവണ സംസാരിച്ചു എന്ന സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തൽ അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ?

സ്വർണ്ണക്കടത്ത് കേസ് പ്രതിക്കെതിരെയുള്ള ഗൂഢാലോചന കേസിന്മേൽ അന്വേഷണം
*12.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‌കുമാർ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രി 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
കോടതിയിൽ 164 സ്റ്റേറ്റ്‌മെന്റ് നൽകിയ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിക്കെതിരെ സംസ്ഥാന പൊലീസ് ഗൂഢാലോചന ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
( സി )
ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന ഗൂഢാലോചന ആരോപിച്ച കേസിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ അതിനുള്ള സാഹചര്യം വിശദമാക്കാമോ?

സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ
*13.
ശ്രീ . പി . ഉബൈദുള്ള
ഡോ. എം.കെ . മുനീർ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രതി നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇതിനകം എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
( ബി )
പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഗൂഢാലോചന നടന്നതായി കരുതുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരും ചില ഇടനിലക്കാരും ഒത്തുപ്രവർത്തിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?

സ്വർണ്ണ കള്ളക്കടത്ത് കേസ്

*17.
ശ്രീ. സനീഷ്‌കുമാർ ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതികളുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തുന്ന രീതിയിൽ നിയമവാഴ്ച തകരാൻ ഇടയായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ സാഹചര്യം ഗൗരവമായി കാണുന്നുണ്ടോ;
( ബി )
ഇക്കാര്യത്തിൽ ഇടനിലക്കാരുമായി വിജിലൻസ് ഡയറക്ടർ നിരവധി തവണ സംസാരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ടിയാനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതികളുമായി ഒത്തുതീർപ്പ് ചർച്ചകൾ നടന്നതായി പറയപ്പെടുന്ന സംഭവത്തിൽ ഉന്നതതല ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?

സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തൽ

*18.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ എൻ എ നെല്ലിക്കുന്ന്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നയതന്ത്രബാഗേജ് വഴി സ്വർണ്ണകള്ളകടത്ത് നടത്തിയ കേസിലെ പ്രതികളുടെ വെളിപ്പെടുത്തലിൽ നിന്നും അവരെ പിന്തിരിപ്പിക്കുവാൻ ചില ഇടനിലക്കാർ പ്രവർത്തിച്ചു എന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇവർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സഹായം ലഭിച്ചിരു?ന്നോ;
( സി )
എങ്കിൽ സഹായം നൽകിയ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ടോ; വിശദാംശം നൽകുമോ?

സ്വർണ്ണക്കടത്ത് കേസ് പ്രതിക്കെതിരെയുള്ള വിജിലൻസ് നടപടി
*20.
ശ്രീ സി ആർ മഹേഷ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയെ പാലക്കാട്ടെ താമസസ്ഥലത്ത് നിന്നും വിജിലൻസ് സംഘം ബലമായി പിടിച്ചുകൊണ്ട് പോയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ സാഹചര്യം വിശദമാക്കാമോ;
( ബി )
ഒരു കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് നോട്ടീസ് നൽകിയിട്ടുണ്ടോ; എങ്കിൽ അതിന്റെ തീയതി അടങ്ങുന്ന വിശദാംശങ്ങൾ നൽകാമോ;
( ഡി )
തിരുവനന്തപുരം വിജിലൻസ് വിങ് അന്വേഷിക്കുന്ന ലൈഫ് മിഷൻ കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയെ പാലക്കാട് വിജിലൻസ് വിങ് അറസ്റ്റ് ചെയ്യുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തത് നടപടിക്രങ്ങൾ പാലിച്ചുകൊണ്ടായിരുന്നോയെന്ന് വ്യക്തമാക്കാമോ; ഇതിന്റെ വിശദാംശങ്ങൾ നൽകാമോ; നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ പ്രസ്തുത ഉദ്യോസ്ഥർക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ? പ്രതിപക്ഷ എം.എൽ എ മാർ മുഖ്യമന്ത്രിയെ സ്വർണകടത്തിൽ നിന്നു പ്രതിരോധിക്കുന്നതിനുവേണ്ടി ഉന്നയിച്ച ഏക ചോദ്യം :

സ്വർണ്ണക്കടത്ത് കേസ് സംബന്ധിച്ച പ്രസ്താവന

*11.
ശ്രീ ഐ ബി സതീഷ്
ശ്രീ. എ.എൻ.ഷംസീർ
ശ്രീ. കെ. പ്രേംകുമാർ
ശ്രീ. പി.വി. ശ്രീനിജിൻ :

താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയെ മുന്നിൽ നിർത്തി പ്രതിപക്ഷ കക്ഷികൾ സംസ്ഥാനത്ത് കലാപശ്രമം നടത്തുന്നുവെന്ന ആക്ഷേപം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് തയ്യാറാകുമോ;
( ബി )
ഒരു പ്രതിപക്ഷ പാർട്ടി നേതാവ് സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് സംരക്ഷണമൊരുക്കുമെന്ന് പരസ്യ പ്രസ്താവന നടത്തി കുറ്റവാളികളെ സംരക്ഷിക്കാൻ മുതിരുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവമായി കണക്കിലെടുത്ത് നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമോ;
( സി )
കേന്ദ്ര സർക്കാരിലെ രണ്ട് സഹമന്ത്രിമാർ വാർത്താ സമ്മേളനത്തിലൂടെ പ്രസ്താവന നടത്തി അന്വേഷണ ഏജൻസികളെ വഴി തെറ്റിച്ചുവിടാൻ നടത്തിയതായി പറയപ്പെടുന്ന ശ്രമം ഗൗരവത്തിലെടുത്ത് അക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും നിയമനടപടിയുടെ സാധ്യത പരിശോധിക്കുകയും ചെയ്യുമോ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP